"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 15, ഞായറാഴ്‌ച

കെ പി ജയന്‍: വിജയിച്ച പ്രതിഭയും തകര്‍ന്നടിഞ്ഞ ജീവിതവും


🎥ഇടുക്കി ജില്ലയിലെ പീരുമേട്ടിലുള്ള മേലേപ്പെരുന്തറയില്‍ പാപ്പിയുടേയും തങ്കമ്മയുടേയും മകനായി 1946 ലാണ് കെ പി ജയന്‍ ജനിച്ചത്. അച്ചന്‍ പാപ്പി പാര്‍ക്കിന്‍സ് തേയിലക്കമ്പനിയിലെ സൂപ്പര്‍വൈസറായിരുന്നു. മേലേപ്പെരുന്തറയിലെ ഏലപ്പാറക്കടുത്തുള്ള ബോണാമി എസ്‌റ്റേറ്റ് വക സ്‌കൂളിലായിരുന്നു ജയന്‍ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചത്. അതിനു ശേഷം കോട്ടയത്തു വന്ന് ഹോളി ഫാമിലി സ്‌കൂളില്‍ ചേര്‍ന്നു. എംഎല്‍എ ആയിരുന്ന പി എം മാര്‍ക്കോസിന്റെ മകന്‍ ജോണ്‍ മാര്‍ക്കോസ് അവിടെ ജയന്റെ ചങ്ങാതിയിരുന്നു. ഒട്ടാകെ 8 സ്‌കൂളുകളില്‍ ജയന്‍ വിദ്യാഭ്യാസം ചെയ്തിട്ടുണ്ട്. കോട്ടയത്തു നിന്നും കാഞ്ഞിരപ്പള്ളിയിലെത്തി അവിടെ ഹൈസ്‌കൂളില്‍ പഠനം തുടര്‍ന്നു. കാഞ്ഞിരപ്പള്ളി മജിസ്‌ട്രേട്ടായിരുന്ന എന്‍ സി സുരേന്ദ്രന്‍ കെ പി ജയന്റെ അമ്മാവനായിരുന്നു (അച്ഛന്റെ മച്ചുനന്‍). എന്‍ സി സുരേന്ദ്രന്‍ പിന്നീട് ഐഎഎസ് നേടി. തുടര്‍ന്ന് മുണ്ടക്കയം ചോറ്റി സ്‌കൂളിലും പഠിച്ചു. 1962 കല്ലറ സമകുമാരന്റെ ക്ഷണപ്രകാരം പീരുമേട്ടില്‍ തിരിച്ചെത്തി. അദ്ദേഹം നിര്‍ദ്ദേശിച്ചതനുസരിച്ച് പട്ടികജാതി / പട്ടികവര്‍ഗ വിദ്യാര്‍ത്ഥി കള്‍ക്കുള്ള ഹോസ്റ്റലില്‍ തമാസിച്ചുകൊണ്ട് ചിദംബരം പിള്ള മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. അവിടെ നിന്നും അതേവര്‍ഷം തന്നെ ഫസ്റ്റ് ക്ലാസിനടുത്ത് മാര്‍ക്കോടെ എസ്എസ്എല്‍സി പാസായി.

പ്രീ- ഡിഗ്രിയും ഡിഗ്രിയും എറണാകുളം മഹാരാജാസ് കേളേജില്‍ നിന്നും പാസായി. ചരിത്രമാണ് ബിരുദത്തിന് തെരഞ്ഞെടുത്ത ഐഛിക വിഷയം. തിരുനല്‍വേലി ഹിന്ദു കോളേജില്‍ നിന്ന് ചരിത്ര വിഷയത്തില്‍ തന്നെ എം എ യും പാസായി. മദ്രാസിലുള്ള വിവേകാനന്ദ ഇന്‍സ്റ്റിട്ട്യൂട്ടില്‍ ചേര്‍ന്ന് എംബിഎക്ക് പഠിച്ചുവെങ്കിലും പൂര്‍ത്തിയാക്കിയില്ല. ജോലിയിലിരിക്കു മ്പോള്‍ അവധിയെടുത്തു പോയാണ് എംബിഎക്ക് പഠിച്ചത്.


