"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 3, ചൊവ്വാഴ്ച

പൊന്നമ്പലമേടും മകരജ്യോതിസും - കല്ലിയൂര്‍ പ്രസന്നരാജ്

കല്ലിയൂര്‍ പ്രസന്നരാജ്

📜ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് അയ്യപ്പനെ ആരാധിക്കാനായി ശബരിമലയില്‍ നിര്‍മിച്ചിട്ടുള്ള ക്ഷേത്രം. വിഷുവും മകരവിളക്കും പ്രമാണിച്ച് വര്‍ഷത്തില്‍ രണ്ട് തവണയാണ് നടതുറക്കാറുള്ളതെങ്കിലും ഈ രണ്ടവസരങ്ങളിലേയും ഏതാനും ആഴ്ചകള്‍ കൊണ്ടുമാത്രം ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാര്‍ എത്തുകയും കോടിക്കണക്കിന് രൂപ കാണിക്കയായി വരുമാനം ലഭിക്കുകയും ചെയ്യുന്നുവെന്നത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. പുരാണ ഐതിഹ്യമനുസരിച്ച് ഈ അയ്യപ്പനുമുണ്ട് ഒരു പ്രത്യേകത. രണ്ടു ദൈവങ്ങളായ വിഷ്ണുവിനും ശിവനുംകൂടി നടത്തിയ സ്വവര്‍ഗ സംഭോഗത്തില്‍ നിന്നും ഉണ്ടായ കുട്ടിയാണേ്രത അയ്യപ്പന്‍. സായിബാബയെപ്പോലുള്ള





ദൈവാവതാരങ്ങളെപ്പോലെ ക്ഷേത്രങ്ങളുടേയും കീര്‍ത്തി കൂടുതല്‍ വ്യാപിക്കുന്നതിന് കാരണമാകുന്നത് അവയോട് ബന്ധപ്പെടുത്തി ഭക്തന്മാര്‍ പ്രചാരണം നല്കാറുള്ള ദിവ്യാത്ഭുതങ്ങളെന്ന കെട്ടു കഥകളാണ്. ശബരിമലയില്‍ പോയതുകാരണം അന്ധതയും ബധിരതയും മാറിയവരേയും മറ്റ് പലരോഗങ്ങളും ഭേദമായവരേയും സംബന്ധിച്ച കെട്ടുകഥകള്‍ എല്ലാ വര്‍ഷവും പ്രചരിപ്പിക്കാറുണ്ട്. ഇതിനെല്ലാം ഉപരിയായി അയ്യപ്പന്റെ ദിവ്യശക്തിക്ക് മകുടോദാഹരണമായി എല്ലാ വിശ്വാസികളും എടുത്തു പറയാറുള്ള ഒന്നാണ് 'മകരജ്യോതിസ്'. ധനു മകരസംക്രമദിവസം സന്ധ്യക്ക് ശബരിമലയില്‍ ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ ഒരു ദിവ്യ ജ്യോതിസ് പ്രത്യക്ഷപ്പെടുന്നുവെന്നാണ് പറയപ്പെടുന്നത്. മറ്റു പല ദിവ്യാത്ഭുതങ്ങളും കെട്ടുകഥകളാണെങ്കില്‍ മകരജ്യോതിസിന് ഒരു തട്ടിപ്പിന്റെ ചരിത്രമാണ് പറയാനുള്ളത്.

പൊന്നമ്പലമേട് മിഥ്യയും സത്യവും

അയ്യപ്പന്റെ ദിവ്യാത്ഭുത ശക്തിയുടെ പര്യായമായി കണക്കാപ്പടെന്ന മകരജ്യോതിസ് പ്രത്യക്ഷപ്പെടുന്ന പൊന്നമ്പലമേട്ടിനെക്കുറിച്ച് ഏകീകൃതമായ ഒരഭിപ്രായം വിശ്വാസികള്‍ക്കിടയിലും ഇല്ലെന്നതാണ് രസകരമായ വസ്തുത. പൊന്നമ്പലമേട് ആകാശത്തിലാണെന്ന് കരുതുന്നവരുണ്ട്. ആര്‍ക്കും ചെന്നെത്താന്‍ കഴിയാത്ത രീതിയിലുള്ള ഘോരമായ കാടാണ് പൊന്നമ്പലമേടെന്ന് കരുതുന്നവരുണ്ട്. ധൈര്യപൂര്‍വം അവിടേക്ക് പോയിട്ടുള്ളവരാരും തിരിച്ചുവന്നിട്ടില്ലെന്നും പൊകുന്നവരെ അയ്യപ്പന്റെ വാഹനമായ പുലി പിടിച്ചു തിന്നുകളയുമെന്നും മറ്റുമാണ് അവര്‍ പ്രചരിപ്പിക്കാറുള്ളത്. മറിച്ചൊരു ചിന്തക്ക് മനസ്സില്‍ സ്ഥാനം നല്കാതെ ഇതപ്പടി അയ്യപ്പ ഭക്തന്മാര്‍ വിശ്വസിക്കുന്നു.

