"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 16, ഞായറാഴ്‌ച

ദാമൂല്‍ : അസ്പൃശ്യനെ അടിമയായി നിലനിര്‍ത്തുന്നതിന് പിന്നിലെ ഹീനതന്ത്രം


🎬 പ്രകാശ് ഝാ 1985 ല്‍ എടുത്ത സിനിമയാണ് 'ദാമുല്‍'. അസ്പൃശ്യരായ ദലിതരെ എക്കാലവും തങ്ങളുടെ അടിമകളാക്കി നിലനിര്‍ത്തുന്നതിന് സവര്‍ണ ഹിന്ദുക്കള്‍ പ്രയോഗിക്കുന്ന ഹീനതന്ത്രളുടെ ദൃശ്യാവിഷ്‌കാരമാണ് 'ദാമുല്‍'. ബീഹാര്‍ പശ്ചാത്തലമാക്കി ഷയ്വാള്‍ എഴുതിയ 'കാലസൂത്ര' എന്ന കഥയെ ആധാരമാക്കുന്നുവെങ്കിലും, ദാമൂല്‍ കാലദേശഭേദമന്യേ ദലിതര്‍ സവര്‍ണ ഹിന്ദുക്കളില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന മൃഗീയപീഢനങ്ങളുടെ നേര്‍പകര്‍പ്പുകള്‍ എന്ന നിലയില്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഒരു സമുന്നത സ്ഥാനമര്‍ഹിക്കുന്നുണ്ട്. ദലിത് സാമൂഹ്യാവസ്ഥയെ വിശകലന വിധേയമാക്കുന്ന സിനിമകള്‍ കുറച്ചെണ്ണുണ്ടെങ്കിലും 'ദലിത് ഉന്മൂലന'ത്തെ ചിത്രീകരിച്ച ഒരു സിനിമ എന്ന നിലയില്‍ 'ദാമൂല്‍' വേറിട്ടു നില്ക്കുന്നു.

ഒരു ജനവിഭാഗത്തെ മറുവിഭാഗം അടിമകളാക്കുന്നു എന്ന് വിശദമാക്കു ന്നിടത്ത്, ആഗോളതലത്തില്‍ അടിമ എന്നത് ഏകതാനമാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മറ്റിടങ്ങളിലെ അടിമകളില്‍ നിന്നും വ്യതിരി ക്തമാണ് ഇന്ത്യന്‍ സവിശേഷ സാമൂഹ്യസാഹചര്യത്തിലെ അടിമ. ജാതിവ്യവസ്ഥയുടേതാണ് ഇന്ത്യന്‍ സവിശേഷ സാമൂഹ്യ സാഹചര്യം. ആ സാഹചര്യത്തിലെ അടിമ 'അയിത്തജാതി'ക്കാരനുംകൂടിയാണ്! 'അടിമത്തം ഒരു സ്വതന്ത്ര സാമൂഹ്യ ക്രമമല്ല. എന്നാല്‍ അയിത്തത്തെ ഒരു സ്വതന്ത്ര സാമൂഹിക ക്രമമായി വിവരിക്കാനാവുമോ? അയിത്തത്തെ സാധൂകരി ക്കാന്‍ മുന്നോട്ടു വരുന്ന ജാതിഹിന്ദുക്കള്‍ അങ്ങനെയാണെന്ന് അവകാശ പ്പെടുന്നുണ്ട്. അയിത്തവും അടിമത്തവും വ്യത്യസ്തമാണെന്ന കാര്യം അവര്‍ മറന്നു പോകുന്നു. സ്വതന്ത്രമായ സാമൂഹിക ക്രമത്തിന്റെ ഏറ്റവും മോശമായ മാതൃകയാണ് അയിത്തം. അടിമത്തം ഒരിക്കലും ധാര്‍മിക ബാധ്യതയായിരുന്നില്ല. എന്നാല്‍ അയിത്തം ഒരു ധാര്‍മിക ബാധ്യതയാണ്. ഒരാള്‍ക്ക് മറ്റൊരാളെ അടിമയാക്കി വെക്കാനുള്ള അനുവാദമുണ്ട്. അയാള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിര്‍ബന്ധിക്കാനാവില്ല. പക്ഷെ, ഒരു അസ്പൃശ്യനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് അതില്‍ നിന്ന് മോചനമില്ല. അസ്പൃശ്യ നായി പിറന്നാല്‍ ഒരു അസ്പൃശ്യന്റെ എല്ലാത്തരം അവശതകള്‍ക്കും വിധേയനായിരിക്കും അയാള്‍. അടിമത്തത്തെ സംബന്ധിച്ച നിയമത്തില്‍ മോചനം അനുവദിക്കുന്നുണ്ട്. അടിമയായ ഒരാള്‍ എന്നും അടിമയായി രിക്കാന്‍ വിധിക്കപ്പെട്ടിട്ടില്ല. അയിത്തത്തില്‍ നിന്നാകട്ടെ മോചനമേയില്ല. അസ്പൃശ്യന്‍ എന്നും അസ്പൃശ്യന്‍ തന്നെ.' (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃ തികള്‍. വാല്യം 9. പേജ് 16)

