"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 7, ശനിയാഴ്‌ച

'ഹരിജന്‍' സംബോധന ദലിതര്‍ക്കുമേലുള്ള സവര്‍ണഹിംസ; ഡോ. അംബേഡ്കറുടെ പ്രതിരോധങ്ങളും


👉1930 കളില്‍ എം കെ ഗാന്ധി അസ്പൃശ്യരെ സംബോധന ചെയ്യാനായി ഉപയോഗിച്ച വാക്കാണ് 'ഹരിജന്‍'. അതിന് ആ മഹാത്മാ കല്പിച്ചു തന്ന അര്‍ത്ഥം 'ദൈവത്തിന്റെ മക്കള്‍' എന്നത്രെ. 1932 ഫെബ്രുവരി 11 ന് യര്‍വാദ ജയിലില്‍ ശിക്ഷയനുഭവിച്ചു കഴിയുമ്പോള്‍ ഗാന്ധി 'ഹരിജന്‍' എന്ന പേരില്‍ ഒരു ഇംഗ്ലീഷ് പത്രം പുറത്തിറക്കിയിരുന്നു. ഇതാകട്ടെ 1911 ല്‍ ആരംഭിച്ച 'യംഗ് ഇന്ത്യ' എന്ന പത്രത്തിന്റെ പേരുമാറ്റിയതാണ്. 1948 വരെ ഈ പത്രത്തിന്റെ പ്രസിദ്ധീകരണം തുടര്‍ന്നിരുന്നു. അതോടൊപ്പം ഗുജറാത്തി ഭാഷയില്‍ 'ഹരിജന്‍ ബന്ധു' എന്ന പത്രവും ഹിന്ദി ഭാഷയില്‍ 'ഹരിജന്‍ സേവക്' എന്ന പത്രവും ഗാന്ധി പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു.
ഗുജറാത്തില്‍ ജീവിച്ചിരുന്ന വൈഷ്ണവ ഭക്തകവിയായ നര്‍സിംഹ് മേത്ത (നര്‍സി മേത്ത, നര്‍സി ഭഗത്) യുടെ 'വൈഷ്ണവ് ജന് തോ' എന്ന കീര്‍ത്തനത്തിലാണ് 'ഹരിജന്‍' എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചു കാണുന്നത്. എം കെ ഗാന്ധിക്ക് ഏറ്റവും ആരാധ്യനായിരുന്ന കവിയാണ് നര്‍സിംഹ് മേത്ത. തുളസീദാസ രാമായണത്തിലാണ് ആദ്യം ഈ പദം കാണുന്നതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പക്ഷെ, ഗാന്ധി ഈ പേര് അസ്പൃശ്യരെ വിശേഷിപ്പിക്കാന്‍ പ്രയോഗിക്കുന്ന കാലത്തുതന്നെ ഗുജറാത്തില്‍ വ്യാപകമായി, ക്ഷേത്രങ്ങളിലെ ദേവദാസികള്‍ക്കു പിറക്കുന്ന, പിതാവാരെന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്ത കുട്ടികളെ ഈ പേരിലാണ് വിളിക്കപ്പെട്ടിരുന്നത്.

ഗാന്ധിയുടെ ഈ നീക്കത്തിന് അക്കാലത്തുതന്നെ വന്‍ എതിര്‍പ്പുകളാണ് നേരിട്ടത്. ഇതുസംബന്ധിച്ച വാഗ്വാദങ്ങള്‍ക്കൊടുവില്‍ ഡോ. ബി ആര്‍ അംബേഡ്കര്‍ 1938 ജനുവരി 22 ന് ബോംബെ ലെജിസ്ലേച്ചറില്‍ നിന്നും ഇറങ്ങിപ്പോവുകയുണ്ടായി. ഡോ. അംബേഡ്കര്‍ ഇങ്ങനെ കുറിച്ചു; (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 285, 286)

