"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 14, ശനിയാഴ്‌ച

മകരജ്യോതിസ് തട്ടിപ്പും പൊന്നമ്പലമേട്ടിലെ പൊലീസ് മര്‍ദ്ദനവും - കല്ലിയൂര്‍ പ്രസന്നരാജ്രണ്ടാമത്തെ സംഘം

ആദ്യത്തെ സംഘം പുറപ്പെട്ട് 15 മിനിറ്റ് കഴിഞ്ഞാണ് ഞാനുള്‍പ്പെട്ട രണ്ടാമത്തെ സംഘം പൊന്നമ്പലമേട്ടിലേക്ക് യാത്രയായത്. 10 പേരടങ്ങുന്ന ഒരു ചെറുസംഘമാണ് ഞങ്ങളുടേത്. കാനനഭംഗി ആസ്വദിച്ചും തമാശകള്‍ പറഞ്ഞും വളരെ സാവധാനത്തിലായിരുന്നു ഞങ്ങള്‍ നടന്നിരുന്നത്. ജീപ്പ്‌റോഡ് കഴിഞ്ഞ് പൊന്നമ്പലമേട്ടിലേക്ക് തിരിയുന്ന ഭാഗത്തെത്തിയപ്പോള്‍ അവിടെ നേരത്തേ പോന്നിരുന്ന നാല് പൊലീസ് ജീപ്പുകളും കിടന്നിരുന്നു. അതില്‍ ഒരെണ്ണത്തില്‍ രണ്ട് പൊലീസുകാര്‍ ഇരിപ്പുണ്ടായിരുന്നു. അവിടെ അല്പം നേരം നിന്ന് ആ ജീപ്പുകളുടെ നമ്പര്‍ കുറിച്ചെടുത്തശേഷം പുല്‍മേടിലൂടെ മുകളിലേക്കു നടന്നു. മകരജ്യോതിസ് കത്തിക്കുന്നതിന് 

കുറച്ചപ്പുറമായി വഴിക്കരുകില്‍ ആദ്യ ബാച്ചിലുണ്ടായിരുന്ന, 60 കഴിഞ്ഞ ശ്രീ കീഴ്പ്പാളൂര്‍ ചെല്ലപ്പന്‍ പിള്ള ഇരിക്കുന്നതു കണ്ടിട്ട് അവിടെ ഇരിക്കുന്നതെന്താണെന്നു ഞാന്‍ തിരക്കി. 'മുകളില്‍ എന്തോ കുഴപ്പം നടക്കുന്നു'വെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ മറുപടിയില്‍ ശ്രദ്ധിക്കാതെ ഞാനും എന്നോടൊപ്പമുണ്ടായിരുന്നവരും മുകളിലേക്കു നടന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി ആ കാഴ്ച കണ്ടത്.

പൊലീസിന്റെ വലയില്‍

മകരജ്യോതിസ് കത്തിക്കുന്ന പാറയില്‍ നിന്നും നൂറടിയോളം അകലെ ഒരു പാറമേല്‍ ആദ്യ സംഘത്തിലുള്ളവരെല്ലാം ഇരിക്കുന്നു. ആരും ഷര്‍ട്ടും ബെനിയനും ധരിച്ചിട്ടില്ല. എല്ലാവരിലും ക്ഷീണിച്ചതും നിസ്സഹായത സ്ഫുരിക്കുന്നതുമായ മുഖഭാവം. ചുറ്റും പൊലീസ്. ഈ രംഗം ദൂരെനിന്നും കണ്ടപ്പോള്‍ത്തന്നെ എന്തോ പന്തികേടുണ്ടെന്നു ഞങ്ങള്‍ക്കു മനസ്സിലായി. എങ്കിലും അങ്ങോട്ടേക്കുതന്നെ നടന്നു. ഇതിനിടെ ഒരാളെ ഒരു എസ് ഐ അടിക്കുന്നതു കണ്ടു. അപ്പോഴാണ് രംഗത്തിന്റെ ചൂട് ശരിക്കും മനസ്സിലായത്. ഞങ്ങളുടെ വേഗത കുറഞ്ഞു. എന്റെ കയ്യിലുണ്ടായിരുന്ന മാസികയും ജീപ്പുകളുടെ നമ്പര്‍ കുറിച്ചെടുത്ത പേപ്പറും നടക്കുന്നതിനിടയില്‍ ആ പുല്ലുകള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞു. എന്നോടൊപ്പമുണ്ടായിരുന്നവരില്‍ ചിലരും എന്തൊക്കെയോ ഉപേക്ഷിച്ചിരുന്നു. ഞങ്ങല്‍ വരിവരിയായി കയറിച്ചെന്നപ്പോള്‍ ആദ്യത്തെ സുഹൃത്തിനോട് എന്തിനു വന്നെടാ എന്നു ചോദിച്ചുകൊണ്ട് മുതുകില്‍ ഒരു പൊലീസുകാരന്‍ ഇടിച്ചു. 'ഉടുപ്പ് ഊരെടാ' എന്നു പറഞ്ഞുകൊണ്ട് മറ്റൊരാള്‍ അടുത്തൊരിടിയും കൊടുത്തു. അപ്പോഴേക്കും ഷര്‍ട്ട് ഊരിയെറിഞ്ഞിട്ട് അയാള്‍ ഇരുന്നു കഴിഞ്ഞിരുന്നു. അടുത്തതായി ചെന്നവര്‍ക്കൊക്കെ അടിയോ ഇടിയോ കിട്ടി.

