"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 24, ചൊവ്വാഴ്ച

കഥ:ഒലിവര്‍ വാര്‍വിക്ക് - ബിജു രേവമ്മകഥ:
ഒലിവര്‍ വാര്‍വിക്ക്.
ബിജു രേവമ്മ
-------

         🔥 ഗ്രിഗേറിയൻ വർഷം 1730.

          വസന്തം ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ ധാന്യങ്ങളും ഫലങ്ങളും ധാരാളമായി ശേഖരിക്കാം. അപ്പോള്‍ത്തന്നെ പുറപ്പെടുകയാണെങ്കിൽ തെക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടങ്ങുമ്പൊഴേക്കും ആഫ്രിക്കൻ മുനമ്പു ചുറ്റി മലബാർ തീരത്ത് പെട്ടെന്നെത്താം. കാലചക്രത്തിലെ ഈ പഴുതു മുതലാക്കി യൂറോപ്യൻ നാവികർ അതിവേഗം ഇന്ത്യയിലേക്കെത്തി. ഇക്കാലത്ത് ഏറ്റവും വലിയ കച്ചവട കപ്പൽവ്യൂഹം ഉണ്ടായിരുന്ന ഡച്ചുകാർ തിരുവിതാംകൂറുമായി സ്ഥിരമായ ഒരു കച്ചവടബന്ധം സ്ഥാപിച്ചിരുന്നില്ല. അതൊരു പോരായ്മയായി പലപ്പോഴും സിലോൺ ഗവർണർ ആംസ്റ്റർഡാമിലേക്ക് എഴുതിയിരുന്നു. കുളച്ചലിനടുത്ത് ഒരു പാണ്ടികശാല മാത്രമാണ് അവർ നിലനിർത്തിയിരുന്നത്.

ആൾപ്പെരുമാറ്റം ഇല്ലാതായ ആ സ്ഥലം കാടുപിടിച്ച് കിടക്കുകയായിരുന്നു.

***

ആദ്യം ഇതെഴുതുന്നതിന് കാരണമായ ഒരു ചിന്താശകലം വായിക്കാം.


യുക്തിയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഏതു വലിയ സമസ്യയേയും മെരുക്കിയെടുക്കാന്‍ മനുഷ്യന്‍ ഉപയോഗിക്കുന്ന വാക്കാണ്‌ വിധി. ഒരുപക്ഷെ ഇത്ര അർത്ഥസമ്പുഷ്ടവും വഴക്കവുമുള്ള മറ്റൊരാശയം മനുഷ്യന്‍ കണ്ടെത്തിയിട്ടില്ല എന്നുതന്നെ പറയാം. എവിടെ ഏതു സാഹചര്യത്തിലും എടുത്തുപയോഗിക്കാൻ കഴിയുന്ന വിധി എന്ന സൂത്രം, ഒരാൾ എഴുതി ഉണ്ടാക്കുകയാണെന്ന് കരുതുക. എങ്കില്‍ അയാള്‍ ചെയ്യുന്ന ആ ജോലിയാണ്  ഈ പ്രപഞ്ചത്തിലെ ഏറ്റവും സങ്കീർണ്ണമായ ജോലി. എഴുതിവയ്ക്കുന്നതു പോലെ എല്ലാപ്പോഴും സംഭവിക്കണമെന്നില്ല.
ഉദാഹരണത്തിന് ഒരു വലിയ മലയിൽ നിന്ന് താഴേക്ക് ഉരുണ്ടു വരുന്ന ഭീമാകാരനായ കല്ല്, താഴെ റോഡിലൂടെ കടന്നുപോകുന്ന ഒരു ബസിൽ തട്ടി, ബസ് താഴ്വാരത്തുള്ള ഫാക്ടറിയിലേക്ക് മറിഞ്ഞ് ഫാക്ടറിയിലെ രാസദ്രാവക ടാങ്ക് തകർത്ത് താഴെ നദിയിലേക്ക് വീണ്, നദി മുഴുവൻ വിഷം കലർന്ന്, ജലജീവികളും ജന്തുക്കളും നദിയുടെ കരയിലുള്ള മനുഷ്യരും ചത്തൊടുങ്ങും എന്നൊരു വിധി അയാള്‍ എഴുതിവച്ചു എന്ന് കരുതുക.

അയാള്‍ കുറിച്ച സമയമെത്തുന്നു. ബസ് എത്തുന്നു. കല്ല് താഴേക്ക് ഉരുണ്ടു തുടങ്ങുന്നു. പെട്ടെന്ന് നിസാരനായ ഒരു പുൽച്ചെടിയിൽ തട്ടി അത് വഴിമാറിപ്പോയാൽ എന്തായിരിക്കും സംഭവിക്കുക. വിധിയെഴുത്തുകാരന്‍ അതിസങ്കീർണ്ണമായ ഒരു പ്രതിസന്ധിയെ നേരിടും. ഭാവിയിൽ നടക്കാനിരിക്കുന്ന സംഭവങ്ങളെ, ഇപ്പോള്‍ മരണത്തിൽനിന്നു രക്ഷപെട്ടുപോകുന്ന ആളുകളെ ഉൾപ്പെടുത്തി മാറ്റി എഴുതണം. ഈ ആളുകളെയൊക്കെ ഒന്നിച്ച് കൊന്നൊടുക്കാൻ മറ്റൊരവസരം ലഭിച്ചെന്നും വരില്ല. പരിഭ്രാന്തനാകുന്ന അയാൾക്ക് പെട്ടെന്ന് എന്തെങ്കിലും ചെയ്തേ മതിയാകൂ. എഴുതപ്പെട്ടവ പിൻവലിച്ച് അതിവേഗം മറ്റൊന്ന് എഴുതേണ്ടിവരും. ഇങ്ങനെ അതീക്ഷിത കാരണങ്ങളാല്‍ മാറ്റിവയ്ക്കപ്പെട്ട ധാരാളം മെമ്മോകൾ അയാളുടെ മുന്നിൽ കുന്നുകൂടി കിടക്കുന്നുമുണ്ടാകും.

അധികനാൾ അതങ്ങനെ കൂട്ടിയിടാന്‍ കഴിയില്ല. മറ്റൊരവസരത്തിൽ മറ്റൊരു രൂപത്തിൽ എവിടെയെങ്കിലുമൊക്കെ തിരുകിക്കയറ്റിയേ മതിയാകൂ. നോക്കൂ എത്ര കഷ്ടമാണിയാളുടെ കാര്യം. മനോ ധർമ്മങ്ങളുടെ അസാദ്ധ്യമായ മിശ്രിതങ്ങൾ പരീക്ഷിക്കുന്ന അയാൾ എന്നേ ഒരു ഭ്രാന്തനായി തീര്‍ന്നിട്ടുണ്ടാകും.

          എങ്കിലും ഈ പ്രപഞ്ചമെന്നും അയാളുടെ മനോധർമ്മങ്ങൾക്ക് കാതോർത്ത് കിടക്കും. വിധിയെഴുത്തിന്റെ ഈ സങ്കീർണ്ണതകളെ അത്രയും നിസാരവൽക്കരിച്ച് തള്ളിക്കളഞ്ഞവരും          ഉണ്ടായിരുന്നു. അജ്ഞാതനായ ആ ചിന്തകൻ പറഞ്ഞത് ഇങ്ങനെയാണ്. വിധി എന്നത് യഥാർത്ഥത്തിൽ പ്രപഞ്ചത്തിന്റെ ഒഴുക്കുമാത്രമാണ്.
          ഇനി വായിക്കുക.

***

ആഗസ്റ്റുമാസം. കുളച്ചൽ.

കഴിഞ്ഞ രണ്ടുവർഷമായി, ആ പാണ്ടികശാല മുളങ്കാടുകളുടെ മറവിൽ നിശബ്ദതയിൽ ലയിച്ചു കിടക്കുകയായിരുന്നു. രണ്ടു ദിവസങ്ങൾക്കു മുൻപ് മൂന്നു ഡച്ചുകപ്പലുകൾ ആ തീരത്ത് നങ്കൂരമിട്ടു. അതോടെ, പാണ്ടികശാലയുടെ മുറ്റം വീണ്ടും സജീവമായി.

ക്യാപ്തന്‍ ഗുർത്തൻ വാൻ ഡോവേ റുയേത്തരാണ് ആദ്യം ഉണര്‍ന്നത്. ഒരു കപ്പിത്താന്റെ ജാഗരൂഗത, അയാളെ എല്ലാവരേക്കാളും മുൻപേ ഉണര്‍ത്തിയിരുന്നു. ഇനി എല്ലാ ചലനങ്ങളും അവസാനിച്ചേ അതയാളെ ഉറങ്ങാൻ വിടുകയുള്ളു.

അയാള്‍ എഴുന്നേറ്റ് ജനാലയിലൂടെ ചുറ്റുപാടും വീക്ഷിച്ചു. ദൂരെ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകൾ ഇരുണ്ട അടയാളങ്ങൾ പോലെ കാണാം.  തൊട്ടടുത്ത ജനാലയിൽ ആരോ കെട്ടിയ വി..സി. എന്ന മുദ്രയുള്ള കൊടിയുടെ മറവിൽ, അങ്ങേത്തലയ്ക്കലുള്ള മുറിയുടെ ചുമരിൽ അപ്പോഴും ഒരു വിളക്ക് കത്തിനിന്നു.

          ഒലിവർ പുസ്തകങ്ങളിൽ മുഴുകി ഇരിക്കുകയാണ്.

          സ്റ്റാഡ് ഹോൾഡർ പ്രിൻസ് വില്യം നാലാമന്റെ ഉപദേശകനും രാജ്യതന്ത്ര ശാസ്ത്രജ്ഞനുമായ പീറ്റർ മെർക്കാറ്റിറിന്റെ അരുമ ശിഷ്യനാണ് ആ ചെറുപ്പക്കാരന്‍.    രാജകുമാരൻ പ്രത്യേക താല്പര്യമെടുത്താണ് അയാളെ അയച്ചിരിക്കുന്നത്.

          ലോകത്താദ്യമായി നാണ്യവിളകളുടെ ഭൂപടമുണ്ടാക്കിയതും മത്സ്യസമ്പത്തിന്റെ അടിസ്ഥാനത്തിൽ മദ്ധ്യ അറ്റലാന്റിക്കിനെയും ബാൾട്ടിക്കിനേയും നോർത്ത്സീയേയും നിമ്നോന്നതങ്ങളായി അടയാളപ്പെടുത്തിയത് മെർക്കാറ്റിറായിരുന്നു.

    "ഇയാള്‍ യൂറോപ്പിനു പുറത്ത് ആദ്യമായിട്ടാണ് എന്നിട്ടും പുസ്തകങ്ങളിൽ മുഴുകിയിരുന്ന് സമയം കളയുന്നത് എന്തിനാണ്". റുയേത്തർക്ക് അത് ഇഷ്ടമായില്ല. ഇയാളിങ്ങനെ ഇരുന്നാല്‍ എങ്ങനെയാണ്. സംഘത്തിലുണ്ടായിരുന്ന ഒരാളെ വിളിച്ച് അയാൾ എന്തോ പറഞ്ഞുവിട്ടു.

          പുസ്തകത്താളുകളിൽ മുഴുകിയിരുന്ന ഒലിവറിനെ, സംഘത്തിലെ അനുചരൻ മുട്ടിവിളിച്ചു. ക്യാപ്തന്‍ റുയേത്തറുടെ സന്ദേശമുണ്ട്. താങ്കൾക്ക് ഒരു നാഴികകൂടി സമയം തന്നിരിക്കുന്നു. വേഗം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിലേക്ക് പോകാൻ തയ്യാറാകുക.

          പുളിപ്പുകയറിയ കണ്ണുകളോടെ ഒലിവർ തലയുയർത്തി നോക്കി. പുറത്ത് അരണ്ട വെളിച്ചം വീണു തുടങ്ങിയിരിക്കുന്നു. പതുക്കെ എഴുന്നേറ്റ് ഷെൽഫ് തുറന്ന് ഒരു ചെറിയ കുപ്പിയെടുത്ത് മഞ്ഞനിറത്തിലുള്ള ഒരു ദ്രാവകം ഇറ്റിച്ച് കണ്ണ് മുറുക്കിയടച്ചുകൊണ്ട് അകത്തേക്ക് നടന്നു.

          ഇന്നുമുതൽ ഒലിവർ ഒരു കുശിനിക്കാരനാണ്. വെറും കുശിനിക്കാരനല്ല. ഡച്ചുരാജാവിന്റെ കൊട്ടാരം കുശിനിക്കാരൻ. തലേദിവസം, ഉച്ചയുറക്കത്തിലെപ്പൊഴോ താൻ മലബാർ രാജാവിന്റെ ദേഹണ്ണക്കാരോട് കുശലാന്വേഷണം നടത്തുന്നതും പ്രിൻസ് വില്യം മൂന്നാമന്റെ മെനുവിലെ എല്ലാ വിഭവങ്ങളിലും പുറന്തോടുള്ള മത്സ്യങ്ങളുടെ സൂപ്പു ചേർത്തിളക്കാൻ അദ്ദേഹത്തിന്റെ ഭാര്യ നിർബന്ധിക്കുന്നതുമെല്ലാം അവരോട് സംസാരിച്ചിരിക്കുന്നത് സ്വപ്നം കണ്ടിരുന്നു.

          അയാൾ മാത്രമല്ല റുയേത്തറുടെ സംഘത്തിലെ എല്ലാവര്‍ക്കുമുണ്ട് ഇങ്ങനെ ഓരോരോ റോളുകള്‍.

          പട്ടാളക്കാരൻ സസ്യശാസ്ത്രജ്ഞനായും ഭിഷഗ്വരൻ സ്വർണ്ണപണിക്കാരനായും വേഷമിടും. ഇങ്ങനെ ഓരോരോ വേഷങ്ങള്‍ കെട്ടി, രാജാവിന്റെ അകമ്പടിസേവകര്‍ മുതൽ അടുക്കളപ്പണിക്കാരൻ വരെയും കൊട്ടാരം കാവൽക്കാരൻ മുതൽ വിറകു ശേഖരിക്കുന്ന കാനനവാസി വരെയുമുള്ള എല്ലാവരോടും അടുത്തുകൂടി യൂറോപ്യൻമാർ കാര്യങ്ങൾ ചോർത്തി എടുക്കും. പിന്നീട് ഇതെല്ലാം ക്രോഡീകരിച്ചെടുത്ത് പശുക്കുട്ടിയെ ചെന്നായ്ക്കൾ എന്നപോലെ അവർ നാട്ടുരാജാക്കന്മാരെ വളയും. ഒന്നിനുപുറകെ ഒന്നായി നാട്ടുരാജാക്കന്മാർ യൂറോപ്യൻമാരുടെ കീഴിൽ അഭയം തേടുമ്പോൾ അവര്‍ ഒരു വലിയ ശക്തിയായിരിക്കുമെന്ന് എല്ലാവരും തെറ്റിദ്ധരിച്ചു. യഥാർത്ഥത്തിൽ അവർ ഇന്ത്യാക്കാരന്റെ അറിവില്ലായ്മയുടെ മുകളിലൂടെ അശ്വമേധം നടത്തുകയായിരുന്നു.

          നേരം പുലർന്നു.

          ക്യാപ്തന്‍ റുയേത്തറും സംഘവും കൊട്ടാരത്തിലേക്ക് പോകാൻ തയ്യാറായി നിന്നു. കണ്ടാൽ ആയുധധാരികളാണെന്ന് തോന്നാത്ത രീതിയിൽ, അയഞ്ഞ, തൊങ്ങലുകളുള്ള വസ്ത്രം ധരിച്ച അവര്‍ പതിവിലും ഉൻമേഷവാന്മാരായിരുന്നു.

          ഡച്ചുരാജാവിന്റെ സന്ദേശം എന്നനിലയിൽ കപ്പലിൽ വച്ച് സ്വയം എഴുതിയുണ്ടാക്കിയ കത്ത് മനസ്സിരുത്തി വായിച്ച് റുയേത്തര്‍ അതിലെ സൂക്ഷ്മാംശങ്ങൾ വിലയിരുത്തി. ഒലിവറാണ് അവസാനമായെത്തി ആ സംഘത്തോപ്പം ചേർന്നത്.

          അവര്‍ അരനാഴിക ദൂരം പിന്നിട്ടപ്പോള്‍ അവിടെ വില്ലുവണ്ടികൾ തയ്യാറായി നിന്നിരുന്നു. അരയ്ക്കുതാഴെ മാത്രം വസ്ത്രം ധരിച്ച രാജസേവകന്മാർ ആജ്ഞാനുവർത്തികളായി ഒപ്പമുണ്ട്. അവർ അരയില്‍ വാളുകള്‍ തൂക്കിയിട്ടിരുന്നു.

          അടുത്തെത്തിയപ്പോള്‍ റുയേത്തർ തന്റെ കയ്യിൽ കരുതിയിരുന്ന ചുരുളുകള്‍ നിവർത്തിക്കാണിച്ചു.

