"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഫെബ്രുവരി 25, ശനിയാഴ്‌ച

ചന്ദീദാസ്: ജാതിവിരുദ്ധ പോരാട്ടത്തിലെ ആത്മീയവഴികളുടെ ചരിത്രം.!🎬 ഇരുപതാം നൂറ്റാണിന്റെ മൂന്നാം ദശകം ജാതിവിരുദ്ധ സമരങ്ങള്‍കൊണ്ട് മുഖരിതമായിരുന്നു. അക്കാലത്തുണ്ടായ കലാരൂപങ്ങള്‍ ഈ സമരചോദനകളെ പ്രതിഭലിക്കുന്നവയായത് സ്വാഭാവികതയാണ്. ലാഹോറിലെ 'ജഠ് - പഠ് - തോടക് മണ്ഡലി'ന്റെ വാര്‍ഷിക പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് 'ജാതി ഉന്മൂലനം' എന്ന പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണിക്കപ്പെട്ട ഡോ. ബി ആര്‍ അംബേഡ്കര്‍ ജാതിവാദികളുടെ കടുത്ത എതിര്‍പ്പുമൂലം പിന്‍വാങ്ങേണ്ടിവന്ന (സമ്മേളനം തന്നെ റദ്ദ് ചെയ്തു) സാഹചര്യമുണ്ടായ 1936 ല്‍ത്തന്നെ ഹിമാംശു റായ് സംവിധാനം ചെയ്ത ഹിന്ദി സനിമ 'അച്ചുത് കന്യ' യിലൂടെ കലാരംഗം ഈ സമരത്തിലെ അതിന്റെ ഭാഗധേയത്വം നിര്‍വഹിക്കുകയുണ്ടായി. എന്നാല്‍ 1932 ല്‍ ബംഗാളിയില്‍ 


ഇറങ്ങിയ 'ചാന്ദീദാസി'ലൂടെ സംവിധായകനായ ദേബകീ ബോസ് സിനിമയില്‍ തുടക്കമിട്ട ജാതിവിരുദ്ധ ചിന്ത ഹിമാംശു റായിയില്‍ അതിന്റെ പാരമ്യത്തിയാലി എന്ന് നിരീക്ഷിക്കാവുന്നതാണ്. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1934 ല്‍ 'ചാന്ദീദാസി'ന്റെ ഛായാഗ്രാഹ കന്‍ കൂടിയായിരുന്ന നിതിന്‍ ബോസ് ഇതേപേരില്‍ത്തന്നെ ഈ സിനിമ ഹിന്ദിയില്‍ സംവിധാനം ചെയ്ത് പുറത്തിറക്കുകയു ണ്ടായി. 

15 ആം നൂറ്റാണ്ടില്‍ ബംഗാളില്‍ ജീവിച്ചിരുന്ന ഭക്ത - കവിയായ ചാന്ദീദാസിന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ ലഭ്യമല്ല. വൈഷ്ണവ പിന്തുടര്‍ച്ചക്കാരനായ ചൈതന്യ (1486 - 1533) എന്ന അധ്യാപകന്‍ ചാന്ദീദാസിനെക്കുറിച്ച് നല്കുന്ന അറിവുകള്‍ ആധികാരിക രേഖകളാണ്. ബ്രാഹ്മണനായാണ് ജനിച്ചതെങ്കിലും ജാതിവ്യവസ്ഥയെ എതിര്‍ത്തുകൊണ്ട് സാമൂഹ്യ പരിഷ്‌കരണപ്രവര്‍ത്തനങ്ങളില്‍ നിരതനായ ചാന്ദീദാസ് മാനവികതയാണ് തന്റെ മതമെന്ന് പ്രഖ്യാപിച്ചു. ജാതിവ്യവസ്ഥ മനുഷ്യ സൃഷ്ടിയാണെന്നും ദൈവസൃഷ്ടിയല്ലെന്നും അതുകൊണ്ടു തന്നെ അത് മൂല്യവത്തല്ലെന്നും ചാന്ദീദാസ് സമൂഹത്തെ ഉത്‌ബോധിപ്പിച്ചു.

