"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 28, വെള്ളിയാഴ്‌ച

ലൈറ്റ്: മലയാളത്തില്‍ ഒരു ദലിതന്‍ എടുക്കുന്ന ആദ്യത്തെ ദലിത് സിനിമ.


ദേവപ്രസാദ് നാരായണന്‍ 2012 ല്‍ എടുത്ത മലയാളം സിനിമ യാണ് 'ലൈറ്റ്'. ഒരു ദലിതന്‍ എടുക്കന്ന ആദ്യത്തെ 'ദലിത് സിനിമ' എന്ന ഖ്യാതികൂടിയുണ്ട് ലൈറ്റിന്. പിറന്ന മണ്ണില്‍ ഓരോരോ ദലിതനും നയിക്കുന്നത് ജാതിവുരദ്ധസമരമാണ്. അത്തരത്തില്‍പ്പെട്ട വരുടെ ഒരു ഗോത്രവിഭാഗമായ പറയകുലത്തില്‍ ജനിച്ച രാമന്‍ എന്നയാള്‍ നേരിട്ട തിരിച്ചടികളുടേയും മോഹഭംഗങ്ങളുടേയും രേഖപ്പെടുത്തലില്‍ നിന്ന് ദലിത് സമുദായ ചരിത്രം ആവിഷ്‌കരി ക്കുകയാണ് ലൈറ്റ്. അതിനാല്‍ ഈ സിനിമ കാഴ്ചക്കാരന് മുമ്പില്‍ തുറന്നുവെച്ചിരിക്കുന്നത് സാമൂഹ്യശാസ്ത്ര - ചരിത്ര ചര്‍ച്ചകള്‍ക്കുള്ള വിപുലമായ ഇടങ്ങളാണ്.


മറ്റ് ലോകരാജ്യങ്ങളില്‍ ജനസമൂഹങ്ങള്‍ക്കുള്ളിലെ വിഭജനരേഖ കടന്നുപോകുന്നത് ഉള്ളനും ഇല്ലാത്തവനുമിടയിലൂടെയാണ്. ഏഷ്യാഭൂഖണ്ഡത്തിലെ ഇന്ത്യയിലും അയല്‍രാജ്യങ്ങളിലും ആ സാമൂഹികാവസ്ഥകള്‍ക്ക് മാറ്റമില്ലെങ്കിലും ഇവിടങ്ങളിലെ ഉള്ളവനും ഇല്ലാത്തവനും സവിശേഷമായി 'ജാതി' എന്ന വ്യവസ്ഥയുടെ അധികഭാരംകൂടി സംവഹിക്കുന്നു. സവിശേഷ അധികാരങ്ങളുള്ള മേല്‍ജാതിയാണ് ഇവിടങ്ങളിലെ ഉള്ളവന്‍ സംവഹിക്കുന്നതെങ്കില്‍ ഇവരാല്‍ സവിശേഷ അധികാരങ്ങള്‍ നിഷേധിക്കപ്പെട്ട കീഴ്ജാതി എന്ന പിന്തിരിപ്പന്‍ സാമൂഹ്യവ്യവ സ്ഥയുടെ ഇരകളാണ് ഇവിടങ്ങളിലെ ഇല്ലാത്തവന്‍. ഉള്ളവനും ഇല്ലാത്തവനുമിടയിലെ വിഭജനരേഖ മായ്ച്ചുകളയുന്നതിനുള്ള പ്രായോഗിക പദ്ധതിയാണ് സോഷ്യലിസം. സാമ്പത്തിക നിലയിലെ ഈ അന്തരം ഒരു ഭൗതികയാഥാര്‍ത്ഥ്യമായതിനാല്‍, ഭരണാധികാ രികളുടെ ഒരു ഉത്തരവിലൂടെയോ ഭരണത്തിന് വിധേയരാ കുന്നവര്‍ നടത്തുന്ന ഒരു വിപ്ലവത്തിലൂടെയോ സ്ഷ്യലിസം സാധ്യമാക്കാം. കാറല്‍ മാര്‍ക്‌സും ഫെഡറിക് എംഗത്സും ഈ പ്രക്രിയയെ സ്വകാര്യസ്വത്തിനെ ഇല്ലാതാക്കല്‍ എന്ന് വിശേഷി പ്പിച്ചു. സ്വകാര്യ സ്വത്ത് ഇല്ലാതാകുമ്പോള്‍ പൊതുസ്വത്ത് നിലവില്‍ വരുന്നു. അവിടെ ഉള്ളവും ഇല്ലാത്തവനും പൊതു സ്വത്തില്‍ (മുമ്പുണ്ടായിരുന്ന അവസ്ഥയിലെ) ഉള്ളവനും ഇല്ലാത്തവനും തുല്യ അവകാശികളാകുമ്പോള്‍ വിഭജനരേഖ മാഞ്ഞുപോകുന്നു!

