"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 23, ഞായറാഴ്‌ച

ഉത്സവ്: ജാതിവുരുദ്ധ പോരാട്ടം തമസ്‌കരിക്കപ്പെട്ട ആവിഷ്‌കാരരൂപം!


പ്രാക്തന ഇന്ത്യയിലെ ആദ്യത്തെ നാടകകൃത്തായി പരിഗണിക്കുന്നത് മഹാകവി ഭാസനെയാണ്. ഭാസന്‍ പാഷണ്ഡനായ ആര്യനായിരുന്നു. വേദങ്ങളെ അംഗീകരിക്കാത്ത യുക്തിവാദികളെയാണ് (നിരീശ്വരന്മാര്‍) പാഷണ്ഡന്മാര്‍ എന്ന് വിളിച്ചിരുന്നത്. പാഷണ്ഡന്മാരെ ദലിതരോടൊപ്പമാണ് ദലിതരോടൊപ്പമാണ് കണക്കാക്കിയിരുന്നത്. പാഷണ്ഡരുടേയും പഞ്ചമരുടേയും (ദലിതരുടേയും) വാസസ്ഥാനങ്ങള്‍ ശ്മശാനത്തിന് സമീപമായിരിക്കണമെന്ന് ചാണക്യന്‍ നിര്‍ദ്ദേശിച്ചു. പക്ഷെ അവര്‍ ആര്യന്മാര്‍ തന്നെയായിരുന്നതിനാല്‍ വൈദികബ്രാഹ്മണര്‍ പാഷണ്ഡന്മാര്‍ക്ക് വിദ്യാഭ്യാസാവകാശം നിഷേധിച്ചിരുന്നില്ല. പില്ക്കാലത്ത് അവര്‍ ലോകായതന്മാര്‍, ചാര്‍വാകന്മാര്‍ എന്നീ പേരുകളിലും അറിയപ്പെട്ടു. ആ പാരമ്പര്യം പിന്തുടര്‍ന്ന ഒരു അനാര്യനായിരുന്നു ഗൗതമബുദ്ധന്‍.

മഹാകവി ഭാസനാണ് ആദ്യമായി പുരാണ കഥാപാത്രങ്ങളെ അതിന്റെ അമാനുഷിക പരിവേഷങ്ങളില്‍ നിന്നും വ്യവഛേദിച്ചത്. മഹാകവി എഴുതിയ 'കര്‍ണഭാരം' നാടക (അങ്കം) ത്തിലാണ് കര്‍ണന്‍ ഒരു മനുഷ്യനായി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ആ നാടകത്തിലെ മുഖ്യകഥാപാത്രം കര്‍ണനല്ല, മറിച്ച് 'പിരിമുറുക്കം' (ടെന്‍ഷന്‍) എന്ന വ്യവഹാരമാണ്. കര്‍ണനിലൂടെ ടെന്‍ഷന് രൂപം കൊടുക്കുകയാണ് കര്‍ണഭാരത്തിലൂടെ മഹാകവി. കഥാപാത്രങ്ങള്‍ക്ക് രൂപം കൊടുക്കുന്ന ആവിഷ്‌കാരം 'രൂപകം' (നാടകം) എന്നും അറിയപ്പെടുന്നു. ഒരു മനുഷ്യനെ നിര്‍വീര്യനാക്കണമെ ങ്കില്‍ അവനില്‍ നിര്‍ണായകഘട്ടത്തില്‍ പിരിമുറുക്കത്തിന്റെ ഭാരം ചുമത്തിയാല്‍ മതി. നിര്‍വീര്യനാക്കപ്പെട്ട അവനുമേല്‍ വിജയം ഉറപ്പിക്കാം. പ്രധാനപ്പെട്ട ഒരു യുദ്ധതന്ത്രം കൂടിയാണ് ശത്രുവിനെ നിര്‍വീര്യനാക്കുന്ന ഈ പ്രക്രിയ.

