"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 13, വ്യാഴാഴ്‌ച

തുളസി ഹെലന്‍: സ്വാതന്ത്ര്യത്തിലേക്ക് ഇടിച്ചു കയറിയ ദലിത് പെണ്ണാള്‍...!


🎬 പ്രപിതാമഹന്മാരായ വീരേതിഹാസ സമരനായകരുടേയും കലാകായിക പ്രതിഭകളുടേയും ജാതിസ്വത്വം മറയ്ക്കപ്പെടുമ്പോള്‍ സംഭവിക്കുന്ന ദുരന്തം, സമൂഹത്തില്‍ അത്തരമൊരു ജനതയുടെ അസാന്നിധ്യമാണ്. എല്ലാ കഴിവുകളും എല്ലാ വര്‍ഗങ്ങളിലും പെട്ട ജനങ്ങളില്‍ തുല്യമായിരിക്കുമെന്ന് അംബേഡ്കര്‍ നിരീക്ഷിച്ചു. ആ നിലക്ക് എല്ലാ ജനവര്‍ഗങ്ങള്‍ക്കും സമൂഹത്തില്‍ തുല്യ പദവിയാണ് ലഭ്യമാകേണ്ടത്. ഒരു വിഭാഗം ജനത മാത്രം അദൃശ്യരാകുമ്പോള്‍ അവരുടെ ശേഷികള്‍ എന്തെന്ന് പൊതു സമൂഹത്തിന് അജ്ഞാതമായിത്തീരുകയും അതിലൂടെ അവരുടെ സാമൂഹ്യ പദവി നിര്‍ണയിക്കാനുള്ള അവസരം നഷ്ടമാകുകയും ചെയ്യുന്നു ! തുല്യ ശേഷികളുള്ളവരെന്ന് പൊതു സമൂഹത്തിന് ബോധ്യപ്പെടുത്താല്‍ ആ ജനവര്‍ഗത്തിന്റെ മറയ്ക്കപ്പെട്ട ജാതിസ്വത്വം വെളിപ്പെടുത്തേണ്ടതുണ്ട്. 


അല്ലാത്ത പക്ഷം ശേഷികളില്ലെന്ന വിലയിരുത്തലില്‍ അവരുടെ സാമൂഹ്യ പദവിയിലെ തുല്യത നഷ്ടപ്പെടുവാനിടയുണ്ട്. ഒന്നുകൂടി വിസ്തരിച്ചു പറഞ്ഞാല്‍, ഭീമന് മാത്രമേ കീചകനെ കൊല്ലാനുള്ള ശേഷിയുള്ളൂ എന്ന് ജാതിവ്യവസ്ഥയുടെ സവിശേഷ ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ നിലനില്‍ക്കുന്ന പ്രാഗ്ധാരണകളെ പൊളിച്ചടുക്കണമെങ്കില്‍ ഭീമനല്ലാത്ത ഒരു കീചക ഹന്താവിന്റെ വ്യക്തിത്വം അംഗീകരിക്കപ്പെടേണ്ടതുണ്ട്. വ്യക്തിത്വത്തിന് അംഗീകാരം നേടുമ്പോള്‍ ഭീമനല്ലാത്ത മറ്റൊരു കീചക ഹന്താവും ഭീമനോടൊപ്പം സമൂഹത്തില്‍ തുല്യ പദവി നേടുന്നു. ഭീമനല്ലാത്ത ആ കീചകഹന്താവിന്റെ സ്വത്വം വെളിപ്പെടാതിരിക്കുന്നിടത്തോളം കാലം ഭീമനു മാത്രമേ കീചകവധം സാധ്യമാകൂ എന്ന പ്രാഗ് ധാരണക്ക് ഇളക്കം തട്ടുകയില്ല! 