നേരെ മറിച്ചാണ് ജാതിവ്യവസ്ഥയിലെ ഉയര്‍ന്ന ജാതിക്കാ രന്റേയും കീഴ്ജാതിക്കാരന്റേയും അവസ്ഥ. ജാതിവ്യവസ്ഥയില്‍ ഉയര്‍ന്ന ജാതിക്കാരന് മാത്രമേ സ്വത്ത് സമ്പാദിക്കാനും വിദ്യാ ഭ്യാസം ചെയ്യാനും ഭരിക്കാനും അവകാശമുള്ളൂ. താഴ്ന്ന ജാതിക്കാരന് ഈവക യാതൊരു അവകാശങ്ങളുമില്ല. സാമ്പത്തിക വിഭജനരേഖ ഒരു ഭൗതികയാഥാര്‍ത്ഥ്യമാണെങ്കില്‍ ജാതിവ്യവസ്ഥ തികച്ചും ആത്മനിഷ്ഠമാണ്. കീഴ്ജാതിക്കാരന് വിദ്യാഭ്യാസം ചെയ്യാനും സ്വത്ത് സമ്പാദിക്കാനും അധികാരസ്ഥാനങ്ങളി ലെത്താനും യാതൊരവകാശവുമില്ല എന്നത് ഉന്നതജാതിക്കാരന്റെ മനോഭാവത്തിലുള്ള ധാര്‍ഷ്ട്യങ്ങള്‍ മാത്രമാണ്. ഭൗതികയാഥാര്‍ത്ഥ്യ ങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ ഒരു ഭരണാധികാരിയുടെ ഉത്തരവുകൊണ്ടോ കീഴ്ജാതിക്കാര്‍ നടത്തുന്ന വിപ്ലവംകൊണ്ടോ ജാതിവ്യവസ്ഥയില്‍ മാറ്റം വരുത്താന്‍ സാധ്യമല്ല. കാരണം, അത് ആത്മനിഷ്ഠമാണ്. ആ മനോഭാവം വെച്ചുപുലര്‍ത്തുന്നവര്‍ അതില്‍ മാറ്റംവരുത്താതെ ജാതിവ്യവസ്ഥക്ക് ഇളക്കം തട്ടുകയില്ല. എന്നാല്‍ ആ മനോഭാവ ത്തില്‍ മാറ്റം വരുത്തിക്കാനാവുമെന്ന് ഡോ. അംബേഡ്കര്‍ നിരീക്ഷിച്ചു. മേല്‍ജാതിക്കാര്‍ വെച്ചുപുലര്‍ത്തുന്ന 'മിശ്രവിവാഹ നിരോധ'ത്തിലൂടെയും 'മിശ്രഭോജനനിരോധന'ത്തിലൂടെയുമാണ് ജാതിവ്യവ്യവസ്ഥ നിലനിന്നുപോരുന്നതിന്റെ അടിസ്ഥാനമെന്ന് അംബേഡ്കര്‍ കണ്ടെത്തി. ഈ രണ്ട് നിരോധങ്ങളെ നീക്കം ചെയ്യാമെന്ന് 'ജാതിനിര്‍മൂലനം' എന്ന ഗ്രന്ഥത്തിലൂടെ അംബേഡ്കര്‍ സിദ്ധാന്തിച്ചു. സഗോത്ര വിവാഹസമ്പ്രദായത്തില്‍ നിന്നും വേറിട്ട് ബഹിര്‍ഗോത്രവിവാഹത്തിലൂടെ രൂപെടുന്ന ജനവിഭാഗത്തില്‍ ജാതിക്ക് സ്ഥാനമില്ലാത്തതിനാല്‍ അത് താനേ നശിക്കുന്നതാണ് എന്നതാണ് ആ സിദ്ധാന്തത്തിന്റെ അന്തസ്സത്ത. ജാതി ഇല്ലാത്തി ടത്ത് ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതിന് ആരിലും ആയിത്തം ദീക്ഷിക്കാനുമാവില്ല.