അര്‍ജുനനെ വില്ലാളിവീരനാക്കണമെന്നതാണ് ദ്രോണാചാര്യരുടെ ജീവിതാഭിലാഷം. ഒരു ശിഷ്യന്‍ മികച്ചവനാകുമ്പോള്‍ മാത്രമാണ് ഗുരുവിന്റെ മികവുകള്‍ വിലയിരുത്തപ്പെടുകയുള്ളൂ. ഇവിടെ ധനുര്‍വിദ്യ യില്‍ ദ്രോണശിഷ്യന്‍ അര്‍ജുനനെ വെല്ലുന്ന രണ്ടുവ്യക്തികളെങ്കിലും മുമ്പോട്ടുവരുന്നതായി ശ്രദ്ധയില്‍ പെട്ടു. അതില്‍ ഏകലവ്യനെ ദ്രോണര്‍ നേരിട്ട് നിര്‍വീര്യനാക്കി. മറ്റൊരാള്‍ കര്‍ണനായിരുന്നു. യുദ്ധമുഖത്തു നില്ക്കുമ്പോള്‍ ആവശ്യത്തിലധികം പിരിമുറുക്കത്തിന്റെ ഭാരം കര്‍ണന്റെ മേല്‍ വെച്ചുകെട്ടിയാണ് ആ വീരനെ ബ്രാഹ്മണര്‍ നിര്‍വീര്യ നാക്കുന്നത് എന്നു കാണാം. കര്‍ണനുണ്ടെങ്കില്‍ ഒരിക്കലും പാണ്ഡവര്‍ക്ക് യുദ്ധം ജയിക്കാനാകുമായിരുന്നില്ല. കര്‍ണന്‍ നിര്‍വീര്യനാക്കപ്പെട്ടപ്പോള്‍ കാര്യങ്ങളെല്ലാം ദ്രോണാചാര്യര്‍ വിചാരിച്ചതുപോലെ എളുപ്പമായി. ലോകത്ത് അന്നേവരെ ഒരു ഗുരുനാഥനും തന്റെ ശിഷ്യനെ ഒന്നാം സ്ഥനത്ത് നിലനിര്‍ത്തുന്നതിന് വേണ്ടി പുറത്തെടുക്കാത്ത നീചകര്‍മമാണ് ദ്രോണാചാര്യന്‍ ചെയ്തത്. ഒരു ഗുരു തന്റെ ശേഷികള്‍ പകര്‍ന്നുകൊടുത്തു കൊണ്ടല്ലേ, ശിഷ്യരെ മികച്ചവരാക്കേണ്ടത്? അല്ലാതെ കുതന്ത്രങ്ങളിലൂടെ യാണോ? ഇക്കാര്യമാണ് ഭാസമഹാകവി മുന്നോട്ടുവെക്കുന്ന പാഷണ്ഡയുക്തി.

ഭാസന്റെ കൃതികള്‍ കണ്ടെത്തുന്നതുവരെ ഇന്ത്യയിലെ ഒന്നാമത്തെ നാടകകൃത്തായി പരിഗണിച്ചിരുന്നത് ശൂദ്രകനെയാണ്. ശൂദ്രകന്റേതായി 'മൃച്ഛകടികം' എന്ന ഒരു നാടകം മാത്രമേ കണ്ടുകിട്ടിയിരുന്നുള്ളൂ. നാട്യശാസ്ത്രപ്രകരാം മൃച്ഛകടികം നാടകമല്ല; പ്രകരണമാണ്. ദശപൂരക ങ്ങളില്‍ രണ്ടാമത്തേതാണ് പ്രകരണം. (നാടകം, പ്രകരണം, ഭാണം, ഢിമം, പ്രഹസനം, വ്യായോഗം, സമവകാരം, വീഥി, അങ്കം, ഈഹാമൃഗം എന്നിവയാണ് ദശരൂപകങ്ങള്‍) നാടകങ്ങള്‍ നിര്‍മ്മിക്കപ്പെട്ടശേഷം അവക്കുമേല്‍ നടത്തിയ വര്‍ഗീകരണത്തെയാണ് നാട്യശാസ്ത്രം ഉള്‍ക്കൊള്ളുന്നത്. ആദ്യമുണ്ടായത് നാട്യശാസ്ത്രമല്ലെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു. 'ശാസനകള്‍' ഉള്‍ക്കൊള്ളുന്ന ഗ്രന്ഥത്തെയാണ് 'ശാസ്ത്രം' എന്നു പറയുന്നത്. നാട്യശാസ്ത്രമാണ് ആദ്യമുണ്ടായതെങ്കില്‍ അതിലെ ശാസനകള്‍ അനുസരിച്ചായിരിക്കുമല്ലോ നാടകം നിര്‍മിക്കപ്പെടുക!

