"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

സുജാത: 'എന്റെ മകളെ പോലെയാണ് !'🎬 'എക്കാലവും ഇന്ത്യയുടെ വിധിയായ പരാജയത്തിന് കാരണം ജാതി വ്യവസ്ഥയാണ്. ജാതി പൊതുവായി സംഘടിക്കലിനേയും സംഘടിപ്പിക്കലിനേയും തടഞ്ഞു.' - ഡോ. ബി ആര്‍ അംബേഡ്ക റുടെ നിരീക്ഷണമാണ്. വിഭജിക്കപ്പെടുകയും പൊതുവായി സംഘടിക്കലിന് വിലക്കുകളേര്‍പ്പെടുത്തുകയും ചെയ്ത ജാതിവ്യവസ്ഥ സമൂഹ്യമായ അസമത്വവും മതപരമായ അസമത്വവും നടപ്പില്‍ വരുത്തി. മതപരമായ അസമത്വം വരുത്തിവെച്ച ജാതിവ്യവസ്ഥയുടെ അര്‍ത്ഥരാഹിത്യത്തെ വിമര്‍ശന വിധേയമാക്കിയ സിനിമയാണ്, ബംഗാളി ചെറുകഥയെ ആധാരമാക്കി പ്രസിദ്ധ സംവിധായകന്‍ ബിമല്‍ റോയി 1956 ല്‍ ഹിന്ദിയിലെടുത്ത 'സുജാത'

ജാതിപ്രശ്‌നം ആദ്യം തിരശീലയില്‍ ഉന്നയിച്ച, ഹിമാംശു റായിയുടെ 'അച്ചുത് കന്യ' (1936) (അശുദ്ധ് കന്യ, തൊട്ടുകൂടാ ത്തവളായ പെണ്‍കുട്ടി എന്നൊക്കെ അര്‍ത്ഥം) ക്ക് ഷേഷം 23 വര്‍ഷം കഴിഞ്ഞാണ് സുജാത പുറത്തിറങ്ങുന്നത്. ജാതിവുരുദ്ധ പോരാട്ടം രാജ്യമെമ്പാടും സജീവമായി നിലനിന്നിരുന്ന കാലഘട്ടത്തിലാണ് അച്ചുത് കന്യ പുറത്തിറങ്ങുന്നത്. ജാതിവ്യവസ്ഥ സൃഷ്ടിച്ച സാമൂഹ്യമായ അസമത്വത്തിലാണ് അച്ചുത് കന്യയുടെ ഊന്നലുകള്‍. എന്നാല്‍ സുജാത മിഴിവേ കുന്നത് ജാതിവ്യവസ്ഥ സൃഷ്ടിക്കുന്ന മതപരമായ - ആത്മീയവും വിശ്വാസപരവുമായ - അസമത്വങ്ങളിന്മേലാണ്. ഒരേ ദേശക്കാര്‍, ഒരേ ആകാരമുള്ളവര്‍, ഒരേ ഭക്ഷണം, ഒരേ നിറമുള്ള ചോര സിരകളിലൂടെ ഒഴുകുന്നവര്‍..!!! പക്ഷെ അവര്‍ വിശ്വാസംകൊണ്ട് മാത്രം വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ വീക്ഷണകോണില്‍ നിന്നുകൊണ്ട് ജാതിയുടെ അര്‍ത്ഥരാഹിത്യം വിര്‍ശനവിധേയ മാക്കുകയാണ് സുജാതയുടെ ശില്പികള്‍. അംബേഡ്കര്‍ പരിനിര്‍വാണം പ്രാചിച്ച ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് സിനിമ പുറത്തിറങ്ങുന്നത്. അംബേഡ്കര്‍ ഉയര്‍ത്തിവിട്ട ജാതിവിരുദ്ധ ചിന്തകള്‍ സമൂഹത്തില്‍ അപ്പോഴും സജീവമായി നിലനിന്നിരുന്നു. അംബേഡ്കറാകട്ടെ ബുദ്ധദീക്ഷ സ്വീകരിച്ച ശേഷം അധികകാലം ജീവിച്ചിരിക്കുകയുമുണ്ടായില്ല. ശ്രീബുദ്ധന്റെ ജാതിവിരുദ്ധ നിലപാടുകള്‍ സമൂഹത്തിന്റെ മുമ്പാകെ പ്രസരിപ്പിച്ച ഉടനെയാണല്ലോ പരിനിര്‍വാണവും. ശ്രീബുദ്ധന്റെ ജാതിവുദ്ധ നിലപാടുകളും അത് പിന്‍തുടര്‍ന്ന അംബേഡ്കര്‍ ചിന്തകളുടേയും പ്രതിഫലനമാണ് സിനിമ ഉള്‍ക്കൊള്ളുന്നതെന്ന് 'സുജാത' യുടെ ശില്പികള്‍ പ്രഖ്യാപിക്കുകയുണ്ടായിട്ടുണ്ട്. ജാതിവിരുദ്ധ സംവാദഭൂമികയിലെ പ്രസിദ്ധമായ 'ചണ്ഡാലിക'യെ ആശ്രയിച്ചാണ് സിനിമയിലെ നായിക 'സുജാത'യെ രൂപപ്പെടുത്തി യിട്ടുള്ളത്.