സാമ്പത്തിക അസമത്വത്തിലധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥ ഭൗതികയാഥാര്‍ത്ഥ്യങ്ങളില്‍ അധിഷ്ഠിതമാണെന്ന് കാറല്‍ മാര്‍ക്‌സും ജാതിയില്‍ അധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥ ആത്മനിഷ്ഠമാണെന്ന് ഡോ. അംബേഡ്കറും നിരീക്ഷിച്ചു. സാമ്പത്തിക അസമത്വത്തെ 'സോഷ്യലിസ്റ്റ് വിപ്ലവ'ത്തിലൂടെയും ജാതിവ്യവസ്ഥയെ 'ജാതിഉന്മൂലന'ത്തിലൂടെയും നീക്കം ചെയ്യുന്ന തിനായി ഇരുവരും പ്രായോഗിക പദ്ധതികളും മുന്നോട്ടുവെച്ചു. എന്നാല്‍ ജാതിവ്യവസ്ഥയുടെ സവിശേഷ സാമൂഹിക സാഹച ര്യമുള്ള ഇന്ത്യയില്‍ കാറല്‍മര്‍ക്‌സിന്റെ സോഷ്യലിസ്റ്റ് പദ്ധതി യായ കമ്മ്യൂണിസം ഇന്ത്യയില്‍ അവതരിച്ചത് ഉയര്‍ന്ന സാമ്പ ത്തിക നിലയുള്ള മേല്‍ജാതിക്കാരിലൂടെയായിരുന്നു! സാമ്പത്തിക നില ഉയര്‍ന്ന അവസ്ഥയുള്ള അവരില്‍ നിന്നും, സാമ്പത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക വിഭജനരേഖയെ മായ്ച്ചുകള യുന്ന സോഷ്യലിസ്റ്റ് വിപ്ലവം നടപ്പാക്കുന്ന കാര്യത്തില്‍ ആത്മാര്‍ത്ഥമായ ഒരു ശ്രമവും ഉണ്ടായില്ല. ഇവരാല്‍ത്തന്നെ വിദ്യാഭ്യാസം പോലെയുള്ള അടിസ്ഥാനമനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്ന കീഴ്ജാതിക്കാരുടെ ഇടയില്‍ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് നേരിയതോതില്‍ പോലും വേരോട്ടമു ണ്ടായില്ല. അവര്‍ ജാതികേന്ദ്രങ്ങളില്‍ത്തന്നെ ഉള്‍വലിഞ്ഞു നിന്നിരുന്നതിനാല്‍ കീഴ്ജാതിക്കാര്‍ക്ക് വിദ്യാഭ്യാസാവകാശം വിട്ടുനല്‍കുന്ന കാര്യത്തില്‍ തങ്ങളുടെ മനോഭാവത്തില്‍ മാറ്റവരുത്താനൊട്ട് അവര്‍ തയാറായതുമില്ല. അതിനാല്‍ സോഷ്യലിസ്റ്റ് വിപ്ലവവും ജാതിനിര്‍മൂലനവും സംഭവിച്ചില്ല.