ഒരു ജനാധിപത്യ പ്രക്രിയക്ക് അയിത്തജാതിക്കാരനായ അടിമയെ വിമോചിതരാക്കാന്‍ കഴിഞ്ഞേക്കും. ഓരോ വിഭാഗം ജനതയും അധികാ രത്തില്‍ പങ്കാളിത്തം നേടുന്നതിനെയാണല്ലോ ജനാധിപത്യം എന്ന് വിശേഷിപ്പിക്കുന്നത്. അയിത്ത ജാതിക്കാരായ ദലിതര്‍ അധികാരത്തില്‍ പങ്കാളികളാകുന്നത് തടഞ്ഞുകൊണ്ടാണ് അവരെ ഉന്നതകുലജാതരായ ഉടമകള്‍ അടിമകളാക്കി നിലനിര്‍ത്തുന്നത്. ജനാധിപത്യത്തിലേക്കുള്ള കവാടമായ പൊതുതെഞ്ഞെടുപ്പില്‍ വെച്ചുതന്നെ ദലിതരുടെ പ്രവേശനം തടയുന്നതിലൂടെയാണ് അടിമവ്യവസ്ഥ നിലനിര്‍ത്തപ്പെടുന്നതെന്ന് ദാമുല്‍ അടിവരയിട്ടു പറയുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ദലിതരെ കൊന്നുതള്ളി ഇല്ലായ്മ ചെയ്തും, തെരഞ്ഞെടുപ്പു ദിവസം പുറത്തിറങ്ങാ നാവാത്ത വിധം അവരെ ബസ്തികളില്‍ത്തന്നെ ബന്ധനസ്ഥരാക്കിയും, പോളിങ് ബൂത്തില്‍ ക്രമക്കേടുകള്‍ വരുത്തിയും, കള്ളവോട്ടു ചെയ്യിപ്പിച്ചും ഉന്നത കുലജാതരായ ഉടമകള്‍ തെരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമായി അട്ടിമറിക്കുന്നു. ദാമുല്‍ സിനിമയിലെ ആരംഭഘട്ടത്തില്‍, ഈ ജനാധിപത്യ വിരുദ്ധതയാണ് ചിത്രീകരിച്ചിട്ടുള്ളത്.