കഥാവസ്തുവും നായകനും രസവും (വസ്തുനേതാരസം) പരിഗണിച്ചാണ് രൂപകങ്ങളെ വര്‍ഗീകരിക്കുന്നത്. നാടകത്തിന്റെ കഥാവസ്തു പ്രണയമോ യുദ്ധമോ ആയിരിക്കണം. രസം യഥാക്രമം ശൃംഗാരവും വീരവും. നായകന്‍ ഉന്നതകുലജാതനോ ബ്രാഹ്മണനോ അയിരിക്കണം. പ്രകരണത്തില്‍ ഇക്കാര്യങ്ങള്‍ ബാധകമല്ല. കീഴാള കഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യം വരുന്നവയാണ് പ്രകരണങ്ങള്‍. അഥവാ അത്തരം കഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യമുള്ള നാടകത്തെ പ്രകരണമാക്കി ഇവഴ്ത്തുകയാണ് ചെയ്തിട്ടുള്ളത് എന്നു കാണാം. ബ്രാഹ്മണന്‍ മുഖ്യകഥാപാത്രമായാല്‍ പോലും പ്രകരണ ത്തില്‍ അയാള്‍ ദരിദ്രനായിരിക്കണം എന്നുണ്ട്. ബുദ്ധമതക്കാര്‍, ശൂദ്രന്‍, പഞ്ചമര്‍ തുടങ്ങിയവരുടെ ബാഹുല്യം പ്രകരണത്തിന്റെ ലക്ഷണമായി കണക്കാക്കാം. സ്ത്രീകളുടെ കാര്യം വരുമ്പോള്‍ ഏറ്റവും താഴ്‌നഗണത്തില്‍ വരുന്ന 'വേശ്യ'കള്‍ക്കാണ് പ്രാമുഖ്യം. എന്നതന്നെയുമല്ല, പ്രകരണത്തില്‍ മിക്കവാറും നായിക വേശ്യയായിരുക്കും! (വേശ്യ എന്നു വിശേഷിപ്പിക്കുന്നത് ഇന്നത്തെ ലൈംഗികത്തൊഴിലാളികളെയല്ലെ എന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നാട്യശ്‌സ്ത്രത്തില്‍ സ്ത്രീകഥാപാത്രങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ദേവസ്ത്രീ, മനുഷ്യസ്ത്രീ, വേശ്യാസ്ത്രീ എന്നിങ്ങനെ. വശീകരിക്കുന്ന സ്ത്രീ ആരാണോ അവളാണ് വേശ്യാസ്ത്രീ. 'കുട്ടനീമതം' എന്ന സംസ്‌കൃത ഗ്രന്ഥവും അതിന്റെ ചുവടുപിടിച്ച് മലയാളത്തില്‍ എഴുതപ്പെട്ട 'വൈശികതന്ത്ര'വും പ്രമുഖമായ രണ്ട് വശീകരണശാസ്ത്ര ഗ്രന്ഥങ്ങളാണ്. ശ്രേണിയനുസരിച്ച് വേശ്യാസ്ത്രീ ഏറ്റവും താഴെക്കിടയില്‍ പരിഗണിക്കപ്പെടുന്നവളാണ്) ഈ വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ പ്രകരണം സാധാരണക്കാരന്റെ നാടകമാണെന്ന് വിലയിരുത്തുന്നതില്‍ അപാകതയില്ല.