'ഹരിജന്‍ എന്ന നാമത്തെ അസ്പൃശ്യര്‍ വെറുക്കുന്നു. എതിര്‍പ്പിന് പല കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം, ഈ പേരുമാറ്റംകൊണ്ട് അവരുടെ അവസ്ഥ മെച്ചപ്പെട്ടില്ല എന്നതാണ്. ഹൈന്ദവരുടെ കാഴ്ചപ്പാടില്‍ ഈ പേരുമാറ്റം അസ്പൃശ്യരെ സമുന്നത പദവിയില്‍ എത്തിച്ചിട്ടില്ല. പുതിയ നാമധേയം പഴയതിന്റെ പ്രതിപാദ്യവുമായി പൂര്‍ണമായും താദാത്മ്യം പ്രാപിച്ചിരിക്കുകയാണ്. ഹരിജനങ്ങള്‍ പഴയ അസ്പൃശ്യരല്ലാതെ മറ്റാരുമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. പുതിയ പേര് അയിത്തത്തിന്റെ ശാപത്തില്‍ നിന്ന് അസ്പൃശ്യര്‍ക്ക് മോചനം നലികുന്നില്ല. പുതിയ പേര് ലഭിച്ചിട്ടും അവരിപ്പോഴും പഴയ പേരുണ്ടായിരുന്ന കാലത്തെപ്പോലെ അധിക്ഷേപിക്കപ്പെടുന്നു. രണ്ടാമതായി അസ്പൃശ്യരെന്ന് വിളിക്കപ്പെടാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന് അവര്‍ പറയുന്നു. വിലക്ഷണാവസ്ഥയിലുള്ള ഇതിനെ അതിന്റെ പേരില്‍ത്തന്നെ വിളിക്കപ്പെടുന്നതാണ് നല്ലതെന്ന് അവര്‍ വാദിക്കുന്നു. എന്താണ് തന്റെ രോഗമെന്ന് രോഗിതന്നെ അറിയുന്നതാണ് അഭികാമ്യമെന്ന് അവര്‍ പറയുന്നു. തിരുത്തപ്പെടേണ്ടത് ഇനിയും നിലനില്ക്കുന്നു എന്ന് തെറ്റു ചെയ്തവര്‍ മനസിലാക്കുന്നത് നല്ലതാണ്. ഏതെങ്കിലും തരത്തിലുള്ള ഗോപനം നിലവിലുള്ള വസ്തുതകളെക്കുറിച്ച് തെറ്റായ അവബോധമുണ്ടാക്കും. പുതിയ പേര് കൂടുതല്‍ ഗോപനം ചെയ്യലായിരിക്കുന്നിടത്തോളം അത് അസ്പൃശ്യരോടുള്ള വഞ്ചനയാണ്, ഹിന്ദുക്കള്‍ക്ക് തെറ്റായ പാവപിമോചനം നല്കലും. മൂന്നാമതായി പുതിയ നാമധേയം അനുകമ്പയെ ദ്യോതിപ്പിക്കുന്നു എന്ന തോന്നലുണ്ടാക്കുന്നു. ജൂതന്മാര്‍ അവകാശപ്പെട്ടതുപോലെ, ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനതയെന്നാണ് പുതിയ നാമം അര്‍ത്ഥമാക്കുന്നതെങ്കില്‍, എത്ര നന്നായിരുന്നു. പകരം ദൈവത്തിന്റെ സന്തതികള്‍ എന്ന് വിളിക്കുന്നത് അവരുടെ നിസ്സഹായതയും നിരാശ്രയത്വവും ചൂിക്കാട്ടി അവരെ പീഡിപ്പിക്കുന്നവരുടെ അനുകമ്പ പിടിച്ചു പറ്റാനാണ്. അസ്പൃശ്യരില്‍ കൂടുതല്‍ പൗരുഷ്യമുള്ളവര്‍ പുതിയ പേരിലെ അപമാനകരമായ വിവക്ഷയില്‍ അഭിമാനം കൊള്ളുന്നു. ഹരിജന്‍ എന്ന നാമത്തില്‍ നിയമപരമായ അംഗീകാരം നല്കാന്‍ ബോംബെ നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബില്ലു കൊണ്ടുവന്നപ്പോള്‍, അതില്‍ പ്രതിഷേധിച്ച് സഭയിലെ അസ്പൃശ്യ പ്രതിനിധികള്‍ ഒന്നടങ്കം സഭ ബഹിഷ്‌കരിച്ചതില്‍ നിന്ന് പുതിയ പേരിനോട് അവര്‍ക്കുള്ള അമര്‍ഷത്തിന്റെ ആഴം എത്രയെന്ന് ഊഹിക്കാവുന്നതാണ്.