മനുഷ്യന് കടന്നു ചെല്ലാനാവാത്ത പൊന്നമ്പലമേടും അവിടെ ഒരു ദിവ്യജ്യോതിസും! ഇത് അംഗീകരിച്ചു കൊടുക്കാന്‍ യുക്തിവാദികള്‍ ഒരിക്കലും തയാറില്ലായിരുന്നുവെങ്കിലും ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച് ആളുകള്‍ക്ക് തെളിവ് നല്‍കാന്‍ യുക്തിവാദികള്‍ക്കും മുമ്പു കഴിഞ്ഞിരുന്നില്ല. പക്ഷെ 1973 ലെ മകരജ്യോതിസ് കണ്ടു കൈകൂപ്പിയ അയ്യപ്പഭക്തന്മാര്‍ ജ്യോതിസിനടുത്തായി വെടിക്കെട്ടുകൂടി കണ്ട് അന്തംവിട്ടു പോയി. കെ പി സ്വാമിയുടേയും രാമദേവന്റേയും നേതൃത്വത്തില്‍ കൊല്ലത്തു നിന്നുള്ള ഒരു സംഘം സാഹസികമായി പൊന്നമ്പലമേട്ടില്‍ ചെന്ന് നടത്തിയ വെടിക്കെട്ടോടുകൂടി പൊന്നമ്പലമേട്ടില്‍ മനുഷ്യര്‍ക്ക് എത്താന്‍ കഴിയുമെന്ന ധാരണ ഉണ്ടായിത്തുടങ്ങി. എങ്കിലും പൊന്നമ്പലമേടിനേയും മകരജ്യോതിസിനേയും സംബന്ധിച്ച വിവരങ്ങള്‍ തെളിവുകള്‍ സഹിതം വിശ്വാസികള്‍ക്കു നല്കുന്നതിനു വേണ്ടിയുള്ള യുക്തിവാദികളുടെ ശ്രമം വിജയിച്ചിട്ട് മൂന്നു നാല് വര്‍ഷങ്ങളേ ആകുന്നുള്ളൂ.

താത്പര്യമുണ്ടെങ്കില്‍ ആര്‍ക്കും ശബരിമലയില്‍ എത്തുന്നതിനേക്കാള്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഒരു പുല്‌മേടാണ് സാക്ഷാല്‍ പൊന്നമ്പലമേട്. പൊന്നമ്പലമേട്ടിലെത്തുന്നതിനുള്ള ഏറ്റവും എളുപ്പ മാര്‍ഗം ചെങ്ങന്നൂര്‍ ബസ്സ്‌റ്റേഷനില്‍ നിന്നും പുറപ്പെടുന്ന പൊന്‍കുന്നം വണ്ടി പെരിയാര്‍ വഴി ആനത്തോട് പോകുന്ന ബസില്‍ കയറി കൊച്ചുപന എന്ന സ്ഥലത്തിറങ്ങണം. അവിടെ നിന്നും ജീപ്പിനും ലോറിക്കും സഞ്ചരിക്കാന്‍ കഴിയുന്ന ഒരു റോഡ് പൊന്നമ്പലമേട്ടിലേക്കുണ്ട്. നാലുകിലോമീറ്ററോളം ആ റോഡില്‍ക്കൂടി പോയശേഷം ഒരു ഒറ്റയടിപ്പാതയിലൂടെ പുല്ലിനെ വകഞ്ഞുമാറ്റിക്കൊണ്ട് അരകിലോമീറ്ററോളം മുകളിലേക്കു നടന്നാല്‍ പൊന്നമ്പലമേട്ടിലെ മകരജ്യോതിസ് കത്തിക്കാനുള്ള സ്ഥലത്തെത്താം. കൊച്ചുപമ്പയിലെത്തുന്നതിന് മറ്റൊരു മാര്‍ഗംകൂടിയുണ്ട്. കൊല്ലം ബസ്സ്‌റ്റേഷനില്‍ നിന്നും പുറപ്പെടുന്ന കക്കി പമ്പ ബസില്‍ കയറിയാല്‍ മൂഴിയാര്‍ ആനത്തോടുവഴി ആ ബസ് പമ്പ (ഡാം) യിലെത്തും. അവിടെ നിന്നും അഞ്ച് കിലോമീറ്റര്‍ നടന്നാല്‍ കൊച്ചുപമ്പയിലെത്താന്‍ കഴിയും. അയ്യപ്പഭക്തന്മാര്‍ കുളിക്കുന്ന ത്രിവേണീ സ്‌നാനഘട്ടത്തിനടുത്തു നിന്നും ചെറിയൊരു നടപ്പാത പൊന്നമ്പലമേട്ടിലേ ക്കുള്ളതായി കൊച്ചുപമ്പയിലെ ചിലര്‍ പറയുകയുണ്ടായി.