ഒരു ക്ഷേത്രത്തിലെ കീഴ്ശാന്തിയായി ജോലിചെയ്തുകൊണ്ടാണ് ചാന്ദീദാസ് തന്റെ ആത്മീയജീവിതം ആംരംഭിക്കുന്നത്. അവിടെ കീഴ്ജാതിക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ദൈവസന്നി ധിയിലെത്താന്‍ വിശ്വാസികള്‍ക്ക് അതിരുകള്‍ കല്പിക്കുന്നത് അനീതിയാണെന്ന് പറഞ്ഞ് ചാന്ദീദാസ് മേല്‍ജാതിക്കാരുടെ ഇത്തരം നടപടികളെ ചോദ്യം ചെയ്തു.വ്യാപാരിയായ ബ്രാഹ്മണന്‍ ഗോപിനാഥ് ചാന്ദീദാസിന്റെ ഇത്തരം നടപടികളേ യും അങ്ങേയറ്റം എതിര്‍ക്കുകയും ചെയ്തിരുന്നു.

ക്ഷേത്രത്തിലെ തൂപ്പുജോലികള്‍ ചെയ്തിരുന്നത് അസ്പൃശ്യയായ രാമി എന്ന തരുണിയായിരുന്നു. അവള്‍ സഹോദരന്‍ ബൈജു വിനോടും ഭാര്യയോടുമൊപ്പം ക്ഷേത്രത്തിനടുത്തു തന്നെയുള്ള ഒരു കുടിലിലാണ് താമസിച്ചിരുന്നത്. രാമി ദൃഷ്ടിയില്‍ പെടുന്നതുതന്നെ സെമീന്ദാര്‍ ഗോപിനാഥിന് വെറുപ്പുള്ള കാര്യമായിരുന്നു. തരം കിട്ടുമ്പോഴൊക്കെ ജാതിയുടെ ഹീനത്വം ചൂണ്ടിക്കാട്ടി ഗോപിനാഥ് രാമിയെ ആക്ഷേപിക്കുമായിരുന്നു. ഗോപിനാഥിന് രാമിക്കുമേല്‍ ഒരു ദുഷ്ടലാക്കും ഉണ്ടായിരുന്നു. എന്നാല്‍ ചാന്ദീദാസിനാകട്ടെ രാമിയോട് പ്രണയമായിരുന്നു. ഇതറിയുന്ന ഗോപിനാഥ് രാമിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി. ഗോപിനാഥിന്റെ നല്ലവളായ ഭാര്യ രാമിയെ അവിടെ നിന്നും രക്ഷപ്പെടുത്തി. ഇതുകൂടി അറിഞ്ഞപ്പോള്‍ കോപം ഇരട്ടിയായ ഗോപിനാഥ് തന്റെ ശിങ്കിടികളെക്കൊണ്ട് രാമിയുടെ കുടില്‍ അഗ്നിക്കിരയാക്കിച്ചു. ദുരമൂത്ത ഗോപിനാഥ് അസ്പൃശ്യരോട് സഹകരിക്കുന്നു എന്ന കുറ്റമാരപിച്ച് ക്ഷേത്രം വിട്ടുപോകണമെന്ന് ചാന്ദീദാസിനോട് ആജ്ഞാപിച്ചു. അതിന് തയാറായ ചാന്ദീദാസ് ക്ഷേത്രം വിട്ട് അതേഗ്രമാത്തില്‍ രാമിയോടും ബൈജുവിനോടുമൊപ്പം അവരുടെ വീട്ടില്‍ത്തന്നെ താമസമാക്കുന്നു.

ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യാന്‍ ഏറ്റവും പ്രായോഗികമായ മാര്‍ഗം മാനവികതയെ ഉയര്‍ത്തുക എന്നതാണ്. മാനവികതയെ ഉയര്‍ത്താനുള്ള പ്രായോഗികമായ മാര്‍ഗം മിശ്രവിവാഹവും മിശ്രഭോജനവും സമൂഹത്തില്‍ നടപ്പാക്കുക എന്നുള്ളതാണെന്ന് അംബേഡ്കര്‍ ചൂണ്ടിക്കാട്ടുന്നു. ജാതിവ്യവസ്ഥ വിഭജനങ്ങളു ടേതാണ്. മിശ്രവിവാഹവും മിശ്രഭോജനവും വിഭജനങ്ങള്‍ ഉണ്ടാകാനിടയുള്ള സാഹചര്യത്തെ ഇല്ലാതാക്കുന്നു! അപ്രകാരം അസ്പൃശ്യരുടെ കൂടെ ജീവിക്കാന്‍ തയാറായ ചാന്ദീദാസ് മാനവികതയുടെ പക്ഷത്ത് ഉറച്ചു നില്ക്കുന്നു.