ഹരിജന്‍ എന്ന ഈ പുതുനാമധേയം മി. ഗാന്ധിയുടെ പതനത്തേയും അദ്ദേഹത്തിന്റെ സൃഷ്ടിയായ കോണ്‍ഗ്രസ് മറിച്ചിടപ്പെടുത്തുന്നതു വരെയും നിലനില്ക്കും. അസ്പൃശ്യരുടെ മേല്‍ അടിച്ചേല്‍പ്പിച്ചതാണ് ഈ നാമധേയം. അവര്‍ക്ക് അതുകൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല.

ആ പദത്തിന്റെ അര്‍ത്ഥം: ചില വിശകലനങ്ങള്‍.

ഹരിജന്‍ എന്ന പദം ഒരു വിശേഷണവും അസ്പൃശ്യന്‍ എന്ന പദം ഒരു സൂചകവുമാണ്. വിശേഷണവും സൂചകവും എങ്ങനെ വ്യത്യാസപ്പെടുന്നു?

അടിമ എന്ന പദം അടിയായ്മയെ സൂചിപ്പിക്കുന്നു. ഉടമ എന്ന പദം ഉടമസ്ഥാവകാശമുള്ളവനെ സൂചിപ്പിക്കുന്നു. ക്രിസ്ത്യാനി എന്ന പദം ക്രിസ്തുമതത്തില്‍ പെടുന്നവരെ സൂചിപ്പിക്കുന്നു. സവര്‍ണര്‍ എന്ന പദം വര്‍ണത്തോടു കൂടിയവരെ സൂചിപ്പിക്കുന്നു. അവര്‍ണര്‍ എന്ന പദം വര്‍ണത്തില്‍ പെടാത്തവരെ സൂചിപ്പിക്കുന്നു. കറുത്തവര്‍ കറുത്ത വര്‍ഗക്കാരെ സൂചിപ്പിക്കുന്നു. വെള്ളക്കാര്‍ വെളുത്ത വര്‍ഗക്കാരെ സൂചിപ്പിക്കുന്നു. അസ്പൃശ്യര്‍ എന്ന പദം തൊട്ടുകൂടാത്തവരെ സൂചിപ്പിക്കുന്നു. 'ഹരിജന്‍' എന്ന പദം ആരെ, എന്തിനെയാണ് സൂചിപ്പിക്കുന്നത്?

ഹരിയുടെ (ദൈവത്തിന്റെ) മക്കള്‍ എന്നു സൂചിപ്പിക്കുന്നുണ്ടോ?

അടിമ, ഉടമ, ക്രിസ്ത്യാനി, സവര്‍ണന്‍ തുടങ്ങിയ പദങ്ങള്‍ ഓരോരോ അവസ്ഥകളുടെ സൂചകങ്ങളായിരിക്കുമ്പോള്‍ ഹരിജന്‍ എന്ന പദം വിശേഷണമേ ആകുന്നുള്ളൂ. ദൈവത്തിന്റെ മക്കള്‍ എന്നു സൂചനയുണ്ടെന്നാണ് വാദമെങ്കില്‍, അടിമയും ഉടമയും ക്രിസ്ത്യാനിയും സവര്‍ണനും മറ്റുമൊന്നും ദൈവത്തിന്റെ മക്കളല്ലേ? അവരേയും അങ്ങനെ 'വിശേഷി'പ്പിക്കാം. അപ്പോള്‍ അവസ്ഥാസൂചകങ്ങളേയും മറ്റൊരു പദം കൊണ്ട് 'വിശേഷിപ്പിക്കാം'. അങ്ങനെ ഒരു അവസ്ഥയില്‍ പെടുന്നവരാണ് അസ്പൃശ്യര്‍! ദേവദാസികള്‍ക്കു പിറക്കുന്ന കുട്ടികളെ വിശേഷിപ്പിക്കാന്‍ ആ പദം പ്രചാരത്തിലുള്ളപ്പോഴാണ് ഗാന്ധി ആ പേരുകൊണ്ടുതന്നെ അസ്പൃശ്യരെ വിശേഷിപ്പിച്ചത്. എന്തുകൊണ്ടാണ് സവര്‍ണരേയും മറ്റ് ജനവിഭാഗങ്ങളേയും ഗാന്ധി ഈ വിശേഷണത്തില്‍ നിന്ന് ഒഴിവാക്കിയത്? അവര്‍ ഹരിജനങ്ങള്‍ (പിതൃശൂന്യര്‍) അല്ലാത്തതുകൊണ്ട് എന്നാണ് ഉത്തരം. അതുകൊണ്ടാണ് അംബേഡ്കര്‍ ചോദിച്ചത്, 'ദൈവത്തിന്റെ ജനത' എന്നു വിശേഷിപ്പിക്കാമായിരുന്നില്ലേ എന്ന്. അപ്പോള്‍ അടിമയും ഉടമയും ക്രിസ്ത്യാനിയും സവര്‍ണനും വെള്ളക്കാരനും കറുത്തവര്‍ഗക്കാരനും അസ്പൃശ്യനുമെല്ലാം ദൈവത്തിന്റെ ജനത എന്ന തുല്യപദവിയില്‍ വിശേഷിക്കിക്കപ്പെടുമായിരുന്നു. ഗാന്ധി അതിന് തയാറല്ലായിരുന്നു.

