"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 14, ശനിയാഴ്‌ച

പൊതുസേവനത്തുറകളില്‍ കാര്യക്ഷമത വേണം പക്ഷേ, വിദ്യാഭ്യാസാവകാശം തടഞ്ഞുവെക്കപ്പെട്ടവരിലോ...??? - അംബേഡ്കര്‍

   ▶Visit Page

(ഡോ. അംബേഡ്കര്‍. സമ്പൂര്‍ണകൃതികള്‍ വാല്യം 17. പേജ് 18, 19)

👉കാര്യക്ഷമതയുടേയും മത്സരപ്പരീക്ഷയുടേയും കാര്യം പറഞ്ഞ് ഹിന്ദുക്കള്‍ അസ്പൃശ്യരുടെ ആവശ്യങ്ങള്‍ക്കെതിരായ നിലപാടിന് നീതിയുക്തമെന്ന തോന്നലുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇവിടെയും വാദഗതി വസ്തുതയുടെ പാര്‍ശ്വവര്‍ത്തിയാണ്. പൊതുസേവനത്തുറകളില്‍ കടക്കാന്‍ പറ്റുമോ എന്നതാണ് പ്രശ്‌നം. അത് രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ ആശ്രയിച്ചിരിക്കും. അത് വേണ്ടത്ര ജനാധിപത്യപരമാണോ? വിദ്യാഭ്യാസ സൗകര്യങ്ങള്‍ വേണ്ടത്ര വ്യാപകമായിട്ടുണ്ടോ/ എല്ലാ ജാതിമതക്കാര്‍ക്കും മത്സരത്തിനെത്താന്‍ പാകത്തില്‍ പ്രവേശനം നല്കപ്പെടുന്നുണ്ടോ? 





