"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 6, വ്യാഴാഴ്‌ച

കല്ലട ശശിയുടെ ഖണ്ഡകാവ്യം; 'ഇന്ത്യയുടെ മകള്‍' - അവതാരിക: തിരുനല്ലൂര്‍ കരുണാകരന്‍

📚 അഭിമാനത്തോടുകൂടിയാണ് 'ഇന്ത്യയുടെ മകളെ' വായന ക്കാരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ഇവള്‍ ഒരു ഗന്ധര്‍വ കന്യകയല്ല; ആഹ്ലാദത്തിന്റെ മാദകഗാനങ്ങള്‍ ആലപിക്കുവാനുള്ള മണിവീണയും ഇവളുടെ കൈകളിലില്ല. എങ്കിലും നിങ്ങള്‍ക്ക് നിരാശപ്പെടേണ്ടിവരികയില്ല, ഹൃദയമുള്ളവരാണ് നിങ്ങളെങ്കില്‍.

ഇന്നത്തെ ഒരു കവിതയെപ്പറ്റി വളരെ സൂക്ഷിച്ചുവേണം അഭിപ്രായം പറയാന്‍. അത്രയേറെ നിരൂപണം ചെയ്യപ്പെടുന്നുണ്ട് നമ്മുടെ യുവകവികള്‍. അവരുടെ കടന്നാക്രമണം മലയാള കവിതയെ മരവിപ്പിച്ചു കളഞ്ഞുപോലും! ചില നിരൂപകന്മാരുടെ അഭിപ്രായത്തില്‍, ഒരു പുതിയ കൂമ്പും പൊടിക്കാറില്ല കവിതാശാഖയില്‍. 

ഇതിനൊരു മറുപടി പറയേണ്ട ആവശ്യമില്ല. ആ വാദഗതിയുടെ മുഖത്ത് ആഞ്ഞുകൊള്ളുന്ന അടികളാണ് ഇന്നത്തെ മിക്ക കവിതകളും. 'പരപ്രത്യയേന ബുദ്ധി'കളല്ലാത്ത വായനക്കാര്‍ക്ക്, ആരോഗ്യകരമായ പല പുതിയ പ്രവണതകളും ആധുനിക കവിതയില്‍ കാണാന്‍ കഴിയും ആ പ്രവണതകളാകട്ടെ തീര്‍ച്ചയായും വികാസത്തിന്റേതാണ്, നിശ്ചലതയുടേതല്ലതന്നെ. ചെറുപ്പക്കാരായ മിക്ക കവികളും മനുഷ്യ ജീവിതത്തിന്റെ ഗായകന്മാരാണ്. ഇവര്‍ ജീവിതത്തിന്റെ അകന്ന ഒരു കോണില്‍ ഇരുന്നുകൊണ്ട് ജീവിത നൈരാശ്യത്തെയോര്‍ത്ത് കണ്ണീര്‍ തൂവുന്നവരും ഈ നരകത്തില്‍ നിന്ന് ഒന്നു രക്ഷപ്പെട്ടാല്‍ മതിയെന്ന് ആഗ്രഹിക്കുന്നവരും ആണെന്ന് ധരിക്കരുത്. ആ അഭിപ്രായം കഴിഞ്ഞകാലത്തിന്റേതാണ്. ഇവരെ 'പൊരുതുന്ന കവികള്‍' എന്നു ചില പണ്ഡിതന്മാര്‍ കളിയാക്കി പറയാറുണ്ട്. അവര്‍ക്കു തെറ്റു പറ്റിപ്പോയി. ചിലര്‍ അത് സ്വയം തിരുത്തി യിട്ടുണ്ട്. 'പൊരുതുന്ന' എന്ന വിശേഷണത്തില്‍ അഭിമാനം കൊള്ളുന്നവരാണ് ഇന്നത്തെ കവികള്‍. എന്തുകൊണ്ടെന്നാല്‍, ജീവിതത്തിനും അതിന്റെ സൗന്ദര്യത്തിനും വേണ്ടി പൊരുതി മുന്നേറുന്ന ജനതയുടെ മുമ്പില്‍ നില്ക്കുന്നവരാണ് അവര്‍. അജയ്യനായ മനുഷ്യന്റെ സമരധീരത, ജീവിതത്തിലെ എല്ലാ കറുത്ത പാടുകളേയും തുടച്ചു നീക്കുമെന്നും അതിനുവേണ്ടിയുള്ള മഹത്തായ പ്രയത്‌നങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ വിജയം വരിക്കു മെന്നും ഈ 'പുതിയ കലാകാരന്മാര്‍' വിശ്വസിക്കുന്നുണ്ട്. ധീരമായ ശുഭാപ്തി വിശ്വാസവും പുതിയ സൗന്ദര്യബോധവും ഇവര്‍ക്കു നല്കിയത് ശാസ്ത്രീയമായ ഭൗതിക ചിന്താഗതിയാണ്. ജീവിതം മായയും മിഥ്യയുമാണെന്നു കരുതുന്നവര്‍ പുതിയ സാഹിത്യകാരന്മാരെ എതിര്‍ത്തില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. അങ്ങനെ മഴവില്ലുകളുടേയും ദേവതമാരുടേയും നാട്ടില്‍ നിന്ന് കാവ്യകലയുടെ കൊടിക്കൂറയെ മനുഷ്യജീവിതത്തിന്റെ താഴ്വരകളിലേക്ക് ഇറക്കിക്കെട്ടിയവരാണ് ഈ 'കൊച്ചുകവികള്‍.' അടുത്ത നൂറ്റാണ്ടില്‍ കുറേക്കൂടി വിശദമായ ശാസ്ത്രബോധ ത്തോടുകൂടി സാഹിത്യചരിത്രത്തെ നോക്കിക്കാണുന്ന ഒരു നിരൂപകന്‍ ഈ കാലഘട്ടത്തേയും അതിന്റെ പ്രതിനിധികളായ കവികളേയും കുറിച്ചെഴുതുന്നത് ആദരത്തോടുകൂടി ആയിരിക്കും.

