"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 8, ശനിയാഴ്‌ച

1928 ല്‍ ബോംബെ ഗവണ്‍മെന്റില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ നിന്നും.... അംബേഡ്കര്‍ പറഞ്ഞു...



അസ്പൃശ്യരുടെ സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ ഹിന്ദുക്കളെ സഹായിക്കുന്ന സാമ്പത്തിക പ്രക്രിയയെപ്പറ്റി 1928 ല്‍ ബോംബെ ഗവണ്‍മെന്റില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ നിന്നും.... അംബേഡ്കര്‍ പറഞ്ഞു...

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണ കൃതികള്‍. വാല്യം 17. പേജ് 21)

കമ്മറ്റി പ്രസ്താവിച്ചു:

'പൊതു സ്ഥാപനങ്ങളുടെ ഉപയോഗത്തില്‍ അസ്പൃശ്യരുടെ അവകാശങ്ങള്‍ സുരക്ഷിതമാക്കാന്‍ ഞങ്ങല്‍ വിവിധ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അവ പ്രയോഗിക്കുന്നതില്‍ വരും കാലങ്ങളിലും ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. ആദ്യത്തെ ബുദ്ധിമുട്ട് അവര്‍ക്കെതിരായി യാഥാസ്ഥിതിക വര്‍ഗങ്ങള്‍ നഗ്നമായ അതിക്രമം പ്രയോഗിക്കു മെന്ന ഭീതിയാണ്. എല്ലാ ഗ്രാമങ്ങലിലും അസ്പൃശ്യര്‍ ചെറു ചെറു സംഘങ്ങളായ ന്യൂനപക്ഷങ്ങളാണ്. അവരെ ദ്രോഹിക്കാന്‍ യാഥാസ്ഥിതിക ഹിന്ദുക്കളുടെ വന്‍ ഭൂരുപക്ഷമാണുള്ളത്. അസ്പൃശ്യര്‍ ആക്രമിക്കുമെന്ന സങ്കല്പം മതി സ്വന്തം താത്പര്യവും അന്തസ്സും രക്ഷിക്കാന്‍ ഹിന്ദുക്കള്‍ എന്തിനും തയാറായി ഇറങ്ങിത്തിരിക്കാന്‍'

'രണ്ടാമത്തെ ബുദ്ധിമുട്ട് അസ്പൃശ്യരുടെ സാമ്പത്തിക സ്ഥിതിയില്‍ നിന്നുണ്ടാകുന്നതാണ്. പ്രസിഡന്‍സിയുടെ മിക്ക ഭാഗങ്ങളിലും അധകൃതവര്‍ഗങ്ങള്‍ക്ക് സാമ്പത്തികമായ സ്വാശ്രയത്വമില്ല. ചിലര്‍ യാഥാസ്ഥിതിക വര്‍ഗങ്ങളുടെ പാട്ടക്കാരായി കൃഷി നടത്തുന്നു. മറ്റു ചിലര്‍ കര്‍ഷകത്തൊഴിലാളികളാണ്. ബാക്കിയുള്ളവര്‍ ഉപജീവനം നടത്തുന്നത് അവര്‍ ചെയ്യുന്ന ഗ്രാമജോലികള്‍ക്ക് പ്രതിഫലമായി യാഥാസ്ഥിതിക വര്‍ഗങ്ങള്‍ കനിഞ്ഞു നല്കുന്ന ധാന്യമോ ഭക്ഷണമോ കൊണ്ടാണ്. സ്വന്തം അവകാശങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതിന് അധകൃതവര്‍ഗങ്ങള്‍ക്കെതിരായി യാഥാസ്ഥിതികര്‍ സാമ്പത്തികാധികാരം എടുത്തു പ്രയോഗിച്ച നിരവധി സംഭവങ്ങള്‍ ഞങ്ങള്‍ കേട്ടിട്ടുണ്ട്. യാഥാസ്ഥിതികര്‍ അധകൃത വര്‍ഗങ്ങളെ കുടിയിറക്കും; അവര്‍ക്കു ജോലി നിഷേധിക്കും; ഗ്രാമജോലികള്‍ക്ക് പ്രതിഫലം മുടക്കും; അധകൃതരെ വഴിനടക്കാന്‍ അനുവദിക്കാതിരിക്കുകയും പീടികയില്‍ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നത് വിലക്കുകയും ചെയ്യുന്നതടക്കം അതി വിപുലമാംവിധമാണ് ഈ ബഹിഷ്‌കരണം ആസൂത്രണം ചെയ്യുന്നത്. ചിലപ്പോള്‍ വെറും നിസ്സഹരണം മതി അധകൃതര്‍ക്കെതിരായ ബഹിഷ്‌കരണം പ്രഖ്യാപിക്കപ്പെടാന്‍. അധകൃതര്‍ പൊതുകിണറുകളില്‍ നിന്നു വെള്ളം കോരാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം ബഹിഷ്‌കരണങ്ങള്‍ അടിക്കടി ഉണ്ടാകാറുണ്ട്. ഒരു അധകൃതന്‍ പൂണൂല്‍ ധരിക്കുകയോ ഒരു തുണ്ടു ഭൂമി വാങ്ങുകയോ ശുഭ്ര വസ്ത്രങ്ങളോ ആഭരണങ്ങളോ ധരിക്കുകയോ, അശ്വാരൂഢനായ വരനുമൊത്ത് തെരുവില്‍ വിവാഹഘോഷയാത്ര നടത്തുകയോ ചെയ്താല്‍ മതി ബഹിഷ്‌കരണം ഉണ്ടായതു തന്നെ!'