"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 14, വെള്ളിയാഴ്‌ച

സജീവന്‍ പ്രദീപ്: അരങ്ങിലെ അഗ്നിയും വാക്കുകളിലെ വിപ്ലവവും


തിയേറ്റര്‍ ആര്‍ട്ടിലെ ദലിത് ലെജണ്ടാണ് സജീവന്‍ പ്രദീപ്. വിമോചന സമരായുധമായി കവിതയെ മാറ്റിമറിച്ചതിലും സജീവനിലെ പ്രതിഭ വേറിട്ടു നില്‍ക്കുന്നു. സംസ്ഥാന തല കേരള സ്‌കൂള്‍ കലോത്സവത്തില്‍ കഴിഞ്ഞ വര്‍ഷം വരെ തുടര്‍ച്ചയായി രണ്ടു വര്‍ഷം ഒന്നാം സ്ഥാനവും മൂന്നാമത്തെ വര്‍ഷം രണ്ടാസ്ഥാനവും കരസ്ഥമാക്കിയത്, സജീവന്‍ പ്രതീപ് തയ്യാറാക്കിയ നാടകങ്ങളാണ്. ഹയര്‍ സെക്കന്ററി സംസ്ഥാന കലോത്സവത്തിലും തുടര്‍ച്ചയായി രണ്ടു വര്‍ഷം ഒന്നാം സ്ഥാനം നേടിയ നാടകങ്ങളും സജീവന്‍ പ്രദീപ് രചന നിര്‍വഹിച്ച നാടകങ്ങളാണ്.

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടക്കടുത്തുള്ള മുരിയാടാണ് സജീവന്റെ ജന്മദേശം. പ്രദീപ് എന്നത് വിളിപ്പേരാണ്. രണ്ടു പേരുംകൂടി ചേര്‍ന്നാണ് സജീവന്‍ പ്രദീപ് എന്നായത്. കൊച്ചുണ്ണിയും കൗസല്യയുമാണ് അച്ഛനമ്മമാര്‍. കൊച്ചുണ്ണിയുടെ അച്ഛന്‍ പേങ്ങനും അമ്മ കാളിയും എരിഞ്ഞനവള്ളി നമ്പൂതിരിമാരുടെ കുടിയാന്മാരായിരുന്നു. മെയ്ക്കരുത്തിലും മനക്കരു ത്തിലും അജയ്യനായിരുന്ന പേങ്ങന്‍ ആദ്യകാലത്ത് തനിയൊരു അടിയാ ളനായിരുന്നെങ്കിലും പിന്നീട് അനീതികള്‍ക്കെതിരേ ജന്മിമാരായ നമ്പൂതിരിമാരോട് പോരാടുന്ന ഒരു സമരനായകനായി മാറുകയുണ്ടായി. ഇതോടെ - എപ്പോഴും സംഭവിക്കാറുള്ളതു പോലെ - ചെയ്യാത്ത കുറ്റങ്ങള്‍ ഒന്നൊന്നായി ജന്മിമാര്‍ പേങ്ങന്റെ മേല്‍ ആരോപിക്കാന്‍ തുടങ്ങി. ഒടുവില്‍ 'കാരമുള്ളിന്‍കാവ്' കട്ടുപറിച്ചു എന്ന കുറ്റമാരോപിച്ച് പേങ്ങനെ ജന്മിമാരുടെ ഗുണ്ടകള്‍ വളഞ്ഞു പിടിച്ചു.... പിന്നീട് പേങ്ങനെന്തു സംഭവിച്ചുവെന്ന് ആര്‍ക്കും ഒന്നും അറിയില്ല, എങ്ങനെ കൊന്നുവെന്നു പോലും! ദലിതര്‍ കൂട്ടത്തോടെ ആ പ്രദേശത്തു നിന്ന് കുടിയിറക്കപ്പെട്ടു. കായല്‍ കടന്ന് പുല്ലര് ചെന്ന് കുടിയിറക്കപ്പെട്ടവര്‍ കൂട്ടത്തോടെ തമാസിച്ചു.

ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ സി പി എം ദലിതരെ സഹായിക്കാ നായി പ്രശ്‌നത്തിലിടപെട്ടു. സജീവന്റെ അച്ഛന്‍ കൊച്ചുണ്ണി സി പി എം അനുഭാവിയായി മാറി. ആയിടെ, സജീവന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ 'വടക്കൂട്ട് നായന്മാര്‍' എന്ന പ്രാമാണികരായ ഗുണ്ടാസഹോദരന്മാര്‍ കുടിച്ചു കൂത്താടി വീടിനുമുന്നിലൂടെ കടന്നു പോകുമ്പോള്‍, അതിലിളയവന്‍ വീട്ടുവളപ്പിലേക്ക് കയറിവന്ന് അതിക്രമം കാണിക്കാന്‍ തുടങ്ങി. അന്ന് അവന്‍ തല്ലു വാങ്ങി മടങ്ങിയെങ്കിലും ആ സംഭവം ദലിതരും നായന്മാരും തമ്മിലുള്ള കൂട്ടത്തല്ലുകളുടെ ഭീതിദമായ നാളുകളിലേക്ക് വികസിച്ചു. അക്കാലത്ത് ഇഴവര്‍ സി പി എം പാര്‍ട്ടിസഖാക്കളുമായിരുന്നു. അവര്‍ പക്ഷം ചേരാതെ നിന്നു. എങ്കിലും അവരുടെ ഇടപെടല്‍ കൊണ്ട് സംഘര്‍ഷ ത്തിന്റെ കാഠിന്യം കുറഞ്ഞു. സജീവന്‍ ഉള്‍പ്പെടെ കുറച്ചു ദലിതര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

ആനന്ദപുരത്തെ ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ടി എബ്രഹാം രചിച്ച 'പെരുന്തച്ചന്‍' നാടകത്തില്‍ മുഖ്യകഥാ പാത്രത്തെ സംവിധാനം ചെയ്ത് അഭിനയിച്ചുകൊണ്ടാണ്ടാണ് സജീവന്‍ പ്രദീപ് നാടകരംഗത്ത് തുടങ്ങുന്നത്. അതേ വര്‍ഷം തന്നെ കല്ലേറ്റുംകരയിലുള്ള ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി 'ഒരു സ്വപ്‌നമുറിയുടെ നൊമ്പരങ്ങള്‍' എന്നൊരു നാടകം രചന നിര്‍വഹിച്ച് സംവിധാനം ചെയ്തു കൊടുക്കുകയും ചെയ്തു! സ്‌കൂള്‍ കലോത്സവ മത്സരവേദിയില്‍ എഴുതി തയാറാക്കി അവതരിപ്പിച്ച 'തെരുവുപൂക്കള്‍' എന്ന നാടകം സ്റ്റേറ്റ് ഘട്ടത്തില്‍ സ്ഥാനം നേടുകയുണ്ടായില്ല. 'പ്രൊമിത്യൂസ്', 'ദൈവത്തോറ്റം', 'ആണേട്ടന്‍' തുടങ്ങിയ നാടകങ്ങള്‍ ക്ലബ്ബുകള്‍ക്കു വേണ്ടി തയ്യാറാക്കിയതും പ്രാദേശിക വിജയങ്ങള്‍ ഒട്ടേറെ കൈവരിച്ചിട്ടുള്ളവയുമാണ്.

ആദ്യത്തെ കവിതാ സമാഹാരമായ 'ഒരു ജാതി വാക്കുകള്‍' എന്ന പുസ്തക ത്തിന്റെ പ്രകാശനം പ്രസിദ്ധ കവി എസ് ജോസഫ്, 2017 ഏപ്രില്‍ 14 ന് അംബേഡ്കര്‍ ജയന്തി ദിനത്തില്‍, ഇരിങ്ങാലക്കുടയില്‍ നിര്‍വഹിക്കുകയാണ്. കവിതയിലായാലും ആവിഷ്‌കാരങ്ങളിലായാലും തന്റെ ദലിത് ഇടപെടലുകളാണ് തന്നിലെ സര്‍ഗപ്രതിഭയെ നിര്‍ണയിച്ചതെന്ന് സജീവന്‍ വിശദമാക്കുന്നു.

അംബേഡ്കറൈറ്റ് അഭിവാദ്യങ്ങള്‍....!!!!!