അതിലൊന്നിൽ "ഡി അഡ്മിറലിറ്റീറ്റ് വാൻ ആംസ്റ്റർഡാം' എന്നും മറ്റൊന്നിൽ "ഡി വെറെനീഡേ ഓസ്റ്റിൻഡിഷേ കമ്പനി ഹെറെൻ 17' എന്നും എഴുതിയിരുന്നു.

ക്യാപ്റ്റൻ അവർക്ക് ഹസ്തദാനം നൽകി.

എന്തോ സാധനം തങ്ങൾക്കുനേരെ നിട്ടുകയാണെന്നാണ് അവര്‍ ആദ്യം കരുതിയത്. അതിനെപ്പറ്റി പിന്നീട് അവർ പരസ്പരം ആരായുകയും ചെയ്തു.

ഡച്ചുസംഘം രണ്ടു വണ്ടികളിലായി വേണാട് രാജാവായി അടുത്തിടെ സ്ഥാനാരോഹിതനായ മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. പിന്നീട് കുളച്ചിലിനടുത്ത ഈ സ്ഥലത്തുവച്ചാണ് മാർത്താണ്ഡവർമ്മയുടെ കിങ്കരൻമാർ രണ്ട് ഡച്ചു ഗുമസ്തന്മാരോടൊപ്പം നിന്ന് വഞ്ചിപാല കുലശേഖരപ്പെരുമാളായ മഹാരാജാവിന്റെ ഇംഗിതം മാനിക്കാത്ത ഡച്ചുകാരെ എന്നെന്നേക്കുമായി ഈ നാട്ടില്‍ നിന്ന് ഓടിച്ചു എന്ന്‍ വിളംബരം ചെയ്തത്.

ഇടുങ്ങിയ ആ വണ്ടിയിലിരുന്നാൽ പുറംലോകം കാണാനേ കഴിയില്ല. എങ്കിലും ഇടതിങ്ങി മരങ്ങൾ നിറഞ്ഞ ഭൂകൃതി ചെറിയ ചെറിയ കുന്നുകൾ അടുക്കിവച്ചതുപോലെ യാണെന്ന് ഒലിവർ ഊഹിച്ചു. ഭൂകൃതിയുമായി അവിടുത്തെ ജനങ്ങളുടെ ആശയങ്ങൾ ബന്ധപ്പെട്ടുകിടക്കുന്നു എന്നാണല്ലോ മെർക്കാറ്റിറിന്റെ പക്ഷം. അങ്ങനെയെങ്കിൽ ഇവിടെയുള്ളവർ തികച്ചും സങ്കുചിത ചിന്താഗതിക്കാരായിരിക്കും.

റുയേത്തർക്ക് ഇവിടെ എന്തായാലും മറുപടി കപ്പലുകൾക്കായി കാത്തിരിക്കേണ്ടിവരില്ല. ചെറിയസംഘം പടയാളികൾക്കുതന്നെ ഇവിടെ വിജയിക്കാൻ കഴിയും. ഒലിവർ അടുത്തിരുന്ന സസ്യശാസ്ത്രജ്ഞനായി ചമയുന്ന പട്ടാളക്കാരൻ സൈമൺ കോര്‍േണലിസിനോട് പറഞ്ഞു.

കേട്ടപാടേ അയാൾ തുകൽസഞ്ചിയിൽ കരുതിയിരുന്ന ഒറ്റക്കുഴൽ ദൂരദർശിനി എടുക്കാൻ ഭാവിച്ചു. ഒലിവർ അത് തടഞ്ഞുകൊണ്ട് പറഞ്ഞു.
സൈമണ്‍ ഒന്നു ക്ഷമിക്കൂ.

വില്ലുവണ്ടികളിൽ കെട്ടിയിരുന്ന പിത്തളമണികളുടെ ശബ്ദം രണ്ടുവാര അകലെവരെ കേൾക്കാമായിരുന്നു. അങ്ങനെ ഉയർന്നു കേൾക്കാൻ വേണ്ടി കെട്ടിയിരിക്കുന്നതാണ് ആ മണികള്‍.

ശബ്ദം കേട്ട് ജനങ്ങൾ കാട്ടുപന്നികളെപ്പോലെ ഉൾവലിഞ്ഞിരിക്കണം. വഴി വിജനമായിരുന്നു.

സമോർ എന്ന മലബാർ രാജാവിന്റെ കൊട്ടാരത്തിലേക്ക് പോർച്ചുഗൽ നാവികരെ കൊണ്ടുപോകുമ്പോൾ ഇരുപുറവും നിന്ന കറുത്തു കുറുകിയ അർദ്ധനഗ്നരായ സ്ത്രീപുരുഷന്മാരുടെ വിവരണം ജർമ്മൻ ഭാഷയിലേക്ക് തർജ്ജമ ചെയ്തത് ഒലിവർ വായിച്ചിട്ടുണ്ട്.

പുറപ്പെടും മുൻപ് ആംസ്റ്റർഡാമിലെ വി..സി. ഹെഡ്ക്വാർട്ടേഴ്സിലിരുന്ന് അത് ആവർത്തിച്ചു വായിച്ച്, പ്രാകൃതരായ ഈ ജനങ്ങളുടെ മുഖഭാവങ്ങൾ ഒപ്പിയെടുക്കാൻ അയാൾ ശ്രമിച്ചിരുന്നു. അത് ഗാമയുടെ ഭാവനയായിരിക്കും. ഇവിടെയെങ്ങും ഒരാളെയും കാണുന്നില്ല. സ്വയം പെരുപ്പിച്ചുകാട്ടി വലിപ്പം നടിച്ചതാകും. ഒലിവര്‍ ചിന്തിച്ചു.

ഏകദേശം രണ്ടു മണിക്കൂറോളം തെക്കോട്ടു സഞ്ചരിച്ചുകാണും. അപ്പോഴാണ് ദൂരെനിന്ന് കുറേ നേരമായി കേട്ടുകൊണ്ടിരുന്ന ബ്യൂഗിളിന്റെ ശബ്ദം ഉച്ചസ്ഥായിയിലെത്തിയത്. ഒപ്പം പ്രാകൃതമായ ഏതോ ഡ്രം പോലെ ഒന്നും.

അത് കേട്ടതോടെ വണ്ടിക്കാരൻ പതിയെ വേഗം കുറച്ചു കൊണ്ടുവരുന്നു.
എന്താണിത്. ഒലിവർ പുറത്തേക്കു നോക്കി. ആംസ്റ്റർഡാമിൽ, പൊറാട്ടുനാടകങ്ങൾ തുടങ്ങുമ്പോൾ വായിക്കുന്ന ഈജിപ്ഷ്യൻ ബ്യൂഗിളുകളിന്റേതു പോലെയുണ്ടല്ലോ.

സൈമൺ, താൻ രണ്ടു തരത്തിൽ ഭാഗ്യവാനാണ്. അയാൾ പട്ടാളക്കാരനോട് പറഞ്ഞു. താൻ എഴുതിക്കൂട്ടി മൂലയിൽ വച്ചിരിക്കുന്ന നാടകങ്ങൾക്ക് ഇവിടെ ശാപമോക്ഷം കിട്ടുമെന്നു തോന്നുന്നു.

എങ്കിൽ നിന്റെ ഉള്ളിലെ നടനുകൂടി പുറത്തുവരാമല്ലോ. സൈമൺ കോര്‍നേലിസ് തിരിച്ചടിച്ചു.

ആ സംഭാഷണം ഒരിടത്തെത്തും മുൻപ് വണ്ടികൾ നിന്നു.

ഡച്ച് സംഘം ഇറങ്ങാന്‍ തുടങ്ങിയതും, മുന്നിലെ മതിൽക്കെട്ടിനുള്ളിൽ നിന്ന് പീരങ്കിയുടെ ശബ്ദം കേട്ടു തുടങ്ങി.

റുയേത്തറും സംഘവും ഒന്ന് പരിഭ്രമിച്ചു. അതു മറച്ചു പിടിച്ചുകൊണ്ട് അവിടവിടെയായി കൂടിനിന്ന നിന്ന രാജഭൃത്യന്മാരോട് അയാള്‍ സൗഹൃദപൂർവ്വം ചിരിക്കാൻ ശ്രമിച്ചു.

ഒലിവർ വെടിയൊച്ചകൾ എണ്ണിത്തുടങ്ങി. അതയാളുടെ ഡ്യൂട്ടിയാണ്. ശബ്ദങ്ങൾ, ആക്രോശങ്ങൾ, ആജ്ഞകൾ ഇവയൊക്കെ ശ്രദ്ധിക്കുകയും എണ്ണി തിട്ടപ്പെടുത്തുകയും അതിനെത്തുടർന്നുള്ള സംഭവങ്ങൾ രേഖപ്പെടുത്തുകയും വേണം.

വെടിയൊച്ചകളുടെ എണ്ണം പതിനഞ്ചു കഴിഞ്ഞുകാണും. അപ്പോള്‍ കണ്ട കാഴ്ച എല്ലാവരേയും ഞെട്ടിച്ചുകളഞ്ഞു.

ആ മതിൽക്കെട്ടിന്റെ കവാടം തുറന്ന് ഭൃത്യന്മാര്‍ മൂന്ന് കസാലകൾ പുറത്തേക്കു ചുമന്ന് കൊണ്ടുവന്നു. അതിൽ ഒരു സ്ത്രീയേയും രണ്ടു പുരുഷന്മാരേയും കിടത്തിയിരുന്നു. അവരുടെ തലകൾ ശരീരത്തിൽ നിന്ന് വേർപെട്ട് രക്തത്തിൽ കുളിച്ചുകിടന്നു.

തങ്ങള്‍ ചതിയിൽ പെട്ടിരിക്കുന്നു.

പിൻതിരിഞ്ഞ് തന്റെ സംഘത്തിന് മുന്നറിയിപ്പ് നൽകണമെന്ന് ഉണ്ടായിരുന്നു. കാര്യങ്ങൾ ഇത്രത്തോളമായ സ്ഥിതിക്ക് ഇനി ഒന്നിനും സമയമില്ല.

പണ്ടൊക്കെ, കപ്പലിറങ്ങുന്ന നാവികർ കരയിൽ നിന്ന് രാജഭൃത്യന്മാരിൽ ആരെയെങ്കിലും കരുതൽ തടങ്കലിൽ വച്ചിട്ടേ കരയിലേക്ക് പോകുമായിരുന്നുള്ളു. നാവികർ തിരികെ വന്നില്ലെങ്കിൽ തടങ്കലിലുള്ളയാളെ വധിക്കും.

റുയേത്തർക്ക് അതിനോട് യോജിപ്പുണ്ടായിരുന്നില്ല. ആയിരം ഇന്ത്യാക്കാർ പോലും ഒരു യൂറോപ്യന് സമമാകുന്നില്ല എന്നതായിരുന്നു അയാളുടെ പക്ഷം.

നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളിൽ നിന്ന് ഏഴെട്ടു നാഴിക അകലെ ഏതോ നാട്ടുരാജാവിന്റെ കിങ്കരന്മാരാല്‍ ചുറ്റപ്പെട്ടു നിൽക്കുന്നു. ഇവരാണെങ്കിൽ തങ്ങള്‍ക്ക് മുന്നേ അവിടെ വന്നു എന്ന് കരുതാവുന്ന മൂന്നുപേരെ വകവരുത്തി അയച്ചതേയുള്ളു.

ഇപ്പോഴിവര്‍ക്ക് എന്തും ചെയ്യാം. തങ്ങളെ തടങ്കലിൽവയ്ക്കാം കൊല്ലാം. പ്രാകൃതമായ ഇവരുടെ വാളുകൾക്കും കുന്തത്തിനും ഇരയാകാന്‍ ഇനി അധികം സമയമില്ല.

അയാൾ തന്റെ അരയിൽനിന്ന് രണ്ട് ചുരുളുകൾ പുറത്തെടുത്തുകൊണ്ട് അതിനൊപ്പം വച്ചിരുന്ന തോക്ക് വേഗം കൈപ്പിടിയിലാക്കാൻ പറ്റുന്ന അവസ്ഥയിലാണോ എന്നുറപ്പുവരുത്തി.

അതിവേഗത്തിൽ ചുരുൾ നിവർത്തി, തങ്ങൾ മറ്റൊരു രാജവിന്റെ സന്ദേശ വാഹകരാണെന്ന് കാട്ടി അവരുടെ ആദരം പിടിച്ചുപറ്റാൻ ശ്രമിച്ചു.

യൂറോപ്യന്മാർ തങ്ങളുടെ രാജാവിനെക്കുറിച്ചും അയാളുടെ ശക്തിയേക്കുറിച്ചുമൊക്കെ പെരുപ്പിച്ചു പറഞ്ഞ് നാട്ടുരാജാക്കന്മാരെ പേടിപ്പിക്കുക പതിവായിരുന്നു. എന്നാൽ കഥ മറ്റൊന്നായിരുന്നു. തീരത്തു വന്ന ഒരു യൂറോപ്യൻ കപ്പലിനെ നാട്ടുരാജാവിന്റെ സൈന്യം ആക്രമിച്ചാൽ യൂറോപ്പിലെ രാജാവ് അതറിയാനോ കപ്പൽപ്പടയുമായി വന്ന് ആക്രമിക്കാനോ ഒന്നും സാധിക്കുമായിരുന്നില്ല. യൂറോപ്പ് അത്ര അകലെയായിരുന്നു. എന്നാൽ രാജാവിന്റേയും പരിവാരങ്ങളുടേയും അറിവില്ലായ്മ അവരെ എന്നും ഭയത്തിന്റെ മുൾമുനയിൽ നിർത്തി.

വലിയ മതിൽക്കെട്ടിന്റെ വാതിൽ വീണ്ടും തുറന്നു. മുന്തിയ വേഷം ധരിച്ച രാജഭൃത്യന്മാർ, എന്തെങ്കിലും വേഷം ധരിച്ച എന്നു പറയുന്നതാവും കൂടുതൽ ശരി, പുഞ്ചിരി തൂകിക്കൊണ്ട് പുറത്തേക്കുവന്നു.

എറ്റവും മുന്നിൽ നടന്നയാൾ അടുത്തെത്തി കയ്യിലിരുന്ന താലത്തിൽ നിന്ന് സ്വർണ്ണക്കരയുള്ള ഒരു വസ്ത്രം റുയേത്തറുടെ തോളിലേക്ക് മടക്കിവച്ചു കൊണ്ട് അഭിവാദ്യം ചെയ്തു.

മലബാർ രാജാവ് തങ്ങളെ സ്വീകരിക്കുകയാണ്.

റുയേത്തർ തിരിഞ്ഞുനോക്കി. കണ്ണിറുക്കി എല്ലാവരോടും ഉഷാറാകാൻ ആംഗികം കാട്ടി.

ഉയരം കുറഞ്ഞ വാതിലുകളുള്ള, ഓടുപാകിയ കൊട്ടാരം. അതിനു പിറകിലായി ഒരു വലിയ മല ശിഖരങ്ങളുയർത്തി നിന്നു. മഞ്ഞ് നീങ്ങിക്കഴിഞ്ഞ കാർപാത്യൻ പർവ്വതത്തേപ്പോലെ അതിന് അസാധാരണമായ നീലനിറമുണ്ടായിരുന്നു.

മുറ്റത്ത് മരത്തണലിൽ, രാജഭൃത്യന്മാർ അവരവരുടെ സ്ഥാനമനുസരിച്ച് നില്ക്കുകയോ ഇരിക്കുകയോ ചെയ്തു.

ഒരാൾ എന്തോ ആക്രോശിച്ചു.

അതുകേട്ട് സ്ഥാനം തെറ്റി നിന്ന ഭൃത്യന്മാർ തിരക്കിട്ട് തങ്ങളുടെ സ്ഥാനങ്ങൾ പിടിച്ചു.

രാജാവ് പുറത്തേക്കു വരികയാണ്.

യുവാവായിരുന്നെങ്കിലും മെലിഞ്ഞ് ഓജസറ്റവനായിരുന്നു മാർത്താണ്ഡവർമ്മ. പതിഞ്ഞു നീളം കൂടിയ മൂക്ക് ഒരു തശാലിയുടേതാണ്. നെഞ്ചിലെ രോമങ്ങളും കൊമ്പൻ മീശയും ഒഴിച്ചു നിർത്തിയാൽ മേക്കപ്പില്ലാത്ത ഒരു സ്ത്രീയാണെന്നേ തോന്നുകയുള്ളു.
ഒരാള്‍ ഓടിവന്ന് ശംഖുമുദ്രയുള്ള ഒരു തടിച്ചവള രാജാവിനെ അണിയിച്ചു. മറ്റൊരാൾ സ്വർണ്ണംകൊണ്ടു മോടിപിടിപ്പിച്ച കസേര കൊണ്ടുവന്നു. വേറോരാൾ ഒരു താലത്തിൽ സ്വർണ്ണവളകളും പോളീഷ് ചെയ്യാത്ത രത്നങ്ങളും നിരത്തി.

ഒപ്പം ഡച്ചു സംഘത്തിനുള്ള ബഞ്ചുകളും തയ്യാറായി.

മാർത്താണ്ഡവർമ്മ എന്തെങ്കിലും പറയും മുൻപ് റുയേത്തർ തന്റെ കയ്യിലുണ്ടായിരുന്ന സന്ദേശം വായിച്ചു.