അടുത്തഘട്ടം, അവരുടെ സ്വത്തുക്കള്‍ അപഹരിക്കുന്നതും കള്ളപ്രമാണ ങ്ങളിലൂടെ ആയുഷ്‌കാലമത്രയും അവരുടെ അധ്വാനം ചൂഷണം ചെയ്യുന്നതും എതിര്‍ക്കുന്നവരെ കുറ്റവാളികളാക്കി എന്നെന്നേക്കുമായി തടവിലാക്കുന്നതുമാണ്. സഞ്ജീവന എന്ന ദലിതന്റെ പതനത്തിലൂടെയാണ് ഉന്നതകുലജാതരെന്ന് അവകാശപ്പെടുന്ന രജപുത്രര്‍ ദലിത് ഉന്മൂലനത്തിനായി പ്രയോഗിക്കുന്ന ഈ ഹീനതന്ത്രങ്ങളുടെ വിവിധ ഘട്ടങ്ങള്‍ ചിത്രീകരി ക്കുന്നത്. കുറച്ച് ഭൂമി സ്വന്തമായുണ്ടായിരുന്നയാളാണ് സഞ്ജീവന. ആ ഭൂമിയില്‍ സഞ്ജീവന ഇറക്കിയ കൃഷി വിളവെടുക്കാറായപ്പോള്‍ അത് ജന്മിയുടെ ഗുണ്ടകള്‍ വന്ന് കൊയ്തുകൊണ്ടുപോയി. ഈ അതിക്രമം ചോദിക്കാന്‍ ജന്മിയുടെ വീട്ടിലെത്തിയ സഞ്ജീവനയെ, അയാളുടെ അച്ഛന്‍ ആ ഭൂമി തനിക്ക് പണയം വെച്ചിരുന്നതായുള്ള ഒരു പഴയ പ്രമാണരേഖ ജന്മിയായ മാധവ്ജി കാണിച്ചുകൊടുത്തു. സഞ്ജീവനക്ക് ഭൂമിയില്‍ പണിയെടുക്കാന്‍ മാത്രമേ അവകാശമുള്ളൂ, ഫലത്തില്‍ യാതൊരുവിധ അവകാശവുമില്ലെന്നാണ് ആ വ്യാജപ്രമാണം സൂചിപ്പിച്ചിരുന്നത്. തന്റെ അച്ഛന്റെ കയ്യൊപ്പ് ആ വ്യാജപ്രമാണത്തില്‍ കണ്ട സഞ്ജീവന ആകെ അന്ധാളിച്ചു പോയി! എന്നാല്‍ വാസ്തവത്തില്‍, സഞ്ജീവനയുടെ അപ്പൂപ്പന്‍ ഭൂമി പണയംവെച്ച് തുക കൈപ്പറ്റിയതായി ഉണ്ടാക്കിയ വ്യാജപ്രമാണം കാണിച്ച് അയാളുടെ അച്ഛനെ കുടുക്കിയ അതേ പ്രമാണം തന്നെയാണ് അപ്പോള്‍ സഞ്ജീവനയേയും കുടുക്കാന്‍ ജന്മി ഉപയോഗിച്ചത്. അച്ഛന്‍ വരുത്തിയ കടം (?) വീട്ടാന്‍ നിവൃത്തിയില്ലാതെ പുതിയ പ്രമാണം കയ്യൊപ്പിട്ടുകൊടുത്ത് സഞ്ജീവന ബാധ്യത പുതുക്കി! ഇതേ കുടുക്കുതന്നെ ജന്മി സഞ്ജീവനയുടെ അടുത്ത തലമുറക്കു മേലും പ്രയോഗിക്കുന്നു. അങ്ങനെ ഒന്നാകെ ഒരു ദേശിക ജനത എക്കാലവും ജന്മിമാര്‍ക്ക് അടിമ..!!!!