എസ്റ്റേറ്റ് എഞ്ചിനീയറായ ഉപേന്ദ്ര ചൗധുരിക്ക്, ജീവനക്കാരുടെ അപേക്ഷയാല്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട് അനാഥയായിത്തീര്‍ന്ന ഒരു ബാലികയെ സംരക്ഷിക്കേണ്ടി വന്നു. അത് അയിത്തജാതി ക്കാരുടെ കുട്ടിയാണെന്ന് അറിയാമായിരുന്നിട്ടും ബ്രാഹ്മണനായ ഉപേന്ദ്രക്ക് ജാതിവ്യവസ്ഥയിലൊന്നും വിശ്വാസമില്ലാതിരുന്നതു കൊണ്ടുതന്നെ അവരുടെ അപേക്ഷ സ്വീകരിക്കാന്‍ യാതൊരു വൈമനസ്യവും ഉണ്ടായിരുന്നില്ല. തനിക്ക് ഭാര്യയില്‍ പിറന്ന മകളുടെ ഒന്നാം പിറന്നാളിനാണ് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. സ്വന്തം മകള്‍ക്ക് രമ എന്നും ഏറ്റെടുത്ത മകള്‍ക്ക് സൂജാത എന്നും പേരിട്ടു. ഉപേന്ദ്രയുടെ ഭാര്യ ചാരുവിന് ഭര്‍ത്താവിന്റെ ഈ പ്രവൃത്തിയോട് എതിര്‍പ്പൊന്നു മില്ലായിരുന്നുവെങ്കിലും സുജാതയെ സ്വന്തം മകളായി കരുതാന്‍ മടിച്ചു. കുട്ടികള്‍ രണ്ടുപേരും ഒരേ അച്ഛനും അമ്മക്കും ഉണ്ടായ സഹോദരിമാരെന്നവണ്ണം ഉപേന്ദ്രന്റെ വീട്ടില്‍ വളര്‍ന്നു. വലിയ പ്രായവ്യത്യാസമൊന്നും ഇല്ലെങ്കിലും രമ സുജാതയെ ചേച്ചീ എന്നല്ലാതെ വിളിക്കുമായിരുന്നില്ല. എന്നാല്‍ ചാരു സുജാതയെ കുറിച്ച് 'മകളെ പോലെ' എന്ന് പലപ്പോഴും പരാമര്‍ശിക്കുന്ന തിന്റെ പൊരുളെന്തെന്ന് ആദ്യമൊന്നും അവള്‍ക്ക് പിടികിട്ടിയിരു ന്നില്ല. 

