"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 12, ബുധനാഴ്‌ച

ഹിന്ദു സമൂഹത്തില്‍ ജാതിവ്യവസ്ഥ നിര്‍ത്തലാക്കാന്‍ കഴിയില്ല! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 25)

ഹിന്ദുസമൂഹത്തിന്റെ ജാതിയധിഷ്ഠാനമാണ് അതിന്റെ രാഷ്ട്രീയഘടന സാമൂഹിക ഘടനക്ക് അനുയോജ്യമായിരിക്കണമെന്ന് ആവശ്യപ്പെടാന്‍ കാരണം. ഇത് അംഗീകരിക്കുന്നവരുണ്ട്. അവര്‍ വാദിക്കുന്നത് ഹിന്ദു സമൂഹത്തില്‍ ജാതിവ്യവസ്ഥ നിര്‍ത്തലാക്കാന്‍ കഴിയുമെന്നാണ്. ഈ വാദം ഞാന്‍ നിഷേധിക്കുന്നു. അത്തരമൊരു വാദത്തിന്റെ വക്കാലത്തുകാര്‍ കരുതുന്നത് ജാതിയെന്നത് ഒരു ക്ലബ്ബുപോലെയോ മുനിസിപ്പാലിറ്റി പോലെയോ കൗണ്ടി കൗണ്‍സില്‍ പോലെയോ ഒരു സ്ഥാപനമാണെന്നാണ്. ഭീമമായൊരു തെറ്റാണിത്. ജാതിയെന്നതു മതമാണ്. മതമെന്നത് എന്തായാലും ഒരു സ്ഥാപനമാകയില്ല. അതിനെ സ്ഥാപനവത്കരിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അതിന്റെ മൂര്‍ത്തീകരണായ അതേ സ്ഥാപനമായിരിക്കയില്ല. ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ കൂടിയിരുന്ന് അയാളുടെ സ്വഭാവം രൂപപ്പെടുത്തുകയും പ്രവര്‍ത്തനങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും നിര്‍ണയിക്കുകയും ചെയ്യുന്ന സ്വാധീനതയോ ശക്തിയോ ആണ് മതം.



ഈ പ്രവര്‍ത്തനപ്രതി പ്രവര്‍ത്തനങ്ങളും ഇഷ്ടാനിഷ്ടങ്ങളും വെട്ടിമാറ്റാന്‍ കഴിയുന്ന സ്ഥാപനങ്ങളല്ല; അവ ശക്തികളും സ്വാധീനതകളുമാണ്. അവയെ കൈകാര്യം ചെയ്യേണ്ടത് അവയോട് പ്രവര്‍ത്തിച്ചുകൊണ്ടോ അവയെ നിയന്ത്രിച്ചുകൊണ്ടോ ആയിരിക്കണം. രാഷ്ട്രീയത്തെ മലീമസമാക്കുകയും അതിനെ അല്പം ചിലര്‍ക്ക് അഭ്യുദയവും അനേകര്‍ക്ക് അപചയവും വരുത്തിവെക്കുന്ന തരത്തില്‍ അപനയിക്കുകയും ചെയ്യുന്നതില്‍ നിന്നു സാമൂഹിക ശക്തികളെ പിന്തിരിപ്പിക്കാന്‍ കഴിയണമെങ്കില്‍, സാമൂഹിക ശക്തികളെ കെട്ടഴിച്ചുവിട്ടാല്‍ അവ വരുത്തിവെക്കാനിടയുള്ള അനീതികളെ നിര്‍വീര്യമാക്കാന്‍ പോന്ന സംവിധാനം ഉള്‍ക്കൊള്ളുന്ന തരത്തില്‍ രാഷ്ട്രീയഘടന രൂപപ്പെടുത്തണമെന്നത് സ്വാഭാവിക നിഗമനം മാത്രം.