ആഡ്രിയാൻ കടലിന്റെ അധിപനും, മുപ്പത്തിമൂന്ന് ഫ്ളീറ്റ് കപ്പൽപ്പടകൊണ്ട് ബാൾട്ടിക് മുതൽ മെഡിറ്ററേനിയൻ വരെയും സുഴ്ഡർ സീ മുതൽ പസഫിക് വരെയും വ്യാപാരത്തിന് അധികാരം സിദ്ധിച്ചവനുമായ പ്രിൻസ് ഓഫ് ഓറഞ്ച്, വില്യം മൂന്നാമന്റെ സ്റ്റാഡ്ഹോൾഡർ കൗൺസിൽ അങ്ങയോട് സഖ്യം ചേരാൻ ആഗ്രഹിക്കുന്നു. -അതിനുവേണ്ട മുന്നൊരുക്കങ്ങൾ ചെയ്യാൻ നമ്മുടെ വിശ്വസ്തനായ നാവികൻ ഗുർത്തൻ വാൻ ഡോവേ റുയേത്തറേയും സംഘത്തേയും അങ്ങോട്ട് അയയ്ക്കുന്നു. അങ്ങയുടെ രാജ്യം കൂടുതൽ സമ്പന്നമാകുന്ന നിലയിൽ ആ രാജ്യത്തെ എല്ലാ ചരക്കുകളും കിട്ടാവുന്നതിൽ മുന്തിയ വിലയ്ക്കും കൂടിയ അളവിലും മഹത്തായ ഡച്ചുരാജ്യം വ്യാപാരം ചെയ്യുന്നതാണ്. ആയതിന് ഈ ചെറു സംഘത്തിനാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കണമെന്ന് ആ വലിയ മനസ്സിനോട് ഡച്ചു ജനത അഭ്യർത്ഥിക്കുന്നു. -അയൽ രാജ്യങ്ങളിൽ നിന്നോ, ആഭ്യന്തരമായോ കച്ചവടക്കൂട്ടത്തിനോ ഉള്ള ഭീഷണി, തുടങ്ങിയ ഏത് അടിയന്തിര സാഹചര്യത്തിലും അങ്ങേയ്ക്ക് ആംസ്റ്റർഡാമുമായി ബന്ധപ്പെടാന്‍ ഈ സംഘത്തിലെ മൂന്നുപേരെ നാം ചുമതലപ്പെടുത്തിയിട്ടുണ്ട്. അവർ അങ്ങയുടെ ആജ്ഞകൾക്ക് കാതോർത്ത് കൊട്ടാരത്തിൽ തന്നെ ഉണ്ടാകും. ഡീ വെറെനിഡേ ഓസ്റ്റിൻഡിഷെ കമ്പനി എന്ന് നാമകരണം ചെയ്ത ഈ സംഘത്തെ ഡച്ചുജനതയുടെ ആദരത്തിന്റെ സൂചകമായി അങ്ങയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു. അയാൾ വായിച്ചു നിർത്തി.

എന്നിട്ട് ഇത്രയും കൂട്ടിച്ചേർത്തു. ഞാൻ ക്യാപ്തന്‍ റുയേത്തർ, അങ്ങയുടെ സന്ദേശങ്ങൾക്ക് കാതോര്‍ത്ത് എപ്പോഴും കുളച്ചലിൽ ഉണ്ടാകും.

വിശ്വാസം വന്നോ എന്നറിയാൻ റുയേത്തർ ഒന്നു പാളി നോക്കി. അപ്പോള്‍ മാർത്താണ്ഡവർമ്മയുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം അലതല്ലുതാണ് അയാള്‍ കണ്ടത്.

സതീ. രാജാവ് തന്റെ സഹായിയെ വിളിച്ചു. അയാൾ ആജ്ഞാനുവർത്തിയായി നീങ്ങിനിന്നു.

ഒരുപിടി നാണയങ്ങൾ വാരിയെടുത്ത് അയാൾക്കു നേരെ നീട്ടിക്കൊണ്ടു പറഞ്ഞു. ലക്ഷണം നല്ലതാണല്ലോ സമ്പ്രതീ. ആദ്യം കുഞ്ഞിരമ്പൻ പണിക്കർക്ക് പകരം സമ്പ്രതി തന്നെ ഒരാളെ കണ്ടുപിടിക്ക്. ഇടയ്ക്കിടയ്ക്ക് കായംകുളത്തു പോയിവരുന്നതു നിറുത്തി ഇവിടെ നിന്ന് കുഞ്ഞിരമ്പന്റെ തലയൊന്നു തണുക്കട്ടെ. ഇന്നുമുതൽ കുഞ്ഞിരമ്പനു ജ്യോതിഷരത്നപ്പട്ടം ഉണ്ടാകില്ല.

ഇടഞ്ഞുനിന്ന സഹോദരങ്ങളായ തമ്പിമാരെയും ഉമ്മിണിപ്പിള്ള തങ്കച്ചിയേയും സന്ധി സംഭാഷണത്തിന് എന്നു പറഞ്ഞ്, മാർത്താണ്ഡവർമ്മ കൊട്ടാരത്തിലേക്കു വിളിച്ചു വരുത്തി തടവിലാക്കി തഞ്ചത്തിൽ കഴുത്തറുത്തു കൊന്നു.

നിലത്തു വാർന്നൊലിച്ച രക്തം അഗ്നിക്കോണിലേക്ക് ഒഴുകിയത് അശുഭ സൂചകമെന്നാണ് ജ്യോതിഷരത്നം കുഞ്ഞിരമ്പൻ വിലയിരുത്തിയത്. എന്നാൽ അത് രാജാവിനു ഇഷ്ടമായില്ല. രാജാവിന്റെ മനസ്സറിഞ്ഞ സമ്പ്രതി ലക്ഷണശാസ്ത്രത്തെ യുക്തിഭദ്രമായി വ്യാഖ്യാനിച്ച്, അഗ്നിക്കോണിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് ശത്രുക്കളുടെ ദഹനമാണ് കാണിക്കുന്നത് എന്നു സമർത്ഥിച്ചു.

രാജാവ് കുഞ്ഞിരമ്പൻ പണിക്കരെ തരംതാഴ്ത്തി ശിക്ഷിക്കുകയും. സമ്പ്രതിക്ക് വേണ്ടുവോളം പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു.
ഇവരെ സ്വാമിയുടെ മുന്നിൽ കൊണ്ടുചെന്ന് അനുഗ്രഹം വാങ്ങിച്ചിട്ടേ വിടാവൂ എന്ന്‍ മാർത്താണ്ഡവർമ്മ സമ്പ്രതിയെ ഓര്‍മിപ്പിച്ചു.
മാർത്താണ്ഡവർമ്മ എഴുന്നേറ്റ്, റുയേത്തറോടും സംഘത്തോടുമായി പകുതി ആംഗ്യത്തിലും പകുതി തമിഴിലുമായി പറഞ്ഞു. മറുപടി എഴുതി തയ്യാറാക്കിത്തരും.

അയാളോടൊപ്പം ഭൃത്യന്മാരും അതിനു പിറകിലായി ഡച്ചു സംഘവും കൊട്ടാരത്തിനുള്ളിലേക്ക് കയറി.

കൊട്ടാരത്തിന്റെ ഉൾവശം കുറിയ വാതിലുകളും ഇടുങ്ങി ഞെരുങ്ങിയ ഇടനാഴികളും അതീക്ഷിതമായി തുറക്കുന്ന വാതിലുകളും കൊണ്ട് നിറഞ്ഞിരുന്നു. -ഒറ്റയ്ക്കുവരുന്നവരെ പതിയിരുന്ന്‍ കീപ്പെടുത്താന്‍ രൂപപ്പെടുത്തിയതു പോലെ.

ഒരിക്കല്‍ പ്രിൻസ് വില്ല്യം നാലാമന്റെ മഞ്ഞുകാല വസതിയുടെ രൂപരേഖ കണ്ടിട്ട് തന്റെ ഗുരുനാഥൻ പീറ്റർ മെർക്കാറ്റിർ പറഞ്ഞത് ഒലിവറിന് ഓർമ്മവന്നു.

ആഢംബരം എത്ര മികച്ചതാണെങ്കിലും എത്ര കുറവാണെങ്കിലും കൊട്ടാരത്തിന്റെ ഓരോ ഇഞ്ചും യുദ്ധത്തിന് തയ്യാറായി നിൽക്കണം. അത് അവസാനത്തെ യുദ്ധമുഖമാണ്.

ഇതിനിടയിൽ രാജാവിന് സമ്മാനമായി നൽകാൻ കൊണ്ടുവന്ന മോറിത്താനിയന്‍ രത്നങ്ങൾ കീശയിൽ നിന്നെടുക്കാൻ റുയേത്തർ മറന്നുപോയിരുന്നു. -മാർത്താണ്ഡവർമ്മയുടെ പീഠത്തിലിരുന്നവയുടെ മുഴുപ്പുകണ്ട് അയാളത് വേണ്ടെന്നുവച്ചു എന്നു പറയുന്നതാവും കൂടുതല്‍ ശരി.

ആ ഇടനാഴിൽ വച്ച് ക്യപ്റ്റൻ റുയേത്തർ തന്റെ മടിക്കുത്തിലുണ്ടായിരുന്ന വിലപിടിച്ച രത്നങ്ങളുടെ കിഴി സമ്പ്രതിക്ക് കൈമാറി. അയാളത് തന്റെ അയഞ്ഞ അംഗവസ്ത്രത്തിൽ എവിടെയോ ഒളിപ്പിച്ചു.

രാജഭൃത്യന്മാരിലൊരാൾ ഒലിവറിനെ കുശിനിക്കാരുടെ അടുത്തെത്താന്‍ സഹായിച്ചു.

ഇരുപതോളം വരുന്ന പാചകക്കാരുടെ ഒരു പടതന്നെ അവിടെ തമ്പടിച്ചിരുന്നു. ഒരു മൂലയിൽ ഓറഞ്ചു നിറത്തിലുള്ള രണ്ടറ്റം കൂർത്ത കായ്കൾ കൂട്ടിയിട്ടിരിക്കുന്നു. അതെടുത്ത് ചിലർ ഏതോ ഇലകളോടൊപ്പം വച്ച് ചവച്ചു തിന്നുന്നു.

ഒലിവർ അവരുടെ മുഖത്തേക്കും കായ്കളിലേക്കും മാറിമാറി നോക്കി. ഇത് എന്തിനാണ് ഉപയോഗിക്കുന്നത്. എവിടെയാണുണ്ടാക്കുന്നത്. കൃഷിചെയ്താൽ എത്രവർഷം കൊണ്ട് കായ്ക്കും. എന്നൊക്കെ അവരോടു ചോദിച്ചു മനസ്സിലാക്കണമെന്ന് ഉണ്ടായിരുന്നു. കുശിനിക്കാരനായി ചമയുന്ന താൻ ഇങ്ങനെയുള്ള ചോദ്യങ്ങൾ ഉന്നയിച്ചാൽ ഇവര്‍ക്ക് എന്തെകിലും സംശയമുണ്ടായാലോ. അയാൾ അത് കൗശലപൂർവ്വം ഉള്ളിലൊതുക്കി.

എല്ലാവരും ജോലികഴിഞ്ഞുള്ള വിശ്രമത്തിലാണ്. അവരുടെ നേതാവ് എന്നു തോന്നിച്ച കലങ്ങിയ കണ്ണുള്ള മനുഷ്യൻ ഒലിവറിനോട് എന്തോ ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു. ആവർത്തിച്ചുള്ള കോായങ്ങളിൽ നിന്ന് എത്ര ദിവസം ഇവിടെ ഉണ്ടാകും എന്നാണയാള്‍ ചോദിക്കുന്നതെന്ന് പിടികിട്ടി.

മറുപടി ഒരു ചിരിയിലൊതുക്കി ഒലിവര്‍ ഭൃത്യനൊപ്പം രണ്ടാം നിലയിലെ വിശ്രമമുറിയിലേക്ക് നടന്നു.

ഒരിക്കൽ മെർക്കാറ്റിർ തന്റെ ആത്മീയ ആചാര്യനായ മൊളീനർ എന്ന സന്ന്യാസിയായ വ്യാപാരി സ്വപ്നത്തിൽ കണ്ട ഓറഞ്ചുനിറമുള്ള കായേപ്പറ്റി പറഞ്ഞിരുന്നു. സ്വപ്നത്തിൽ, ഇന്ത്യയിലെ ഏതോ കാടുകളിൽ ഒറ്റപ്പെട്ടുപോയ മൊളീനർ അവസാനം മുളകു ചെടികൾ പടർന്നു കിടക്കുന്ന ഒരു സ്ഥലത്തെത്തി. വലിയ സൈപ്രസ് ചെടികളെപ്പോലെ ഉയര്‍ന്നു നിന്ന അവയ്ക്കു താഴെ ഓറഞ്ചു നിറമുള്ള പഴങ്ങൾ വീണുകിടന്നു. അത് പെറുക്കിയെടുക്കുന്ന കുട്ടികൾ അത് ആ ചെടിക്കുതന്നെ അത് വളമായി ഇട്ടുകൊടുക്കുന്നു. ഇതില്‍ കൗതുകം തോന്നിയ മൊളീനർ അതിൽനിന്ന് ഒരു കായ എടുത്തു പിളർത്തി നോക്കി. രുചിയുള്ള ഫലങ്ങളെപ്പോലെ അതിന് സുഗന്ധമുണ്ടായിരുന്നില്ല. അതിനുള്ളിൽ കട്ടിയുള്ള ഒരു മഞ്ഞദ്രവം നിറഞ്ഞിരുന്നു.

അയാളത് സൂര്യകാശത്തിലേക്ക് പിടിച്ചുനോക്കി. അതിൽ സ്വർണ്ണത്തരികൾ വെട്ടിത്തിളങ്ങി. തന്നെ നിരന്തരം വേട്ടയാടിയിരുന്ന ഈ സ്വപ്നം സത്യമായിരിക്കാമെന്ന് മൊളീനര്‍ എന്നും വിശ്വസിച്ചു പോന്നു.

ആംസ്റ്റർഡാമിലെ ടാവേണുകളിൽ വന്നെത്തുന്നവരും പുറപ്പെട്ടു പോകുന്നവരുമായ എല്ലാ നാവികരോടും അയാൾ ഈ കഥ പറഞ്ഞു. ഒരു പക്ഷേ ഒരു വ്യാപാരിയുടെ സ്വതസിദ്ധമായ ആർത്തി അയാളുടെ മനസ്സിലുണ്ടാക്കിയ ഒരു മരീചികയാകാമത്. എന്നാൽ കേട്ടവരാരും തന്നെ അതിനെ അങ്ങനെ തള്ളിക്കളഞ്ഞുമില്ല.

അത്ഭുത വസ്തുക്കൾ ഇന്ത്യൻ ഉൾനാടുകളിൽ ഇനിയുമുണ്ടാകും എന്നത് യൂറോപ്പിൽ കടങ്കഥപോലെ വേരുറച്ച വിശ്വാസമായിരുന്നു.

എന്തുതന്നെയായാലും ഈ രാജ്യത്ത് അളവറ്റ സമ്പത്തുണ്ട്. വെറുതെ സമയം കളയാനിരിക്കുമ്പോൾ കൊറിക്കാൻ നിലക്കടല എടുക്കുന്ന ലാഘവത്തോടെയാണ് ഇയാള്‍ സ്വർണ്ണവളകളും പതക്കങ്ങളും നിരത്തി വയ്ക്കുന്നത്. -എത്ര ലാഘവത്തോടെയാണ് അയാൾ മറ്റുള്ളവർക്ക് ധനം വാരിക്കോരി കൊടുത്തത്. ഒരാശയം പറഞ്ഞു കൊടുത്താൽ, അല്ലെങ്കിൽ നേരംപോക്കിന് ഒരു തമാശ പറഞ്ഞാൽ അയാൾക്ക് പവനുകൾ തൂക്കമുള്ള വളകളും പതക്കങ്ങളും ലഭിക്കും.

അതുവാങ്ങി ആരും ഇവിടംവിട്ട് പോകാറില്ല. രാജാവിനെ കബളിപ്പിച്ചും മേനിപറഞ്ഞും അവിടെത്തന്നെ കൂടും.

ഭൃത്യന്മാരും ആശ്രിതരും കൃത്യസമയത്ത് ഒറ്റമുണ്ടും തോളിലിട്ട് നിലയുറപ്പിക്കും. ഒന്നുകിൽ വെടിപറയാൻ, അല്ലെങ്കിൽ പിറ്റേദിവസം വെടിപറയാനായി അന്തമില്ലാത്ത ഫാന്റസികളിലേക്ക് തള്ളിവിടുന്ന ഓലക്കീറുകൾ വായിച്ചിരിക്കും. മടിയന്മാരായിരിക്കാൻ ഇവർക്ക് ചെറുപ്പത്തിലേ നല്ല പരിശീലനം കിട്ടുന്നുണ്ടാകും. അതുകൊണ്ടാണല്ലോ വിശാലമായ ബാഹ്യലോകത്തേക്ക് എത്തിനോക്കാൻ ആരും ഇതുവരെ തുനിയാതിരുന്നത്.

