"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മാർച്ച് 4, ശനിയാഴ്‌ച

അധ്വാനം ഒരു ചരക്കാകുന്നതെങ്ങനെ ? കമ്മ്യൂണിസ്റ്റ് പാഠങ്ങള്‍ : 4



അഡ്വ സോമപ്രസാദിനുള്ള മറുപടി - കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ നിന്നും.

അദ്ദേഹത്തിന്റെ പ്രസംഗത്തിലെ സാരം: 'നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ...' എന്ന് കമ്മ്യൂണിസ്റ്റുകാര്‍ കര്‍ഷകത്തൊഴിലാളികളെക്കൊണ്ട് പാടിച്ചിട്ടുണ്ട് എന്നുള്ളത് ശരിയാണ്. എന്നുകരുതി കശുവണ്ടി ഫാക്ടറി കശുവണ്ടിത്തൊഴിലാളികള്‍ അവകാശപ്പെടുന്നത് ശരിയൊണോ? 

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അനുബന്ധത്തില്‍ ഫ്രെഡറിക് എംഗത്സ് 'കമ്മ്യൂണിസത്തിന്റെ തത്വങ്ങള്‍' എന്ന അധ്യായത്തില്‍ പറയുന്നു;

---------------------------------------------------------------------------------------------------------

ചോദ്യം 5 : തൊഴിലാളികള്‍ ബൂര്‍ഷ്വാകള്‍ക്ക് ഇങ്ങനെ അധ്വാനം വില്ക്കുന്നത് ഏത് സാഹചര്യത്തിലാണ് ?

ഉത്തരം : മറ്റേതൊരു ചരക്കിനേയും പോലെ അധ്വാനവും ഒരു ചരക്കാണ്. മറ്റേതൊരു ചരക്കിന്റേയും വില നര്‍ണയിക്കുന്ന നിയമങ്ങള്‍ തന്നെ അതിന്റെ വിലയേയും നിര്‍ണയിക്കുന്നു. വന്‍കിടവ്യവസായത്തിന്റെ ആധിപത്യത്തിന്‍ കീഴിലായാലും സ്വതന്ത്ര മത്സരത്തിന്റെ ആധിപത്യത്തിന്‍ കീഴിലായാലും (രണ്ടും ഒന്നുതന്നെയാണെന്ന് നാം വഴിയേ കാണുന്നതാണ്) ഒരു ചരക്കിന്റെ വില ശരാശരി എടുത്താലും എപ്പോഴും ആ ചരക്കിന്റെ ഉത്പാദനച്ചെലവിന് തുല്യമായിരിക്കും. അതുകൊണ്ട് അധ്വാനത്തിന്റെ വിലയും അധ്വാനത്തിന്റെ ഉത്പാദനച്ചെലവിന് തുല്യമാണെന്ന് വരുന്നു. തൊഴിലാളിയെ അധ്വാനത്തിന് പ്രാപ്തനാക്കാനും തൊഴിലാളിവര്‍ഗം നാശമടയാതിരിക്കാനും ആവശ്യമായ ഉപജീവനോപാധികളുടെ തുകയാണ് കൃത്യമായും അധ്വാനത്തിന്റെ ഉത്പാദനച്ചെലവില്‍ അടങ്ങിയിരിക്കുന്നത്. എന്നുവെച്ചാല്‍, ഈ ഉദ്ദേശത്തിന് വേണ്ടിവരുന്നതിലും കൂടുതലായി യാതൊന്നും തൊഴിലാളിക്ക് തന്റെ അധ്വാനത്തിന് പ്രതിഫലമായി ലഭിക്കുകയില്ലെന്നര്‍ത്ഥം. ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും ചുരുങ്ങിയത്, ഏറ്റവും കുറഞ്ഞത് എത്രവേണോ അതായിരിക്കും അധ്വാനത്തിന്റെ വില അഥവാ കൂലി. ബിസിനസ് ചിലപ്പോള്‍ മോശവും ചിലപ്പോള്‍ മെച്ചവുമായിരി ക്കുമെന്നതുകൊണ്ട്, ഫാക്ടറി ഉടമക്ക് തന്റെ ചരക്കിന് ഒരു സമയത്ത് കൂടുതലും വേറൊരു സമയത്ത് കുറച്ചും കിട്ടുന്നുവെന്നതുപോലെ തന്നെ തൊഴിലാളിക്ക് ചിലപ്പോള്‍ കൂടുതലും ചിലപ്പോള്‍ കുറച്ചുമായിരിക്കും കിട്ടുന്നത്. എങ്കിലും നല്ലകാലമായാലും ചീത്തക്കാലമായാലും ഫാക്ടറി ഉടമക്ക് തന്റെ ചരക്കിന് ശരാശരി കിട്ടുന്നതിന് അതിന്റെ ഉത്പാദനച്ചെലവി നേക്കാള്‍ കൂടുതലോ കുറവോ ആയിരിക്കുകയില്ല എന്നതുപോലെ തന്നെ, തൊഴിലാളിക്ക് ശരാശരി കിട്ടുന്നത് കുറഞ്ഞ (മിനിമം) കൂലിയേക്കാള്‍ കൂടുതലോ കുറവോ ആയിരിക്കുകയില്ല. അധ്വാനത്തിന്റെ എല്ലാ ശാഖകളേയും വന്‍കിട വ്യവസായം എത്രകണ്ട് കൂടുതല്‍ ഏറ്റെടുക്കുന്നുവോ അത്രകണ്ട് കൂടുതല്‍ കര്‍ശനമായി കൂലിയെ സംബന്ധിച്ച് ഈ സാമ്പത്തിക നിയമം നടപ്പാക്കപ്പെടുന്നതാണ്.
---------------------------------------------------------------------------------------------------------

അഡ്വ സോമപ്രസാദ് മനസിലാക്കേണ്ട്ത്; 'മറ്റേതൊരു ചരക്കിനേയും പോലെ അധ്വാനവും ഒരു ചരക്കാണ്.' 