പൊന്നമ്പലമേടെന്നു പറയുന്ന ആനമലയുടെ ഒരു ഭാഗത്ത് കുറച്ചു മരങ്ങള്‍ നില്പ്പുണ്ട്. കുറച്ചുമാത്രം വെള്ളമുള്ള രണ്ടു കുളങ്ങളും ഒരു ഭാഗത്തു കാണാം. ശബരിമലക്ക് അഭിമുഖമായി പൊന്നമ്പലമേട്ടില്‍ ഒരു പാറ തള്ളിനില്പുണ്ട്. ഈ പാറയില്‍ ഒരു നക്ഷത്രത്തിന്റെ ആകൃതി കൊത്തിവെച്ചിരിക്കുന്നു. അതിന്റെ ഒരു ഭാഗത്ത് പൊടിയന്‍ ചന്ദ്രന്‍ സ്വാമിദാസന്‍ എന്നും മറ്റേ ഭാഗത്ത് ഒരു ശൂലത്തിന്റെ രൂപവും കൊത്തിവെച്ചിട്ടുണ്ട്. ഈ പാറയില്‍ നിന്നുകൊണ്ടാണ് മകരജ്യോതിസ് എന്നു പറഞ്ഞുകൊണ്ട് ഒരു പാത്രത്തില്‍ കര്‍പ്പൂരം കത്തിച്ചുയര്‍ത്തിക്കാണിക്കുന്നത്. ഈ പാറയുടെ തൊട്ടു മുന്‍ഭാഗം അഗാധമായ ഗര്‍ത്തമാണ്. പാറയില്‍ നിന്നു നോക്കിയാല്‍ വളരെ താഴ്ചയില്‍ കാടുകാണാം. വളരെ അകലെയായി ഒരു ചെറിയ കുന്നുപോലെ ശബരിമലയും വളരെ ചെറുതായി ക്ഷേത്രവും മറ്റു റോഡുകളും കാണാന്‍ കഴിയും. ശബരിമലയുടേയും പൊന്നമ്പലമേടിന്റേയും കിടപ്പ് ഈ രീതിയിലാകയാല്‍ പൊന്നമ്പലമേട്ടിലെ ഈ പാറമേല്‍ നിന്നുകൊണ്ട് കര്‍പ്പൂരം കത്തിച്ചുയര്‍ത്തിക്കാ ണിച്ചാല്‍ ശബരിമലയില്‍ നില്ക്കുന്നവര്‍ക്ക് ആകാശത്ത് 'ദീപം' കാണുകയാണെന്നേ തോന്നുകയുള്ളൂ.
-------------------------------------------------------------
*1984 ല്‍ യുക്തിചിന്ത ബുക്‌സ്, കല്ലിയൂര്‍, തിരുവനന്തപുരം പ്രസിദ്ധീകരിച്ച കല്ലിയൂര്‍ പ്രസന്നരാജിന്റെ 'മകരജ്യോതിസ് തട്ടിപ്പും പൊന്നമ്പലമേട്ടിലെ പൊലീസ് മര്‍ദ്ദനവും' എന്ന പുസ്തകത്തില്‍ നിന്നും.