ഭാസന്റേതായി 13 നാടകങ്ങള്‍ ലഭ്യമായിട്ടുണ്ട്. 1908 മുതല്‍ 1925 വരെ തിരുവിതാംകൂറില്‍ ക്യൂറേറ്റര്‍ ഓഫീസറായിരുന്ന മഹാമഹോപാധ്യായ ഗണപതിശാസ്ത്രി 1910 ല്‍ ഭാസനാടകങ്ങള്‍ കണ്ടെത്തുന്നതോടെയാണ് ശൂദ്രകന്‍ രണ്ടാം സ്ഥാനത്തായത്. പത്മനാഭപുരത്തിനടുത്തുള്ള മണലിക്കര മഠത്തില്‍ നിന്നമുമാണ് നാടകങ്ങള്‍ കണ്ടെടുക്കുന്നത്. കടുത്തുരുത്തിയലെ കൈലാസപുരത്തുള്ള ഗോവിന്ദപ്പിഷാരടി എന്ന ജ്യോത്സ്യന്റെ അടുത്തു നിന്നുമാണ് അഭിഷേകം, പ്രതിമ എന്നീ നാടകങ്ങള്‍ കണ്ടെത്തുന്നത്. കൊട്ടാരം ഗ്രന്ഥപ്പുരയിലും ഈ രണ്ട് നാടകങ്ങളുടേയും പ്രതികളുണ്ടായി രുന്നു. താളിയോലയില്‍ മലയാളലിപിയില്‍ എഴുതപ്പെട്ടവയായിരുന്നു അവയൊക്കെയും.

തിരുവനന്തപുരത്തുനിന്നും കണ്ടുകിട്ടിയതിനാല്‍ ഭാസനാടകങ്ങള്‍ 'ട്രിവാണ്ട്രം പ്ലെയ്‌സ്' എന്നും അറിയപ്പെടുന്നു. ഭാസന്റേതായ 13 നാടകങ്ങളും നാട്യശാസ്ത്രപ്രകാരമുള്ള 10 സംവര്‍ഗങ്ങളിലും ഉള്‍പ്പെടുന്നു. അതില്‍ 'ചാരുദത്തം' പ്രകരണമാണ്. ചാരുദത്തം പ്രകരണത്തിന്റെ വസ്തു - നേതാ - രസകല്പനകള്‍ പാലിച്ചുകൊണ്ടാണ് ശൂദ്രകന്‍ 'മൃച്ഛകടികം' രചിച്ചത്. ഭാസനും ശൂദ്രകനും സമകാലികരല്ലെങ്കില്‍, ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വരായി കണക്കാക്കപ്പെടുന്നു. ക്രിസ്തുവര്‍ഷത്തിന് രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പോ അഞ്ചു നൂറ്റാണ്ടുകള്‍ക്കു ശേഷമോ ആണ് ഈ കാലഘട്ടം.

ഭാസനെപോലെ പാഷണ്ഡനായിരുന്നു ശൂദ്രകനും. വേദാധികാരം അംഗീകരിക്കാതെ നിരീശ്വരചിന്താഗതി വെച്ചുപുലര്‍ത്തുന്നതിനാല്‍ ബ്രാഹ്മണകുലത്തില്‍ നിന്നും പുറത്താക്കപ്പെടുന്നവരെയാണ് പാഷണ്ഡന്മാര്‍ എന്നുവിളിക്കുന്നത് എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. സമൂഹത്തില്‍ ഇവരുടെ സ്ഥാനവും ജീവിതവും പഞ്ചമരോടൊപ്പമാണ്. എന്നാല്‍ വിദ്യാധികാരം അവര്‍ക്ക് നിഷിദ്ധമായിരുന്നില്ല. ചാതുര്‍വര്‍ണ്യത്തില്‍ ഉള്‍പ്പെടുന്ന ശൂദ്രര്‍ക്കും പുറത്തുള്ള പഞ്ചമര്‍ക്കും വിദ്യാധികാരം നിഷിദ്ധമായിരുന്നു. ഈ അനീതിയെ ചോദ്യം ചെയ്യുന്നതിനായി ഒരു പാഷണ്ഡന്‍ സ്വീകരിച്ച തൂലികാനാമമാണ് 'ശൂദ്രകന്‍' എന്നത്. ശൂദ്രകന്‍ നടത്തിയ ആദ്യത്തെ വിപ്ലവപ്രവര്‍ത്തനം ഈ പേര് സ്വീകരിക്കുന്നതില്‍ ആരംഭിക്കുന്നു. വിദ്യാധികരമില്ലാത്ത ഒരു ശൂദ്രന്‍ നാടകം രചിക്കുകയോ? ശൂദ്രാദികളുടെ വിദ്യാഭ്യാസാവകാശം നിഷേധിച്ച ബ്രാഹ്മണര്‍ക്ക് ശൂദ്രകന്റെ ഈ ധിക്കാരം സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. അതിന്റെ അനന്തരഫലം അതിഭീകരവുമായിരുന്നു. തിയേറ്റര്‍ ആര്‍ട്ട് രംഗത്ത് ഒരു ചരിത്രസംഭവം തീര്‍ത്ത ആ മഹാവിപ്ലവകാരിക്ക് പിന്നീട് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല.