ഡച്ചു രാജ്യത്തെ പണ്ഡിതനായ പറങ്കീ. മുഴുനീളൻ ചിന്തകളിൽനിന്ന് ഒലിവറിനെ ഉണർത്തിയത് ഈ വാക്കുകളാണ്. സ്വാമിയുടെ അടുത്തേക്കു പോകാൻ വണ്ടി തയ്യാറായി നിൽക്കുന്നു.

രണ്ടാംനിലയിൽ കടുംനീലനിറമുള്ള മലയിലേക്ക് തുറന്ന ജനലിനരുകിൽ ചിന്തയിലാണ്ടു നിന്ന ഒലിവർ രാജഭൃത്യനെ അനുഗമിച്ചു.

കൊട്ടാരമുറ്റത്ത് കാത്തുനിന്ന വണ്ടികൾ അവരേയും വഹിച്ച് പത്മനാഭക്ഷേത്രത്തിലേക്ക് യാത്രയായി.

യാത്രയിൽ ഉടനീളം ഒലിവർ ഉറക്കത്തിലായിരുന്നു. അക്കൂട്ടത്തില്‍ ഏറെക്കുറെ എല്ലാവരും ഉറക്കത്തിലേക്ക് വീണുപോയിരുന്നു. കൊട്ടാരത്തില്‍ നിന്ന് പുറപ്പെട്ടിട്ട് എത്ര സമയമായെന്നോ എത്ര ദൂരം സഞ്ചരിച്ചെന്നോ അറിയുന്നത് വണ്ടി വലിച്ചിരുന്ന കുതിരകൾക്ക് മാത്രമായിരിക്കും

കണ്ണു തുറന്നപ്പോള്‍ ഒലിവർ ഒഴിഞ്ഞ വണ്ടിയിൽ കിടക്കുകയാണ്.
ആകാശത്തിന്റെ തെളിച്ചം മങ്ങിയിരിക്കുന്നു. തെരുവുകളും വീടിന്റെ ചുമരുകളും ചെരാതുകൾ കത്തിച്ചു ദീപഭമാക്കുന്നതിൽ ആളുകൾ മത്സരിച്ചുകൊണ്ടിരുന്നു.

അതാ ഒരാൾക്കൂട്ടം രണ്ടുമൂന്നു വാദ്യമേളക്കാരോടൊപ്പം കൂടി അടുത്തേക്ക് വരുന്നു. അയാൾ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി.
കയീക് ജൊയേ ക്വിറ്റ്, ജൊയേ ക്വിറ്റ് കയീക്. ഉറക്കച്ചടവില്‍ ആരോടെന്നില്ലാതെ ഒളിവർ വിളിച്ചുപറഞ്ഞു.

കുറച്ചകലെയായി ആളുകള്‍ കൂട്ടമായി നില്‍ക്കുന്നു. ഏതോ ആഘോഷമാണ്. സ്വർണ്ണം കൊണ്ടുള്ള കുംഭങ്ങൾ, അണ്ഡാവുകള്‍, സ്വർണ്ണത്തിൽ തീര്‍ത്ത കാർഷിക ഉപകരണങ്ങൾ പോളീഷ് ചെയ്യാത്ത രത്നക്കല്ലുകൾ, ചിലയിടങ്ങളില്‍ കുംഭങ്ങൾ നിറയെ സ്വർണ്ണ നെൽമണികൾ നിരത്തി വച്ചിരിക്കുന്നു. ഇവയെല്ലാം ചടങ്ങിനുശേഷം തൊട്ടടുത്ത ക്ഷേത്രക്കുളത്തിൽ നിക്ഷേപിക്കാനുള്ളതാണത്രേ. ധനംകൊണ്ട് ഉന്മത്തരായവര്‍ ഇതിലപ്പുറവും ചെയ്യും. അയാൾക്കതിൽ അത്ഭുതം തോന്നിയില്ല.

ക്യാപ്തന്‍ റുയേത്ത, മഹാനായ ക്യാപ്തന്‍ റുയേത്ത അയാൾ വിളിച്ചു.
മുന്നിൽ നടന്നു നീങ്ങുന്ന റുയേത്തർ സൗമ്യനായി തിരിഞ്ഞുനോക്കി. ഒലിവര്‍ ഓടി അടുത്തു ചെന്നു.

ക്യാപ്തന്‍, ഇവിടെ അടുത്തുതന്നെ വളരെ ധാനപ്പെട്ട ഒരു വ്യാപാര കേമുണ്ടാകും.

റുയേത്തർ ചിരിച്ചു.

അതെങ്ങനെ അറിയാം.

ഇത്രയും ആളുകൾ ഒന്നിച്ചു വന്നെത്തുന്ന മറ്റൊരിടം ഈ രാജ്യത്തുതന്നെ ഉണ്ടാകാന്‍ തരമില്ല.

ശരി. എന്താണെന്ന് തുറന്നു പറയൂ.

മറ്റൊന്നുമല്ല, ഞാനും ഈ പട്ടാളക്കാരനും കൂടി ഒന്നു കറങ്ങിയിട്ടുവരാം.
ഇപ്പോള്‍ വേണ്ട. അത് സംശയങ്ങൾക്ക് ഇടവരുത്തും. നാമിപ്പോള്‍ രാജഭൃത്യന്മാരോടു മാത്രമെ സംവദിക്കാവൂ. അതിനു മാത്രമേ നമുക്കു താല്പര്യമുള്ളു എന്നുവേണം തോന്നാന്‍. താന്‍ വലിയ രാഷ്ട്രതജ്ഞന്റെ ശിഷ്യനല്ലേ. ഇതൊന്നും അറിയാത്തതല്ലല്ലോ. ആദ്യം ഒരു പൊട്ടനെപ്പോലെ കണ്ണും കാതും മൂടിവയ്ക്കൂ.

ഇത്രയും ഉപദേശിച്ച് റുയേത്തർ നടന്നു നീങ്ങി.

നഷ്ടപ്പെടുത്താൻ കഴിയാത്തതായി ഈ ലോകത്ത് എന്തെങ്കിലുമുണ്ടെങ്കിൽ അത് അവസരങ്ങളാണ് എന്ന് അങ്ങു തന്നെയാണല്ലോ എന്നോടു പറഞ്ഞിട്ടുള്ളത്. ഒലിവര്‍ വിടാനൊരുക്കമല്ലായിരുന്നു. ഇത് നമുക്ക് ഒരിക്കലും ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്ത ഒരഅവസരമാണ്. -ഈ ആഘോഷത്തിനായി നാടിന്റെ മുക്കിലും മൂലയിലുമുള്ള ചരക്കുകൾ വന്നെത്തും. അതിൽ, നാം തിരയുന്ന ആ സുവർണ്ണ ഫലവുമുണ്ടാകും. തീർച്ച.
ഒലിവര്‍ പറയുന്നതൊന്നും റുയേത്തർക്ക് ബോധ്യപ്പെട്ടതായി തോന്നിയില്ല. അയാള്‍ അങ്ങനെ ഭാവിച്ചുമില്ല.

പിന്നെ രാജാവിന്റെ ചാരന്മാരുടെ കാര്യം. ഒന്നു നിറുത്തിയിട്ട് ഒലിവർ തുടർന്നു. അതിനല്ലേ പിഞ്ചുകുഞ്ഞിനെപ്പോലെ നിഷ്കളങ്കനായ ഈ പട്ടാളക്കാരൻ എന്റെ കൂടെയുള്ളത്.

അപ്പോഴും റുയേത്തറുടെ മുഖത്തുനിന്ന് സംശയം വിട്ടുമാറിയിരുന്നില്ല. അയാൾ ഒലിവറിനെ തടഞ്ഞില്ല എന്നുമാത്രം.

തിരക്കിൽനിന്ന് മാറ്റിയിട്ടിരുന്ന വണ്ടിയില്‍ ‍നിന്ന്‍ നോട്ടു പുസ്തകമടങ്ങിയ തുകൽസഞ്ചി കൈയിലെടുത്ത്, സൈമണെ കൂട്ടി തിരക്കിൽ നിന്നും പുറത്തുകടക്കാൻ കണക്കായി ഒലിവര്‍ നടന്നു.

അതാ അരയ്ക്കുതാഴെ മാത്രം വസ്ത്രം ധരിച്ച വാസ്കോഡിഗാമയുടെ മനുഷ്യർ. ആൾക്കൂട്ടത്തിലൂടെ നടക്കുമ്പോൾ അവരുടെ മുഖം അയാൾ അടുത്തു കണ്ടു.

പോർട്ടുഗീസ് നാവികൻ പറഞ്ഞതുപോലെ ദുഷ്ടവികാരങ്ങളൊന്നും ആ മുഖങ്ങളിൽ കണ്ടില്ല. അവർ ഒട്ടുമിക്കവാറും നിഷ്കളങ്കരായിരുന്നു. കണ്ണുകളിൽ ഭയം നിറഞ്ഞ് തങ്ങളിലുള്ള വിശ്വാസത്തെയെല്ലാം ഒഴുക്കി കളഞ്ഞിരിക്കുന്നു. അടുത്തെത്തുമ്പോൾ അവർ കൈകൊണ്ടു വായ പൊത്തിപ്പിടിച്ചു. ആ ഉപചാരവായ്പിനിടയില്‍ ബർചുമരത്തിന്റെ കറ ഒലിച്ചിറങ്ങിയതുപോലെ തൂങ്ങിനിന്ന മാറിടങ്ങള്‍ കാണാമായിരുന്നു. അതിന് രോദനത്തിന്റെ നിറമായിരുന്നു.

-യൂറോപ്യൻ നാവികർ ചെന്നെത്താത്ത ഒരിടവും ഈ ഭൂമിയിലില്ല. ബർത്തലോമിയോ ഡയസ്, കൊളമ്പസ്, കബ്രാൽ, ഫ്രാൻസിസ്കോ ഡീ ഒറെല്ലാന, ഏബൽ ടാസ്മാൻ, ഫെർഡിനാഡ്സ് ഡി ക്വയ്റോസ് അങ്ങനെ എത്രപേർ. -അവിടെയെല്ലാം മാറുമറയ്ക്കാത്ത, എന്തിന് ഉടുതുണി പോലുമില്ലാത്ത മനുഷ്യരുണ്ടെന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. അവർക്ക് വേറെ മാർഗ്ഗങ്ങളില്ല. മാറു മറയ്ക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുള്ളത് ഇവിടെ മാത്രമാണ്.

സൈമണ്‍ അത് ശരിവച്ചു.

അവര്‍ വേഗം കൂട്ടി ഇടവഴികള്‍ ലക്ഷ്യമാക്കി നടന്നു. വളഞ്ഞും തിരഞ്ഞും കൂടുതല്‍ ഇടുങ്ങിയ വന്ന അത് ഒരു മതിലിന് അഭിമുഖമെത്തി അവസാനിച്ചു.

പുറത്തെ ആരവങ്ങളൊന്നും അങ്ങോട്ടെത്തിയില്ല. മുന്നില്‍ പായല്‍പിടിച്ച കന്മതില്‍. അയാൾ തിരിഞ്ഞുനോക്കി. കോരണേലിസിനെ കാണാനില്ല.

ഏതോ കാൽപ്പെരുമാറ്റം പിറകെയുണ്ട്.

കോരണേലിസായിരിക്കും.

മറ്റാരെങ്കിലുമാണോ.

ഹേയ് തന്റെ പിറകെ ആരുവരാൻ. ഒരന്വേഷിയുടെ അടുത്തേക്ക് അവസരങ്ങളല്ലാതെ മറ്റെന്തുവരാന്‍.

കാൽപ്പെരുമാറ്റം അടുത്തടുത്തു വന്ന്. അയാളുടെ മുന്നിലേക്കെത്തി.

രണ്ട് തലച്ചുമടുകാർ!

തലയിലെ ഭാരം കൊണ്ട് ചുറ്റുപാടും നടക്കുന്നത് എന്തെന്ന് കാണാത്ത ഭാവത്തിൽ അവര്‍ അതിവേഗം നടന്നു പോയി.

ഹോയ്. അയാൾ വിളിച്ചു.

അതുകേട്ട് തലച്ചുമടുകാര്‍ ഇടുങ്ങിയ വഴിയുടെ ഓരത്തേക്ക് ചേർന്നു നിന്നു. തലയിലെ ഭാരത്തോടൊപ്പം ആ നില്പ് അവരെ കൂടുതൽ ദുർബലരാക്കി.

ഓടി അവരോടൊപ്പമെത്തി കൈകളുയർത്തി പറഞ്ഞു. ഹോയ്!.
അവർക്ക് പരസ്പരം നോക്കണമെന്ന് ഉണ്ടായിരുന്നു. തലയിൽ ഭാരം ഇരുന്നതുകൊണ്ട് അത് സാധിച്ചില്ല. അതിനു കഴിഞ്ഞിരുന്നെങ്കില്‍ അവർ പരസ്പരം ചോദിക്കുക, ഇയാൾക്കെന്താ വട്ടാണോ എന്നാകുമായിരുന്നു.
അയാള്‍ അവരോട് എന്തൊക്കെയോ ചോദിച്ചു. അതിന് പരസ്പരം മുഖത്തുനോക്കിയുള്ള പുഞ്ചിരി മാത്രമായിരുന്നു അവരുടെ പ്രതികരണം.
അവസാനം കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കാതെ അയാള്‍ ആംഗ്യം കാട്ടി പറഞ്ഞു: ഞാന്‍ നിങ്ങളുടെ കൂടെ കൂടിക്കോട്ടെ.

ഒപ്പം നടക്കുമ്പോള്‍ അവരോട് എന്തൊക്കെയോ ചോദിച്ച് മനസ്സിലാക്കാന്‍ അയാള്‍ വേണ്ടും ശ്രമിച്ചു. അവര്‍ എല്ലാം സമ്മതിച്ചുകൊണ്ട് തലയാട്ടുക മാത്രം ചെയ്തു.

അവര്‍ ഒരു വള്ളക്കടവിലേക്കാണ് പോയത്. അവിടെയുള്ള വലിയ കൽമണ്ഡപങ്ങൾ നിറയെ, നഗരത്തിലേക്കുള്ള ചരക്കുകള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു. മറ്റെങ്ങുമില്ലാത്ത ഒരു ഗന്ധം അവിടമാകെ തളംകെട്ടി നിന്നു. അത് കായ്കൾ മരത്തിൽനിന്ന് വേർപെടുമ്പോൾ പരക്കുന്ന ഗന്ധമായിരുന്നു. അതിന് ആരെയും ഹഠാദാകർഷിക്കുന്ന ഒരു ഊഷ്മാവ് ഉണ്ടായിരുന്നു.

അയാൾ അതിന്റെ പടവുകളിറങ്ങി. അതാ ഒരു വഞ്ചി ചരക്കുമായി പുറപ്പെടാനൊരുങ്ങുന്നു. അതിന്റെ ഒരു ഭാഗം നിറയെ ഏതൊക്കെയോ കായ്കള്‍ കൂട്ടിയിട്ടിരിക്കുന്നു. അയാൾ അവസാനത്തെ പടവിലേക്ക് എത്തിയപ്പോഴേക്കും അത് നീങ്ങിത്തുടങ്ങി.

അത് വേഗത്തിൽ നിങ്ങുകയാണ്.

ഒരു കാരണവുമില്ലാതെ അയാളുടെ മനസ്സ് എന്തോ ആവശ്യപ്പെടുന്നു. ആ ആവശ്യം ന്യായമാണോ അല്ലയോ എന്ന്‍ തിരക്കാന്‍ സമയമില്ല. ഇതാണ് ശരി എന്ന്‍ ആരോ ഉള്ളിൽനിന്ന് ശക്തമായി നിര്‍ബന്ധിക്കുന്നു. നീയെന്താണത് ചെയ്യാത്തത് എന്നുപറഞ്ഞ് സ്വൈര്യം കെടുത്തുന്നു. വരുംവരായ്കകൾ ചിന്തിക്കാനൊന്നും സമയമില്ല. എല്ലാം ഞൊടിയിടയില്‍ വേണം. ഈ ചോദനയുടെ മുന്നിൽ പകച്ചു നിന്നവരോക്കെ പരാജയപ്പെട്ടിട്ടുണ്ട്. അങ്ങനെ പകച്ചു നിന്നതുകൊണ്ടു മാത്രം പലരും പരാജയപ്പെടാതെയും ഇരുന്നിട്ടുണ്ട്.

എന്തത്ഭുതമാണിത്. ആരാണ് ഉള്ളിലിരുന്ന് നമ്മുടെ മനംമാറ്റുന്നത്. ഇനിയെന്തു ചെയ്യുമെന്ന ചോദ്യത്തിന്, ഒരായിരം കുറികള്‍ കലക്കിയിട്ട് അതിൽ നിന്ന് ലാഘവത്തോടെ ഒന്നെടുത്ത് ഇതാണ് ഉത്തരമെന്നു പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ. പക്ഷെ എന്തെങ്കിലുമൊന്ന് സമ്മതിച്ചേ പറ്റൂ. ആലോചിക്കാൻ സമയമില്ല. അതിന് കഴിയുകയുമില്ല. മനസ്സ് നിറയെ ആ ചോദനയുടെ ആകർഷണമാണ്.