ശംഖുമാലക്ക് ഒരടികൂടി

ഷര്‍ട്ട് ഊരിക്കൊണ്ടാണ് ഞാന്‍ കടന്നുചെന്നതെങ്കിലും എന്നേയും അടിച്ചു. അപ്പോഴാണ് ഞാന്‍ കഴുത്തില്‍ ഒരു ശംഖുമാല ഇട്ടിരുന്നത് അവര്‍ കണ്ടത്. 'മാലയിട്ടോണ്ടാണോടാ വന്നിരിക്കുന്നത്' എന്നു ചോദിച്ചുകൊണ്ട് വീണ്ടും ആരോ അടിച്ചു. ശബരിമലയിലേക്കു പോകുന്നവര്‍ ഇടുന്ന മാലയാണെന്നായിരിക്കണം അവര്‍ ധരിച്ചത്. അതിനാല്‍ 'ഇതു ശംഖുമാലയാണ്' എന്ന് അടുത്ത അടിക്കു മുമ്പ് വിളിച്ചു പറഞ്ഞുകൊണ്ട് വേഗത്തില്‍ മറ്റുള്ളവരോടൊപ്പം ഞാന്‍ ഇരിപ്പുറപ്പിച്ചു. ഇതിനകം എന്റെ കഴുത്തിലുണ്ടായിരുന്ന ശംഖുമാല പൊട്ടിച്ചിതറിപ്പോയിരുന്നു. എത്ര അടി കിട്ടിയെന്നോ ഇടി കിട്ടിയെന്നോ കൃത്യമായി ഓര്‍ക്കാന്‍ ശ്രമിച്ചിട്ട് അതിന് കഴിഞ്ഞില്ല. പക്ഷെ മുതുകില്‍ മുറിവില്‍ നിന്നുണ്ടാകാറുള്ള വേദന അനുഭവപ്പെട്ടപ്പോള്‍ ഞാന്‍ കൈകൊണ്ട് ആ ഭാഗം തടവി നോക്കി. കയ്യില്‍ രക്തം പുരണ്ടു. അവര്‍ അടിക്കുകയും ഇടിക്കുകയും ചെയ്‌തെങ്കിലും മുറിവെങ്ങനെ ഉണ്ടായി എന്നെനിക്കു മനസിലായില്ല. ഒരു പക്ഷെ മുളവടികൊണ്ടു കുത്തിയതായിരിക്കുമോ? എന്റെ തൊട്ടടുത്തിരുന്ന ഒരു സുഹൃത്തിനോട് സ്ഥലം എവിടെയാണെന്ന് ഒരു പൊലീസുകാരന്‍ ചോദിച്ചു. മറുപടി പറഞ്ഞതും ആ സുഹൃത്തിന്റെ മുതുകില്‍ പൊലീസുകാരന്‍ ചവിട്ടിയതും ഒരുമിച്ചു കഴിഞ്ഞു. അടുത്ത ചവിട്ട് എനിക്കാണെന്ന പ്രതീക്ഷയില്‍ എന്റെ മുതുക് ചവിട്ടുകൊള്ളാന്‍ തയാറെടുത്തു, പക്ഷെ അയാള്‍ എന്നെ ചവിട്ടിയില്ല. ഒരു പക്ഷെ മുതുകിലെ മുറിവ് കണ്ടതുകൊണ്ടാവാം.

ഇത്തരത്തിലൊരു മര്‍ദ്ദനം ആരും പ്രതീക്ഷിച്ചതല്ലായിരുന്നു. അതുകാരണം മാനസികമായും ശാരീരികമായും എല്ലാവരും തളര്‍ന്നു പോയി. ആരും ഒന്നും ശബ്ദിച്ചില്ല. ഏതാനും പൊലീസുദ്യോഗസ്ഥന്മാര്‍ അവിടെ നിന്നും മാറിനിന്നിരുന്നു. ബാക്കിയുള്ളവര്‍ ഞങ്ങളില്‍ ചിലരെ ചോദ്യം ചെയ്യുകയും തല്ലുകയും ചെയ്തു. ഇതിനിടയില്‍ റൈഫിള്‍ നിറച്ചു വെക്കാന്‍ റൈഫിള്‍ ധാരിയായ പൊലീസുകാരനോട് ഒരു മേലുദ്യോഗസ്ഥന്‍ പറയുന്നതു കേട്ടു.