വിദ്യാധനം സര്‍വധനാത്പ്രധാനമാണെങ്കില്‍ അത് ഭേദമന്യേ ശൂദ്രര്‍ക്കും പഞ്ചമര്‍ക്കും തുടങ്ങി സര്‍വജനങ്ങള്‍ക്കും ഒരേപോലെ ബാധകമാകേണ്ട തല്ലേ? വിദ്യകൊണ്ട് സമ്പന്നനാകാന്‍ ശൂദ്രര്‍ക്കും കഴിയും എന്നു ബോധ്യപ്പെടുത്തുകയാണ് തൂലികാനാമ സ്വീകരണത്തിലൂടെ ശൂദ്രകന്‍ നിര്‍വഹിച്ച വിപ്ലവ പ്രവര്‍ത്തനം. മൃച്ഛകടികം വിലയിരുത്തുമ്പോള്‍ ശൂദ്രകന്റെ വിപ്ലവചിന്താഗതിയുടെ വ്യാപ്തി എത്രമാത്തമുണ്ടെന്ന് കൂടുതല്‍ വ്യക്തമാകും.

തൂലികാനാമ സ്വീകരണത്തിലുള്ള വിപ്ലവപ്രവര്‍ത്തനം നാടകത്തിനും അതിലെ കഥാപാത്രങ്ങള്‍ക്കും നല്കുന്ന നാമങ്ങളിലൂടെയും ശൂദ്രകന്‍ തുടര്‍ന്നുകൊണ്ടുപോകുന്നതായി കാണാം. 'മൃച്ഛകടികം' എന്നാല്‍ മണ്ണുകൊണ്ടുള്ള കളിവണ്ടി എന്നാണര്‍ത്ഥം. നായകനായ ചെട്ടിത്തെരുവിലെ ചാരുദത്തന്റെ മകന് രാജാവിന്റെ മകന്റെ കയ്യിലുള്ള സ്വര്‍ണത്തില്‍ തീര്‍ത്ത കളിവണ്ടി കാണുമ്പോള്‍ അതുപോലുള്ളതൊന്നു വേണമെന്ന് മോഹമുദിച്ചു. എന്നാല്‍ ദരിദ്രനായ ചാരുദത്തന് (പ്രകരണത്തിലെ ബ്രാഹ്മണന്‍ ദരിദ്രനായിരിക്കണം!) തന്റെ മകന് അതോപലുള്ള ഒന്ന് വാങ്ങിക്കൊടുക്കാന്‍ സാധിച്ചില്ല. പകരം മണ്ണുകൊണ്ടുള്ള ഒരു കളിവണ്ടി മകന് ഉണ്ടാക്കിക്കൊടുക്കുന്നു. സാധാരണക്കാരന്റെ സാമൂഹ്യ ജീവിതാവസ്ഥകളുടെ പ്രതീകമാണ് നാടകത്തിലെ 'മണ്‍വണ്ടി'.