കോട്ടയത്തു താമസിക്കുന്ന സ്‌കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ കൂലിപ്പ ണിക്കും പോകുമായിരുന്നു. കോട്ടയം മാര്‍ക്കറ്റില്‍ ഒരു പച്ചക്കറിക്കടയും നടത്തിയിരുന്നു. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ അസിസ്റ്റന്റായി നിയമനം ലഭിച്ചുവെങ്കിലും അത് സ്വീകരിക്കുകയുണ്ടായില്ല. പോസ്റ്റ് ആന്റ് ടെലിക്കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പോസ്റ്റ് ഡിവിഷനില്‍ ലഭിച്ച നിയമനവും വേണ്ടെന്നു വെച്ചു. പിന്നീട് അതേ വകുപ്പില്‍ ടെലിക്കമ്മ്യൂ ണിക്കേഷന്‍ ഡിവിഷനില്‍ ലഭിച്ച നിയമനം സ്വീകരിച്ചു. ഈ നിയമനം 18 വയസുള്ള ബി എ പഠനകാലത്തായിരുന്നു.

കാഞ്ഞിരപ്പള്ളിയില്‍ ജോലിചെയ്യുന്ന കാലത്ത് 'ഇരുട്ടിന്റെ ആത്മാവ്' നിര്‍മാതാക്കളായ പി എ കാസിമും സഹോദരന്‍ പി എ പത്താക്കും മറ്റുമായി സൗഹൃദം സ്ഥാപിച്ചു. അവര്‍ വഴിക്കുതന്നെ പ്രേംനസീറിന്റെ സഹോദരനും സിനിമാ നടനുമായ പ്രേം നവാസുമായും സൗഹൃദം സ്ഥാപിച്ചു. ആയിടെ പാലമട എസ്റ്റേറ്റില്‍ ദലിതാളുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ഒരു മീറ്റിംഗ്, കെ പി ജയന്‍ താത്പര്യമെടുത്ത് പ്രേം നവാസിനെക്കൊണ്ടാണ് ഉത്ഘാടനം ചെയ്യിച്ചത്. അതുപോലെ പൊടിമറ്റത്തും ദലിതാളുകളുടെ ഒരു മീറ്റിംഗ് പ്രേം നവാസിനെക്കൊണ്ട് ഉത്ഘാടനം ചെയ്യിച്ചു. സിനിമാക്കാരനാകണമെന്ന മോഹം സാധ്യമാകുന്നതിന് ഈ കൂട്ടുകെട്ടാണ് വഴിതെളിച്ചത്.

1968 ല്‍ പ്രേം നസീര്‍ നായകനായ 'തുലാവര്‍ഷം' എന്ന സിനമയില്‍ നാടന്‍ കര്‍ഷകന്റെ റോള്‍ കൈകാര്യം ചെയ്തുകൊണ്ട് കെ പി ജയന്‍ സിനിമാരംഗ ത്ത് പ്രവേശിച്ചു. മണ്ണാര്‍ക്കയം ബേബി രചിച്ച തിരക്കഥയെ ആധാരമാക്കി എന്‍ ശങ്കരന്‍ നായരാണ് തുലാവര്‍ഷം സംവിധാനം ചെയ്തത്. ഇവര്‍ രണ്ടു പേരോടുമൊപ്പം ശോഭനാ പരമേശ്വരന്‍ നായരും സിനിമയുടെ നിര്‍മാതാ ക്കളില്‍ ഒരാളായിരുന്നു.

1979 ല്‍ ഐ വി ശശി സംവിധാനം നിര്‍വഹിച്ച 'വാടകക്കൊരു ഹൃദയം' എന്ന സിനിമയുടെ അസിസ്റ്റന്റായിക്കൊണ്ട് കെ പി ജയന്‍ സംവിധാനരംഗത്ത് ചുവടുവെച്ചു. ഐ വി ശശി സംവിധാനം ചെയ്ത 'ഈറ്റ' എന്ന സിനിമയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച കെ പി ജയന്‍ ആ സിനിമയില്‍ ചെറിയ റോളും കൈകാര്യം ചെയ്തു. കമലഹാസനും ഷീലയും മുഖ്യകഥാപാത്രങ്ങളായ 'മലയാറ്റൂര്‍ മലഞ്ചരുവിലെ പൊന്മാനേ....' എന്ന ഗാനരംഗത്ത്, ഇവര്‍ സഞ്ചരിക്കുന്ന കാളവണ്ടി ഓടിക്കുന്നത് കെ പി ജയനാണ്.