ദേവകി ബോസ് 1932 ല്‍ സംവിധാനം ചെയ്ത ബംഗാളി 'ചാന്ദീദാസ്' കല്‍ക്കട്ടയിലെ ചിത്രാ തിയേറ്ററില്‍ 64 ആഴ്ചകള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുകയുണ്ടായി! ഒരു സംഗീത - നൃത്ത - സിനിമ എന്നൊരു ഖ്യാതിയും ഇതിനുണ്ട്. സ്വയം ഒരു വൈഷ്ണവഭക്തനാണ് സംവിധായകനായ ദേബകി ബോസ്. ദുര്‍ഗാദാസ് ബാനര്‍ജിയാണ് ചാന്ദീദാസായി വേഷമിട്ടത്. ഹിന്ദി സിനിമാ രംഗത്തെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിക്ക് അര്‍ഹനായ കുന്ദന്‍ ലാല്‍ സൈഗളാണ് ( കെ എല്‍ സൈഗള്‍) നിതിന്‍ ബോസിന്റെ ഹിന്ദി ആവിഷ്‌കാരത്തില്‍ ചാന്ദീദാസായി വേഷമിട്ടത്. 1904 ഏപ്രില്‍ 11 ന് ബ്രിട്ടീഷ് ഇന്ത്യയിലെ ജന്മു കാശ്മീരില്‍ ജനിച്ച സൈഗാള്‍ സ്വാതന്ത്ര്യ ദിനത്തിന് മുമ്പുതന്നെ 1947 ജനുവരി 18 ന് തന്റെ 42 ആം വയസില്‍ അന്തരിച്ചു. രാമിയെ അവതരിപ്പിക്കുന്ന ഉമാ ശശി 1915 ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ധാക്കിയില്‍ ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. പിന്നീട് കല്‍ക്കത്തയിലേക്ക് താമസം മാറ്റിയ ഉമ ന്യൂ തിയേറ്ററുമായി സഹകരിച്ചുകൊണ്ട് സിനിമാരംഗത്ത് സജീവ മായി. 2000 ഡിസംബര്‍ 6 ന് കല്‍ക്കത്തയില്‍ വെച്ച് തന്റെ 85 ആം വയസില്‍ ഉമാ ശശി അന്തരിച്ചു.

1897 ഏപ്രില്‍ 27 ന് ബംഗാളില്‍ കല്‍ക്കത്തയില്‍ ജനിച്ച നിതിന്‍ ബോസ് പ്രസിദ്ധ സംവിധായകന്‍ സത്യജിത് റായിയുടെ മച്ചുനനാണ്. 11 സിനിമകള്‍ക്ക് എഴുതുകയും 17 എണ്ണത്തിന് ക്യാമറ ചലിപ്പിക്കുകയും ചെയ്തിട്ടുള്ള നിതിന്‍ ബോസ് ഒരു ഡോക്യുമെന്ററിയടക്കം ഒട്ടാകെ 36 സിനിമകള്‍ സംവിധാനം ചെയ്തു. 1972 ല്‍ എടുത്ത 'സമാന്ത'യാണ് അസാനം സംവിധാനം നിര്‍വഹിച്ച സിനിമ. 'ഗംഗാ യമുന' യാണ് നിതിന്‍ ബോസിനെ പ്രസിദ്ധിയിലേക്ക് ഉയര്‍ത്തിയ സിനിമ. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി പിന്നണി ഗാനം ഉപയോഗിക്കുന്നത് 1935 ല്‍ എടുത്ത 'ഭാഗ്യ ചക്ര'യിലൂടെ നിതിന്‍ ബോസാണ്. 1986 ഏപ്രില്‍ 14 ന് കല്‍ക്കത്തയില്‍ വെച്ച് തന്റെ 88 ആം വയസില്‍ നിതിന്‍ ബോസ് അന്തരിച്ചു. 

റായ്ചന്ദ് ബോറല്‍ എന്ന ആര്‍ സി ബോറലാണ് സംഗീതം ചിട്ടപ്പെടുത്തിയത്. 1903 ഒക്ടോബര്‍ 19 ന് കല്‍ക്കത്തയില്‍ ഒരു സംഗീതകുടുംബത്തില്‍ ജനിച്ച ബോറല്‍ 1981 നവംബര്‍ 25 ന് തന്റെ 78 ആം വയസില്‍ കല്‍ക്കത്തയില്‍ വെച്ച് അന്തരിച്ചു. സിനിമരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡും കേന്ദ്ര സംഗീത നാടക അക്കാദമി അവര്‍ഡും 1978 ല്‍ ആര്‍ സി ബോറലിനെ തേടിയെത്തി. ന്യൂ തിയേറ്റ്‌ഴ്‌സ് നിര്‍മിച്ച സിനിമയുടെ ഛായാഗ്രഹണം നിതിന്‍ ബോസ് തന്നെയാണ് നിര്‍വഹിച്ചത്.