അടുത്ത ഘട്ടം സഞ്ജീവനയുടെ അധ്വാനം എന്നെന്നേക്കുമായി ചൂഷണം ചെയ്യുക എന്നതാണ് ജന്മി ലക്ഷ്യമാക്കുന്നത്. അവന്റെ ഭൂമി അപഹരി ക്കപ്പെട്ടു കഴിഞ്ഞു. അവന്റെ അധ്വാനം ഇനി അവന്‍ എവിടെ വിനിയോഗി ക്കാന്‍? അത് പാഴായിപ്പോകരുത്. അവന് ആത്മഹത്യ ചെയ്ത് സ്വയം ഇല്ലാതായാല്‍ ജന്മിയുടെ ഭൂമിയില്‍ ആര് അധ്വാനിക്കും? അധ്വാനിക്കാന്‍ ആളില്ലാതെ ഭൂമി സ്വന്തമാക്കുക എന്നതിനര്‍ത്ഥം ജന്മിയുടേയും നാശമാണ്! ജന്മിമാര്‍ മണ്ണിലിറങ്ങി അധ്വാനിച്ച ചരിത്രമുണ്ടോ? അതിനാല്‍ ജന്മിത്വവും അടിമത്വവും നിലനിര്‍ത്തണമെങ്കില്‍ അടിമക്ക് എന്തെങ്കിലും ഏര്‍പ്പാട് കൊടുത്തേ പറ്റൂ. ഇവിടെ മാധവ്ജി എന്ന ജന്മി, തന്റെ അടിമവേലക്കാ രനായി മാറിക്കഴിഞ്ഞ സഞ്ജീവന എന്ന ദലിതന് കൊടുക്കുന്ന ശിക്ഷ, അന്യന്റെ വളര്‍ത്തുകാളകളെ മോഷ്ടിച്ചുകൊണ്ടുവന്ന് ഏജന്റിന് കൈമാറുക എന്നുള്ളതാണ്. കച്ചവടം ജന്മിയും ഏജന്റും തമ്മിലാണ്. നേരിയ തുക കൂലിയായി സഞ്ജീവനക്ക് കൊടുക്കുകയും ചെയ്യും. പൊലീസ് പിടിക്കപ്പെട്ടാലോ, സഞ്ജീവന ശിക്ഷ അനുഭവിച്ചുകൊള്ളണം; അയാളാണല്ലോ മോഷണക്കുറ്റം ചെയ്യുന്നത്!

സഞ്ജീവനക്ക് തന്റെ അളിയന്‍ നഗീനയുടെ കാളകളേയും മോഷ്ടിക്കേ ണ്ടിവന്നു. അളിയനുമായിച്ചെന്ന് സഞ്ജീവന, ജന്മി മാധവ്ജിയോട് കാളകളെ തിരികെ തരണമെന്ന് യാചിച്ചു. ഖാപ് പഞ്ചായത്തില്‍ വെച്ച് ജന്മി നഗീനയുടെ കാളയുടെ വില അത് വാങ്ങിയ ആള്‍ക്ക് കൊടുത്ത് കാളകളെ തിരികെ വാങ്ങി. അത് മറ്റൊരു കെണിയായിരുന്നു! ജന്മി നഗീനയോടുള്ള മനസലിവ്‌കൊണ്ടല്ല കാളകളെ തിരികെ വാങ്ങിക്കൊടുത്തത്. പകരമായി പ്രമാണത്തില്‍ ഒപ്പിട്ടുവാങ്ങിക്കൊണ്ട് ജന്മി നഗീനയെ തനിക്ക് കടബാധ്യ തയുള്ളവനാക്കിത്തീര്‍ത്തു. ജീവിതകാലമത്രയും നഗീനയുടെ അധ്വാനം മുഴുവന്‍ ജന്മിക്ക് അടിയറവെക്കേണ്ടിവന്നു!