ഈ വഞ്ചി നിനക്കുള്ളതാണ്. മനസ്സ് വീണ്ടും പറയുന്നു.

ഒന്നും ആലോചിക്കാതെ, തന്നെ കടന്ന് വേഗമാർജ്ജിച്ച വഞ്ചിയിലേക്ക് ഒലിവര്‍ എങ്ങനെയോ ചാടിക്കയറി.

അയാളുടെ വെപ്രാളം അതിന് ആക്കം കൂട്ടി. വഞ്ചിയുടെ മടമ്പിൽ മുറുകെ പിടിച്ചുകൊണ്ട് അയാൾ തിരികെ നോക്കി. അപ്പോഴേക്കും ആ കടവും കൽമണ്ഡപങ്ങളും മറഞ്ഞിരുന്നു.

തന്നെ ഇവിടെ എത്തിച്ചതിന് ചുമട്ടുകാരോട് നന്ദി പറയണമെന്ന് ഉണ്ടായിരുന്നു.

ടോഹ്ട്ട് ത്സീൻസ്, ടോഹ്ട്ട് ത്സീൻസ് അയാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
ടോഹ്ട്ട് ത്സീൻസ്. നിരാശനായതു പോലെ സ്വരംതാഴ്ത്തി ഒന്നുകൂടി ആവർത്തിച്ചു.

അവർക്കത് മനസ്സ്ലിലാകാതിരിക്കാൻ തരമില്ല. വാക്കുകള്‍ ഏതാണെങ്കിലും, കാണാമറയത്തു നിന്നുള്ള ശബ്ദങ്ങൾക്ക് ആംഗ്യഭാഷയുടെ ശക്തിയും ഊർജ്ജവും പ്രാപിക്കുമല്ലോ.

ഒലിവർ മുരടനക്കി വള്ളക്കാരന്റെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചു. അയാളത് ശ്രദ്ധിച്ചതേയില്ല. നീളമുള്ള കഴ ഊന്നി അയാൾ വഞ്ചിക്കു വേഗം കൂട്ടി.

ഒലിവർ വിടാൻ ഒരുക്കമല്ല. കൈനിറയെ ചെമ്പഴുക്ക വാരിയെടുത്ത് എടുത്ത് വല്ലക്കാരനോട് ചോദിച്ചു. ഇതെന്താണ്.

കായംകുളം, കായംകുളം. അയാള്‍ മറുപടി പറഞ്ഞു.

താമസിയാതെ വഞ്ചി ഒരു വലിയ ജലപ്പരപ്പിലേക്ക് എത്തി. കഴ ഊന്നുമ്പോൾ അയാളുടെ മുഖത്തേക്ക് നോക്കിയാല്‍, ആ കായൽ മുഴുവനും അയാൾ നിർമ്മിച്ചതാണെന്നും അതിന്റെ അടിത്തട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ അയാൾ പരിശോധിക്കുകയാണ് എന്നും തോന്നും. ഓരോ ചലനങ്ങളിലും അയാൾ അതിനോടു സംവദിച്ചു.

ഇനി അരനാഴിക കയറ്റമാണ്. വള്ളക്കാരൻ പറഞ്ഞു.

ഇരുട്ട് കനം കെട്ടി.

നരച്ച ആകാശത്തിന്റെ പ്രതിഫലനം ഉണ്ടായിരുന്നതുകൊണ്ട് ജലപ്പരപ്പിൽ എല്ലാം വ്യക്തമായി കാണാമായിരുന്നു.. വള്ളക്കാരൻ ഒരു റാന്തൽ കത്തിച്ചുവച്ചു. അതിന്റെ വെട്ടം കായൽപ്പരപ്പിനെ കൂടുതൽ നിഗൂഢമാക്കിയതേയുള്ളൂ.

ആ ജലപാതയ്ക്ക് ഇരുവശവും താമസിച്ചിരുന്നവര്‍ അന്നു രാത്രി ഒരു അത്ഭുതക്കാഴ്ച കണ്ടു. ഒരു റാന്തൽ വിളക്കിന് ഇരുവശമിരുന്ന് രണ്ടു മനുഷ്യരൂപങ്ങൾ പ്രാകൃതമായ ആംഗ്യങ്ങൾ കാട്ടി ഇതുവരെ ആരും കേട്ടിട്ടില്ലാത്ത ശബ്ദങ്ങൾ ഉച്ചത്തിൽ പറഞ്ഞുകൊണ്ട് വടക്കോട്ട്‌ സഞ്ചരിക്കുന്നു.

അതുകണ്ട ചിലരോക്കെ പിറ്റേദിവസം മുതൽ ആ തോട്ടുവരമ്പത്ത് ഒരു കൽവിളക്ക് കത്തിച്ചുവച്ചു.

***


രണ്ടുമാസം കഴിഞ്ഞ്.

ഒലിവർ ഒരു വലിയ പാടത്തിനു നടുവിലെ കാവൽ മാടത്തിനുള്ളില്‍ ഒരു മരബഞ്ചിൽ കിടക്കുകയായിരുന്നു. സ്ഫടികപാത്രങ്ങൾ കൂട്ടിയുരുമ്മുന്ന ശബ്ദമുണ്ടാക്കിക്കൊണ്ട് ഒരു ചെറിയ അരുവി അതിനടിയിലൂടെ ഒഴുകിക്കൊണ്ടിരുന്നു.

ആയിരക്കണക്കിന് മൈലുകള്‍ക്കിപ്പുറവും, രാത്രി യൂറോപ്പിലേതുപോലെ തന്നെയാണ്. വെള്ളിവെളിച്ചം തട്ടിയ മേഘങ്ങൾ ആരോ മോഷ്ടിച്ചു കൊണ്ടുപോകുന്ന കമ്പിളിരോമക്കെട്ടുകള്‍ പോലെ നീങ്ങിക്കൊണ്ടിരിക്കുന്നു. നഷ്ടപ്പെട്ടവയുടെ സ്ഥാനത്ത് താമസിയാതെ പുതിയവ വന്നെത്തുന്നു.

അയാൾ എല്ലാം ഒരിക്കൽക്കൂടി ഓര്‍ത്തെടുത്തു. റുയേത്തറും സംഘത്തോടൊപ്പം കുളച്ചലിൽ വന്നിറങ്ങിയതും നാട്ടുരാജാവിനെ കണ്ടതും, ക്ഷേത്രത്തിലെ ആഘോഷത്തിനിടയിൽ ഒളിച്ചുകടന്ന്‍ ചരക്കു കടത്തുന്ന വള്ളത്തിൽക്കയറി ഇവിടെ എത്തിയതുമെല്ലാം ഒരു നിമിഷം മനസ്സില്‍ കണ്ടു.

എന്തുകൊണ്ടാണ് താൻ നല്കിയ മോതിരം വള്ളക്കാരൻ സ്വീകരിക്കാതിരുന്നത്.

ഭാര്യയുടെ പേരിന്റെ ആദ്യാക്ഷരം കൊത്തിയ ആ മോതിരമല്ലാതെ മറ്റൊന്നും തന്റെ കൈയില്‍ ഉണ്ടായിരുന്നുമില്ല. ഒരുപക്ഷേ അതുകൊണ്ടാകാം. അല്ലെങ്കിൽ സമ്മാനങ്ങളൊക്കെ അപ്രധാനമായി തോന്നിയിട്ടുണ്ടാകാം. ജലപാതയുടെ ആഴം അളന്നു കൊണ്ടുള്ള വള്ളമൂന്നലായിരുന്നു അയാൾക്ക് എല്ലാറ്റിലും വലുത്. സുന്ദരിയായ ഭാര്യയും മക്കളും കാമുകിയുമൊക്കെ അയാൾക്ക് ഉണ്ടായിരിക്കാം. പക്ഷെ ജീവിതത്തിന്റെ ഒഴുക്കിനോട് അയാളെ ചേർത്തു നിർത്തിയത് ആ ജോലിയാണ്.

ഇതുപോലെ നിലാവുള്ള എത്രയെത്ര രാത്രികളിൽ ആംസ്റ്റർഡാമിലെ കാറ്റാടിപ്പുരകളിൽ അച്ഛനോപ്പം കിടന്നുറങ്ങിയിട്ടുണ്ട്.

വേലിയേറ്റത്തിൽ കൃഷിയിടങ്ങളിലേക്ക് കയറുന്ന വെള്ളം പമ്പുചെയ്തു കളയുന്ന ഭീമാകാരങ്ങളായ കാറ്റാടികൾ നിർമ്മിക്കുന്ന എൻജിനീയറായിരുന്നു ഒലിവറിന്റെ അച്ഛൻ ഗെരേറ്റി. ആംസ്റ്റർഡാമിൽ അന്നുണ്ടായിരുന്ന കാറ്റാടിപ്പുരകളിൽ ഒട്ടുമിക്കതും ഡിസൈൻ ചെയ്തത് അദ്ദേഹമായിരുന്നു.

ആ വള്ളക്കാരനെപ്പോലെയായിരുന്നു അദ്ദേഹം. ഭാര്യയെയും മക്കളേയും നല്ല കിടക്കയും വൈനുമെല്ലാം അയാൾ മറന്നുപോകും. കാറ്റാടിപ്പുരയിലെ ഗിയറുകളായിരുന്നു അദ്ദേഹത്തിന് ഏറ്റവും വലുത്.

ഒരിക്കൽ വീട്ടിൽ വന്ന അച്ഛൻ കാറ്റാടിയുടെ കാലുകളിൽ കെട്ടിയുറപ്പിക്കുന്ന കട്ടിയുള്ള തുണികൊണ്ട് ഒരു കൊച്ചുകിടക്ക പണിത് നാലുവയസ്സുകാരി അനുജത്തിക്ക് കൊടുത്തു. അതിൽ കയറിക്കിടന്നാൽ അത് നിർത്താതെ ആടുമായിരുന്നു. അതിൽപ്പിന്നെ കൊച്ച് ഒലിവർക്കും അതുപോലെ ഒന്നു വേണമെന്നായി. അന്നുമുതൽ ഓരോ കാറ്റാടി റിപ്പയർ ചെയ്യുമ്പോഴും അച്ഛനോടൊപ്പം കൂടി അവന്‍ ഓരോ ചെറിയ കഷണം കട്ടിത്തുണി എടുത്തുവച്ചു.

പാടവും അതിന്റെ കരയിലെ തെങ്ങിൻതോപ്പുമെല്ലാം ഒരു ഐസ് ക്യൂബിനുള്ളിൽ ഉറഞ്ഞിരിക്കുന്നതുപോലെ നിശ്ചലമായിരുന്നു. നിലാവ് ലോകത്തെവിടെയും ഒന്നുപോലെയാണ്. അലസമായി നോക്കിയാൽ എല്ലാം ഇരുട്ടിൽ മൂടപ്പെട്ടതായി തോന്നും. സൂക്ഷിച്ചു നോക്കിയാൽ നിഴലിനുള്ളിൽ നിന്ന് കാഴ്ച വ്യക്തമായിവരും.

പെട്ടെന്നാണ് അയാൾക്ക് ഒരാശയം തോന്നിയത്.

നിലാവിൽ കുളിച്ചു കിടക്കുന്ന ഈ നെൽപ്പാടം എത്ര ഏക്ര ഉണ്ടാകും?
നിലം ഉഴുന്നതു മുതൽ, മുഴുവൻ നെൽമണിയും കൊയ്തെടുക്കുന്നതുവരെ എത്ര അദ്ധ്വാനം വേണ്ടിവരും?

അതിനു അയാളൊരു എളുപ്പവഴി കണ്ടുപിടിച്ചു. മുഴുവൻ പാടത്തേയും പ്രിൻസ് വില്യം ഓറഞ്ച് നാലാമന്റെ കുതിര ലായത്തിന്റെ വലിപ്പമുള്ള ഖണ്ഡങ്ങളാക്കുക.

ഒന്ന്, രണ്ട്, മൂന്ന്. അത് നൂറു കഴിഞ്ഞപ്പോള്‍ അയാൾ അതിനെ നൂറെന്ന് കണക്കാക്കി.

പേനയെടുത്ത് ഒഴുക്കുവെള്ളത്തിൽ കഴുകി വൃത്തിയാക്കി മഷിമുക്കി വീണ്ടും എഴുതിത്തുടങ്ങി. പിന്നീട് നാലുവർഷത്തോളം എടുത്ത് പൂർത്തിയാക്കിയ സമ്പത്തിന്റെ തുടർച്ചയായ വിതരണം എന്ന പുസ്തകത്തിന്റെ നാലാമത്തെ അദ്ധ്യായത്തിന്റെ തുടക്കമായിരുന്നു അത്.
അയാൾ ഇങ്ങനെ എഴുതി.

ഒരു കണ്ടിക്കു സമമായ നെല്ലുണ്ടാക്കാൻ എത്ര അദ്ധ്വാനമാണ് വേണ്ടത് എന്നു കണക്കാക്കാനുള്ള എന്റെ കഴിവിനെ വെല്ലുവിളിച്ചത് മലബാറിലെ വേണാടിന്റെ വടക്കേ അതിർത്തിയില്‍ താമസിക്കുന്ന ഒരു കുടുംബമാണ്.

ഇടയ്ക്കിടക്ക് പേന മഷിയില്‍മുക്കി, ഏതോ പുതിയ ഒരാശയം ആവേശിച്ചതുപോലെ ധൃതിയില്‍ എഴുതി. കുറേക്കഴിഞ്ഞാൽ അത് വായിച്ചെടുക്കാൻ അയാൾക്കു പോലും യാസമായിരിക്കും. അങ്ങനെ ധൃതികാട്ടി എഴുതിയേ മതിയാകൂ. കൈക്കുമ്പിളിൽ വെള്ളവുമായി ഓടുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെ, തന്റെ ആശയങ്ങള്‍ ചോര്‍ന്നുപോകുമോ എന്നയാള്‍ ഭയപ്പെട്ടു.

നിലാവു മങ്ങി ദൂരേക്കു പോയി. തണുത്ത പാടം കൂടുതൽ സുഷുപ്തിയിലായി.

പിറകിൽ നിന്ന് ആരോ നടന്നു വരുന്ന ശബ്ദം കേള്‍ക്കുന്നു. കിളിവാതിലിന്റെ ഓലക്കീറ് നീക്കി അയാൾ പുറത്തേക്കു നോക്കി. അവർ ഇങ്ങ് അടുത്തെത്തിയിരിക്കുന്നു.

ചാത്തുവനായിരിക്കണം. മറ്റാരു വരാൻ.

അയാൾക്കിവിടെ അദൃശ്യമായ ഒരു സുരക്ഷാ കവചമുണ്ട്. -അതിന് കുറച്ചു വാര അകലെ വരെ മാത്രമേ മറ്റ് പലര്‍ക്കും പ്രവേശനമുള്ളു. അതു മറികടന്ന് ആരും ഇങ്ങോട്ട് വരില്ല. അതിനുള്ളിലെ സുരക്ഷയിലാണ് താനുമുള്ളത്.

കൂടെ വന്നയാളെ മുന്നിലേക്ക് മാറ്റി നിർത്തി ചാത്തുവൻ പറഞ്ഞു

ഇതാണ് ഞാൻ പറഞ്ഞ കരുടൻ തേണ്ടറുന്നോൻ.

കരുടാ, നീയാ ചാക്ക് അവിടുന്നിന് കാണിച്ചു കൊടുക്ക്

വായ പിരിച്ചുകെട്ടിയ ചാക്കഴിച്ച് കരുടൻ നിലത്തേക്ക് കുടഞ്ഞു. അതിൽ നിന്ന് പലതരം കായ്കൾ വീണുരുണ്ടു. ജാതി, നെല്ലി, പനച്ച, തൊണ്ടി, കാഞ്ഞിരം.

അതിനിടയിൽ നിന്ന് ഓറഞ്ചു നിറമുള്ള കായ കയ്യിലെടുത്ത് ഒരു ഉത്തരത്തിനായി ഒലിവര്‍ ചാത്തുവന്റെ മുഖത്തേക്കു നോക്കി.
പാക്ക്. ചാത്തുവൻ പറഞ്ഞു.

***

പകലും രാത്രിയും ഒലിവർ ആ കാവൽമാടത്തിൽത്തന്നെ കഴിച്ചു കൂട്ടി. തണുത്ത കാറ്റുണ്ടായിരുന്നതുകൊണ്ട് നിരന്തരമായ എഴുത്തിനിടയിലും ക്ഷീണം അനുഭവപ്പെട്ടില്ല.

രണ്ടുദിവസം തുടർച്ചയായി മഴപെയ്തു. ആ രാത്രികളിൽ ചാത്തുവന് കൂടുതൽ ജോലിയുണ്ടായിരുന്നതിനാൽ അയാളും ഒപ്പമുണ്ടായിരുന്നു. തന്റെ അടുത്തു കിടന്ന ചാത്തുവനോട് ഒലിവർ ചോദിച്ചു.നിങ്ങൾ എത്രകാലമായി ഇവിടെ ജോലി ചെയ്യുന്നു.