രാജാവായ സംസ്ഥാനകന്റെ ദുര്‍ഭരണം നിമിത്തം ജനങ്ങള്‍ പൊറുതിമുട്ടി. പലരും ബുദ്ധമതത്തില്‍ ചേര്‍ന്ന് രക്ഷപ്പെടുകയാണ്. ഇതിനിടെ, ചാരുദത്തന്റേയും വസന്തസേനയുടേയും പ്രണയവൃത്താന്തമറിയുന്ന സംസ്ഥാനകന്‍ അവരെ വകവരുത്തുന്നതിന് പദ്ധതിയിടുന്നു. വസന്തസേനയെ ഒറ്റക്കു കിട്ടിയപ്പോള്‍, സംസ്ഥാനകന്‍ അവളെ കഴുത്തു ഞെരിച്ചു കൊല്ലുന്നു! കുറ്റം ചാരുദത്തന്റെ തലയില്‍ കെട്ടിവെക്കുകയും ചെയ്തു. കോടതി ചാരുദത്തനെ വധശിക്ഷക്ക് വിധിച്ചു. ആരാച്ചാര്‍ ചാരുദത്തന്റെ കഴുത്തറുക്കുന്നതിന് മുമ്പായി, പൊടുന്നനെ പ്രത്യക്ഷപ്പെട്ട വസന്തസേന ആ ഉദ്യമം തടയുന്നു! അവള്‍ മരിച്ചതായിരുന്നില്ല. മരിച്ചു എന്ന ധാരണയില്‍ സംസ്ഥാനകന്‍ അവിടെ നിന്നും കടന്നുകളഞ്ഞപ്പോള്‍, കുറച്ചുനേരം കഴിഞ്ഞ് അവിടെയെത്തിയ ഒരു ബുദ്ധഭിക്ഷു വസന്തസേനയെ രക്ഷിക്കുകയായിരുന്നു. ഇതിനിടെ തടവുചാടി എത്തിയ 'ആര്യകന്‍' എന്ന വിപ്ലവകാരി സംസ്ഥാനകനെ ഭഷ്ടനാക്കി അധികാരം പിടിച്ചെടുക്കുന്നു.

നാടകരചനയിലെ മികവിലും സാമൂഹ്യ വിപ്ലവകാരി എന്ന നിലയിലും ശൂദ്രകന് ചരിത്രത്തില്‍ സമുന്നത സ്ഥാനമുണ്ട്. ഇവിടെ വിപ്ലവകാരിക്ക് കൊടുത്ത നാമം 'ആര്യകന്‍' എന്നാണെന്നുള്ളത് പ്രത്യേകം ശ്രദ്ധയര്‍ഹി ക്കുന്നു. ശൂദ്രകന്‍ എന്ന നാമസ്വീകരണം പോലെ ആര്യകന്‍ എന്ന നാമകര ണവും ഒരു സമരതന്ത്രമാണ്. അഴിമതിഭരണത്തിന് അറുതിവരുത്തിക്കൊണ്ട് സാധാരണക്കാര്‍ ഒരു വിപ്ലവത്തിലൂടെ ജനാധിപത്യം നടപ്പാക്കുമെന്ന് വിദ്യാധികാരികളായ ബ്രാഹ്മണര്‍ക്കും ഭരണാധികാരികളായ ക്ഷത്രി യര്‍ക്കും മുന്നറിയിപ്പ് കൊടുക്കുക എന്ന മഹത്തായ കര്‍ത്തവ്യമാണ് ഈ തന്ത്രപ്രയോഗത്തിലൂടെ ശൂദ്രകന്‍ സാധിച്ചത്. ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത; പാഷണ്ഡന് (വര്‍ഗപരമായി ആര്യന്‍) കൊടുത്ത പേര് ശൂദ്രന്‍ എന്നും ശൂദ്രന് കൊടുത്ത പേര് ആര്യന്‍ എന്നും! ആര്യന്‍ എന്ന നാമകരണം കൊണ്ടാണ് മൃച്ഛകടികം നാടകം നാശത്തില്‍ നിന്നും രക്ഷപ്പെട്ടത്. കാരണം ആ നാമത്തെ ആര്യന്മാരായ ബ്രാഹ്മണര്‍ ആക്രമിച്ചില്ല. അങ്ങനെ ചെയ്താല്‍ തങ്ങളെത്തന്നെ ആക്രമിക്കുകയാണല്ലോ! ശൂദ്രന്‍ എന്ന നാമകരണമാകട്ടെ, മുമ്പു സൂചിപ്പിച്ചതുപോലെ തന്നെ ശൂദ്രരുടെ കൂട്ടത്തിലേക്ക് നടതള്ളി യപ്പോള്‍ വൈദികബ്രാഹ്മണരോടുള്ള ഒരു മധുരപ്രതികാരം എന്ന നിലയില്‍ സ്വയം സ്വീകരിച്ചതാണ്.