പാശ്ചാത്യരുടെ വര്‍ഗവ്യവസ്ഥയും ഇന്ത്യയിലെ ജാതിവ്യവസ്ഥയും സമാനമാണ് എന്ന് വാദിച്ചവരെ ഡോ. അംബേഡ്കര്‍ തിരുത്തി യിട്ടുണ്ട്. 'ഹിന്ദുക്കളുടെ വര്‍ണവ്യവസ്ഥക്കും പാശ്ചാത്യരുടെ വര്‍ഗവ്യവസ്ഥക്കും തമ്മില്‍ വ്യത്യാസമില്ലെന്ന് അവര്‍ പറയുന്നു. ഇത് തീര്‍ച്ചയായും അയഥാര്‍ത്ഥ്യമാണ്. ജാതിവ്യവസ്ഥയെപ്പറ്റിയും വര്‍ഗവ്യവസ്ഥയെപ്പറ്റിയുമുള്ള തികഞ്ഞ അജ്ഞതയുടെ വിളംബരം കൂടിയാണിത്. ഒറ്റപ്പെടുത്തലിന്റെ വിഷവീര്യം കുത്തിനിറയ്ക്കപ്പെട്ട ഒരു വ്യവസ്ഥയാണ് വര്‍ണവ്യവസ്ഥ. അത് യഥാര്‍ത്ഥ്യത്തില്‍ ഒരു ജാതിയെ മറ്റൊന്നില്‍ നിന്ന് ഒറ്റപ്പെടുത്തു ന്നത് ഒരു സല്കര്‍മമാണെന്ന് വരുത്തിത്തീര്‍ക്കുന്നതുമാണ്. വര്‍ഗവ്യവസ്ഥയിലുമുണ്ട് ഒറ്റപ്പെടുത്തല്‍. എന്നാല്‍ ആ ഒറ്റപ്പെടു ത്തല്‍ ഒരു സല്കര്‍മമായി കണക്കാക്കപ്പെടുന്നില്ല. അത് സാമൂ ഹിക സംസര്‍ഗത്തെ നിരോധിക്കുന്നില്ലതാനും. വര്‍ഗവ്യവസ്ഥ ഗ്രൂപ്പുകളെ സൃഷ്ടിക്കുന്നു എന്നത് നേരാണ്. എന്നാല്‍ അവ ജാതിഗ്രൂപ്പുകള്‍ മാത്രമാണ്. അതേ സമയം വര്‍ണവ്യവസ്ഥയിലെ ജാതികള്‍ അവരുടെ അന്യോന്യ ബന്ധത്തില്‍ വ്യക്തമായും നിയതമായും സമൂഹവിരുദ്ധമാണ്.' (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 25)

