"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജനുവരി 2, തിങ്കളാഴ്‌ച

അയ്യന്‍ കാളിയുടെ പ്രജാസഭാ പ്രസംഗങ്ങള്‍: 26 ഫെബ്രുവരി 1918 - വിദ്യാഭ്യാസ വിഷയത്തില്‍ പുലയര്‍ക്കുള്ള കുറവുകള്‍ശ്രീ അയ്യന്‍കാളി (Member Nominated) താഴെ പറയുന്ന കാര്യങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി.

1) ഏഴാം ക്ലാസ്സുവരെ എല്ലാ സ്‌കൂളുകളിലും പുലയകുട്ടികള്‍ക്ക് പ്രവേശനം നല്‍കണം. മുഴുവന്‍ ഫീസും അവര്‍ക്കുവേണ്ടി സര്‍ക്കാര്‍ ഒടുക്കണം. അവരില്‍ 10 ശതമാനം കുട്ടികള്‍ക്കെങ്കിലും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കണം.(2) പുലയര്‍ക്കുവേണ്ടി അവരുടെ ഒരു സുപ്രധാന സ്ഥലത്ത്, അവരെ കൃഷിയും വ്യവസായവും പഠിപ്പിക്കുന്നതിനായി ഒരു സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കണം അത് ചുരുങ്ങിയ പക്ഷം താല്‍ക്കാലികമായെങ്കിലും ചിലപ്പോഴൊക്കെ പ്രവര്‍ത്തിക്കുകയും വേണം.

3) ഗവണ്‍മെന്റ് പുലയര്‍ക്കുവേണ്ടി ധാരാളം സ്‌കൂളുകള്‍ തുറന്നുവെങ്കിലും അവിടെയൊന്നും അത്ര കാര്യമായി അവര്‍ക്ക് അഡ്മിഷന്‍ നല്‍കപ്പെട്ടിരുന്നില്ല. അതുകൊണ്ട് സ്‌കൂള്‍ പ്രവേശനം നല്‍കണമെന്ന ഗവണ്‍മെന്റുത്തരവ് കര്‍ശനമായും നടപ്പില്‍ വരുത്തണം.

4) വെങ്ങാന്നൂരോ, അതുപോലെ പുലയര്‍ കേന്ദ്രീകരിച്ചിട്ടുള്ള പ്രദേശങ്ങളിലോ കുറേ കുടിലുകള്‍ നിരയായി പണിതിട്ട് അവിടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഒരു സ്‌കൂള്‍ സ്ഥാപിക്കുകയും ഉച്ചഭക്ഷത്തിനുള്ള അനുമതി നല്‍കുകയും, അവിടെത്തന്നെ തൊഴില്‍ പരിശീലനം നടത്തുകയും ചെയ്യുക.

5) സംസ്ഥാന ബഡ്ജറ്റില്‍ നിന്നും, പുലയരുടെ വിദ്യാഭ്യാസാവശ്യത്തിന് ഒരു നിശ്ചിത തുക നീക്കിവയ്ക്കുക.

6) പുലയര്‍ക്കായി ഒരു സഹകരണ സംഘം രൂപീകരിക്കുക.
ദിവാന്റെ മറുപടി:- എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.

ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട അധ:സ്ഥിതരുടെ ന്യൂനതകള്‍.

ശ്രീ എബ്രഹാം ഐസക് (Member Nominated)

മധ്യതിരുവിതാംകൂറിലെ സ്‌കൂള്‍ പ്രവേശനവിഷയത്തില്‍ മതം മാറിയ പുലയര്‍ അനുഭവിക്കുന്ന പീഢാനുഭവങ്ങളും കാഠിന്യവുമൊക്കെ ശ്രീ എബ്രഹാം ഐസക്‌സമര്‍പ്പിക്കുകയുണ്ടായി. തന്റെ സമുദായക്കാരായ ആണ്‍കുട്ടികള്‍ക്ക് എണ്ണത്തില്‍ വളരെ കുറവായ സ്‌കോളര്‍ഷിപ്പു നല്‍കുന്നതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. അതുകൊണ്ട് മെമ്പര്‍ താഴെപ്പറയുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചു.