ദലിതര്‍ പഞ്ചാബിലേക്ക് രക്ഷപ്പെടുന്നതാണ് അടുത്ത ഘട്ടം. ബീഹാറിലെ ജന്മിമാരുടെ നരകത്തില്‍ നിന്നും രക്ഷപ്പെടാനും, കുറച്ചെങ്കിലും മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനുമായാണ് അവര്‍ കൂട്ടത്തോടെ പഞ്ചാബിലേക്ക് കടക്കാന്‍ മുതിര്‍ന്നത്. ഒരുപക്ഷെ പഞ്ചാബിലേക്കുള്ള ദലിത് കുടിയേറ്റ ത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചത് ചിലപ്പോള്‍ ബീഹാറി ജന്മിമാരുടെ ക്രൂരതകള്‍ മൂലമാണെന്ന് സൂചനയുണ്ടാകാം. രണ്ടു രൂപ ദിവസക്കൂലി അവര്‍ക്ക് വിശപ്പടക്കുവാന്‍ പോലും തികയുമായിരുന്നില്ല. ജന്മിയുടെ അനുജന്‍ രാധുവുമായി കൂടിയാലോചിച്ച് അടിമപ്പണിക്കാരുടെ കൂലി 5 രൂപയായി ഉയര്‍ത്താന്‍ തീരുമാനമുണ്ടായ ഘട്ടത്തിലാണ് അവര്‍ പലായനത്തിന് ഒരുമ്പെടുന്നത്. രാധുവിന്റെ നേതൃത്വത്തില്‍ പഞ്ചാബി ലേക്ക് കടക്കാന്‍ ശ്രമിച്ചവരെ ഗുണ്ടകള്‍ ചേര്‍ന്ന് വളഞ്ഞുപിടിച്ചു. കുറച്ചുപേരെ അവിടെത്തന്നെ വിടിവെച്ചിട്ടു. ശേഷിച്ചവര്‍ ജീവനുംകൊണ്ട് ബസ്തികളിലേക്ക് ഓടി. പിന്നാലെയെത്തിയ ഗുണ്ടാസംഘം സ്ത്രീകളടക്കം ബസ്തിയിലുണ്ടായിരുന്നവരെ വെടിവെച്ചും വെട്ടിനുറുക്കിയും കൂരകള്‍ക്ക് തീവെച്ചും ഭീകരമായി അഴിഞ്ഞാടി. പിറ്റേ ദിവസം പൊലീസും ഭരണാധി കാരികളുമെത്തിയപ്പോള്‍, വടക്കുനിന്നെത്തിയ കൊള്ളക്കാരാണ് ബസ്തിയെ ആക്രമിച്ചതെന്ന് അവര്‍ക്കു മുമ്പാകെ ദലിതരെക്കൊണ്ടു തന്നെ മൊഴികൊ ടുപ്പിക്കുവാന്‍ ജന്മിമാര്‍ക്ക് സാധിച്ചു. കുറച്ച് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തശേഷം അധികാരികള്‍ സ്ഥലംവിട്ടു.

ജന്മിമാര്‍ക്കെതിരേ മറുത്തൊന്നും ആരും ഒന്നും ഉരിയാടിയില്ല. മധവ്ജി യുടെ വെപ്പാട്ടി, മറ്റൊരാളുടെ വിധവയായ ഒരു സ്ത്രീ മാത്രം ദലിതുകളുടെ അരക്ഷിതാവസ്ഥക്കും അടിമത്തവത്തിനും മൂലകാരണമായി വര്‍ത്തി ക്കുന്ന വസ്തുതയെന്തെന്ന് മുറുമുറുത്തു. എന്നാല്‍ അവള്‍ക്ക് സത്യമെന്തെന്ന് അറിയാമായിരുന്നെങ്കിലും അധികാരികള്‍ക്കുമുമ്പാകെ വെളിപ്പെടുത്തുന്ന കാര്യത്തില്‍ അശക്തയായിരുന്നു. ദലിതുകളുടെ വിദ്യാഭ്യാസാവകാശം തടഞ്ഞുവെക്കുന്നതിലൂടെയാണ് അവരെ എക്കാലവും അടിമകളാക്കി നിലനിര്‍ത്താന്‍ കഴിയുന്നതെന്നാണ് അവളുടെ മുറുമുറുപ്പിന്റെ പൊരുള്‍. ഇക്കാര്യം ലോകോത്തര സമൂഹ്യശാസ്ത്രജ്ഞനായ ഡോ. ബി അര്‍ അംബേഡ്കര്‍ വിലയിരുത്തുന്നതെന്തെന്നറിയുക: 'വിദ്യാഭ്യാസത്തിനുള്ള മനുഷ്യന്റെ അവകാശം അവന്റെ സ്വാതന്ത്ര്യത്തിന് അത്യന്താപേക്ഷി തമായിത്തീരുന്നു. ഒരു മനുഷ്യന് അറിവ് നല്കാതിരിക്കുമ്പോള്‍ നിങ്ങള്‍ ചെയ്യുന്നത്, അവനെ അനിവാര്യമായും അവനേക്കാള്‍ ഭാഗ്യമുള്ളവരുടെ അടിമയാക്കിത്തീര്‍ക്കുകയാണ്.... അറിവ് നല്കാതിരിക്കുക എന്നാല്‍ മഹത് ലക്ഷ്യങ്ങള്‍ക്കുവേണ്ടി സ്വാതന്ത്ര്യം ഉപയോഗിക്കാനുള്ള അധികാരം നിഷേധിക്കുകയെന്നാണര്‍ത്ഥം.' (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 6 പേജ് 49)