അടിമ, ഉടമ, ക്രിസ്ത്യാനി, സവര്‍ണന്‍, അസ്പൃശ്യന്‍ തുടങ്ങിയ സൂചകങ്ങള്‍ മറ്റൊരു വ്യക്തിയുടെ സംഭാവനകളല്ല. അവ ഉരുത്തിരിഞ്ഞു വരുന്നതാണ്. നേരേ വിപരീതമായി 'ഹരിജന്‍' എന്ന പദം ഒരു വ്യക്തി മറ്റൊരു വിഭാഗത്തെ വിശേഷിപ്പിക്കാന്‍ പ്രയോഗിക്കുന്നതാണ്. അടിമകളുടെ കാര്യത്തില്‍, അതായത് അസ്വതന്ത്രരായ ഒരു വിഭാഗത്തെ ഒരാള്‍ വിശേഷിപ്പിച്ചതു കൊണ്ടല്ല അവര്‍ 'അടിമ'കളായത്. അതുപോലെ അസ്പൃശ്യരെ ദൈവ ത്തിന്റെ മക്കള്‍ എന്ന് ഒരാള്‍ വിശേഷിപ്പിച്ചാല്‍ അവര്‍ ദൈവത്തിന്റെ മക്കളാകുമോ? സവര്‍ണര്‍ കല്പിച്ച തൊട്ടുകൂടായ്മയില്‍ നിന്നും ഉരുത്തി രിഞ്ഞു വന്ന ജനവിഭാഗത്തെ സൂചിപ്പിക്കുവാന്‍ അസ്പൃശ്യര്‍ എന്ന പദം പ്രയോഗിച്ചതും ഒരു വ്യക്തിയല്ല. അവരുടെ ദുരവസ്ഥയുടെ സൂചകമായി ആപദം ഉരുത്തിരിയുകയായിരുന്നു. ഇന്നത്തെ അവസ്ഥയിലേക്ക് അസ്പൃശ്യര്‍ എത്തിച്ചേര്‍ന്നതിന് കാലങ്ങളുടെ ദൈര്‍ഘ്യവുമുണ്ട്. അസ്പൃശ്യത കല്പിക്കപ്പെടാത്ത ഒരു പൂര്‍വാവസ്ഥയും ആ ജനിവിഭാഗത്തിനുണ്ടായിരുന്നു. വീണ്ടും അത് അസ്പൃശ്യത ഇല്ലാതാകുന്ന അവസ്ഥയിലേക്കും കടന്നു പോകാം. അടിമ എക്കാലത്തും അടിമയായിരുന്നിട്ടില്ല. അവര്‍ക്ക് എന്നെങ്കിലും സ്വതന്ത്രരാകാം. അപ്പോഴും അവരെ അടിമകള്‍ എന്നു വിളിക്കുമോ? അവസ്ഥകള്‍ക്കു മാറ്റം വരുമ്പോള്‍ സൂചക പദങ്ങള്‍ക്ക് നിലനില്പ്പില്ല. ഒരു ക്രിസ്ത്യാനി ഇസ്ലാംമതം സ്വീകരിച്ചുവെന്നിരിക്കട്ടെ, അയാളെ ക്രിസ്ത്യാനി എന്നുതന്നെ വിളിച്ചുകൊണ്ടിരിക്കുമോ? വീണ്ടുമയാള്‍ മതം ഉപേക്ഷിച്ചുവെന്നിരിക്കട്ടെ, അയാളെ മുസ്ലീം എന്നുതന്നെ വിളിച്ചുകൊണ്ടിരിക്കുമോ? നേരേമറിച്ച് ഹരിജന്‍ എന്ന പ്രയോഗമോ? അവരുടെ ദയനീയാവസ്ഥയെ സൂചിപ്പിക്കുന്ന പദമെന്ന നിലക്കാണ് ഗാന്ധിയുടെ പ്രയോഗമെങ്കില്‍ ആ അവസ്ഥയില്‍ നിന്ന് അവര്‍ മാറിയെന്നിരിക്കട്ടെ, അപ്പോള്‍ അവര്‍ ദൈവത്തിന്റെ മക്കള്‍ (ഹരിജന്‍) അല്ലാതാവുമോ? അതായത് അസ്പൃശ്യത അവസാനിച്ചാലും 'ദൈവമക്കള്‍' തുടരുമോ? സനാതനമാണോ (എന്നെന്നേക്കും പൂര്‍വസ്ഥിതം) ആ അവസ്ഥ? അപ്പോള്‍ മറ്റ് അവസ്ഥകളില്‍ തുടരുന്നവര്‍ വീണ്ടും ചോദിക്കും തങ്ങള്‍ പിന്നെ ആരുടെ മക്കളാണെന്ന്? ഗാന്ധിയന്മാരായ 'ഹരിജനങ്ങള്‍' മറുപടി പറയേണ്ട ചോദ്യമാണിത്.