ശൂദ്രകന്റെ ജാതിവിരുദ്ധ കാഴ്ചപ്പാടുകളുടെ സമ്പൂര്‍ണമായ ഒരു സാക്ഷ്യ പ്പെടുത്തലാണ് മച്ഛകടികം നാടകം. ജാതിപീഢയേറ്റ് ബുദ്ധമതത്തില്‍ ചേരുകയാണ് എന്നു പ്രഖ്യാപിച്ചുകൊണ്ടുതന്നെയാണ് പല കഥാപാത്രങ്ങളും ദീക്ഷ സ്വീകരിക്കുന്നത്. ജാതിവ്യവസ്ഥ കൊടുമ്പിരിക്കൊള്ളുന്ന ആദ്യ നൂറ്റാണ്ടുകളില്‍ത്തന്നെ അത് ജനാധിപത്യവിരുദ്ധമാണെന്ന് ശൂദ്രകന്‍ തരിച്ചറിയുന്നുണ്ട്. ആ വ്യവസ്ഥിതി തുടരുന്നത് ഒരു നാടിന്റെ സര്‍വനാ ശത്തിലേക്കാണെന്ന കാര്യത്തില്‍ ശൂദ്രകന്‍ വളരെ ഉത്കണ്ഠാകുലനു മായിരുന്നു. പരിഹാരമായി ബുദ്ധമത സ്വീകരണം തന്നെയാണ് ശൂദ്രകന്‍ നിര്‍ദ്ദേശിക്കുന്നതും. അതിന് തെളിവാണ് മൃച്ഛകടികത്തിലെ കഥാപാത്ര ങ്ങള്‍, ബുദ്ധമതത്തില്‍ ജനിച്ചവരായല്ല ചിത്രീകരിച്ചിട്ടുള്ളത്, മറിച്ച് ഒരു മതത്തില്‍ നിന്നും ഒരു ഘട്ടത്തില്‍ വിട്ടുപോരുന്നവരായിട്ടാണ് എന്നുള്ള വസ്തുത. ശൂദ്രകനുശേഷം 20 നൂറ്റാണ്ടുകള്‍ പിന്നിടുന്നതിനിടയില്‍ ചില ജാതിവിരുദ്ധ സമരക്കാര്‍ ഉയര്‍ന്നുവന്നുിട്ടുണ്ടെങ്കിലും ആ മഹാവിപത്തിനെ ഉന്മൂലനം ചെയ്യാനായിട്ടില്ലെന്നുള്ള വസ്തുത ആശങ്കയോടെ മാത്രമേ അനുസ്മരിക്കാനാവൂ. ഗൗതമബുദ്ധനില്‍ ആരംഭിച്ച് ശൂദ്രകനെപ്പോലെയുള്ള പാഷണ്ഡന്മാരിലൂടെ കടന്നുപോന്ന ജാതിവിരുദ്ധ സമരസഞ്ചാരം 20 ആം നൂറ്റാണ്ടി ല്‍ ഡോ. അംബേഡ്കറിലെത്തുമ്പോഴാണ് ആ വിപത്തിന് ശാശ്വതമായ ഒരു പരിഹാരമാര്‍ഗം നിര്‍ദ്ദേശിച്ചു കിട്ടുന്നത്. അംബേഡ്കര്‍ നിരീക്ഷിച്ചു; 'ചരിത്രത്തിലുടനീളം ഇന്ത്യയുടെ വിധിയായിത്തീര്‍ന്ന പരാജയത്തിനു കാരണം, നിശ്ചയമായും ജാതി തന്നെയാണ്. ജാതി പൊതുവായി സംഘടിപ്പിക്കലിനേയും സമാഹരണത്തേയും തടഞ്ഞു. അഥവാ, സംഘടിപ്പിക്കലിന്റേയും സമാഹരണത്തിന്റേയും വ്യാപ്തിക്ക് വളരെ പരിമിതമായ സ്വഭാവമേ ഉായിരുന്നുള്ളൂ. സമൂഹത്തെ തുംതുമായി മുറിക്കുകയും ജോലിയെ താത്പര്യത്തില്‍ നിന്ന് വേര്‍തിരിക്കുകയും ബുദ്ധിശക്തിയെ അധ്വാനത്തില്‍ നിന്ന് വിടര്‍ത്തുകയും ജീവിതത്തെ സംബന്ധിച്ചിടത്തോളം മര്‍മപ്രധാനമായ താത്പര്യങ്ങളില്‍ മനുഷ്യന്റെ അവകാശങ്ങള്‍ തട്ടിപ്പറിക്കുകയും ആപത്കാലത്ത് പൊതുവായ പ്രതിരോധത്തിനുവേി വിഭവങ്ങള്‍ സമാഹരിക്കുന്നതില്‍ നിന്ന് സമൂഹത്തെ തടയുകയും ചെയ്യുന്ന ഒരു തത്വശാസ്ത്രത്തിന് സാമൂഹ്യ പ്രയോജനമെന്ന പരീക്ഷണത്തില്‍ വിജയിക്കാമെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക?' (ഡോ. അംബേഡ്കര്‍ - സമ്പൂര്‍ണകൃതികള്‍. വാല്യം 6. പേജ് 88, 89). 'ജാതിഉന്മൂ ലനം' എന്ന കൃതിയില്‍ അംബേഡ്കര്‍ ഇക്കാര്യം വളരെ വിശദായി പ്രതിപാദിച്ചിട്ടുണ്ട്.