യൂറോപ്പിലെ അടിമകള്‍ സ്വതന്ത്രരായതിന് പ്രധാന കാരണം ഉടമ അവരുടെ വ്യക്തിത്വത്തിന് നല്കിയ അംഗീകാരണാണെന്ന് ഡോ. അംബേഡ്കര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതായത് ഒരു അടിമക്ക് കായിക ശേഷി മാത്രമല്ല ഉള്ളതെന്നും കാലാകാരനും സാഹിത്യകാരനും നാട്യശാസ്ത്രജ്ഞനും തത്വചിന്തകനുമൊക്കെ ആയി മാറാന്‍ ഏതോരു വ്യക്തിയേയും പോലെ അടിമക്കും സാധിക്കും എന്ന് ഉടമ മനസിലാക്കി. അതോടെ അടിമയുടെ വ്യക്തിത്വത്തിന് അംഗീകരവുമായി. ബോക്‌സിംഗ് താരം തുളസി ഹെലന്റേയും ഒളിമ്പ്യന്‍ മേരി കോമിന്റേയും കാരംസ് ലോകചാമ്പ്യന്‍ ഇളവഴകിയുടേയും റെസ്ലര്‍ ജ്യോതിയുടേയും കരാട്ടേ ചാമ്പ്യന്‍ സുപ്രിയാ ജാടവിന്റേയുമൊക്കെ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന ലോകറെക്കോരേ#ഡിനുടമയായ മാലാവത് പൂര്‍ണ തുടങ്ങിടവരു ടേയൊക്കെ വ്യക്തിത്വങ്ങള്‍ക്ക് അംഗീകരം കൊടുക്കാന്‍ ഉന്നതകുലജാ തരെന്ന് അഹങ്കരിക്കുന്നവര്‍ തയാറല്ല! അതുകൊണ്ടുതന്നെ ഇത്തരം താരങ്ങള്‍ പ്രതിനിധാനങ്ങളാകുന്ന ജനവര്‍ഗത്തിന് സ്വതന്ത്രരാകുന്ന തിനുള്ള അവസരങ്ങള്‍ സംജാതമാകുന്നില്ല!

മികച്ച ശേഷികള്‍ ഫുറത്തെടുത്ത് സമുന്നത സ്ഥാനത്തിന് അര്‍ഹയാ യെങ്കിലും തമിഴ്‌നാട്ടിലെ ബോക്‌സറായ തുളസി ഹെലന്‍ എന്ന ദലിത് പെണ്‍കുട്ടിയുടെ വ്യക്തിത്വം അംഗീകരിക്കാന്‍ ജാതിവ്യവസ്ഥ അനുമതി യേകിയില്ല! ബോക്‌സിംഗ് റിംഗിലെ എതിരാളികളെ തറപറ്റിച്ചുകൊണ്ടു മാത്രമല്ല, സിവിശേഷ ഇന്ത്യന്‍ സമൂഹ്യ വ്യവസ്ഥയില്‍ താന്‍ പ്രതിനിധാ നമാകുന്ന വര്‍ഗം നൂറ്റാണ്ടുകളായി നേരിടുന്ന എല്ലാത്തരം പ്രതിബന്ധ ങ്ങളോടും ഒറ്റക്ക് നിന്ന് പൊരുതിനേടി എന്നതുമാണ് തുളസി ഹെലന്റെ വ്യക്തിത്വത്തിന് ലഭിക്കേണ്ട അംഗീകാരം!

ചെന്നൈയിലെ ഒരു സാധാരണ ദലിത് കുടുംബത്തില്‍ ജനിച്ച തുളസി ഹെലന്‍ ബാലികയായിരിക്കുമ്പോള്‍ത്തന്നെ, കുടുംബജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് ഒരു വൃദ്ധന് വിവാഹം ചെയ്ത് പറഞ്ഞയക്കപ്പെട്ടു. ആ നരകജീവിതം തുളസി ഹെലന്‍ പെട്ടെന്നുതന്നെ അവസാനിപ്പിച്ചു. ബോക്‌സറാകണമെന്നുള്ള ഇച്ഛാശക്തി തന്നെ വിടാതെ പിടികൂടിയിരുന്നതുകൊണ്ടു കൂടിയാണ് തുളസി അത്തരമൊരു തീരുമാനമെടുത്തത്. ഒരു ഒളിവു ജീവിതം പോലെ, ഹോസ്റ്റലുകളിലും മറ്റുമൊക്കെയായിനീണ്ട രണ്ടുവര്‍ഷത്തെ താമസത്തിനിടയില്‍ ബോക്‌സിംഗില്‍ തുളസി പരിശീലനം നേടുകയും ചെയ്തു.

