"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 1, ഞായറാഴ്‌ച

ഡയറക്ട് പേയ്‌മെന്റ് സിസ്റ്റം അഥവാ സാമൂഹ്യാനീതികളുടെ 'മാനിഫെസ്റ്റോ'


1971 ല്‍ ആരംഭിച്ച കോളേജധ്യാപകരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഡയറക്ട് പേയ്‌മെന്റ് സിസ്റ്റം (G.O. MS No. 185/722/Edn. dated - Tvm 30th August 1972 from Education (F) Departmetn - രേഖകള്‍: 2 ) ഗവണ്മെന്റും സ്വകാര്യ കോളേജ് മാനേജ്‌മെന്റും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാന കരാറായാണ് ഇത് വിലയിരുത്തപ്പെടുന്നത്. താഴെ പറയുന്നവയാണ് ഈ കരാറിലെ പ്രഥാനപ്പെട്ട വ്യവസ്ഥകള്‍.

* 1.9.1972 മുതല്‍ സ്വകാര്യ കോളേജ് അധ്യാപര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നേരിട്ട് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്കുന്നതാണ്.

* അധ്യാപക, അനധ്യാപക നിയമനങ്ങള്‍ നടത്താനുള്ള അവകാശം സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കായിരിക്കും.

* ഓരോ വര്‍ഷവും കോളേജിനാവശ്യമായ വാര്‍ഷിക ഗ്രാന്റ്, മെയിന്റനന്‍സ് ഗ്രാന്റ് എന്നിവ സര്‍ക്കാര്‍ നല്കുന്നതാണ്.

* അതാത് ആവശ്യങ്ങള്‍ക്കായി സ്‌പെഷ്യല്‍ ഫീസ് പിരിക്കാനും അതേ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാനും കോളേജുകള്‍ക്ക് അധികാരമുണ്ടായിരിക്കും.




മാനേജ്‌മെന്റുകള്‍ക്ക് തൊഴില്‍ നിയമനകാര്യത്തില്‍ സ്വതന്ത്ര പരമാധി കാരം ഉറപ്പു നല്കുന്ന ഈ കരാറിലൂടെ മാനേജ്‌മെന്റുകളുടെ അധികാരങ്ങള്‍ എന്നെന്നേക്കുമായി അരക്കിട്ടുറപ്പിക്കപ്പെട്ടു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം സര്‍ക്കാറിന് നഷ്ടപ്പെടാന്‍ മുഖ്യ അടിസ്ഥാനവും ഈ കരാര്‍ തന്നെ. ഫലത്തില്‍ സാമൂഹിക നീതി പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല ആധിപത്യ വിഭാഗങ്ങളെ കൂടുതല്‍ തൃപ്തിപ്പെടുത്തി എയ്ഡഡ് മേഖലയില്‍ നിന്ന് ദലിത് ആദിവാസി വിഭാഗങ്ങളെ എന്നെന്നേക്കുമായി പുറംതള്ളാനും ഈ 'സവര്‍ണക്കരാറി'ലൂടെ സാധിച്ചു.

SC/ST സംവരണത്തെ പരാമര്‍ശിക്കുന്ന ഏക ഭാഗം വിദ്യാര്‍ത്ഥികളുടെ പ്രവേശനം സംബന്ധിച്ചുള്ളതാണ്. 20% സീറ്റുകള്‍ SC/ST വിഭാഗങ്ങള്‍ക്ക് നീക്കിവെക്കണമെന്നും തികച്ചും യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്നും നിഷ്‌കര്‍ഷിക്കുന്നു. പ്രസ്തുത വിഭാഗത്തില്‍ യോഗ്യരായവരുടെ അഭാവത്തില്‍ OBC, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ പരിഗണിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.

1981 ല്‍ കേരള സര്‍വകലാശാലയുടെ കീഴില്‍ 11 ഉം കാലിക്കറ്റ് സര്‍വകലാ ശാലയുടെ കീഴില്‍ 6 ഉം എയ്ഡഡ് കോളേജുകള്‍ക്ക് അഫിലിയേഷനുള്ള ഉത്തരവ് നല്കിക്കൊണ്ട് ഇറക്കിയ ഓര്‍ഡറിലും തൊഴില്‍ നിയമനകാര്യ ങ്ങളില്‍ 1972 ലെ വ്യവസ്ഥ അതേപടി ആവര്‍ത്തിക്കുകയാണ്. (GO. MS. No. 198/81 H.Edn. dated 16.11.1981 Higher Education (T) Dept - രേഖകള്‍ 3 കാണുക)

ഈ നിയമത്തിലെ 6 ആം വകുപ്പു പ്രകാരം കോളേജുകള്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഹോസ്റ്റലുകളില്‍ 25% സീറ്റുകള്‍ SC/ST വിഭാഗങ്ങള്‍ക്ക് നല്കണം എന്നു പറയുന്നു. 11 ആം വകുപ്പിലാകട്ടെ യൂണിവേഴ്‌സിറ്റി സ്റ്റാറ്റിയൂട്ട്, ഓര്‍ഡിനന്‌സ് റെഗുലേഷന്‍ തുടങ്ങിയവയനുസരിച്ചായിരിക്കണം നിയമ നങ്ങളും, പ്രമോഷനുകളും എന്ന് പറയുന്നു. SC/ST നിയമന സംവരണത്തെ ക്കുറിച്ച് മൗനം തുടരുന്നതായി കാണാം.

ഈ കരാറിലൂടെ സാമൂഹിക നീതി അട്ടിമറിക്കപ്പെടുക മാത്രമല്ല പൊതു ഖജനാവില്‍ നിന്നെടുത്ത് സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ ചെലവിടുന്ന മുഴുവന്‍ ഫണ്ടും കേരളത്തിലെ സമ്പന്ന, സവര്‍ണ മധ്യമജാതി വിഭാഗ ങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മാത്രമായി വീതിക്കപ്പെട്ടു. മാറിമാറിവരുന്ന സര്‍ക്കാറുകളും, പൊതു സമൂഹവും വര്‍ഷങ്ങളായി തുടരുന്ന ഈ അനീതിക്കെതിരെ മുഖം തിരിച്ചു.

*ഒ പി രവീന്ദ്രന്‍ ചെയര്‍മാനായുള്ള Aided Sector Reservation Council (ASRAC) പുറത്തിറക്കിയ 'സാമൂഹ്യാനീതികളുടെ എയ്ഡഡ് ഫാക്ടറികള്‍ അഥവാ എയ്ഡഡ് വിദ്യാഭ്യാസ മേഖലയും ദലിതരും - ഒരു വസ്തുതാ പഠനം' എന്ന പത്രികയില്‍ നിന്ന്.