ഗാന്ധി അസ്പൃശ്യത നിലനില്ക്കണമെന്ന് ആഗ്രഹിച്ചു. അസ്പൃശ്യത പോയാല്‍പ്പിന്നെ 'ദൈവമക്കള്‍'ക്ക് പ്രസക്തിയില്ലല്ലോ. തങ്ങള്‍ ദൈവമക്കളാണെന്നുള്ള പരമാനന്ദസുഖം അനുഭവിച്ചുകൊണ്ട് അസ്പൃശ്യര്‍ എക്കാലവും കഴിഞ്ഞുപോരുമെന്നാണ് ഗാന്ധി വ്യാമോഹിച്ചിരുന്നത്.

ഇനി ഗാന്ധിക്ക് സദുദ്ദേശമുണ്ടെന്ന ചിലരുടെ വാദം ഒന്നു പരിശോധിക്കാം. അപ്പോഴും ഒരു പ്രത്യേക ഘട്ടത്തിലാണല്ലോ അസ്പൃശ്യര്‍ 'ഹരിജനങ്ങ'ളായി മാറുന്നത്. അതിനു മുമ്പുള്ള കാലത്തു തന്നെ ഗാന്ധി പൊതു ജീവിതം ആരംഭിച്ചിരുന്നല്ലോ. അപ്പോഴൊന്നും തോന്നാത്ത സദുദ്ദേശം പൊടുന്നനെ ഗാന്ധിയില്‍ ഉണ്ടാകാന്‍ കാരണം എന്താണ് ? ആ പ്രത്യേക ഘട്ടത്തിലെ ഗാന്ധിയുടെ 'സദുദ്ദശം' എന്താണെന്ന് വിശകലനം ചെയ്യുന്നതിന് കല്ലറ സുകുമാരന്റെ 'വൈക്കം സത്യാഗ്രഹം സത്യവും മിഥ്യയും' എന്ന ഗ്രന്ഥത്തില്‍നിന്ന് ഒരു ഭാഗം ഉദ്ധരിക്കട്ടെ;

