"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 3, വെള്ളിയാഴ്‌ച

കമ്മ്യൂണിസ്റ്റ് പാഠങ്ങള്‍ - 2


അഡ്വ സോമപ്രസാദിനുള്ള മറുപടി - കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ നിന്നും.
അദ്ദേഹത്തിന്റെ പ്രസംഗത്തിലെ സാരം: 'നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ...' എന്ന് കമ്മ്യൂണിസ്റ്റു കാര്‍ കര്‍ഷകത്തൊഴിലാളികളെക്കൊണ്ട് പാടിച്ചിട്ടുണ്ട് എന്നുള്ളത് ശരിയാണ്. എന്നുകരുതി കശുവണ്ടി ഫാക്ടറി കശുവണ്ടി ത്തൊഴിലാളികള്‍ അവകാശപ്പെടുന്നത് ശരിയൊണോ? 

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അനുബന്ധത്തില്‍ ഫ്രെഡറിക് എംഗത്സ് 'കമ്മ്യൂണിസത്തിന്റെ തത്വങ്ങള്‍' എന്ന അധ്യായത്തില്‍ പറയുന്നു;
-----------------------------------------------------------------------------------------------------
ചോദ്യം: 1) കമ്മ്യൂണിസം എന്നാല്‍ എന്താണ്?

ഉത്തരം: തൊഴിലാളിവര്‍ഗ വിമോചനത്തിനുള്ള ഉപാധികളുടെ സിദ്ധാന്തമാണ് കമ്മ്യൂണിസം.

-----------------------------------------------------------------------------------------------------
അപ്പോള്‍ 'കര്‍ഷകത്തൊഴിലാളി'കളും തൊഴിലാളികളാണ്. തൊഴിലാളിവര്‍ഗ വിമോചനത്തിനുള്ള ഉപാധികളുടെ സിദ്ധാന്ത മായി 'കമ്മ്യൂണിസം' അവരുടെ മുമ്പാകെ അവതരിപ്പിക്കുമ്പോള്‍ കര്‍ഷക ത്തൊഴിലാളികള്‍ വിമോചിത രാണോ അല്ലയോ എന്ന വസ്തുതയാണ് അഡ്വ. സോമപ്രസാദ് വിശദീകരിച്ചു തരേണ്ടത്. 
'തൊഴിലാളി വര്‍ഗ വിമോചന ത്തിനുള്ള' എന്ന് എടുത്തു പറയുമ്പോള്‍ തൊഴിലാളി വര്‍ഗം വിമോചിതരല്ലാത്ത ഒരു വര്‍ഗമാണെന്നാണല്ലോ എംഗത്സ് ഉദ്ദേശിച്ചിട്ടുള്ളത്? കര്‍ഷക ത്തൊഴിലാളികള്‍ വിമോചിതരാകേണ്ട എന്നാണോ അഡ്വ. സോമപ്രസാദ് പറഞ്ഞുവരുന്നത്?

ഇനി തൊഴിലാളിവര്‍ഗം എന്നാല്‍ എന്താണ് എന്ന് എംഗത്സ് തുടര്‍ന്നു വിശദീകരിക്കുന്നത് ശ്രദ്ധിക്കുക;
-----------------------------------------------------------------------------------------------------
ചോദ്യം: 2) തൊഴിലാളി വര്‍ഗമെന്നാല്‍ എന്താണ്? 

ഉത്തരം: സമൂഹത്തിലെ ഏത് വര്‍ഗമാണോ ഏതെങ്കിലും മൂലധനത്തില്‍ നിന്നു കിട്ടുന്ന ലാഭംകൊണ്ടല്ലാതെ പൂര്‍ണമായും സ്വന്തം അധ്വാനം വില്ക്കുന്നതുവഴി മാത്രം ഉപജീവനമാര്‍ഗം സമ്പാദിക്കുന്നത്, അതാണ് തൊഴിലാളി വര്‍ഗം. അതിന്റെ സുഖവും ദുഃഖവും ജീവിതവും മരണവും അതിന്റെ നിലനില്പാകെത്തന്നെ ആശ്രയിച്ചിരിക്കുന്നത് അധ്വാനത്തിനുള്ള ആവശ്യകതയെയാണ്. അതായത് ബിസിനസിന്റെ നല്ലകാലവും ചീത്തക്കാലവും മാറിമാറി വരുന്നതിനേയും അനിയന്ത്രിതമായ മത്സരത്തില്‍ നിന്നുളവാകുന്ന ഏറ്റക്കുറച്ചിലുകളേയുമാണ്. പ്രോലറ്റേറിയറ്റ് അഥവാ പ്രോലറ്റേറിയന്മാരുടെ വര്‍ഗം, ഒറ്റവാക്കില്‍ പറഞ്ഞാല്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ പണിയാള വര്‍ഗമാണ്.