ജീവിതത്തിന്റെ ഇരുളടഞ്ഞ മേഖലകളില്‍ നിന്നു സമ്പാദിച്ച അനുഭവങ്ങളും ആ അനുഭവങ്ങളുടെ ഹൃദയങ്ങളില്‍ എത്തിക്കാ നുള്ള ആവേശവുമായി മുന്നോട്ടുവന്ന ഒരു യുവകവിയെയാണ് ഈ ഖണ്ഡകൃതിയുടെ പുറകില്‍ നിങ്ങള്‍ കാണുന്നത്. അദ്ദേഹ ത്തിന്റെ ആദ്യത്തെ പ്രസിദ്ധീകരണമാണ്. നൈമിഷിക ഭാവങ്ങ ളുടെ പിറകേ പോകാതെ, ഒരു കൊച്ചു ജീവിതത്തിന്റെ ശോകാര്‍ദ്ര ചലനങ്ങളെ വ്യക്തമായ സാമൂഹ്യ പശ്ചാത്തലത്തില്‍ കലാസുന്ദരമായി ചിത്രീകരിക്കാന്‍ ശ്രമിച്ച ശ്രീ ശശിയെ ആ ത്മാര്‍ത്ഥമായി അനുമോദിച്ചുകൊള്ളുന്നു.

ആരെക്കുറിച്ചാണോ ഈ കവിത രചിച്ചിരിക്കുന്നത് ആ പെണ്‍കി ടാവിനെ നിങ്ങള്‍ കണ്ടുകാണും; അവളുടെ കൂട്ടുകാരികളെയും നിങ്ങള്‍ കണ്ടിട്ടുണ്ടാകും.

'പുഞ്ചനെല്‍ക്കതിര്‍ നീളെ- 
പ്പുഞ്ചിരിക്കുമെന്‍നാടില്‍
നെഞ്ചിലൂടവള്‍ മുമ്പോ- 
രന്തിയില്‍ നടന്നു പോയ്'

നഗരത്തിലെ ഇരുണ്ട ഇടവഴികളില്‍ക്കൂടി, ചലച്ചിത്രശാലകളുടെ നിഴലുകളില്‍ക്കൂടി, ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളില്‍ക്കൂടി ജീവിതത്തിന്റെ വെളിച്ചവും കൊതിച്ച്, വേദനിക്കുന്ന കാലുകളു മായി അവള്‍ നടന്നിട്ടുണ്ടാവണം.