'മദ്രാസ് പ്രസിഡന്‍സി കോളേജില്‍ സുവോളജി ഡെമോണ്‍സ്‌ട്രേറ്ററായി നടരാജഗുരു ജോലിചെയ്തിരുന്ന കാലത്ത് ഉണ്ടായ ഒരു സംഭവം നടരാജഗുരു തന്നെ ഗുരു നിത്യചൈതന്യയതിയോട് പറയുകയും യതി അത് തന്റെയൊരു പുസ്തകത്തില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. (മനശാസ്ത്രം ജീവിതത്തില്‍ - ഗുരു നിത്യചൈതന്യയതി) തുടര്‍ന്നുണ്ടായ സംഭവവികാ സങ്ങള്‍ ടി കെ മാധവനും വെളിപ്പെടുത്തിയിട്ടുണ്ട്. 1923 ആദ്യവാരം മദ്രാസിലെ ചിന്താദ്രി പേട്ടില്‍ ഒരു കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടു ക്കാന്‍ ഗാന്ധി എത്തി. നാനാജാതി മതസ്ഥരും ഹാര്‍ദ്ദമായ സ്വീകരണം നല്കിയ കൂട്ടത്തില്‍ ആദി - ദ്രാവിഡ സംഘത്തിന്റെ (പറയ സമുദായം) നേതാവായ വെങ്കിടാചലം ഒരു റോസപ്പൂമാലയുമായി ഗാന്ധിയെ സമീപിച്ചു. നടരാജഗുരു ആഗതനെ ഗാന്ധിക്ക് പരിചയപ്പെടുത്തുകയും അധഃസ്ഥിത നേതാവ് ഗാന്ധിക്ക് മാലയിടാന്‍ ശ്രമിക്കുകയും ചെയ്തു. അതില്‍ ക്ഷുഭിതനായ ഗാന്ധി മാല തട്ടിയെറിഞ്ഞുകൊണ്ട് 'ചത്ത പശുവിനെ തിന്നുന്ന പറയന്‍ തൊട്ടശുദ്ധമാക്കിയ മാല എന്റെ കഴുത്തിലിടാന്‍ പറ്റില്ല' എന്ന് ആക്രോശിച്ചു. എന്നാല്‍ ഏതാനും മാസം കഴിഞ്ഞപ്പോള്‍ ഈ ഗാന്ധിതന്നെ കോകനാദയില്‍ വെച്ച് അയിത്തോച്ചാടന പ്രസ്ഥാനത്തിന്റെ ചുമതലയേറ്റെടുക്കാന്‍ നിര്‍ബന്ധിതനായി.