ഉപേന്ദ്ര ചൗധരിക്ക് സ്ഥലം മാറ്റമുണ്ടാകുമ്പോള്‍ രാജ്യത്ത് പലയിടത്തും പോയി ജോലിചെയ്യേണ്ടി വന്നു. അതിനിടക്ക് മക്കള്‍ക്ക് ഇരുവര്‍ക്കും ഒപ്പം വിവാഹപ്രായമെത്തി. ആയിടെ ഉപേന്ദ്ര ചൗധുരിയുടെ സഹോദരിയുടെ മകന്‍ യുവാവായ ആധിര്‍ വീട്ടിലെത്തി. സുജാതയുമായി ആധിര്‍ സ്ഥാപിച്ച പരിചയം ക്രമേണ പ്രണയമായി വളര്‍ന്നു. ആധിറിന് സുജാതയെ വിവാഹം ചെയ്താല്‍ കൊള്ളാമെന്ന ആവശ്യം ചാരു അറിഞ്ഞപ്പോള്‍ അവര്‍ അതിനെ നഖശിഖാന്തം എതിര്‍ത്തു. സൂജാത ഒരു അനാഥ മാത്രമല്ല അവള്‍ അസ്പൃശ്യകൂടിയാണെന്ന് ആധിറിനെ ബോധ്യപ്പെടുത്തിയ ചാരു തന്റെ മകള്‍ രമയെ വിവാഹം കഴിക്കാന്‍ ഉപദേശിക്കുന്നു. സുജാതയോട് വീടുവിട്ടു പോകുവാന്‍ ചാരു ആജ്ഞാപിച്ചു. കാര്യങ്ങള്‍ ഈ വിഷമഘട്ട ത്തിലെത്തി നില്ക്കുമ്പോള്‍ കോണിപ്പടിയില്‍ നിന്ന് വീണ് ചാരുവിന് മാരകമായി പരുക്കു പറ്റുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചാരുവിന്റെ ജീവന്‍ രക്ഷപ്പെടണമെങ്കില്‍ ഉടനെ രക്തം വേണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. ചാരുവിന്റെ രക്തം അപൂര്‍വ ഗ്രൂപ്പില്‍ പെടുന്നതായിരുന്നു. ഡോക്ടര്‍മാര്‍ ഏല്ലാവരുടേയും രക്തം പരിശോധിച്ചുനോക്കി യെങ്കിലും ചാരുവിന് ചേരുന്നതായി കണ്ടെത്താനായതാകട്ടെ സുജാതയുടെ രക്തം മാത്രം! സുജാതയുടെ രക്തം സ്വീകരിച്ച് ചാരു മരണത്തില്‍ നിന്ന് രക്ഷപ്പെടുന്നു. അതോടെ ചാരു ഒരു പ്രപഞ്ച സത്യം തിരിച്ചറിയുന്നു, മനുഷ്യര്‍ ഒന്നാണന്നെും ജാതികൊണ്ട് അവരെ വേര്‍തിരിക്കുന്നത് വ്യര്‍ത്ഥമാണെന്നും! തുടര്‍ന്ന് ചാരു സുജാതയും ആധിറും തമ്മിലുള്ള വിവാഹത്തിന് അനുമതി നല്കുന്നു. അവര്‍ വിവാഹിതരാകുന്നു. 