കര്‍ഷകത്തൊഴിലാളിയും തന്റെ അധ്വാനമെന്ന ഈ ചരക്കിനെ ഭൂവുടമക്ക് കൈമാറുകയാണല്ലോ ചെയ്യുന്നത്? ഉദാഹരണത്തി ലേക്ക് പോകാം; ഒരു തൊഴിലാളി തന്റെ അധ്വാനം ഒരു ജന്മിക്ക് 100 രൂപക്ക് വില്ക്കുന്നു എന്നിരിക്കട്ടെ. അതായത് ജന്മിക്ക് കര്‍ഷകത്തൊഴിലാളി അധ്വാനം കൊടുത്തു, ജന്മി തിരികെ 100 രൂപയും കൊടുത്തു. കര്‍ഷകത്തൊഴിലാളിക്ക് കിട്ടിയ 100 രൂപ അവന് അന്നത്തെ ചെലവിന് വിനിയോഗിച്ചുകഴിഞ്ഞാല്‍ പിന്നെ അവന് അടുത്ത അധ്വാനം വില്ക്കുന്നതുവരെ യാതൊന്നും കയ്യിലുണ്ടാവില്ല. (ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും ചുരുങ്ങിയത്, ഏറ്റവും കുറഞ്ഞത് എത്രവേണോ അതായിരിക്കും അധ്വാന ത്തിന്റെ വില അഥവാ കൂലി - മുകളില്‍ സൂചിപ്പിച്ചത്) 

അപ്പോള്‍ ജന്മിക്കും ജീവിക്കണമല്ലോ. ജന്മി കര്‍ഷകത്തൊഴി ലാളിക്കു കൊടുത്ത 100 രൂപ അവന്റെ മൂലധനത്തില്‍ നിന്നുള്ളതാണ്. എങ്കിലും ജന്മിക്കും ചെലവിന് 100 രൂപ വിനിയോഗിക്കേണ്ടതുണ്ട്. 100 രൂപ അയാള്‍ക്കും ചെലവായി. എന്നാല്‍ കര്‍ഷകത്തൊഴിലാളിയോട് 100 രൂപ കൊടുത്തു വാങ്ങിയ അധ്വാനത്തിന്റെ ഫലമായ വിളകള്‍ക്ക് 200 രൂപ കിട്ടി! ജന്മിയുടെ മുതല്‍ മുടക്കായ നൂറുരൂപ തിരികെ കിട്ടി. 100 രൂപ ലാഭവും കിട്ടി. കര്‍ഷകത്തൊഴിലാളിക്കോ? അധ്വാനം വിറ്റതിന് കിട്ടിയ 100 രൂപ അവന്‍ ചെലവഴിച്ചു കഴിഞ്ഞു. ജന്മിക്കോ? അധ്വാനം വാങ്ങിയതിന് മുടക്കിയ 100 രൂപ തിരികെ കിട്ടി. ലാഭവും 100 രൂപ കിട്ടി. അവന് ഒന്നും നഷ്ടപ്പെട്ടില്ല! ലാഭം കിട്ടുകയും ചെയ്തു! എന്നാല്‍ കര്‍ഷകത്തൊഴിലാളിയോ? അവന് യാതൊന്നും നീക്കിയിരിപ്പില്ല!

ഇവിടെ അധ്വാനിച്ചത് ആരാണ് കര്‍ഷകത്തൊഴിലാളി! ലാഭം കൊയ്തതോ അധ്വാനിക്കാത്ത ജന്മിയും! അഡ്വ. സോമപ്രസാദ് കരുതുന്നത് കര്‍ഷകത്തൊഴിലാളി എന്നും അധ്വാനം വിറ്റുകൊ ണ്ടുതന്നെ ഒന്നും നീക്കിയിരിപ്പില്ലാതെ പാപ്പരായ നില തുടരണം. ജന്മി എപ്പോഴും കര്‍ഷകത്തൊഴിലാളിയെ ചൂഷണം ചെയ്ത് സ്വന്തം മൂലധനം വര്‍ദ്ധിപ്പിച്ചുകൊണ്ടുമിരിക്കണം എന്നാണോ? ഇതുകൊണ്ടാണോ കര്‍ഷകത്തൊഴിലാളിക്ക് അവന്‍ കൊയ്ത വയല്‍ പങ്കുവെക്കരുത് എന്ന് പറയുന്നത്? 

ശ്രദ്ധിക്കേണ്ട വസ്തുത: കര്‍ഷകത്തൊഴിലാളിയുടെ സ്വാതന്ത്ര്യ ത്തിന് ഒറ്റ പോംവഴിയേയുള്ളൂ, സ്വകാര്യസ്വത്ത് ഇല്ലാതാക്കുക. അതാണല്ലോ കമ്മ്യൂണിസം എന്ന് മാര്‍ക്‌സും എംഗത്സും അടിവരയിട്ടു പറയുന്നത്. അതിനാല്‍ അവന്‍ കൊയ്ത വയല്‍ അവന് കിട്ടുകതന്നെ വേണം.