നടരാജഗുരുവിന് ഗാന്ധിയില്‍ നിന്നും ഉണ്ടായ അനുഭവം അദ്ദേഹം ഡോ. പല്‍പ്പുവിനേയും എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയാ യിരുന്ന ടി കെ മാധവനേയും അറിയിച്ചു. എഐസിസി മെമ്പര്‍ കൂടിയായി രുന്ന ടി കെ മാധവന്‍ ഗാന്ധിയുടെ ജാതിഭ്രാന്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായിരുന്ന മൗലാനാ മുഹമ്മദാലിയെ അറിയിച്ചു. ഗാന്ധിയില്‍ നിന്നും ഉണ്ടായ നികൃഷ്ടമായ പ്രവൃത്തിയെക്കുറിച്ചറിഞ്ഞ മുഹമ്മദാലി ലജ്ജിതനായി. അതുകൊണ്ടുതന്നെ എഐസിസി സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുമ്പോള്‍ അദ്ദേഹം കൂടുതല്‍ ക്ഷുഭിതനായി കാണപ്പെട്ടു. എരിയുന്ന തീയില്‍ എണ്ണ എന്നതുപോലെ മൗലാനാ മുഹമ്മദാലിയേയും കോണ്‍ഗ്രസിലെ ഉത്പതിഷ്ണുക്കളേയും വല്ലാതെ ചൊടിപ്പിച്ച മറ്റൊരു സംഭവവും സമ്മേളനം ആരംഭിച്ചപ്പോള്‍ത്തന്നെ അവിടെയുണ്ടായി. അത് എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കുന്ന സവര്‍ണര്‍ക്കും അവര്‍ണര്‍ക്കും പ്രത്യേകം പ്രത്യേകം ഭക്ഷണശാലയും കുടിക്കാന്‍ ശുദ്ധജലവും പാത്രങ്ങളും വെച്ചിരിക്കുന്നത് ഇ വി രാമസ്വാമി പെരിയാറും, ടി കെ മാധവനും മറ്റും ചര്‍ച്ചാ വിധേയമാക്കി എന്നതാണ്. ഇന്ത്യക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞാല്‍ അയിത്ത ജാതിക്കാ രോടുള്ള സമീപനം എങ്ങനെയുള്ളതായിരിക്കുമെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസിലെ പുരോഗമന കാംക്ഷികള്‍ ആവശ്യപ്പെട്ടു. ടി കെ മാധവന്‍ തന്നെ ഈഴവരുള്‍പ്പെടെയുള്ള അയിത്തജാതിക്കാരുടെ പ്രശ്‌നങ്ങളിലേക്ക് കോണ്‍ഗ്രസിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഒരു പ്രസ്താവന യോഗത്തില്‍ വിതരണം ചെയ്യുകയും ചെയ്തു. അത്തരം ഒരു സാഹചര്യത്തില്‍ അയിത്തം സംബന്ധിച്ച് കോണ്‍ഗ്രസിന് വ്യക്തമായ ഒരു നിലപാട് വേണമെന്ന് മൗലാനാ മുഹമ്മദാലി ആവശ്യപ്പെടുകയും അതുണ്ടാവുന്നില്ലെങ്കില്‍ താന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് അയിത്തക്കാരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തന നിരതനാകുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. മുഹമ്മദീയനായ മൗലാനാ മുഹമ്മദാലി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് അധഃകൃത വര്‍ഗോദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃത നായാല്‍ അയിത്തജാതിക്കാര്‍ വ്യാപകമായി ഇസ്ലാമിലേക്ക് മതപരി വര്‍ത്തനം നടത്തുമെന്നും ദീര്‍ഘദര്‍ശിയായ ഗാന്ധിയും ഇതര ഹൈന്ദവ ഫാസിസ്റ്റുകളും ഭയപ്പെട്ടു. അങ്ങനെ സംഭവിച്ചാല്‍ ഇസ്ലാം മതം ഇന്ത്യയിലെ പ്രബല ശക്തിയായിത്തീരുമെന്നും അത് ഹിന്ദുമതത്തിന്റെ പതനത്തിനും തദ്വാരാ ജാതിയുടേയും അയിത്തത്തിന്റേയും ഉന്മൂലനത്തിനും കളമൊരുക്കുമെന്നും മനസിലാക്കിയ ഗാന്ധി, അയിത്തോച്ചാടന ലീഗ് രൂപീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും അതിന്റെ നേതൃസ്ഥാനം സ്വയം ഏറ്റെടുക്കുകയും ചെയ്തു. അതോടൊപ്പം അയിത്തോച്ചാടന ലീഗിന്റെ കേന്ദ്ര നിര്‍വാഹക സമിതിയില്‍ 9 അംഗങ്ങളെ ഉള്‍ക്കൊള്ളിച്ചെങ്കിലും പ്രസ്തുത സംഘടനയുടെ ഗുണഭോക്താക്കളായ അയിത്തജാതിക്കാരുടെ പ്രതിനിധികളെ സമിതിയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ഗാന്ധി ശ്രദ്ധിക്കുകയും ചെയ്തു. പ്രസ്തുത സമിതിയുടെ പേരില്‍ 14 ലക്ഷം രൂപ സമാഹരിച്ചതില്‍ 11 ലക്ഷം രൂപയും അയിത്തജാതിക്കാര്‍ക്കു വേണ്ടി വിനിയോഗിക്കാതെ പാര്‍ട്ടിക്കാര്യങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കുകയാണ് ഗാന്ധി ചെയ്തത്. ഇക്കാര്യത്തില്‍ ഗുരുതരമായ ആക്ഷേപം അംബേഡ്കര്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. (What Congress and Gandhi have done to the Untouchables - B R Ambedkar)

കോണ്‍ഗ്രസില്‍ നിന്നും അയിത്തജാതിക്കാര്‍ എന്നെന്നേക്കുമായി വിട്ടുപോകുമെന്ന അവസ്ഥ വന്നപ്പോള്‍ അവരെ കൂടെ നിര്‍ത്തുന്നതിനായി തന്റെ സവര്‍ണ മനോഭാവത്തില്‍ ഗാന്ധി വിട്ടുവീഴ്ചക്ക് തയാറായതിന്റെ ഫലമായണ് 'ഹരിജന്‍' നമകരണം നല്കാന്‍ കാരണം. അത് അവരോടുള്ള അനുകമ്പയെ ദ്യോതിപ്പിക്കുന്നു. അതുവഴി അതില്‍ ഗോപനം ചെയ്യപ്പെട്ടി രിക്കുന്ന ദുരര്‍ത്ഥം (തന്തയില്ലാത്തവന്‍) ശ്രദ്ധിക്കപ്പെടാതെ യുമിരിക്കും. അതായത് കോണ്‍ഗ്രസില്‍ അവരെ അടുപ്പിച്ചു നിര്‍ത്തുകയുമാകാം അതേസമയം അരോടുള്ള അവജ്ഞ അവരൊട്ട് അറിയുകയുമില്ല!