സ്വന്തമായി സംവിധാനം നിര്‍വഹിച്ച ആദ്യത്തെ സിനിമ 'അനന്തം അജ്ഞാതം' ആണ്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ നാലാമത്തെ പുസ്തകമായ 'അനന്തം അജ്ഞാതം അവര്‍ണനീയം' എന്ന നോവലിനെ ആധാരമാക്കിയാണ് അനന്തം അജ്ഞാതം നിര്‍മിച്ചത്. സിനിമയിലെ ഗാനങ്ങള്‍, പ്രസിദ്ധ കവി കാഥികന്‍ നാടന്‍പാട്ടുഗായകന്‍ ഒക്കെ ആയിരുന്ന എം എന്‍ തങ്കപ്പനാണ് രചിച്ചത്. രണ്ടാമത്തെ സിനിമ, മലയാളത്തിലെ ആദ്യത്തെ മാര്‍ഷ്യല്‍ ആര്‍ട്ട് സിനിമയായ 'ഉരുക്കുമുഷ്ടികള്‍' ആണ്. കാക്കനാട് വെച്ച് ചിത്രീകരിച്ച ഈ സിനിമയില്‍, അക്കാലത്ത് മദ്രാസില്‍ നടന്ന വേള്‍ഡ് കരാട്ടെ ടൂര്‍ണമെന്റില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിച്ചേര്‍ത്തിട്ടുണ്ട്.

ഐ വി ശശിയുമായി നല്ലബന്ധമാണ് ഇപ്പോഴുമുള്ളതെങ്കിലും കെ പി ജയന് സിനിമാരംഗത്ത് തുടര്‍ച്ച കിട്ടിയില്ല. കോട്ടയത്തുവന്ന് നാടക പ്രവര്‍ത്ത നത്തില്‍ സജീവമായി. മൂന്ന് നാടകങ്ങള്‍ കെ പി ജയന്റെ ഉടമസ്ഥതയിലുള്ള നാടകക്കമ്പനിയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ടു. നാടകക്കമ്പ നിയും ഉപേക്ഷിക്കേണ്ടിവന്നതില്‍ പിന്നീട് വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇടുക്കിയിലെ മുക്കത്ത്, മില്ല് സ്ഥാപിച്ച് 'ആട്ട' വിതരണം ചെയ്യുന്ന ഒരു വ്യവസായ സംരംഭത്തിന് തുടക്കമിട്ടു. വ്യവസായം വന്‍ വിജയമായിരുന്നെങ്കിലും അതും തുടരാതെ ഉപേക്ഷിക്കേണ്ടതായി വന്നു. മില്ലിലെ യന്ത്രസാമഗ്രികള്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയില്‍ ജയന്റെ ഉടമസ്ഥതയില്‍ തന്നെ ഇപ്പോഴും സ്ഥിതിചെയ്യുന്നുണ്ട്.

കല്ലറ സുകുമാരന്റെ അനുയായിയായി ദലിത് രാഷ്ട്രീയ ചിന്താഗതി പിന്തുടരുമ്പോഴും കെ പി ജയനോട് ആരും അകല്ച്ചകാണിക്കുന്നില്ലന്നുള്ളത് ജയന്റെ കറപുരളാത്ത വ്യക്തിത്വത്തിന്റെ ആകര്‍ഷണീയത ഒന്നുകൊണ്ടു മാത്രമാണ്. ആട്ടക്കമ്പനിക്കു വേണ്ടി വൈദ്യുതി ലഭ്യമാക്കിക്കൊടുത്തതും മറ്റ് സഹായങ്ങല്‍ ചെയ്തുകൊടുത്തതും കേരളത്തിലെ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് വൈദ്യൂതമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം നേരിട്ട് ഇടപെട്ടാണ്. അതുപോലെ 1987 ല്‍, ഉദ്യോഗം രാജിവെച്ച് തെരഞ്ഞടു പ്പിന് മത്സരിക്കാന്‍ തയാറെടുത്ത ബിജെപിയുടെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍ കെ പി ജയന്റെ അടുത്ത് അനുഗ്രഹം തേടിയെത്തുകയുണ്ടായി.

ഇപ്പോള്‍ മണിമലക്കടുത്ത് പൊന്തന്‍പുഴയിലെ സ്വന്തം വീട്ടില്‍ സുഖമായി കഴിയുന്നു, എന്ന് ഒരിക്കലും പറഞ്ഞുകൂടാ. പക്ഷാഘാതം വന്ന് അവശ നിലയിലായ കെ പി ജയനെ, അടുത്തടുത്തുണ്ടായ ഭാര്യയുടേയും ഏക മകന്റേയും പെട്ടന്നുണ്ടായ മരണം മാനസികമായി വല്ലാതെ തളര്‍ത്തി ക്കളഞ്ഞു. ഗാനഭൂഷണം പാസായ ഏക മകളും, ഈ ആഘാതത്തില്‍ നിന്ന് വിമുക്തയാകാതെ ജയനോടൊപ്പമുണ്ട്.


ഐ വി ശശിയുടെ 'ഈറ്റ'യില്‍ സംഹസംവിധായകനായിരുന്ന കെ പി ജയന്‍, കമലഹാസനും ഷീലയും മുഖ്യവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഗാനരംഗത്ത് കാളവണ്ടിക്കാരന്റെ വേഷത്തില്‍...