അവസാനഘട്ടം നിര്‍വഹണമെന്ന മട്ടിലുള്ള ഒരു സിനിമാറ്റിക് തന്ത്രമായാണ് അനുഭവപ്പെട്ടത്. ഈ ഘട്ടത്തില്‍ ജന്മി മാധവ്ജിക്ക് രജപുത്രന്‍ തന്നെയായ മഹാത്മായന്‍ എന്നു പേരുള്ള ഒരു എതിരാളി വരുന്നു. ഇവരുടെ അധികാര ഗര്‍വ് മൂത്ത് അത് മഹാത്മായന്റെ കൊലപാതകത്തിലെത്തുന്നു. ഉത്തരവാദി മാധവ്ജിയാണെന്നത് വ്യക്തമാണ്. ആ കുറ്റം സഞ്ജീവനയുടെ മേല്‍ ചുമത്തുകയാണ്. അറസ്റ്റ് ചെയ്യപ്പെടുന്ന സഞ്ജീവനയെ കോടതി തൂക്കിക്കൊല്ലാന്‍ വിധിക്കുന്നു. എല്ലാം തനിക്ക് അനുകൂലമായി കലാശിച്ചു വെന്ന് സന്തോഷിച്ച് മാധവ്ജിയെ, അയാളുടെ സങ്കേതത്തില്‍ സുഹൃത്തു ക്കളുമായി ഇടപാടുകള്‍ നടത്തിക്കൊണ്ടരിക്കവേ സംഹാരരുദ്രയായി കടന്നുവരുന്ന സഞ്ജീവനയുടെ വൈഫ് മാരകമായി വെട്ടി പരിക്കേല്പി ക്കുന്നു. ദാമൂല്‍ എന്ന സിനിമയെ വിലയിരുത്തുമ്പോള്‍ ഈ ഘട്ടം വലിച്ചു നീട്ടി യെടുത്തതുപോലെയാണ് അനുഭവപ്പെടുന്നത്. ബസ്തി ദഹിപ്പിക്കു ന്നതോടെ, അത് ചെയ്ത കുറ്റം ദലിതരുടെ മേല്‍ത്തന്നെ കെട്ടിവെച്ചുകൊണ്ട് അധികാരികള്‍ സ്ഥലംവിടുന്ന രംഗത്ത് സിനിമ അവസാനിപ്പിച്ചാലും അതൊരു പോരായ്മയാകുമായിരുന്നില്ല. മാധവ്ജിയും മാഹാത്മായനും തമ്മിലുള്ള പ്രശ്‌നമെന്ന നിലയിലാണ് തുടര്‍ന്ന് സിനിമയെ ദീര്‍ഘിപ്പിച്ചത്. അന്ത്യത്തില്‍ ഒരു പ്രതികാരദൃശ്യം വേണെന്ന സാധാരണ പ്രേക്ഷകന്റെ കേവലമായ അഭിലാഷത്തിന് അനുപൂരകമായി 'ദാമൂല്‍' ശില്പികളിലു ണ്ടായിരുന്ന ഇച്ഛാശക്തിയായിരിക്കാം ഇതിനുപിന്നില്‍. മാധവ്ജിക്ക് മാഹാത്മായനെ ഒതുക്കണമെന്ന ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളുവെന്നും അതിന് സഞ്ജീവനയെ കരുവാക്കിയതാണ് എന്നും സമാധാനിക്കാം. പൂര്‍ണമായും നിര്‍വീര്യനായിക്കഴിഞ്ഞ സഞ്ജീവന ഒരു ഘട്ടത്തിലും ഒരു നേരിയ ഭീഷണിപോലുമാവുന്നില്ല, അതുകൊണ്ടുതന്നെ മാധവ്ജിക്ക് സഞ്ജീവനയെ കൊന്നൊതുക്കേണ്ട കാര്യമില്ലല്ലോ.