1) നാലാം ക്ലാസ്സു പാസ്സാകുന്ന തന്റെ സമുദായത്തിലെ കുട്ടികള്‍ക്ക് തുടര്‍വിദ്യാഭ്യാസം നടത്തുന്നതിനായി പുസ്തകങ്ങളും മറ്റും വാങ്ങുന്നതിനും, മുഴുവന്‍ ഫീസും ഒടുക്കുന്നതിന് വേണ്ട സാമ്പത്തിക സഹായം നല്‍കണം. കൂടാതെ ഉച്ചഭക്ഷണം സൗജന്യമായി നല്‍കുകയും വേണം.
2) 10% കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക.
3) ഇംഗ്ലീഷ് സ്‌കൂളുകളില്‍ നാമമാത്രമായി പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് അവരുടെ പഠനം തുടര്‍ന്നു നിര്‍വഹിക്കുവാന്‍ വേണ്ട പ്രോത്സാഹനം നല്‍കുക.
4) പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ വളരെ കടുതല്‍ ജാഗ്രത പാലിക്കുക.
5) ഗൗരവതരമായ പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ കൂടുതലായി തന്റെ സമുദായത്തിനു നല്‍കി അവരെ പുരോഗതി കൈവരിക്കാന്‍ പ്രാപ്തരാക്കുക.
6) കോട്ടയം താലൂക്കില്‍ നാട്ടകം പ്രവര്‍ത്തിയില്‍, ചിങ്ങവനത്ത് പൂഞ്ഞൂര്‍ക്കുളം എന്നു പറയുന്ന പുറം പോക്കു ഭൂമിയില്‍ നില്ക്കുന്ന തടി യഥേഷ്ടം അവര്‍ക്ക് ഉപയോഗിക്കാന്‍ അനുവാദം നല്‍കുക. എന്തുകൊണ്ടെന്നാല്‍ ആ തടി അവര്‍ക്ക് തങ്ങളുടെ സാങ്കേതിക സ്‌കൂളിന്റെ ആവശ്യത്തിനായി ഉപയോഗിക്കാനാവും. ചങ്ങനാശ്ശേരി താലൂക്കില്‍ കൂത്രപ്പള്ളിയില്‍ 1917 ഫെബ്രുവരി മാസം അവര്‍ ആരംഭിച്ച മറ്റൊരു സ്ഥാപനത്തിനും കൂടി അതേ വിധത്തിലുള്ള സഹായം നല്‍കുക. ഈ സ്ഥാപനത്തില്‍ തടിപ്പണികളും ഇരുമ്പുപണികളും പഠിപ്പിക്കുന്നുണ്ട്.
7) സമീപപ്രദേശങ്ങളിലെ ആളുകളുടെ ശല്യങ്ങളില്‍ നിന്ന് മേല്‍പറഞ്ഞ സ്ഥാപന മാനേജര്‍ന്മാരെ രക്ഷിക്കാന്‍ പ്രസ്തുത സ്ഥാപനത്തിനടുത്തുള്ള പോലീസ് അധികൃതര്‍ക്ക് ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവുണ്ടാകേണ്ടതാണ്.
8) തന്റെ സമുദായത്തിലെ നാമമാത്രമായ വ്യക്തികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. അവര്‍ക്ക് ഗവണ്‍മെന്റില്‍ ജോലി നല്‍കുക.
9) മേല്‍പറഞ്ഞവര്‍ക്ക് പൊതുസ്ഥലം, ആറ്റുകടവ്, റോഡ് , തുടങ്ങിയ സ്ഥലങ്ങള്‍ യഥേഷ്ടം ഉപയോഗിക്കാന്‍ അനുവാദമുണ്ടാകണം.
10) തന്റെ സമുദായത്തിലെ യോഗ്യരായ എല്ലാ യുവാക്കള്‍ക്കും സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും നിയമനം നല്‍കണം.