എന്നാല്‍, സ്വര്‍ഗലോകത്തെക്കുറിച്ച് മതപുരോഹിതന്മാര്‍ സല്കു ന്നതിന് സമാനമായി അളവറ്റ സ്വപ്‌നങ്ങള്‍ കീഴ്ജാതിക്കാരനില്‍ കുത്തിനിറക്കുന്നതിന് കമ്മ്യൂണിസ്റ്റ് ആശയ ആവതാരകരായ ഉയര്‍ന്നജാതിക്കാര്‍ക്ക് കഴിഞ്ഞു. വിമോചനമാര്‍ഗമെന്ന നിലയില്‍ കീഴ്ജാതിക്കാരന്റെ സാമൂഹ്യബോധത്തെയല്ല കൊട്ടിഘോഷി പ്പിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ആശയം സ്വാധീനിച്ചത്, മറിച്ച് അത് മധുരസ്വപ്‌നങ്ങളെന്ന നിലയില്‍ അവന്റെ ഞരമ്പുകളെയാണ്! അതിനാല്‍ത്തന്നെ ലോകത്തെവിടെയെങ്കിലും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ തകരുന്നു എന്നു കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ സ്വപ്‌നംങ്ങളാല്‍ വരിഞ്ഞുമുറുക്കപ്പെട്ട കീഴ്ജാതിക്കാരനെ ആ അറിവ് തളര്‍ത്തിക്കളയുന്നു. ആ തകര്‍ച്ച ഒരു സമൂഹത്തിന് മൊത്തം ഭവിക്കുന്ന ദുരന്തമല്ലെങ്കിലും .... കമ്മ്യൂണിസ്റ്റ്ദത്ത സ്വപ്‌നനഷ്ടം ഒരു വന്‍ ദുരന്തമായി ഭവിച്ചതുനിമിത്തം ചരിത്രത്തിലെ തെമ്മാടിക്കുഴികളിലേക്ക് തള്ളിയകറ്റപ്പെട്ടവരായി മാറിയ ദലിത സമൂഹത്തിന്റെ പ്രതിനിധിയാണ് ലൈറ്റ് നായകന്‍ രാമന്‍ പറയന്‍.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച പൂര്‍ത്തിയായ 1991 ആണ് രാമന്റെ വര്‍ത്തമാനകാലഘട്ടം. കമ്മ്യൂണിസം ഒരു രക്ഷാമാര്‍ഗ മെന്ന നിലയില്‍ രാമന്റെ ബോധത്തെയല്ല ഭരിച്ചിരുന്നത്. മറിച്ച് മനംമയക്കുന്ന കറുപ്പ് എന്ന നിലയില്‍ ഞരമ്പുകളെയാണ് ബാധിച്ചിരുന്നത്. മറ്റുള്ളവരുടെ സംസാരത്തില്‍ നിന്നും സോവിയ റ്റുയൂണിയനിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം തകര്‍ന്നു എന്നു കേള്‍ക്കുന്ന രാമന്, തന്റെ രക്ഷാമാര്‍ഗങ്ങല്‍ അടഞ്ഞു എന്ന കാര്യത്തിലുള്ള ആശങ്കയല്ല പെട്ടെന്ന് ഉളവാകുന്നത്, ലഹരി നഷ്ടപ്പെടുന്നതിലുള്ള ദുഃഖത്താല്‍ ആകെ തകരുകയായിരുന്നു. ചില മ്പുരാക്കന്മാരോട് ചെന്ന് കാര്യമെന്താണെന്ന് അന്വേഷിച്ചപ്പോള്‍ അവര്‍ നേരത്തേതന്നെ രാമന്റെ ഞരമ്പില്‍ കുത്തിവെച്ചിരുന്ന ലഹരിക്ക് വീര്യം കുറഞ്ഞുപോകാത്തവിധം, കമ്മ്യൂണിസം എങ്ങും തകരാന്‍പോകുന്നില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയാണ് ചെയ്തത്. ആ ആശ്വാസങ്ങളുടെ പിന്‍ബലമുണ്ടായിരുന്നതിനാല്‍, ലോകരാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നടിയുന്ന തിനെപ്പറ്റി യാതൊന്നുമറിയാതെ പാവം രാമന്‍ തന്റെ സ്വപ്‌നസ ഞ്ചാരം തുടരുകയാണ്.