-----------------------------------------------------------------------------------------------------

അപ്പോള്‍, മറ്റേതൊരു തൊഴിലാളിയേയും പോലെ, കര്‍ഷക ത്തൊഴിലാളികളും തങ്ങളുടെ അധ്വാനം വിറ്റാണ് ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്! ഭൂവുടമയാകട്ടെ അവന്റെ മൂലധനമായ (സ്വകാര്യ സ്വത്ത്) ഭൂസ്വത്തുകൊണ്ടും ജീവിക്കുന്നു - അധ്വാനം വില്ക്കാതെ! കമ്മ്യൂണിസം എന്നാല്‍ കര്‍ഷകത്തൊഴിലാളി കളുടേയും വിമോചനത്തിനുള്ള സിദ്ധാന്തമാകണമല്ലോ. കര്‍ഷകത്തൊഴിലാളികള്‍ക്ക് വിമോചനം വേണമെങ്കില്‍ കമ്മ്യൂണിസം പ്രയോഗിക്കപ്പെടണം. 'സ്വകാര്യ സ്വത്ത് ഇല്ലാതാക്കലാണ്' കമ്മ്യൂണിസം എന്ന് മാര്‍ക്‌സും ഏംഗത്സും ഒറ്റവാക്കില്‍ പറഞ്ഞിട്ടുണ്ട്. (ഒന്നാമത്തെ പാഠം ശ്രദ്ധിക്കുക) അപ്പോള്‍ കമ്മ്യൂണിസം പ്രയോഗിക്കപ്പെടുമ്പോഴാണ് സ്വകാര്യ സ്വത്ത് ഇല്ലാതാകുന്നത് അതുവഴി കര്‍ഷകത്തൊഴിലാളിക്ക് വിമോചിതരാകാനും! 

ഭൂഉടമയുടെ സ്വകാര്യ സ്വത്തായ ഭൂമി കമ്മ്യൂണിസത്തിലൂടെ എങ്ങനെയാണ് ഇല്ലാതാകുന്നത്? അതായത് ഭൂമി കര്‍ഷക ത്തൊഴിലാളി യുടേതുകൂടി യാകണം! അപ്പോള്‍മാത്രമാണ് ഭൂവുടമയുടെ 'സ്വകാര്യസ്വത്ത്' ഇല്ലാതാകുന്നതും 'പൊതുസ്വത്ത്' ഉണ്ടാകുന്നതും! ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, 'സ്വകാര്യ സ്വത്ത് ഇല്ലാതാക്കുക എന്നു പറഞ്ഞാല്‍ പൊതുസ്വത്ത് ഉണ്ടാക്കുക' എന്നാണര്‍ത്ഥം. അതാണല്ലോ കമ്മ്യൂണിസം?

കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയില്‍ സ്വകാര്യ സ്വത്തില്ല. അത് നശിപ്പിക്കപ്പെട്ടല്ലോ. അവിടെ പൊതുസ്വത്തേയുള്ളൂ. മുതലാളിയും തൊഴിലാളിയുമില്ല. പൊതുഉടമാ സമ്പ്രദായം നിലവില്‍ വന്നു! 

അതിനാല്‍ അഡ്വ. സോമപ്രസാദ് കമ്മ്യൂണിസമാണ് ആഗ്രഹിക്കു ന്നതെങ്കില്‍ 'കര്‍ഷകത്തൊഴിലാളികള്‍ കൊയ്ത വയലെല്ലാം' അവര്‍ക്കു കൊടുത്തേ മതിയാകൂ. ഇത് കശുവണ്ടി ഫാക്ടറിക്കും ബാധകമാണ്. അവരും അധ്വാനം വിറ്റുതന്നെയാണല്ലോ ഉപജീവന മാര്‍ഗം തേടുന്നത്. കമ്മ്യൂണിസ്റ്റ് വ്യവസ്ഥയില്‍ ഭൂമി ഉടമയുടെ സ്വകാര്യ സ്വത്തല്ലാതായിത്തീരുന്നതു പോലെ കശുവണ്ടി ഫാക്ടറിയും പൊതു സ്വത്തായി മാറണം. അതിനു വേണ്ടി നിലകൊള്ളുന്നയാളാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്.