"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 1, ശനിയാഴ്‌ച

ഡോ. അംബേഡ്കര്‍ ഇ കണ്ണന്‍ എംഎല്‍എക്ക് അയച്ച കത്തുകള്‍: 15 പരിഭാഷ: വയലാര്‍ ഓമനക്കുട്ടന്‍



ഭീം റാവു ആര്‍ അംബേഡ്കര്‍,
MA, PhD, DSc, Bar-at-Law

ദാമോദര്‍ ഹില്‍
പരേല്‍, ബോംബെ 12,
9 മാര്‍ച്ച 1931

പ്രിയപ്പെട്ട കണ്ണന്,

വട്ടമേശ സമ്മേളനത്തില്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞ അത്ര വലുതല്ലാത്ത കാര്യങ്ങളെ അധഃസ്ഥിത ജനത അത്യധികം പ്രശംസയോടുകൂടിയാണ് സ്വികരിച്ചതെന്ന് ഫെബ്രുവരി 26 ആം തിയതി താങ്കളയച്ച കത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. 

വട്ടമേശ സമ്മേളനം, താങ്കള്‍ അറിഞ്ഞതുപോലെ, ഉടന്‍തന്നെ ഇന്ത്യയിലെത്തിച്ചേരുകയും അധഃസ്ഥിത വിഭാഗങ്ങളുമായി ബന്ധപ്പെട്ട ധാരാളം പ്രശ്‌നങ്ങള്‍ പരിഹാരത്തിനായി സമര്‍പ്പിക്ക പ്പെടുകയും ചെയ്യും. അതുകൊണ്ട്, സമ്മേളനം കൂടുന്നതിന് മുമ്പുതന്നെ, അത്യാവശ്യമായി അധഃസ്ഥിത വിഭാഗങ്ങള്‍ ഈ പ്രശ്‌നങ്ങളില്‍ ഒക്കെത്തന്നെയും ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തു കയും വേണം. എനിക്ക് തോന്നുന്നത് രണ്ട് മാര്‍ഗങ്ങളിലൂടെ നമുക്ക് മുന്നേറാനാവുമെന്നാണ്. ഒന്നാമത്തെ മാര്‍ഗം, അധഃസ്ഥിത വിഭാഗങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ടവരുടെ മീറ്റിംഗുകള്‍ ചില പ്രദേശങ്ങളില്‍ വിളിച്ചു ചേര്‍ക്കുക എന്നതാണ്. രണ്ടാമത്തേത്, അധഃസ്ഥിത വിഭാഗങ്ങളുടെ ഒരു സമ്മേളനം വിളിച്ചു ചേര്‍ക്കു ന്നതുമാണ്. എന്റെ അഭിപ്രായം ചര്‍ച്ചചെയ്യാന്‍ പോകുന്ന കാര്യങ്ങളുടെ പ്രാധാന്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം ഈ രണ്ടുകാര്യങ്ങളും തെരഞ്ഞെടുക്കേണ്ടത് എന്നുള്ളതാണ്. ഞാന്‍ മനസിലാക്കിയിടത്തോളം, ഈ വിഷയം സാങ്കേതിക പ്രാധാന്യമുള്ളതിനാല്‍ നാനാവിധമായ ജനങ്ങള്‍ പങ്കെടുക്കുന്നൊരു സമ്മേളനത്തില്‍ അത് ഫലവത്തായി ചര്‍ച്ചചെയ്യാന്‍ കഴിയില്ല എന്നാണ്. വളരെ അടുത്തുനിന്നുകൊണ്ട്, അന്വേഷണാത്മകമായി പഠനം നടത്തേണ്ടതും പരിഹാരം കാണേണ്ടതുമായ വിഷയങ്ങ ളാണ് ഇത്. അതുകൊണ്ടുതന്നെ എന്റെ കാഴ്ചപ്പാടില്‍, എല്ലാ മേഖലകളിലും പ്രവിശ്യകളിലും ഉള്ള അധഃസ്ഥിത വിഭാഗങ്ങളുടെ നേതൃത്വം വഹിക്കുന്നവരുടെ ചെറിയ ചെറിയ മീറ്റിംഗുകള്‍ വിളിച്ചു ചേര്‍ക്കണമെന്നുള്ളതാണ്. എല്ലാ അംഗങ്ങളും ബോംബെയില്‍ എത്തിച്ചേരാമെങ്കില്‍ അത്തരമൊരു മീറ്റിംഗ് വിളിച്ചു ചേര്‍ക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഞാന്‍ തയാറാണ്. നേരേ മറിച്ച് ഏകകണ്ഠമായ തീരുമാനത്തിന്മേല്‍ മറ്റേതൊരു സ്ഥലത്തേക്കും എത്തിച്ചേരുവാനും ഞാന്‍ തയാറാണ്. അതുകൊണ്ട് നിങ്ങള്‍ സ്വസ്ഥമായിരുന്നുകൊണ്ട് വിവിധ പ്രദേശങ്ങളിലും വിവിധ പ്രൊവീന്‍സുകളിലുമുള്ള അധഃസ്ഥിത വിഭാഗങ്ങളുടെ നേതൃനിരയില്‍ ഉള്ളവരുമായി ആശയവിനിമയം നടത്തുകയും അത്തരമൊരു മീറ്റിംഗ് വിളിച്ചു ചേര്‍ക്കുന്നതിനു മുള്ള അവരുടെ താത്പര്യവും തിയതിയും സ്ഥലവുമൊക്കെ അന്വേഷിച്ചറിയുകയും ചെയ്യുക. 

ഒരു ഇംഗ്ലീഷ് ജേര്‍ണല്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് താങ്കളുടെ അഭിപ്രായം ലഭിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹമാണ്. എന്നാല്‍ കോണ്‍ഫറന്‍സ് കഴിയുന്നതു വരെ തീര്‍ച്ചയായും കാത്തിരിക്കണമെന്നതാണെന്റെ ഉപദേശം. 

വട്ടമേശ സമ്മേളനത്തില്‍ എന്റെ സന്തതസഹചാരിയായ റാവു ബഹദൂര്‍ ശ്രീനിവാസനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്ന് എന്നെ അറിയിക്കുമോ? ബോംബെയിലെത്തിയ ശേഷം ഞാന്‍ അദ്ദേഹത്തിന് എഴുതിയിരുന്നു. പക്ഷെ, മറുപടി യൊന്നും ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന് എന്തെങ്കിലും അസുഖം ബാധിച്ചിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. 

ഏറെ സ്‌നേഹാന്വേഷണങ്ങളോടെ,
ഞാന്‍,
സത്യസന്ധമായും നിങ്ങളുടെ,
ബി ആര്‍ അംബേഡ്കര്‍.