രാജന്‍ കോത്താരിയുടെ ഛായാഗ്രഹണമാണ് എടുത്തുപറയേണ്ട മറ്റൊരു വിജയഘടകം. ഒട്ടും ക്ലോസപ്പുകളില്ലാതെയാണ് ഛായകള്‍ പകര്‍ത്തി യിരിക്കുന്നത്. ക്യാമറയുടെ ചലനങ്ങളിലും, വിശേഷിച്ച് 'ഠ'വട്ടത്തെ അതിന്റെ കറക്കം ദൃശ്യങ്ങള്‍ക്ക് സവിശേഷമായ അര്‍ത്ഥം പകരുകയും ചെയ്തിട്ടുണ്ട്. എഡിറ്റിംഗ് അപൂര്‍വ യാജ്ഞിക്കാണ് നിര്‍വഹിച്ചത്. രഘുനാഥ് സേഠാണ് സംഗീതസംവിധാനം നിര്‍വഹിച്ചത്. എല്ലായിടത്തും സംഗീത സാന്ദ്രത ഇല്ലെന്നുള്ളത് ശ്രദ്ധേയമാണ്. അനിവാര്യമാകുന്നിടത്ത് മാത്രമേ മറ്റ് ശബ്ദങ്ങളും പ്രയോഗിക്കുന്നുള്ളൂ.

സഞ്ജീവനയായി അനു കപൂറാണ് വേഷമിട്ടത്. ശ്രീല മജൂംദാര്‍ വൈഫി നേയും അവതരിപ്പിച്ചു. കുറച്ചുമാത്രം പ്രത്യക്ഷപ്പെട്ട് കനത്ത ഇടപെടലുകള്‍ നടത്തുന്ന വെപ്പാട്ടിയെ അവതരിപ്പിക്കുന്നത് ദീപ്തി നേവലാണ്. ജന്മിമാരുടെ ആന്തരികജീര്‍ണതകളെ സമൂഹമധ്യത്തില്‍ തുറന്നുകാണിക്കുന്നതിനുള്ള ഒരു സാങ്കേതിക കഥാപാത്രമായി മാത്രം ഉള്‍പ്പെടുത്തിയതാണ് ഈ വെപ്പാട്ടിയെ എന്ന് കരുതാം. ജന്മി മാധവ്ജിയെ മനോഹര്‍ സിംഗാണ് അവതരിപ്പിക്കുന്നത്.

നടനും എഴുത്തുകാരനും സംവിധായകനും നിര്‍മാതാവുമായ പ്രകാശ് ഝായുടെ സ്വദേശം ബീഹാറിലെ പാറ്റ്‌നയാണ്. 1976 ല്‍ സിനിമാരംഗത്ത് എത്തിയ പ്രകാശ് ഝാ 1983 വരെ ഡോക്യുമെന്ററികള്‍ മാത്രമാണ് എടുത്തി രുന്നത്. 1984 ല്‍ തന്റെ ആദ്യ മുഴുനീള സിനിമയായ 'ഹിപ് ഹിപ് ഹുറേ' എടുത്തു. അടുത്ത വര്‍ഷം, 1985 ല്‍ തന്റെ രണ്ടാമത്തെ സിനിമയായി 'ദാമുല്‍' എടുത്തു. 26 വര്‍ഷം കഴിഞ്ഞ് 2011 ല്‍ ''ആരക്ഷണ്‍'' എടുത്തുകൊണ്ട് വീണ്ടും ദലിത് പ്രശ്‌നം സിനിമയില്‍ കൈകാര്യം ചെയ്തു.

* 'ദാമൂല്‍' എന്നാല്‍ 'തൂക്കിക്കൊല' എന്നാണ് അര്‍ത്ഥം കൊടുത്തിരിക്കുന്നത്. 'അടിമവേല' എന്ന് മറ്റൊരു പേരും 'ദാമൂല്‍' എന്ന സിനിമക്ക് അതിന്റെ ശില്പികള്‍ കൊടുത്തിട്ടുണ്ട്.