തന്റെ 14 ആമത്തെ വയസില്‍ത്തന്നെ ബോക്‌സിംഗ് റിംഗിലെത്തി. 2014 ഒക്ടോബര്‍ 1, 2 തിയതികളിലായി ബാംഗ്ലൂര് വെച്ച് നടന്ന ഓള്‍ ഇന്ത്യാ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്ട് ചാമ്പ്യന്‍ഷിപ്പില്‍ 9 സെക്കന്റ് നോക്കൗട്ട് പ്രകടനത്തില്‍ തുളസി ഹെലന്‍ ദേശീയറെക്കോര്‍ഡിനുടമയായി. എന്നാല്‍ ആ ചാമ്പ്യന്‍ ഷിപ്പില്‍ വനിതകളുടെ ലൈറ്റ് വെയ്റ്റ് കാറ്റഗറിയില്‍ ഹെലന്‍ വെള്ളിമെഡലാണ് നേടിയത്. കാലുകളുടെ ചടുലവേഗവും പഞ്ചിംഗിലെ മൗലികതയുമാണ് തുളസി ഹെലന്റെ വിജയഘടകം. തന്റെ മൂത്ത സഹോദരിയുടെ ബോക്‌സിംഗ് റിംഗിലെ മികവ് നേരിട്ട് കണ്ടതില്‍ നിന്നും പ്രചോദിതയായി റിംഗിലെത്തി ആഴ്ചകളുടെ വ്യത്യാസത്തില്‍ പ്രൊഫഷ ണല്‍ ബോക്‌സറായി മാറുന്നതിന് തുളസിയെ സഹായിച്ചത് ഈ വിജയ ഘടകമാണ്.

24 ആമത്തെ വയസില്‍ തുളസി ഹെലന്‍ ഇന്ത്യന്‍ വനിതാ ബോക്‌സിംഗ് റിംഗിലെ അജയ്യതയായി ഉയര്‍ന്നു. മറ്റൊരു ഇന്ത്യന്‍ വനിതാ ബോക്‌സിംഗ് ഇതിഹാസ താരവും ഒളിമ്പ്യനും ആദിവാസി യുവതിയിമായ മേരി കോമിനെ തോല്പിച്ചപ്പോള്‍ തുളസി ഹെലന്‍ രാജ്യത്തെ മൂന്നാം നമ്പര്‍ വനിതാ ബോക്‌സറായി ഉയര്‍ന്നു. ഇത്രക്ക് മികവിലേക്ക് ഉയര്‍ന്നിട്ടും നമിഴ്‌നാട് ബോക്‌സിംഗ് അസോസിയേഷന്‍ തുളസിയെ തഴയുകയാണുണ്ടായത്! 2010 ല്‍ തന്റെ 25 ആമത്തെ പിറന്നാളിന് മുമ്പ് ഒരു ടൂര്‍ണമെന്റ് വിജയിക്കുക യാണെങ്കില്‍ തുളസി ഹെലന് ഗവണ്‍മെന്റ് സര്‍വീസില്‍ ഒരു ജോലി ലഭ്യമാകുമായിരുന്നു. എന്നാല്‍, വാഗ്ദത്ത ജോലി ലഭ്യമാകണമെങ്കില്‍ തന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങണമെന്ന് സംസ്ഥാന ബോക്‌സിംഗ് അസോസിയേ ഷന്‍ സെക്രട്ടറിയായിരുന്ന എ കെ കരുണ തുളസി ഹെലനോട് ആവശ്യ പ്പെട്ടു. അതിനെയെല്ലാം തുളസി ഹെലന്‍ ബോക്‌സിംഗ് റിംഗിലെന്നപോലെ ധീരമായി ചെറുത്തുനിന്നു. ദലിത് ആയതുകൊണ്ടാണ് ഈ അവഗണന നേരിടേണ്ടിവന്നതെന്ന് തുളസി മീഡിയാ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തി. രാജ്യത്തിന് അഭിമാനമായി മാറേണ്ടുന്ന ഒരു കായിക താരത്തെ എവ്വിധമാണ് ജാതിവ്യവസ്ഥ പിച്ചിച്ചീന്തുന്നത് എന്ന യാഥാര്‍ത്ഥ്യ ങ്ങള്‍ക്ക് തുളസി ഹെലനും നല്ലൊരു ഉദാഹരണമാണ്. കരുണ പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും തുളസിയുടെ പുരോഗതി തടയപ്പെട്ടുവെന്നതാണ് ഏറ്റവും വലിയ ദുരന്തമായിത്തീര്‍ന്നത്.