അറിയില്ല. ഞങ്ങൾ അങ്ങ് തെക്കുനിന്നു വന്നവരാണ്. എന്റെ മുത്തച്ഛന്റെ മുത്തച്ഛന്റെ മുതുമുത്തച്ഛനാണ് ആദ്യമിവിടെ എത്തിയത്. ചാത്തുവന്‍ പറഞ്ഞു തുടങ്ങി.

അയാള്‍ ആദ്യമായാണ്‌ തന്നെക്കുറിച്ച് എന്തെങ്കിലും പറയാന്‍ തുനിഞ്ഞത് എന്നതുകൊണ്ട്  ഒളിവറിന് കൗതുകമായി.

അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ഒരു വലിയ രാജാവായിരുന്നു.

അതുകേട്ടപാടേ, ഒലിവര്‍ ചാത്തുവന്റെ കണ്ണുകളിലേക്ക് നോക്കി. ഇയാളുടെ മുത്തച്ഛൻ രാജാവായിരുന്നെന്നോ.

മടിപിടിച്ചിരുന്ന ചാത്തുവനെ ഒന്ന് ഉഷാറാക്കാൻ അയാളുടെ മുത്തശ്ശി പറഞ്ഞുകൊടുത്ത കഥയാകും ഇത്. വർഷങ്ങളായി ചെളിക്കുണ്ടിലും വെള്ളപ്പാത്തിയിലും കിടന്ന് മുരടിച്ചുപോയ ഇയാൾക്ക്, ഏതോ ഒരു മുത്തച്ഛൻ രാജാവായിരുന്നു എന്ന വിശ്വാസം മാത്രം മതിയാകും, എല്ലാം മറന്ന് കാട്ടുപന്നിയേപ്പോലെ പണിയെടുക്കാൻ.

ആംസ്റ്റർഡാമിലേക്കും ലിസ്ബണിലേക്കും കാർപാത്യൻ മലകള്‍ കടന്നു ചരിച്ചിരുന്ന നാടോടിക്കഥകളുണ്ടായിരുന്നു. അങ്ങേയറ്റം അവിശ്വസനീയങ്ങളായ അവയുടെ ഒടുവിൽ കൂട്ടിച്ചേർക്കാറുള്ള ഒരു വാചകമുണ്ട്. -പുകയുണ്ടെങ്കിൽ തീയുമുണ്ടാകും എന്ന്. ചാത്തുവന്റെ കഥയിലും ഇങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിലോ.എങ്കില്‍ അത് കേൾക്കുകതന്നെ. ഒലിവര്‍ നിശ്ചയിച്ചു.

തെക്കുതെക്ക് വിശാലമായ ഒരു സമതലത്തിൽ, വലിയ കരിങ്കല്ലുകൾ കൊത്തിയുണ്ടാക്കിയ കൊട്ടാരമായിരുന്നു ആ മുത്തച്ഛന്റേത്. ചാത്തുവൻ കഥ പറഞ്ഞു തുടങ്ങി. ഒരാൾക്ക് വിശ്വസിക്കാൻ പറ്റാത്തത്ര വലിപ്പമുള്ള ചക്രങ്ങളും കാളയും ആനയുമെല്ലാം അതിന്റെ ചുമരുകളില്‍ കൊത്തിവച്ചിരുന്നു. മുത്തച്ഛന്റെ ജകളെല്ലാം നിഷ്കളങ്കരും അങ്ങേയറ്റം കരുണയുള്ളവരും സന്തോഷം കൊണ്ട് ആടിത്തിമിർക്കുന്നവരുമായിരുന്നു.
ഒരിക്കൽ രാജസദസ്സിലെത്തി മുഖം കാണിച്ച് പണ്ഡിതനെന്നു സ്വയം പരിചയപ്പെടുത്തിയ ആൾ രാജ്യത്ത് അതിഭീകരമായ വരൾച്ചയും വിപത്തുകളുമുണ്ടാകുമെന്ന് വചിച്ചു. അത് തടയാൻ കൊട്ടാരത്തിനുള്ളിൽ ഒരു യജ്ഞം നടത്തണമത്രേ.

പിറ്റേദിവസം രണ്ട് സഹായികളുമായെത്തിയ പണ്ഡിതൻ യജ്ഞം തുടങ്ങി. അത് ആഴ്ചകളോളം നീണ്ടു. കൊട്ടാരം അടച്ചിട്ട് യജ്ഞം തുടര്‍ന്ന അവർ പാലും പശുവിന്റെ നെയ്യും ധാരാളമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അന്നാട്ടിൽ പശുക്കളാകട്ടെ വളരെ കുറവും.
രാജാവ് അയൽ രാജ്യങ്ങളിൽ നിന്ന് കൂട്ടംകൂട്ടമായി പശുക്കളെ എത്തിച്ചു. കുറെയൊക്കെ ചത്തൊടുങ്ങി. ബാക്കിയുള്ളവയെ മേയ്ക്കാൻ ആ രാജ്യത്തെ കൃഷിക്കാരെല്ലാം ഉത്സാഹിച്ച് പണിയെടുത്തു.

യജ്ഞം തുടരുന്തോറും കൃഷി നശിച്ചുകൊണ്ടിരുന്നു. ജകളെല്ലാം സ്വന്തം രാജാവിനുവേണ്ടി പട്ടിണി കിടന്നും പശുക്കളെ മേച്ചു. ഓരോ ദിവസവും യജ്ഞകാരന്റെ സഹായികളായി കൂടുതല്‍ ആളുകൾ എത്തിക്കൊണ്ടിരുന്നു.

യജ്ഞം തുടങ്ങി ആറാം മാസം അതവസാനിച്ചു എന്നു പറഞ്ഞ് യജ്ഞകാരൻ രാജാവിനും കുടുംബത്തിനും ഭൃത്യന്മാർക്കും നിവേദ്യം നല്കി. അതിൽ മാരകമായ വിഷം ചാലിച്ചിരുന്നു. യജ്ഞകാരന്റെ സഹായികളുടെ നിർത്താതെയുള്ള മന്ത്രോച്ചാരണത്തിനിടയിൽ രാജാവും കുടുംബവും മരിച്ചു വീണു.

 രാജാവിന്റെ ഇളയ മകൻ മാത്രം എങ്ങനെയോ രക്ഷപ്പെട്ട് എവിടൊക്കെയോ ഒളിച്ചുതാമസിച്ച് ഒരു കുടുംബമായി വടക്കോട്ട് പോന്നു.

അതു പറഞ്ഞു കഴിഞ്ഞപ്പോള്‍ ചാത്തുവൻ കുറെനേരം നിശബ്ദനായി കിടന്നു. അയാളുടെ ഉച്ഛ്വാസവായുവില്‍ വേദനയുടെ ചൂടുണ്ടായിരുന്നു. തുടർന്നുള്ള രണ്ടുമൂന്നു ദിവസവും അയാള്‍ അതിന്റെ പിടിയില്‍ നിന്ന് മോചിതനായിരുന്നില്ല.

മഴ മാറിയപ്പോള്‍ ഒലിവർ തിരികെപ്പോകാൻ തീരുമാനിച്ചു.

താനിവിടെ എത്തിയപ്പോള്‍ ഈ നെൽച്ചെടികളെല്ലാം മഴയത്ത് കുരുത്ത പുൽച്ചെടികളോളമേ  ഉണ്ടായിരുന്നുള്ളു. ഇന്നത് തണ്ടുചീർത്ത് ഇളം നിറമായിരിക്കുന്നു.

ചാത്തുവൻ അയാളെ കായൽക്കരയോളം അനുഗമിച്ചു.

തെക്കോട്ട് ചരക്കുമായി വന്ന വഞ്ചിയിൽ കയറുന്നതിനു മുൻപ് ഒലിവർ ചാത്തുവിന്റെ കൈപിടിച്ച് ഇത്രമാത്രം പറഞ്ഞു.

ഞാൻ താങ്കളെ എന്നും ഓർക്കും.

മക്കളെയും ഭാര്യയെയും ജനിച്ച നാടിനെയും കാമുകിയേയും എല്ലാം മറന്നാലും ഒരാൾ മറക്കാത്തതായി ചിലതുണ്ടാകും. അത് അയാൾക്കെന്നും ചോദനം കൊടുക്കുന്ന ഒന്നായിരിക്കും. ഒലിവറിന് ചാത്തുവൻ അങ്ങനെ ഒരാളായിരുന്നു. ചാത്തുവനെ അയാൾ തേടി കണ്ടെത്തിയതായിരുന്നു.

***

ഒലിവർ വീണ്ടും കുളച്ചലിലെത്തിയപ്പോള്‍ ക്യാപ്റ്റൻ റുയേത്തർ ദീർഘമായ രണ്ടു കത്തുകൾ തയ്യാറാക്കുകയായിരുന്നു.

ഒന്ന് സിലോൺ ഗവർണർ വഴി സ്റ്റാഡ്ഹോൾഡർക്കും മറ്റൊന്ന് മാർത്താണ്ഡവർമ്മയ്ക്കും.

താൻ ആരോടും പറയാതെ മുങ്ങിയെന്ന് ഇയാൾ ആംസ്റ്റർഡാമിലേക്ക് എഴുതിക്കാണും. ചിലപ്പോള്‍ അതായിരിക്കും എഴുതിക്കൊണ്ടിരിക്കുന്നത്. ഇയാള്‍ പാറപോലെ ഉറച്ച ഒരു ജന്തുവാണ്‌. മുഖം നോക്കി ഒന്നും ഊഹിച്ചെടുക്കാൻ കഴിയില്ല.

ആംസ്റ്റർഡാമിലെ ഒരു കച്ചവടക്കാരന്റെ വീട്ടുജോലിക്കാരനായിരുന്നു ഒരിക്കല്‍ റുയേത്തർ. ഏതോ ചെറിയ കുറ്റത്തിന് യജമാനൻ അയാളെ ദിവസങ്ങളോളം ഒരു ഇരുട്ടുമുറിയിൽ പൂട്ടിയിട്ടു. ഒരു ദിവസം മുറി തുറന്ന യജമാനൻ കണ്ടത് സുസ്മേരവദനനായി നിൽക്കുന്ന റുയേത്തറിനെയാണ്. താന്‍ ഇത്രയും കൊടിയ ശിക്ഷ കൊടുത്തിട്ടും പരിഭവമൊന്നുമില്ലാതെ പുഞ്ചിരിക്കുന്ന റുയേത്തറിൽ യജമാനന് പ്രീതിയുണ്ടായി. അയാള്‍ റുയേത്തറെ തന്റെ വിശ്വസ്തനായി നിയമിച്ചു. സുധാനമായ ചില ജോലികള്‍ റുയേത്തറെ ഏല്പിച്ച് കിടക്കറയിലേക്ക് നടന്ന അയാളെ റുയേത്തർ പിറകിൽ നിന്ന് കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

അയാളുടെ സമ്പാദ്യം മുഴുവന്‍ കൈക്കലാക്കിയ റുയേത്തർ ആംസ്റ്റർഡാമിൽ നില്ക്കാൻ ഭയന്ന് ഒരു കപ്പിത്താന്റെ സഹായിയായി അയാളെ ചരക്കു നീക്കത്തിൽ സഹായിച്ചു.

വൾഷങ്ങൾക്കുശേഷം ഒരു ദിവസം, മഹാനായ വില്യം വാൻ ഡി വെൽഡിന്റെ വിളിപ്പേരായ മിച്ചൽ ഡി റുയേത്തർ എന്നതിലെ റുയേത്തർ തന്റെ പേരിനോടൊപ്പം ചേർത്ത് ക്യാപ്തന്‍ റുയേത്തറായി ആംസ്റ്റർഡാമിൽ ത്യക്ഷപ്പെട്ടു.

മനസ്സില്‍ എന്താണെന്ന് അയാളുടെ മുഖത്തുനിന്ന് വായിച്ചെടുക്കാൻ ദെവത്തിനുപോലും കഴിയില്ല. ഉള്ളിൽ തീ കത്തുകയാണെങ്കിലും മുഖത്തെ രക്തക്കുഴലുകൾ ശാന്തമായിരിക്കും. ഇങ്ങനെ ശിലപോലെ ഉറച്ച ഒരാളെ ഞാൻ കണ്ടിട്ടേയില്ല.

ഒലിവർ തന്റെ തുകൽ സഞ്ചിയിൽ നിന്ന് ഒരുകെട്ട് പേപ്പറെടുത്തുകൊണ്ട് എന്തോ വിശദമായി സംസാരിക്കാൻ തുനിഞ്ഞു.

പോയി വിശ്രമിക്കൂ, നമുക്ക് പിന്നീട് കാണാം. ഒലിവറിനെ തടഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞു.

ഒലിവർ തന്റെ മുറിയിലേക്ക് നടന്നപ്പോള്‍ റുയേത്തർ കത്തുകളിലൊന്ന് കീറി ചവറ്റുകുട്ടയിലേക്കിട്ടു.

ഒലിവർ മുറിയിലെത്തി വിശ്രമിച്ചു. മഞ്ഞും വെയിലും മാറിമാറിക്കൊണ്ട് തലയ്ക്കുപിടിച്ച ഭാരം അയാളെ ക്ഷീണിതനാക്കിയിരുന്നു. മലബാറിലെ ഭക്ഷണം അയാള്‍ക്ക് പിടിച്ചിരുന്നില്ല. അതുകൊണ്ട് വിശപ്പ്‌ അധികമാകുമ്പോള്‍ മാത്രമേ അയാള്‍ എന്തെങ്കിലും കഴിചിരുന്നുള്ളു.
ചവറ്റുകുട്ടയിലേക്ക് ചുരുട്ടിയിട്ട ഒരു കടലാസു കഷണത്തേപ്പോലെ ഒലിവര്‍ കിടക്കയില്‍ വീണുകിടന്ന് ഉറങ്ങി.

ഉറക്കം മതിയാക്കൂ. ബെഷെർമെർ തയ്യാറായി നില്‍ക്കുന്നു.

അയാളെ ആരോ വിളിച്ചുണര്‍ത്തി. കോര്‍േണലിസാണെന്നാണ് അയാള്‍ ആദ്യം കരുതിയത്.

ഗാഢമായ ഉറക്കത്തിൽ നിന്ന് ഉണർന്നെങ്കിലും താനെവിടെയാണെന്നോ, എന്താണ് നടക്കുന്നതെന്നോ മുന്നിലിരിക്കുന്നത് ആരാണെന്നോ ഒന്നും പിടികിട്ടാത്ത അവസ്ഥയിലായിരുന്നു ഒലിവര്‍. എന്നാല്‍ ബെഷെർമെർ എന്നുകേട്ടപ്പോള്‍ പെട്ടെന്ന് ബോധം തിരിച്ചുകിട്ടി.

അത് തങ്ങളുടെ രണ്ടാം നമ്പർ കപ്പലാണല്ലോ.

എന്താണ് റുയേത്തറുടെ പുതിയ തന്ത്രം. ആംസ്റ്റർഡാമിൽ നിന്ന് തനിക്കുപകരം മറ്റാരെയെങ്കിലും അയയ്ക്കാന്‍ പറഞ്ഞിട്ടുണ്ടാകുമോ. പറയാതെ മുങ്ങിയതിന് ഇയാള്‍ പകരം വീട്ടുകയായിരിക്കാം.

ഗ്വീഡേ മോർഗൻ. ക്യാപ്തന്‍ റുയേത്ത.

സ്വതസിദ്ധമായ ശൈലിയിലെ അഭിവാദ്യമല്ലാതെ തിരിച്ചൊന്നും പറയാൻ കൂട്ടാക്കാതെ ഒരു കുപ്പി വീഞ്ഞെടുത്ത് അയാൾ ഒലിവറിനു നേരേ നീട്ടി. ഒലിവര്‍ അതുവാങ്ങി രണ്ടിറുക്കു കുടിച്ചു.

പിന്നീട് വരാം എന്ന് പറഞ്ഞ് റുയേത്തര്‍ നടന്നു.

ക്യാ.പ്.റ്റ.ൻ റു.യേ.ത്ത. ഒലിവർ സ്വരമുയർത്തി വിളിച്ചു.ഞാനിതാ തയ്യാറായി. ബെഷെർമെർ കാത്തുനിന്ന് മുഷിയുകയല്ലേ. പ്രത്യേകിച്ചും അങ്ങയുടെ ഭാര്യാപിതാവ് ഡിസൈൻ ചെയ്തു നിർമ്മിച്ച കപ്പൽ അങ്ങേയ്ക്ക് വീട്ടിലെ ഒരംഗത്തെപ്പോലെയാണ്. വീട്ടുകാര്‍ മറ്റാര്‍ക്കെങ്കിലും വേണ്ടി കാത്തുനില്ക്കുന്നത് ആർക്കും അത്ര സഹിക്കില്ലല്ലോ.

അതെ. റുയേത്തർ തിരിഞ്ഞു നിന്നു. ബെഷെർമെർ എന്റെ വീട്ടിലെ ഒരംഗമാണ്. ആ ബന്ധം മനസ്സിലാക്കാന്‍ തന്നേപ്പോലെ ഒരു ശാസ്ത്രജ്ഞന് കഴിയില്ല്ല. ശാസ്ത്രകാരനും കലാകാരന്മാരുമൊക്കെ ഉണ്ടാകുന്നത് ജീവിതത്തിലുള്ള നിരാശതകൊണ്ടാണ്. മുന്നോട്ടുപോകാനുള്ള നിങ്ങളുടെ മനസ്സ് മുരടിച്ചിരിക്കും.