'സുജാത' എന്ന നാമകരണം തന്നെ ആ ആശയ സാക്ഷാത്കാര ത്തിനു വേണ്ടി സ്വീകരിച്ചിട്ടുള്ളതാണ്. സുജാത എന്നാല്‍ 'നല്ല ജന്മമുള്ളവള്‍' എന്നര്‍ത്ഥം. എല്ലാ മനുഷ്യ ജന്മവും സജ്ജന്മങ്ങ ളാണെന്നും ഹീനജന്മങ്ങളില്ല എന്നും ശക്തമായ ഭാഷയില്‍ പ്രഖ്യാപിച്ചുകൊണ്ട്, അതേക്കുറിച്ച് നിലനില്ക്കുന്ന പ്രാഗ്ധാര ണകളെ തിരുത്തുകയാണ് 'അസ്പൃശ്യ'കഥാപാത്രത്തിന് നല്കിയ 'സുജാത' എന്ന ഈ നാമകരണം. അത് പലപ്പോഴും 'മനുസമൃതി' തുടങ്ങിയ ശാസനകളോടുള്ള (മനുസ്മൃതി II. 31, 32 ശ്ലോകങ്ങള്‍. ദ്വിജന്മാരുടെ പേരുകള്‍ ഐശ്വര്യ സൂചകവും ശൂദ്രരുടേത് നിന്ദാ സൂചകവുമായിരിക്കണം എന്ന് അനുശാസിക്കുന്ന ശ്ലോകങ്ങള്‍ കാണുക) കടുത്ത എതിര്‍പ്പുകളായും വെല്ലുവിളിയായും വേറിട്ടു നില്ക്കുകയും ചെയ്യുന്നു. അതോടൊപ്പം ഈ സിനിമ, ഡോ. ബി ആര്‍ അംബേഡ്കര്‍ ജാതി ഉന്മൂലനത്തിനായി മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളില്‍ പ്രഥമവും പ്രമുഖവുമായ 'മിശ്രവിവാഹം' (അഥവാ മിശ്രവിവാഹ നിരോധനത്തെ നീക്കം ചെയ്യല്‍) എന്ന ആശയത്തോടുള്ള പരിപൂര്‍ണമായ യോജിപ്പ് രേഖപ്പെടുത്തല്‍ കൂടിയായി മാറുന്നു. അതായത്, ചാരു കരുതുന്നതുപോലെ സുജാത ഒരു 'ചണ്ഡാലിക' തന്നെ ആയിക്കൊള്ളട്ടെ, പക്ഷെ ബ്രാഹ്മണനെ വിവാഹം ചെയ്താല്‍ എന്താണ് കുഴപ്പം? 

സുബോധ് ഘോഷിന്റെ ബംഗാളി ചെറുകഥക്ക് കഥക്ക് നബേന്ദു ഘോഷാണ് തിരക്കഥ തയാറാക്കിയത്. പോള്‍ മഹേന്ദ്ര സംഭാഷണവും രചിച്ചു. മികച്ച കഥക്ക് ആ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡ് സുബോധ് ഘോഷിനായിരുന്നു. ബംഗാളിലെ പ്രസിദ്ധ കഥാകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്നു സുബോധ് ഘോഷ് (1909 - 1980). 1958 ല്‍ ഋത്വിക് ഘട്ടക്ക് എടുത്ത പ്രസിദ്ധമായ 'അജാന്ത്രിക്' എന്ന സിനിമയുടെ കഥയും സുബോധ് ഘോഷിന്റേതാണ്. മറ്റൊന്ന് 1989 ല്‍ ഗുല്‍സാര്‍ എടുത്ത 'ഇജാസത്ത്' ആണ്. ഈ കഥയും ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയിരുന്നു. 1977 ല്‍ ജ്ഞാനപീഠം അവാര്‍ഡ് സുബോധ് ഘോഷിനെ തേടിയെത്തിയെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.