വിശ്വാസപ്രമാണങ്ങളുടെ ലഹരിക്ക് അടിപ്പെട്ട രാമന്‍ കുടുംബ ജീവിതത്തിലും ഒരു ദുരന്തനായകനാണ്. രാമന് ഒരു പെണ്‍തു ണയുണ്ടായിരുന്നു, കുഞ്ഞിത്തേയി. ഈറ്റവെട്ടാന്‍ പോയപ്പോള്‍ യാദൃശ്ചികമായാണ് രാമന്‍ കുഞ്ഞിത്തേയിലെ കണ്ടുമുട്ടുന്നത്. വിവാഹച്ചടങ്ങുകളൊന്നും നടത്താതെ, രാമന്‍ കുഞ്ഞിത്തേയിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ജീവിതപങ്കാളിയാക്കുകയായിരുന്നു. പാമ്പുകടിയേറ്റ കുഞ്ഞിത്തേയി പിന്നീട്, ചികിത്സകിട്ടാതെ മരണമടഞ്ഞു.

ലൈറ്റ് സിനിമയുടെ രാഷ്ട്രീയ ഭൂമിക രാമന്‍ പറയന്റെ പതന ത്തില്‍ ഊന്നിനില്‍ക്കുമ്പോള്‍, പറയജീവിതത്തിലെ ഗോത്രവഴ ക്കങ്ങളുടെ പകര്‍പ്പുകള്‍ സിനിമയില്‍ ഭാഗികമാണ്. ഈറ്റത്തൊ ഴില്‍, ചുരുളി, ഉണ്ടേല പിടിക്കല്‍, ഗാര്‍ഹിക ജീവിതം, നാട്ടു വഴക്കം തുടങ്ങിയ ജൈവികഘടകങ്ങള്‍ അങ്ങേയറ്റം സത്യസന്ധ തയോടെ പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പാട്ട്, ആട്ടം, മടവതി, കളം തുടങ്ങിയ സാംസ്‌കാരിക അടരുകള്‍ യാതൊന്നും തന്നെ സിനിമ യില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഇത് ലൈറ്റിന്റെ ഒരു സവിശേഷത മാത്രമാണ്, ന്യൂനതയായി ഒരിടത്തും അനുഭവപ്പെടുന്നില്ല.

`കൊല്ലം ജില്ലയിലെ അഞ്ചലിനടുത്ത് കോട്ടുക്കലില്‍ നാരായ ണന്റേയും കമലമ്മയുടേയും മകനായി 1971 ലാണ് ദേവപ്രസാദ് ജനിച്ചത്. സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസാനന്തരം തിരുവനന്ത പുരത്തുള്ള ഒരു സ്വകാര്യസ്ഥാപനത്തില്‍ നിന്നും സംവിധാനം പഠിച്ചിട്ടുണ്ട്. 'ഡയറക്ട്രര്‍' എന്ന ഒരു ഷോട്ട് ഫിലിം ചെയ്തു. അതിനുശേഷം ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടംമേടിച്ചു മൊക്കെയാണ് 'ലൈറ്റ്' നിര്‍മിക്കുന്നതിനുള്ള പണം കണ്ടെത്തിയത്.

രാമന്‍ പറയനായി ദേവപ്രസാദ് തന്നെയാണ് വേഷമിട്ടത്. കുഞ്ഞിത്തേയിയെ അവതരിപ്പിച്ചത് മധുബെന്‍ എന്ന നടിയാണ്. സിനിമയില്‍ പുതുമുഖമാണെങ്കിലും മധുബെന് 'ഛായാമുഖി' എന്ന നാടകത്തില്‍ നായികയെ അവതരിപ്പിച്ച മുന്‍പരിചയമുണ്ട്. ദേശീയതലത്തില്‍ നേരിയവ്യത്യാസത്തിലാണ് മികച്ച നടിക്കുള്ള സ്ഥാനം മധുബെന് നഷ്ടമായത്. മലയാള സിനിമയിലെ പ്രമുഖ നടന്മാരായ ജഗതി ശ്രീകുമാറും സായി കുമാറും ലൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'പാഠഭേദം', 'തന്മ' എന്നീ പ്രസിദ്ധീകരണങ്ങളില്‍ ലൈറ്റിനെക്കുറിച്ച് അറിയിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.