'നണ്ടുനാള്‍ മുമ്പാ 'ഗാന്ധി-
ഹോട്ട'ലിന്‍ മുമ്പില്‍ വന്നു 
തെണ്ടുവാനവള്‍, കഷ്ടം
ആട്ടിയോടിച്ചു നിങ്ങള്‍!'

നിങ്ങള്‍ എത്രമേല്‍ ശകാരിച്ചിട്ടും പിന്നെയും അവള്‍ നിങ്ങളുടെ മുമ്പില്‍ വന്നു.

'ഇന്നത്തെത്തീവണ്ടിയില്‍
നിങ്ങള്‍ക്കു ശല്യം കൂട്ടാന്‍
വന്നിരിക്കണമവള്‍......'

നിങ്ങല്‍ ഓര്‍ത്തു നോക്കുക. അവള്‍ നീട്ടിയ കടലാസു തുണ്ടില്‍ ഇങ്ങനെ എഴുതിയിരുന്നില്ലേ: 

'പഠിക്കാന്‍ കൊതിയുണ്ടു,
കാശില്ല ദയവുള്ളോര്‍
തുണക്കൂ.................'

എന്നിട്ടു നിങ്ങള്‍ എന്തുചെയ്തു?

'കീഴ്ച്ചുണ്ടു കടിച്ചിടം-
കണ്ണിന്റെ തുമ്പോന്നട-
ച്ചാര്‍ത്തിയാല്‍ ചെറുപ്പക്കാര്‍
ചുറ്റിലും നിരന്നില്ലേ!'

പക്ഷെ, വളരുന്നതിന് മുമ്പുതന്നെ അവള്‍ക്ക് അവരുടെ സഹായം വേണ്ടിവന്നു. ഞാന്‍ ഇങ്ങനെ നിര്‍ത്തുകയാണ്.

ഇന്നത്തെ സാമൂഹ്യ ജീവിതത്തിന്റെ ഏറ്റവും ഗര്‍ഹണീയമായ വശങ്ങളിലൊന്നാണ് ശ്രീ ശശി വരച്ചുകാട്ടിയിരിക്കുന്നത്. കവിത നൂറു ശതമാനവും വായിച്ചിട്ടുണ്ടോ എന്നു ഞാന്‍ നോക്കുന്നില്ല. അത് നിങ്ങള്‍ക്ക് വിടുന്നു. പക്ഷെ, ഒന്നെനിക്ക് തീര്‍ത്തു പറയാം. ഈ കവിത ഹൃദയത്തില്‍ നിന്നു വന്നതാണ്; ഹൃദയത്തില്‍ച്ചെന്നു തറക്കുകയും ചെയ്യും.

'പുഞ്ചനെല്പാടങ്ങളും
മഞ്ചാടിമരങ്ങളും
പുന്നപ്പൂങ്കുലയും 
താമരക്കുളങ്ങളും

ഭംഗികള്‍ തുന്നിച്ചേര്‍ത്ത
പച്ചിലത്തൊടികളും
തെന്നലിലിളകുന്ന
വെറ്റിലക്കൊടികളും

കല്യാണമൊരുക്കുന്ന
പന്തലിന്‍ പാര്‍ശ്വത്തിങ്കല്‍
കൈനീര്‍ത്തു തെണ്ടാനെത്തും
കല്ലടയാറ്റിന്‍ നാട്ടിന്‍'

ഇനിയുമുണ്ടല്ലോ ഹൃദയസ്പര്‍ശിയായ ഇമ്മാതിരിക്കഥകള്‍. അവയെ വീണ്ടും വീണ്ടും കവിതയില്‍ പകര്‍ത്താന്‍ ശ്രീ ശശിയുടെ തൂലിക സന്നദ്ധമാകട്ടെ! കരിയുന്ന താമരകളുടേയും ചിറകറ്റ പൈങ്കിളികളുടേയും ഈ ഗായകന് സന്തോഷപൂര്‍വം വിജയം ആശംസിച്ചുകൊണ്ട് വായനക്കാരെ കവിതയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു. - തിരുനല്ലൂര്‍ കരുണാകരന്‍.