മുമ്പ് കേരളത്തിലെ നായര്‍ സമുദായത്തിന്റെ സര്‍ക്കാര്‍ രേഖകളിലെ പേര് ശൂദ്രര്‍ എന്നായിരുന്നു. സമുദായാചാര്യനായ മന്നത്ത് പത്മനാഭന്‍ തന്റെ ജീവിതകാലമത്രയും പ്രവര്‍ത്തിച്ചത്, സര്‍ക്കാര്‍ രേഖകളില്‍ നിന്നും നായന്മാരെ കുറിക്കുന്ന ശൂദ്രപദം നീക്കം ചെയ്യുന്നതിന് വേണ്ടിയായയി രുന്നു. കാരണം, ഹിന്ദുക്കളുടെ ബൈബിള്‍ എന്നറിയപ്പെടുന്ന മനുസ്മൃതി യില്‍ ശൂദ്രരുടെ പേരിന്റെ ഒന്നാമത്തെ ഭാഗം നിന്ദാ സൂചകമായും രണ്ടാമത്തെ ഭാഗം അടിമത്ത സൂചകവുമായിരിക്കണമെന്ന് നിഷ്‌കര്‍ഷി ച്ചിരിക്കുന്നു (ശൂദ്രസ്യ തു ജൂഗുപ്‌സിതം... ശൂദ്രസ്യ പ്രൈഷസംയുതം - മനുസ്മൃതി II 31, 32). അതെ, ഒരു വ്യക്തിക്കോ ഒരു ജനവിഭാഗത്തിനോ ഹിതകരമല്ലാത്ത നാമകരണം മാറ്റേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ആ വ്യക്തിക്കോ ആ ജനവിഭാഗത്തിനോ മൗലികമായിട്ടു ള്ളതാണ്.

പട്ടികജാതി വിഭാഗങ്ങളെ ഹരിജനങ്ങള്‍ അഥവാ ഗിരിജനങ്ങള്‍ എന്ന് വിളിക്കാന്‍ പാടില്ല എന്ന് 1982 ഫെബ്രുവരി 10 ന് കേന്ദ്ര സര്‍ക്കാര്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ട്ടിഫിക്കറ്റ് ദാതാക്കളായ അധികാരികള്‍ മേലില്‍ ഈ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ജാതി/ഗോത്ര നാമങ്ങള്‍ ഉപയോഗിക്കണമെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് Harijan എന്നതിന് പകരം Schedule Caste എന്നും Girijan എന്നതിന് പകരം Scheduled Tribe എന്നും ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടു. Ministry of Home affaris (ഇപ്പോഴത്തെ Minitry of Welfare) അതിന്റെ No. 12025 / 17 / 82 / SC & BCD IV 1 dtd. 19 / 10 / 1982 കത്തിലൂടെ Ministry of Education & Culture - ന് (ഇപ്പോള്‍ Human Resources & Development) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി നിര്‍ദ്ദേശങ്ങള്‍ നല്കിയിരുന്നു.

പട്ടികവിഭാഗ ക്ഷേമ സംഘടനകള്‍, പല സംസ്ഥാനങ്ങളും പഴയ നില തുടരുന്നതായി കുറ്റപ്പെടുത്തി. മേല്പറഞ്ഞ സര്‍ക്കാര്‍ ഉത്തരവില്‍ കരണങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, നടപടി വിവരണം, ഇടപാടുകള്‍ തുടങ്ങിയവയില്‍ Scheduled Caste / Scheduled Tribe പ്രാദേശിക ഭാഷകളില്‍ സ്വാഭാവിക ഭാഷാ രൂപങ്ങളും ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നു.

നിയമം അനുസരിക്കണമെന്നത് ജനാധിപത്യ മര്യാദയാണെന്ന് ആരേയും ഓര്‍മിപ്പിക്കേണ്ടതില്ല.