സുജാതയെ അവതരിപ്പിച്ചത് പ്രസിദ്ധ നടി നൂതന്‍ ആണ്. നാല് പതിറ്റാണ്ടുകാലം സിനിമാരംഗത്ത് സജീവമായിരുന്ന നൂതന്‍ എണ്ണം പറഞ്ഞ 70 ഓളം സിനിമകളിലൂടെയാണ് താരസിംഹാ സനം കയ്യടക്കിയത്. 1936 ല്‍ മഹാരാഷ്ട്രയിലെ സിനിമാ കലാകാരന്മാരുടെ കുടുംബത്തിലാണ് നൂതന്‍ ജനിച്ചത്. അച്ഛന്‍ കുമരേശന്‍ സാമര്‍ത്ഥ് നിര്‍മാതാവും അമ്മ ശോഭനാ സാമര്‍ത്ഥ് അഭിനേത്രിയുമായിരുന്നു. നൂതന്റെ അമ്മൂമ്മ രത്തന്‍ ബായിയും അറിയപ്പെടുന്ന അഭിനേത്രിയായിരുന്നു. സഹോദരി തനൂജയും അവരുടെ മകള്‍ കാജളും അഭിനയ കലാരംഗത്ത് വ്യക്തിമുദ്ര പതിച്ചിട്ടുള്ളവരാണ്. നൂതന്റെ ഭര്‍ത്താവ് രജനീഷ് ബാല്‍ മാത്രം സിനിമാ രംഗത്ത് അത്രയൊന്നും അറിയപ്പെടുന്നില്ല. അവരുടെ മകന്‍ മോഹ്നിഷ് ബാലും അഭിനയകലാരംഗത്ത് സജീവമാണ്. മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സുജാതയിലൂടെ നൂതന്‍ നേടുകയുണ്ടായി.

മറ്റ് കഥാപാത്രങ്ങളില്‍ ആധിറിനെ അവതരിപ്പിക്കുന്നത് സുനില്‍ ദത്താണ്. മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് സുനില്‍ ദത്ത് സുജാതയിലൂടെ നേടി. രമയെ ശശികലയാണ് അവതരിപ്പി ച്ചത്. ചാരുവായി സുലോടന ലത്കറും വേഷമിട്ടു. തുണ്‍ ബോസാണ് ഉപേന്ദ്ര നാഥ് ചൗധുരിയെ അവതരിപ്പിച്ചത്.

അന്താരാഷ്ട്ര പ്രസിദ്ധങ്ങളായ സിനിമകളുടെ സംവിധായകരില്‍ മുന്‍പന്തിയിലുള്ള ഇന്ത്യക്കാരനായ ബിമല്‍ റോയിയുടെ അതിപ്രസിദ്ധങ്ങളായ 6 സിനിമകളില്‍ പെടുന്ന ഒന്നാണ് 'സുജാത'. (മറ്റുള്ളവ - ദോ ബിഘാ സമീന്‍, പരിണീത, ബിരാജ് ബാഹു, മധുമതി, ബന്ധിനി) ഇറ്റാലിയന്‍ ക്ലാസിക് രചനാ രീതിയായ 'നിയോ റരിയലിസ'ത്തില്‍ ആകൃഷ്ടനായി സിനിമാ ജീവിതം ആരംഭിച്ച ബിമല്‍ റോയിയുടെ ദോ ബീഘാ സമീന്‍ ആകട്ടെ വിത്തോറിയ ദി സീക്കയുടെ പ്രസിദ്ധമായ 'ബൈസിക്കള്‍ തീവ്‌സ്' ആധാരമാക്കിയാണ് രചിക്കപ്പെട്ടത്. മികച്ച സിനിമക്കുള്ള ആദ്യത്തെ ദേശീയ അവാര്‍ഡ് 1954 ല്‍ നേടിയത് ഈ സിനിമയാണ്. ഇന്ത്യക്ക് ഫ്രാന്‍സിലെ കാനില്‍ നിന്നും ആദ്യമായി ഒരു അവാര്‍ഡ് നേടിത്തരുന്നത് 1954 ല്‍ 7 ആമത് ഫെസ്റ്റിവെലില്‍ നിന്നും 'ദോ ബീഘാ സമീന്‍' എന്ന സിനിമക്ക് ലഭിച്ച മികച്ച സിനിമക്കുള്ള ഇന്റര്‍ നാഷനല്‍് അവാര്‍ഡാണ്. കാര്‍ലോവി വാരി ഇന്റര്‍നാഷനല്‍ ഫിലിം ഫെസര്‌റിവെലില്‍ സാമൂഹ്യ പുരോഗതി ലക്ഷ്യം വെക്കുന്ന സിനിമകള്‍ക്കുള്ള അവാര്‍ഡും ദോ ബീഘാ സമീന്‍ നേടിയിരുന്നു. 'മധുമതി' അക്കാദമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ലഭിക്കുന്ന രണ്ടാത്തെ ഇന്ത്യന്‍ സിനിമയുമാണ്. ഋത്വിക് ഘട്ടക്കിന്റെ കഥയെ ആധരമാക്കിയാണ് മധുമതി എടുത്തിട്ടുള്ളത്.