അങ്ങനെയെങ്കില്‍ ഒരാൾ ക്യാപ്റ്റനാകുന്നതോ. ഒലിവർ ചോദിച്ചു.

ഭയംകൊണ്ട്. മറ്റൊരാളിന്റെ പിന്നിൽ നിൽക്കാനുള്ള ഭയം കൊണ്ട്.

അങ്ങ് തന്നെയാണല്ലോ മുന്നിൽ നിൽക്കുന്നത്. പിന്നെയെന്തിനാണ് ചിലര്‍ മടങ്ങിപ്പോകണമെന്ന് ശാഠ്യം പിടിക്കുന്നത്.

താൻ തെറ്റിദ്ധരിച്ചിരിക്കുകയാണ്. പറയാം. അയാൾ ഒന്ന് നിർത്തിയിട്ട് തുടർന്നു. അതിനുത്തരം പറയുന്നതിന് മുൻപ് താൻ മറുപടി തരേണ്ട ഒന്നുണ്ട്. തന്നെ ഏല്‍പ്പിച്ച ദൗത്യം എന്തായി.

ക്യാപ്തന്‍, അങ്ങിത് വായിക്കൂ. അയാള്‍ ഒരുകെട്ട്‌ പേപ്പര്‍ റുയേത്തര്‍ക്ക് നേരെനീട്ടി

വായിക്കാം അതിനുമുൻപ് താന്‍ എവിടെ എത്തിനിൽക്കുന്നു എന്ന് വിശദീകരിക്കൂ.

എന്ത് ദൗത്യത്തെപ്പറ്റിയാണ് ഇയാളോട് മറുപടി പറയുക. ഒലിവർ ചിന്തിച്ചു. എനിക്കുതന്നെ എത്ര ദൗത്യങ്ങളുണ്ട്. കൃതി നല്കിയിരിക്കുന്ന ഒന്ന്, അതാർക്കും അറിയില്ല എങ്കില്‍ക്കൂടി. സമൂഹം ആവശ്യപ്പെടുന്ന വേറൊന്ന്, വേണ്ടപ്പെട്ടവർ ആഗ്രഹിക്കുന്ന മറ്റൊന്ന്, ഇതിനെല്ലാമിടയിൽ സ്വയം ഗൂഢമാക്കി മനസ്സില്‍ കൊണ്ടുനടക്കുന്ന ഒന്നും. ഇതിലേതാണ് എന്റെ ശരിയായ ദൗത്യം? തനിക്കെന്നല്ല ആർക്കും അതറിയില്ല.

ക്യാപ്തന്‍ റുയേത്തർ തന്നെ നിയോഗിച്ചത് ഒരു കുശിനിക്കാരനായി ചമഞ്ഞ് രഹസ്യങ്ങൾ ചോര്‍ത്തിയെടുക്കാനാണ്. തന്റെ ഗുരുവായ മെർക്കാറ്റിർ ആവശ്യപ്പെട്ടത് ഇത്രമാത്രമാണ്. ഡച്ചുരാജ്യത്തേക്ക് ധാരാളം ചരക്കുകൾ എത്തിക്കുക. അതും ഏറ്റവും കുറഞ്ഞ ചെലവിൽ. എന്നാൽ ഒലിവറിന്റെ മനസ്സ് എപ്പോഴും സമ്പത്തിന്റെ നിഗൂഢതകളിലാണ് നിലകൊണ്ടത്. അതായിരുന്നു അയാളുടെ സ്വകാര്യദൗത്യവും.

ഇതിൽ എന്തിനെക്കുറിച്ച് മറുപടി പറയും. അയാളുടെ ഉള്ളിൽ എപ്പോഴും ഒന്നേ ഉണ്ടായിരുന്നുള്ളു. അത് സ്വയം ഏറ്റെടുത്ത ദൗത്യമാണ്. അതുതന്നെ എല്ലാറ്റിനും മറുപടി പറയുമ്പോഴാണല്ലോ ഒരാൾ വിജയിക്കുന്നത്.

ഒലിവർ അത് വിശദമാക്കി.

ഈ നാട്ടിൽ രണ്ടുതരം ജനങ്ങളാണുള്ളത്. ഒന്നിലും തൃപ്തിവരാത്ത ഒരു കൂട്ടരും എല്ലാറ്റിലും തൃപ്തിപ്പെട്ട് കഴിയുന്ന മറ്റൊരു കൂട്ടരും. മാർത്താണ്ഡവർമ്മ ആദ്യം പറഞ്ഞവരുടെ രാജാവാണ്. ഈ ലോകത്തിലെ എല്ലാ സൗഭാഗ്യങ്ങളും മുന്നിൽ വിളമ്പിയാലും, അത് വിളമ്പിയ തവികൂടി കിട്ടിയിരുന്നെങ്കിൽ എന്നയാൾ ആഗ്രഹിക്കും. ജനങ്ങളിൽ നിന്ന് തട്ടിപ്പറിക്കുന്നതും അയൽ രാജ്യങ്ങളിൽ നിന്ന് വാങ്ങുന്നതുമെല്ലാം അയാൾ തന്റെ ഇഷ്ടദേവന് സമർപ്പിക്കും. എന്നിട്ടും തൃപ്തിവരാതെ ദൈവത്തിനു മുന്നിൽ കടം പറയും. കൊട്ടാരത്തിൽ എന്തെങ്കിലും വിശേഷമുണ്ടായാൽ മനസുതുറന്ന് സന്തോഷിച്ചതിൽ പശ്ചാത്തപിച്ച് ദൈവത്തിനു മുന്നിൽ കൈകഴയ്ക്കുവോളം സ്വർണ്ണധാന്യമണികൾ വാരിയിടും.

ഇത്രയും നാളുകൊണ്ട് താനിതൊക്കെ എങ്ങനെ മനസ്സിലാക്കി.

ക്യാപ്റ്റന്റെ ചോദ്യത്തിന് പിന്നീട് ഉത്തരം നൽകാമെന്ന മട്ടിൽ ഒലിവർ തുടർന്നു. പട്ടും മസ്ലിനും സ്വർണ്ണക്കട്ടിയുമൊക്കെ എങ്ങനെയാണ് ഇവിടെ എത്തുന്നത് എന്ന് ആരും ചിന്തിക്കുന്നില്ല. അയാളുടെ ഭൃത്യന്മാരെല്ലാം ഓരോ കഴഞ്ച് സ്വർണം കൂടുതൽ കൈക്കലാക്കുന്നതിനെപ്പറ്റി മാത്രം ചിന്തിക്കുന്നവരാണ്. ജനങ്ങളിൽ നിന്ന് പിരിക്കുന്നതൊന്നും ഒരു തരത്തിലും അവരുടെ അടുത്തേക്ക് തിരികെ എത്തുന്നില്ല.

ആരും എത്തിനോക്കാത്ത ഈ നാടിന്റെ ഒരു കോണിൽ മൂന്നുപേരെ ഞാന്‍ കണ്ടെത്തി. സ്വർണ്ണമുത്തുകൾ ധാർഷ്ട്യത്താടെ വാരിയെറിയുന്ന ഈ രാജാവിന്റെ സമ്പത്തിന്റെ നെടുംതൂണുകൾ. വള്ളക്കാരൻ കൊച്ച്, കൃഷിപ്പണിക്കാരൻ ചാത്തുവൻ, മരം കയറുന്ന കരുടൻ.

വലിയ മരത്തിൽ പടർന്നു നിൽക്കുന്ന കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും ശേഖരിക്കുമ്പോഴാണ് അത് ചരക്കാകുന്നത്. നെല്ല് കൊയ്തെടുത്ത് മെതിച്ച് ശേഖരിക്കുമ്പോഴാണ് അത് ഭക്ഷണമാകുന്നത്. ഇതൊക്കെ വള്ളത്തിലാക്കി തുറകളില്‍ എത്തിക്കുമ്പോൾ മാത്രമാണ് അത് സമ്പത്താകുന്നത്. യഥാർത്ഥത്തിൽ ധനമായി രൂപം മാറുന്നത് നെല്ലോ തിനയോ കുരുമുളകോ അല്ല. ഈ മൂന്നു പേരുടെയും അധ്വാനമാണ്.

ആയിരിക്കാം, പക്ഷേ ഇവരൊക്കെ എന്തുചെയ്യണമെന്നും എപ്പോള്‍ ചെയ്യണമെന്നും തീരുമാനിക്കുന്നത് ഈ രാജാവല്ലേ.

ഇനി എത്രകാലം.

തൊഴിലാളികൾ ഇതെല്ലാം നിയിക്കണമെന്നാണോ താൻ പറയുന്നത്.

അല്ല, ചരക്കിന്റെ ഉത്പാദകര്‍ ആരാണോ അവരാണ് ചരക്കിന്റെ വരവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നത്. അല്ലാതെ നമുക്ക് എന്നും കൂടുതൽ കൂടുതൽ വ്യഞ്ജനങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കാം എന്നു കരുതുന്നത് മണ്ടത്തരമാണ്.

ശരി. സമ്മതിക്കാം. അങ്ങനെയെങ്കിൽ തന്റെയീ ആശയംകൊണ്ട് ഡച്ചുരാജ്യത്തിനോ അതിന്റെ വ്യാപാരങ്ങൾക്കോ ഒരു ഗുണവുമില്ലെന്നുകൂടി സമ്മതിക്കണം.

ക്യാപ്തന്‍, നിങ്ങളോടൊപ്പം അയയ്ക്കുമ്പോൾ മെർക്കാറ്റിർ ആവശ്യപ്പെട്ടത് ഒന്നുമാത്രമാണ്. ആംസ്റ്റർഡാമിലേക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ ചരക്കുകൾ എത്തണം. താങ്കളുണ്ടാക്കാൻ പോകുന്ന കരാറുകൾക്ക് അതിന് കഴിയില്ല. കരാറുകൾ ലംഘിക്കപ്പെട്ടാൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും. ഈ രാജാവിനെ ഭീഷണിപ്പെടുത്താം. ആ തക്കം നോക്കി അവർ ഇംഗ്ലീഷുകാരുമായി കരാറുണ്ടാക്കും.

ഒന്ന് നിർത്തിയിട്ട് ഒലിവർ തുടർന്നു. എന്റെ ആശയം മഹത്തായ ഡച്ച് റിപ്പബ്ലിക്കിനു വേണ്ടിയാണ്. നമുക്കിപ്പോഴും നമ്മുടെ കപ്പലുകളെ വേണ്ടവിധം ഉപയോഗിക്കാൻ കഴിയുന്നില്ല. ബാൾട്ടിക്കിൽ നിന്ന് ധാന്യങ്ങൾ കയറ്റി വരുന്നവ തിരികെപ്പോകുമ്പോൾ കാലിയായിരിക്കും. രണ്ടു കപ്പലുകൾക്ക് ചെയ്യാവുന്ന ജോലി ചെയ്യുന്നത് മൂന്നും നാലും എണ്ണമാണ്. വി..സിയ്ക്കും ഡബ്ല്യു..സിയ്ക്കും വേണ്ടത്ര ചരക്കുകള്‍ കിട്ടുന്നില്ല. ഇപ്പോള്‍ത്തന്നെ ഇവിടെ ഉണ്ടാകുന്നതിന്റെ മൂന്നിരട്ടി മുളക് നമുക്ക് വാങ്ങാൻ കഴിയും. അതിന് ഉൽപാദനം അഞ്ചിരട്ടിയെങ്കിലും കൂടിയേ മതിയാകൂ.

ക്യാപ്തന്‍, ഒന്നാലോചിച്ച് നോക്കൂ. ആംസ്റ്റർഡാമിലെ വ്യാപാരികളും ഭുക്കന്മാരും തങ്ങളുടെ സമ്പത്തെല്ലാം റോയൽ പാലസ് ഹാളിൽ ഭണ്ഡാരപ്പെട്ടിയിൽ നിറച്ചു വച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി. ഡച്ചുജനത പട്ടിണികിടന്ന് പുഴുക്കളെപ്പോലെ നരകിച്ചേനെ. നാം ഇന്ന് ഏറ്റവും സമ്പന്നരായ ജനതയാണ്. സമ്പത്ത് ജനങ്ങളിലേക്ക് തിരികെ ഒഴുകുന്നു. എന്നതുകൊണ്ട് മാത്രം. അങ്ങ് എനിക്കൊരവസരം തരൂ. ഞാൻ ഈ കിഴക്കിന്റെ വ്യാപാരത്തെ തിരുത്തിയെഴുതാം.

ഈ രാജാവിന്റെ മുന്നിൽ നമുക്ക് ഒരു നിബന്ധന വയ്ക്കാം. ഇപ്പോഴുള്ളതില്‍ കൂടുതൽ വില നല്കി നാം കുരുമുളക് ശേഖരിക്കും. പക്ഷേ കൂടുതലായി നല്കുന്ന പണത്തിന്റെ പകുതി അതുണ്ടാക്കുന്നവര്‍ക്ക് നല്കണം. അല്പാല്പം വിഹിതം കിട്ടിത്തുടങ്ങുമ്പോൾ അവർ കൂടുതൽ മനസ്സുവച്ച് ജോലി ചെയ്യും. കൂടുതൽ പണം കയ്യിലെത്തുമ്പോൾ അവര്‍ ഒരുദിവസം ചരക്കുമായി തുറമുഖങ്ങളിലേക്ക് യാത്രചെയ്യും. അന്ന്, രാജാവെന്ന ഈ ഇടനിലക്കാരനെ മാറ്റി നാമത് നേരിട്ടു വാങ്ങും.

ഒലിവർ, താങ്കളുടെ ബുദ്ധിയൊക്കെ കൊള്ളാം. പക്ഷെ ഒരു കച്ചവടക്കാരൻ ഭയപ്പെടുന്നത് വിലയെ അല്ല. അരാജകത്തത്തെയാണ്. തന്നെയുമല്ല ഇതിലെ ചതിക്കുഴി മാർത്താണ്ഡവർമ്മയും സംഘവും വേഗം മനസ്സിലാക്കുകയും ചെയ്യും. അയാളുടെ ഉപദേശകവൃന്ദമുണ്ടല്ലോ വെറുതെയിരുന്ന് തിന്നുന്ന പാരാദഭുക്കുകൾ. അവർ ഉറപ്പായും കുബുദ്ധികളായിരിക്കും.

സത്യത്തിൽ ഇതിൽ ചതിക്കുഴികൾ ഒന്നുമില്ല. മാർത്താണ്ഡവർമ്മയ്ക്ക് ഇപ്പോഴത്തേതിലും എത്രയോ ഇരട്ടി പണം ചുങ്കമായി കിട്ടും. നഷ്ടം ചുറ്റുമുള്ള ഇത്തിൾക്കണ്ണികൾക്കു മാത്രമായിരിക്കും. ഞാനത് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാം. അയാൾ മാറാൻ തയ്യാറായിരിക്കും. അയാളുടെ ഹൃദയം അതിനു കൊതിക്കുന്നുമുണ്ടാകും. ഒരിക്കലും സമ്മതിക്കാത്തത് ഭൃത്യന്മാരാണ്. സ്വതമായ ഭരണത്തെ അവർ ഭയക്കുന്നു. രാജാവിനെ പൊക്കിപ്പറയുന്നതല്ലാതെ രാജ്യത്തിന് ഒരണയുടെ അദ്ധ്വാനം പോലും നല്കാത്ത ഇവർക്ക് തിരികെ കിട്ടുന്ന തിഫലവും സംരക്ഷണവും മറ്റൊരു തരത്തിലും കിട്ടാത്തതും.

സാധാരണ ജനങ്ങൾ ഒളിച്ചും പാത്തും കഴിഞ്ഞുകൂടുന്നു. വീടിന്റെ മേൽക്കൂര മേയാനും ആഭരണങ്ങൾ ഇടാനും കരം കൊടുക്കണം. അതുകൊണ്ട് ഇതെല്ലാം ആഢംബരമായി കണ്ട്, അവര്‍ പന്നികളെപ്പോലെ പണിയെടുക്കുന്നു. ഇങ്ങനെ പോകുകയാണെങ്കിൽ ഈ ജനത ഉള്ളിൽ അപകർഷതാബോധവും പേറി ആഡംബരങ്ങളോട് ആർത്തികാണിക്കുന്ന ഒന്നായി മാറും.

അവരുടെ സംഭാഷണം അങ്ങനെ അവസാനിച്ചു. പിറ്റേദിവസം മാർത്താണ്ഡവർമ്മയെ കാണാൻ റുയേത്തർ അയാൾക്ക് അനുവാദം നല്കി. ഡച്ചുനാട്ടിൽ നിന്നു വന്ന പണ്ഡിതനായ ചെറുപ്പക്കാരന് പെട്ടെന്നുതന്നെ രാജാവിനെ കണ്ടു സന്ദേശം അറിയിക്കാന്‍ കഴിഞ്ഞു.