മറിച്ചാണെങ്കില്‍ തുറന്ന മത്സരസമ്പ്രദായത്തില്‍പ്പോലും വലിയ ജനവിഭാഗങ്ങള്‍ പുറത്താക്കപ്പെടും. ഈ അടിസ്ഥാനോപാധി അതിന്റെ അഭാവംകൊണ്ട് ഇന്ത്യയില്‍ ശ്രദ്ധേയമാകുന്നു. ഇന്ത്യയില്‍ ഉന്നതവിദ്യാഭ്യാസം ഹിന്ദുക്കളുടെ കുത്തകയാണ് - പ്രത്യേകിച്ച് സവര്‍ണ ഹിന്ദുക്കളുടെ. അവര്‍ണര്‍ക്ക് അസ്പൃശ്യതയുടെ പേരില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കയാണ്. ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ നിയമിക്കപ്പെടാനാവശ്യമായ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ക്ക് മാത്രമാണ് പ്രസക്തി; അവക്ക് തന്ത്രപരമായ ഒരു മൂല്യമുണ്ട് - ഉന്നതവിദ്യാഭ്യാസം ദരിദ്രര്‍ക്ക് അപ്രാപ്യമാണ്. അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്കുന്നതിന് രാജ്യം സാമ്പത്തികമായ ഉത്തരവാദിത്വം ഏറ്റെടുക്കുകയില്ല. അങ്ങനെ വേണമെന്നാണ് അവര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്. ഹിന്ദുക്കള്‍ അവരുടെ ദയാദാക്ഷിണ്യങ്ങള്‍ അസ്പൃശ്യരിലേക്ക് നീട്ടുകയില്ല. സര്‍വീസില്‍ പ്രവേശിക്കാന്‍ മത്സരപരീക്ഷകളുടെ വിജയത്തെ ആശ്രയിക്കാന്‍ അസ്പൃശ്യരോട് ആവശ്യപ്പെടുന്നത് അവരോട് കാട്ടുന്ന വഞ്ചനയാണ്. അസ്പൃശ്യര്‍ സ്വീകരിച്ചിട്ടുള്ള നിലപാട് ഒരു തരത്തിലും അയുക്തികമല്ല. കാര്യക്ഷമത ആവശ്യമാണെന്ന് അവര്‍ അംഗീകരിക്കുന്നു. അതുകൊണ്ടാണ്, അവരുടെ പ്രമേയത്തില്‍ കുറഞ്ഞ യോഗ്യതയെ ചട്ടത്തിനു വിധേയമായി ഉദ്യോഗനിയമനം ആവശ്യപ്പെടുന്നത്. മറ്റുതരത്തില്‍ പറഞ്ഞാല്‍, ഇത്രയുമാണ് അസ്പൃശ്യര്‍ ആവശ്യപ്പെടുന്നത്. ഉദ്യോഗനിയമനത്തിന് ഒരു കുറഞ്ഞ യോഗ്യത നിശ്ചയിക്കപ്പെടണം. ഒരു ജോലിക്ക് രണ്ട് അപേക്ഷകരുണ്ടായിരിക്കുകയും, അവരില്‍ അസ്പൃശ്യന് നിര്‍ദ്ദിഷ്ടമായ കുറഞ്ഞ യോഗ്യതയുണ്ടായിരിക്കുകയും ചെയ്താല്‍, അയാളേക്കാള്‍ കൂടിയയോഗ്യത ഹിന്ദുവായ അപേക്ഷകനുണ്ടെങ്കില്‍പ്പോലും അസ്പൃശ്യനായ ഉദ്യോഗാര്‍ത്ഥിയെ നിയമിക്കണം. അതായത് നിയമനാടിസ്ഥാനം ഏറ്റവും കുറഞ്ഞ യോഗ്യതയായിരിക്കണമെന്നാണ്; ഏറ്റവും കൂടിയയോഗ്യതയായിരിക്കരുതെന്നാണ്. കാര്യക്ഷമതാ പരിശോധന ചില പ്രത്യേക സമുദായങ്ങള്‍ക്ക് പബ്ലിക് സര്‍വീസുകള്‍ കുത്തകയാക്കി നല്കുന്നത് ശ്രദ്ധിക്കാന്‍ കൂട്ടാക്കാത്തവര്‍ക്ക് ഇത് വിചിത്രമായി തോന്നാം. സ്വയം ഭരിക്കുകയെന്നത് നല്ല ഭരണത്തേക്കാള്‍ മെച്ചമാണെന്ന് കാംബെല്‍ ബന്നര്‍മാന്‍ പറഞ്ഞിട്ടില്ലോ? അസ്പൃശ്യര്‍ ആവശ്യപ്പെടുന്നതും മറ്റൊന്നല്ല. കാര്യക്ഷമമായ ഒരു ഗവണ്മെന്റിന്റെ ആവശ്യകത അവര്‍ അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഉദ്യോഗനിയമനത്തിന് കുറഞ്ഞ യോഗ്യത വേണമെന്ന് അവര്‍ അംഗീകരിക്കുന്നത്. അവര്‍ തയാറല്ലാത്തത് നല്ല ഭരണത്തിനുവേണ്ടി സ്വയം ഭരണം ഉപേക്ഷിക്കാനാണ്. ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസത്തില്‍ അധിഷ്ഠിതമായ ഗവണ്മെന്റ് ഒരു സാമുദായിക ഗവണ്മെന്റായിരിക്കും. കാരണം കുറഞ്ഞ യോഗ്യതയേക്കാള്‍ ഉന്നതമായ വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ളത് ഹിന്ദുക്കള്‍ക്കാണ്. അതുകൊണ്ടാണ് അവര്‍ (അസ്പൃശ്യര്‍) പറയുന്നത് കാര്യക്ഷമമായ ഗവണ്മെന്റിന് കുറഞ്ഞ യോഗ്യത മതിയെന്ന്. അത് സ്വയംഭരണം സാധ്യമാക്കുമെന്നതിനാല്‍ പബ്ലിക് സര്‍വീസില്‍ പ്രവേശിക്കുന്നതിന് കുറഞ്ഞ യൊഗ്യത എന്നതായിരിക്കണം ചട്ടം. അത് സ്വയം ഭരണവും ഒപ്പം കാര്യക്ഷമമായ ഭരണവും ഉറപ്പാക്കും.