ബാംഗ്ലൂരുള്ള റോയല്‍ കിക് ബോക്‌സിംഗ് അക്കാദമിയില്‍ ചേര്‍ന്ന് പരിശീലനം തുടരുകയാണ് തുളസി ഹെലന്‍. തന്നോട് നീതികേട് കാണിച്ച, ജന്മനാട്ടിലെ അസോസിയേഷനിലേക്ക് തിരികെ പോകുന്നില്ലെന്നും പ്രഖ്യാപിച്ചു. ബാംഗ്ലൂരിലെ കോച്ചിന് തുളസി ഹെലനില്‍ നല്ല മതിപ്പാണ് ഉളവാക്കിയിട്ടുള്ളത്. ബംഗ്ലൂര് തുടര്‍ന്നാല്‍ തീര്‍ച്ചയായും കര്‍ണാടക സംസ്ഥാന പ്രതിനിധിയായി നാഷനല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാ നുള്ള എല്ലാ വഴികളും തുറന്നുകൊടുക്കുമെന്ന് അധികാരികള്‍ ഉറപ്പു കൊടുത്തു.

2013 ല്‍ തുളസി ഹെലന്റെ ജീവിതപ്പോരാട്ടങ്ങളെ ആധാരമാക്കി നോര്‍വേ വനിതകളായ സൂസന്‍ ഓസ്റ്റിഗാര്‍ദും ബീഥ് ഹോഫ്‌സേഥും ചേര്‍ന്ന് 'ലൈറ്റ് ഫ്‌ളൈ, ഫ്‌ളൈ ഹൈ' എന്ന ഒരു ഫീച്ചര്‍ലെങ്ത് ഡോക്യുമെന്ററി എടുത്തു. ആഗോളതലത്തില്‍ മികച്ച മേളകളില്‍ പങ്കെടുത്ത 'ലൈറ്റ് ഫ്‌ലൈ, ഫ്‌ളൈ ഹൈ' ഇതിനോടകം ഓക്‌സ്ഫാം ഗ്ലോബല്‍ ജസ്റ്റിസ് അവാര്‍ഡും മികച്ച ഡോക്യുമെന്ററിക്കുള്ള വേള്‍ഡ് മീഡിയ അവാര്‍ഡും അമാന്‍ഡ അവാര്‍ഡും നേടുകയുണ്ടായി.

'എന്നെപ്പോലെയുള്ള പെണ്‍കുട്ടികള്‍ക്ക് സമൂഹത്തില്‍ യാതൊരു വിലയുമില്ല. 'ദലിത്' ആയി പിറന്നതുകൊണ്ടാണത്. പക്ഷെ, അടിത്തട്ടില്‍ അടിഞ്ഞുകിടക്കാന്‍ ഞാന്‍ തയാറല്ല, എനിക്ക് ഉയര്‍ന്നു പറക്കണം.' തുളസി സംവിധായിമാകരോട് തുറന്നുപറഞ്ഞു. ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരോ ഇടത്തട്ടുകാരോ ബോംക്‌സിംഗ് രംഗത്തേക്ക് കടന്നുവരാറില്ല, അവരുടെ മുഖകാന്തിക്ക് കോട്ടം തട്ടിയാലോ എന്നു ഭയന്നാണത്രെ, അല്ലെങ്കില്‍ അതുമൂലം വിവാഹം നടക്കാതെ വന്നാലോ?

തമിഴ്‌നാട് ഗവര്‍ണര്‍ ഈയിടെ തുളസി ഹെലന് 'സാധനൈ തമിഴകി' എന്ന അംഗീകാരം നല്കി. 'ലേഡി മുഹമ്മദ് ആലി' എന്ന ബഹുമതിപ്പേരും നല്കപ്പെട്ടു!

തമിഴില്‍ ഇറങ്ങിയ 'ഇരുധി സുട്രു' എന്ന സിനിമ തുളസി ഹെലന്റെ ബോക്‌സിംഗ് റിംഗിലെ മികവുകളില്‍ പ്രചോദിതമായി നിര്‍മിതികൊ ണ്ടതാണ്. തുളസി ഹെലന്റെ ജന്മം തന്നെ കുറ്റമാകുന്ന 'ദലിത്' എന്ന ദുരന്തത്തെ ഈ സിനിമ പരാമര്‍ശിക്കുന്നില്ല!