മലബാറിലെ അങ്ങയുടെ സുന്ദരമായ ഈ രാജ്യം ഒരു പരീക്ഷണശാലയാണ്. അങ്ങയുടെ ജനതയുടെ ചുറുചുറുക്ക് ഒരു നാൾ പടിഞ്ഞാറന്‍ നഗരങ്ങളുടെ ഭാവിയെ നിര്‍ണയിക്കും. ഒരു സന്തോഷ വർത്തമാനവുമായിട്ടാണ് ഞാൻ വന്നിരിക്കുന്നത്. അങ്ങയുടെ മഹത്തായ ഈ രാജ്യത്തെ ഏഴു ഡച്ചു പ്രോവിൻസുകളും സ്റ്റാഡ് ഹോൾഡർ കൗൺസിലും പ്രത്യേക വ്യാപാരപദവി നല്കി ഉയർത്താൻ തീരുമാനിച്ചിരിക്കുന്നു. ഇതിന്‍പ്രകാരം അങ്ങയോട് ധാനപ്പെട്ട രണ്ടു വിവരങ്ങൾ ധരിപ്പിക്കുക എന്നതാണ് എന്റെ ദൗത്യം. ഇനിമുതൽ കമ്പനി അഞ്ഞൂറ് റാത്തലുള്ള മുളക് കണ്ടിയൊന്നിന് എണ്‍പത്തിനാലു രൂപ വില നല്കും. ഇത് സ്പാനിഷ് റിയാലായോ, പഗോഡയായോ, അറുപത്തഞ്ചു റിസ്ക് ഡോളറായോ, പൊൻപണമോ തത്തുല്ല്യമായ സ്വർണ്ണക്കട്ടിയായോ നല്കും. കൂടാതെ ഏഴുപണം ചുങ്കവും. അല്ലെങ്കിൽ മേൽപ്പറഞ്ഞ തുകയ്ക്കുള്ള വെടിമരുന്നും, തീക്കല്ലും പീരങ്കിയും തോക്കുകളും. -പക്ഷേ യൂറോപ്പിലെ മാറിയ സാഹചര്യമനുസരിച്ച് ഉണക്കുതട്ടാത്ത പച്ചമുളകു മാത്രമേ കമ്പനി സ്വീകരിക്കുകയുള്ളൂ. ഉണങ്ങിയ മുളകിന് മേലിട്ട വില തന്നെ പച്ചമുളകിനും കമ്പനി നല്കും. ഇതു ശേഖരിക്കാൻ ചാക്കുകൾ നല്കുകയും ചുമട്ടുകാർക്ക് കൂലിയും മാണിമാർക്ക് അടിമപ്പണമോ ചത്തക്കൂലിയോ നല്കുകയും ചെയ്യും.

രാജാവിന്റെ തിങ്ക്‌-ടാങ്കുകൾ ആലോചനയിൽ മുഴുകി. പച്ചമുളക് കണ്ടിയൊന്നിന് എണ്‍പത്തിനാല് രൂപയോ. ഉണങ്ങിയ മുളകിനുപോലും നാല്‍പ്പത്തഞ്ചു രൂപയേ വിലയുള്ളു. ഇവര്‍ക്ക് ഭ്രാന്താണോ. അവർ തമ്മിൽ തമ്മില്‍ പറഞ്ഞു. ലന്തക്കാർ കള്ളം പറയുമെന്ന് വിശ്വസിക്കാനും വയ്യ.

ഒലിവർ രാജാവിന്റെ മുഖത്തേക്കു നോക്കി. ആലോചിച്ച് മറുപടി നൽകിയാൽ മതി എന്ന് കൂട്ടിച്ചേർക്കണമെന്നുണ്ടായിരുന്നു. പക്ഷേ ആലോചിക്കാതെ ഇവർ എതിർത്ത് എന്തെങ്കിലും പറഞ്ഞാലോ. എന്തായാലും പച്ചമുളക് മതി എന്നു പറഞ്ഞത് എന്തുകൊണ്ടാണെന്ന് അവർ ഒരിക്കലും കണ്ടുപിടിക്കില്ല. ആ വാക്കിൽ അവരുടെ ശ്രദ്ധ പതിയില്ല.

കുരുമുളക് കൂടുതലായുണ്ടാകുന്നത് കിഴക്കൻ ദേശത്താണ്. അത് കടൽത്തീരം വരെ എത്താന്‍ ദിവസങ്ങളെടുക്കും. അതുകൊണ്ട് പച്ചമുളക് സ്വീകരിക്കാൻ കമ്പനിക്ക് ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെടണം. വിലയുടെ ഒരു ഭാഗം അവരിൽ നേരിട്ട് എത്തിക്കുകയും ചെയ്യാം. അതായിരുന്നു അയാൾ തുറക്കുന്ന പുതിയ വ്യാപാരമുഖം.

ആരും ഒന്നും മിണ്ടുന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ നാട്ടുരാജാക്കന്മാരുടെ മറുപടി എപ്പോഴും ഒന്നുതന്നെയായിരിക്കും. മറുപടി എഴുതി തയ്യാറാക്കിത്തരും എന്ന്. ഇത് പറയാൻ എന്താണിത്ര ആലോചിക്കുന്നത്.
ഒലിവർ തുടർന്നു. പ്രധാനപ്പെട്ട മറ്റൊന്നുകൂടിയുണ്ട്. മഹത്തായ ഡച്ച് റിപ്പബ്ലിക്ക് സ്വീകരിച്ചിട്ടുള്ള വിമോചക തത്വങ്ങളിൽ അടിസ്ഥാനമാക്കിയേ ഇനി കമ്പനിക്ക് മുളക് സ്വീകരിക്കാൻ അനുവാദമുള്ളു. ആയതിനാൽ കൂടുതലായി നല്കുന്ന വിലയുടെ മൂന്നിൽ ഒരുഭാഗം രാജാവു തന്നെ നേരിട്ട് മുളക് ഉല്പാദിപ്പിക്കുന്നവർക്ക് നല്കണം.

മറുപടിയായി മാർത്താണ്ഡവർമ്മ ഒരു ചോദ്യമാണ് ഉന്നയിച്ചത്. ഓടനാട്ടുള്ള ചാത്തുവന് പറങ്കി ഒരു അംഗമോതിരം നല്കി അല്ലേ.

ആ വാക്കുകളില്‍ നിന്ന് എല്ലാം ഊഹിക്കാമായിരുന്നു. രാജാവിന്റെ ചാരന്മാർ ചാത്തുവനേയും കരുടനേയും കണ്ടെത്തിക്കാണും. അങ്ങനെയെങ്കിൽ അവരെയും കുടുംബത്തെയും വകവരുത്തിക്കാണും.

ഈ രാജ്യത്ത് രണ്ടുതരം നീതിയാണ്. ഒരു ചരിത്രകാരൻ അതിനെ വിളിച്ചത് കാട്ടുനീതിയും വീട്ടുനീതിയും എന്നാണ്. സാധാരണക്കാരന് കാട്ടുനീതി. നാട്ടു മാണിമാർക്ക് വീട്ടുനീതി. കുറ്റം ചെയ്താൽ വീട്ടിൽ കിട്ടാവുന്ന പരമാവധി ശിക്ഷ എന്താണ്. അങ്ങേയറ്റം പോയാൽ ഒരു ശാസന.

കൊട്ടാരത്തിൽ നിന്നിറങ്ങിയ ഒലിവർ അതിവേഗം കുളച്ചലെത്തി.

പാണ്ടികശാല നോക്കാനായി റുയേത്തർ ഒരു ശൂദ്രനെ ഏർപ്പാടാക്കി. അയാളോട് റുയേത്തർ കാര്യങ്ങൾ വിശദീകരിച്ചു. ഏതൊക്കെ വാതിലുകൾ തുറക്കരുത്. ചുറ്റുപാടുമുള്ള പുല്ല് ആഴ്ചതോറും വെട്ടി വൃത്തിയാക്കണം. മച്ചിന് ചോർച്ചയുണ്ടോ എന്നു നോക്കണം എന്നൊക്കെ.
ഇന്ത ഗുദാമില് ഒന്നുമേ ഇല്ലയേ പിന്നെ എതുക്ക് കാവലിരിക്കണം. അയാൾ പകുതി ആത്മഗതമായി റുയേത്തറോടു ചോദിച്ചു.

പുറത്ത് നങ്കൂരമിട്ടിരുന്ന രണ്ടു കപ്പലുകൾ സിലോണിലേക്ക് പുറപ്പെട്ടു. തീരത്തുനിന്നും ഏറെദൂരം പിന്നിട്ടപ്പോള്‍, ചിന്തയിൽ മുഴുകിയിരുന്ന ഒലിവറിനടുത്തെത്തി ക്യാപ്തന്‍ റുയേത്തർ ചോദിച്ചു. മാർത്താണ്ഡവർമ്മ എന്തു പറഞ്ഞു.

ഈ ലോകത്ത്, മാറ്റം കൊണ്ടുവരിക എന്നതാണല്ലോ ഏറ്റവും ദുഷ്കരമായ ജോലി. അതുകൊണ്ട് ഒന്നും അത്ര എളുപ്പമല്ല  എന്ന്‍ എനിക്കറിയാമായിരുന്നു.

പിന്നീടൊന്നും റുയേത്തർ അതിനെപ്പറ്റി ചോദിച്ചില്ല.

***

സിലോണിൽ നിന്നും ഗുഡ്ഹോപ് മുനമ്പിലെ സെറ്റിൽമെന്റിലെത്തിയ ഒലിവർ കുറച്ചുനാൾ അവിടെ താമസിച്ചു. സെറ്റിൽമെന്റിലെ മുള്ളുവേലി മുറിച്ചുമാറ്റി ഉൾനാടുകളിലേക്കു യാത്രചെയ്തു. അവിടെയിരുന്ന്‍ അയാള്‍ക്ക് ധാരാളം എഴുതാൻ കഴിഞ്ഞു. പിന്നീട് കേപ്പ്ടൗണിൽ തിരികെയെത്തിയ അയാൾ പോയത് ആംസ്റ്റർഡാമിലേക്കല്ല. ലിസ്ബൺ തീരത്തുവച്ച് മറ്റൊരു കപ്പലിൽ കയറിയ അയാളെ പിന്നീടാരും കണ്ടില്ല.
ഒലിവറും മാർത്താണ്ഡവർമ്മയുമായുള്ള കൂടിക്കാഴ്ചയുടെ അനന്തര ഫലങ്ങൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. മാര്‍ത്താണ്ഡവര്‍മ ഡച്ചുകാരെ വിട്ട് ഇംഗ്ലീഷുകാരുമായി അടുത്തു. അവരുമായി മാവേലിക്കരക്കരാര്‍ ഒപ്പിട്ടു. തിരുവിതാംകൂർ സൈന്യം കുളച്ചലിലെ ഡച്ചു പാണ്ടികശാലയ്ക്ക് തീവച്ചു. ഇക്കാരണങ്ങള്‍ കൊണ്ട് ഒലിവർ ആംസ്റ്റർഡാമിലെ കൗൺസിൽ വൃത്തങ്ങളിൽ അനഭിമതനായിത്തീർന്നു.

റൈൻ നദിയിലൂടെ സഞ്ചരിച്ച അയാള്‍, ട്രയർ എന്ന പട്ടണത്തിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ താമസമാക്കി.അവിടെവച്ചാണ് സമ്പത്തിന്റെ തുടർച്ചയായ വിതരണം എന്ന പുസ്തകം അയാള്‍ പൂർത്തിയാക്കിയത്.
കുറച്ചുനാൾ അതൊരു ലൈബ്രറിയുടെ മൂലയിൽ പൊടിപിടിച്ച് കിടന്നു. അവിടെനിന്ന് അയാൾ തന്നെ അത് കണ്ടെടുത്ത് ജൂതറബ്ബിയായ ഡച്ചു ധനികന് നല്കി. അത് അയാളുടെ സ്വകാര്യ ലൈബ്രറിയിൽ വർഷങ്ങളോളം തുറക്കപ്പെടാതെ ഇരുന്നു. അയാളത് തന്റെ ചെറുമകനു നല്കി. സ്വകാര്യ വിദ്യാഭ്യാസം കഴിഞ്ഞ് ഹൈസ്ക്കൂളിലെത്തിയ റബ്ബിയുടെ ചെറുമകൻ അത് തന്റെ ഹെമാസ്റ്ററായ ഹ്യൂഗോ വിറ്റൻബാക്ക് എന്ന റാഡിക്കൽ ഹ്യൂമനിസ്റ്റിന് നല്കി. അതിൽ ആകൃഷ്ടനായ അയാൾ ആ പുസ്തകത്തിലെ ധാന ഭാഗങ്ങൾ ഒരു ലഘുലേഖയായി സിദ്ധീകരിച്ച് വിദ്യാര്‍ത്ഥികളുടെ ഇടയിലും അടുത്ത വൃത്തങ്ങളിലും വിതരണം ചെയ്തു.

ഇതോടെ അയാൾ ജർമൻ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി. താമസിയാതെ സ്ക്കൂളും വിറ്റൻബാക്കിന്റെ വസതിയും പോലീസ് റെയ്ഡ് ചെയ്തു. റെയ്ഡിൽ പിടിച്ചെടുത്ത പുസ്തകം പിന്നീടാരും കണ്ടിട്ടില്ല. ചില ലഘുലേഖകളോപ്പമിട്ട് അത് കത്തിച്ചു കളയുകയായിരുന്നു. അങ്ങനെ 1832ൽ എന്നന്നേക്കുമായി അത് ഈ ലോകത്തിന് നഷ്ടമായി.

ആംസ്റ്റർഡാമിൽ നിന്നും രണ്ടാതരം പായ്ക്കപ്പലുകളിൽ ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് സഞ്ചരിച്ചും ആർക്കും എത്തിപ്പെടാൻ കഴിയാതിരുന്നവരുടെ ഇടയിൽ ഒളിച്ചു താമസിച്ചും സുഖസൗകര്യങ്ങൾ വേണ്ടെന്നു വച്ചും സ്വന്തം നാടിനുതന്നെ വെറുക്കപ്പെട്ടവനായി മാറിയും അയാൾ ചെയ്യാൻ ശ്രമിച്ചത് സമ്പത്തിന്റെ ഗതിവിഗതികളുടെ ദുർഗ്രഹമായ രഹസ്യങ്ങൾ കണ്ടെത്തുകയായിരുന്നു. അതിലയാൾ വിജയിക്കുകയും ചെയ്തു. എന്നാൽ ഡച്ചുഭാഷയിൽ എഴുതപ്പെട്ട പുസ്തകം അച്ചടിക്കാനോ വായിക്കാനോ ആരുമുണ്ടായില്ല. ഉണ്ടായിരുന്ന സാദ്ധ്യതകൾകൂടി ജർമ്മൻ പോലീസ് ഇല്ലാതാക്കി.

പണ്ടു വർഷങ്ങൾക്കുശേഷം 1844ൽ ഒലിവറിന്റെ പുസ്തകത്തിലെ ഏതാനും വരികൾ ഡച്ചു റബ്ബിയുടെ ചെറുമകൻ ഈ ലോകത്തിനായി കുറിച്ചുവച്ചു. അതും സിദ്ധീകരിച്ചത് 1930ൽ മാത്രം. ആ വരികൾ ഇങ്ങനെയായിരുന്നു.

തൊഴിലാളി അധ്വാനിച്ച് കൂടുതൽ സമ്പത്തുണ്ടാക്കുന്തോറും അവൻ കൂടുതൽ ദരിദ്രനാകുന്നു. അവൻ കൂടുതൽ ചരക്ക് ഉൽപ്പാദിപ്പിക്കുമ്പോൾ, അവൻ ഉൽപ്പാദിപ്പിച്ച ഏതൊരു ചരക്കിനേക്കാളും വിലകുറഞ്ഞ ഒന്നായി അവൻ മാറിക്കൊണ്ടിരിക്കും. ചരക്കുകളുടെ വിലകൂടുന്ന അതേ അനുപാതത്തിൽ അവന്റെ വിലയും കുറഞ്ഞുവരും. അദ്ധ്വാനം ചരക്കുകൾ മാത്രമല്ല ഉണ്ടാക്കുന്നത്, അത് അതിനെത്തന്നെയും അതിലേർപ്പെടുന്നവനേയും ഒരു വില്പനച്ചരക്കായി മാറ്റിക്കൊണ്ടിരിക്കും. അത് ചരക്കുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന അതേ വേഗത്തിലും അനുപാതത്തിലുമായിരിക്കും.

          1857, ഡച്ചു റബ്ബിയുടെ ചെറുമകൻ, 800ഓളം പേജുള്ള മറ്റൊരു പുസ്തകത്തിന്റെ കൈയെഴുത്തുതി തയ്യാറാക്കി. ഒരുതരത്തിൽ പറഞ്ഞാൽ ഒലിവർ വാർവിക്കിന്റെ പുസ്തകത്തിന്റെ ഒരു വിശകലനം മാത്രമായിരുന്നു അത്. എന്നിട്ടും അത് ലോകത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിച്ചു. ഒരുപക്ഷേ ഒരിക്കലും മറ്റൊരു പുസ്തകത്തിനും സാധിക്കാത്ത തരത്തിൽ. അതിന്റെ പേര് ദസ് ക്യാപിറ്റൽ എന്നായിരുന്നു.


****