"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 1, ശനിയാഴ്‌ച

പുസ്തകം: 'പത്മിനി അഥവാ പ്രേമശൃംഖല'


📚 കവിയൂര്‍ മുരളിതന്റെ 'ദലിത് സാഹിത്യം' എന്നകൃതിയില്‍ കേരളത്തിലെ ആദ്യകാല ദലിത് സാഹിത്യകാരന്മാരുടെ കൂട്ടത്തില്‍ പ്രമുഖസ്ഥാനം നല്കി ആദരിക്കുന്ന നിരണം എം പി കേശവനാ ണ് 'പത്മിനി അഥവാ പ്രേമശൃംഖല'. എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്. ഈ കൃതിയില്‍ എഴുത്തുകാരന്‍ എം പി കേശവന്‍ ശാസ്ത്രി എന്നാണ് എഴുതിയിരിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി ഉള്‍പ്പെടെ നിരണം എം പി കേശവന്‍ ഒട്ടേറെ കൃതികളുടെ കര്‍ത്താവാണെങ്കിലും 'പത്മിനി അഥവാ പ്രേമശൃംഖല' എന്ന ഈ പാട്ടുകാവ്യകൃതി മാത്രമാണ് പുസ്തക രൂപത്തില്‍ ഇന്ന് ലഭ്യാമാകുന്നുള്ളൂ. കൃതിയുടെ പകര്‍പ്പവകാശം ആലപ്പുഴയിലെ വിദ്യാരംഭം പബ്ലിഷേഴ്‌സിന് എം പി കേശവന്‍ ശാസ്ത്രി നേരിട്ട് നല്കിയിട്ടുള്ളതാണ്.

മുഖവുരയില്‍ നിന്ന്;

1114 കുംഭം 21 ആം തിയതിയാണ് പത്മിനി ആദ്യമായി പ്രസിദ്ധം ചെയ്തത്. അതിനുശേഷം പല മഹാന്മാരുടേയും അഭിപ്രായമനുസരിച്ചാണ് ഞാന്‍ സംസ്‌കൃതവിദ്യാഭ്യാസത്തിന് പോയത്. തുടര്‍ന്നുള്ള കോളേജ് വിദ്യാഭ്യാസവും കൃത്യാന്തര ബഹുലതയും നിമിത്തം വായനക്കാരുടെ അഭിപ്രായമനുസരിച്ച്, ഇതില്‍ ഭേദഗതിചെയ്യുന്നതിനോ പരിഷ്‌കരിക്കുന്നതിനോ സാധിച്ചിട്ടില്ല. തന്നെയുമല്ല ഇതെന്റെ പ്രഥമകൃതിയാകയാല്‍ അതേപടിയില്‍ത്തന്നെ എന്നും കാണുന്നതിന് എനിക്ക് കൂടുതല്‍ സന്തോഷവുമുണ്ട്. 

ഇതിലെ ഇതിവൃത്തം വിഭിന്ന ജാതീയരായ രണ്ട് യുവതീ യുവാക്കള്‍ തമ്മിലുള്ള പ്രണയവും, തജ്ജന്യമായ സംഭവവികാസ ങ്ങളും, നിരാശാപൂര്‍ണവുമായ പരിണാമവുമാണ്. ഈ കൃതി ദുഃഖപര്യവസായിയെങ്കിലും സാമുദായികാഭിവൃദ്ധിയും ഹൈന്ദവമൈത്രിയും ലാക്കാക്കി രചിച്ചിട്ടുള്ളതാണ്. എന്റെ ഉദ്ദേശം ലക്ഷ്യത്തിലെത്തിച്ചേരുന്നതിന് ഈ കൃതി പര്യാപ്തമാകു മെങ്കില്‍ ഞാന്‍ തികച്ചും കൃതാര്‍ത്ഥനായി എന്നുള്ള വിശ്വാസ ത്തില്‍ ഇതിനെ സഹൃദയ ഹസ്തങ്ങളില്‍ സമര്‍പ്പിച്ചുകൊള്ളുന്നു.

പ്രസാധനം: വിദ്യാരംഭം പബ്ലിഷേഴ്‌സ്, മുല്ലക്കല്‍, ആലപ്പുഴ - 688 011.
23 ആം പതിപ്പ്: സെപ്തംബര്‍ 2005.
വില: 6 രൂപ.