1909 ജൂലൈ 12 ന് ഇന്നത്തെ ബംഗ്ലാദേശിലെ ധാക്കയില്‍ ഒരു സെമീന്ദാര്‍ കുടുംബത്തിലാണ് ബിമല്‍ റോയി ജനിച്ചത്. ക്യാമറ അസിസ്റ്റന്റായി സിനിമാ ജീവിതം ആരംഭിച്ച ബിമല്‍ റോയി ബി സി ബറുവയുടെ അസിസ്റ്റന്റായിക്കൊണ്ട് സംവിധാന രംഗത്ത് പ്രവേശിച്ചു. തുടര്‍ന്ന് പ്രവര്‍ത്തനമണ്ഡലം കല്‍ക്കത്തയില്‍ നിന്നും ബോംബേയിലേക്ക് ണാറ്റുകയായിരുന്നു. ഒന്നാം മോസ്‌കോ ഇന്റര്‍ നാഷനല്‍ ഫിലിം ഫെസ്റ്റിവെലില്‍ ജൂറി അംഗമായിരുന്നു. 1965 ല്‍ 56 ആം വയസില്‍ അന്തരിച്ചു. പ്രസിദ്ധ തിരക്കഥാകൃ ത്തും അഭിനേതാവുമായ ആദിത്യ ഭട്ടാചാര്യ ബിമല്‍ റോയിയുടെ ചെറുമകനാണ്.

സുജാതയുടെ നിര്‍മാതാവും ബിമല്‍ റോയിയാണ്. ആ വര്‍ഷം കാന്‍ ഫെസ്റ്റിവലില്‍ സുജാത മികച്ച ചിത്രത്തിനുള്ള നാമനിര്‍ദ്ദേശം നേടിയിരുന്നു. ബ്ലാക് ആന്റ് വൈറ്റ് കാലഘട്ടത്തിലും കളര്‍ കാലഘട്ടത്തിലും ഒരേപോലെ തിളങ്ങിയ കമല്‍ ബോസാണ് സുജാതയുടെ സിനിമാട്ടോഗ്രാഫര്‍. ബിമല്‍ റോയിയുടെ സിനിമാട്ടോഗ്രാഫര്‍ എന്ന ഖ്യാതിയുള്ള കമല്‍ ബോസ് പക്ഷെ, സുജാതയിലൂടെ ഫിലിംഫെയര്‍ അവാര്‍ഡ് നേടുകയുണ്ടായില്ല! ഏഴോളം ഇമ്പമേറിയ ഗാനങ്ങളാണ് സുജാതയുടെ മറ്റൊരു സവിശേഷത. മൂഹമ്മദ് റാഫി ഉള്‍പ്പെടെ ഏഴോളം ഗായകരും ആലാപകരായി. എസ് ഡി ബര്‍മന്‍ ഗാനങ്ങല്‍ ചിട്ടപ്പെടുത്തുക യും ആലപിക്കുകയും ചെയ്തു. സംവിധായകനും പ്രസിദ്ധ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകൂടിയായ അമിത് ബോസാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്.