സംസ്‌കൃതനാടകങ്ങള്‍ക്ക് വ്യാപകമായ തോതില്‍ സിനിമാ ആവിഷ്‌കാര ങ്ങള്‍ ഉണ്ടായിട്ടില്ല. കാളിദാസന്റെ ശാകുന്തളത്തിന് മിക്കവാറും എല്ലാ ഇന്ത്യന്‍ ഭാഷകലിലും ഒന്നിലേറെ സിനിമാ ആവിഷ്‌കാരങ്ങള്‍ ഉണ്ടായി ട്ടുണ്ട്. ശൂദ്രകന്റെ 'മൃച്ഛകടികം' ആരും ആവിഷ്‌കാരത്തിനായി തെരഞ്ഞെ ടുക്കാത്തത് അതില്‍ പുലരുന്ന ജാതിവിരുദ്ധ സമീപനം ഒന്നുകൊണ്ടു മാത്രമാണ് എന്ന് വ്യക്തം. 1984 ല്‍ ശശി കപൂര്‍ നിര്‍മിച്ച് ഗിരീഷ് കര്‍ണാട് സംവിധാനം ചെയ്ത് പുറത്തിറക്കിയ 'ഉത്സവ്' എന്ന ഹിന്ദി സിനിമ മൃച്ഛകടികം നാടകത്തെ ആധാരമാക്കുന്നുവെന്ന് അതിന്റെ വക്താക്കള്‍ അവകാശപ്പെടു ന്നുണ്ടെങ്കിലും ശൂദ്രകന്‍ മുന്നോട്ടുവെച്ച ജിതിവിരുദ്ധ സമരാഭിമുഖ്യം അദൃശ്യവത്കരിക്കപ്പെട്ടിരിക്കുകയാണ്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകൂടിയായ ഗിരീഷ് കര്‍ണാട് മൃച്ഛകടികത്തിലെ നാടകീയതയെ മാത്രമേ അഭിമുഖീക രിക്കുന്നുള്ളൂ. 'ഉത്സവ്' എന്ന് പേരുമാറ്റിയതില്‍ത്തന്നെ സനിമയുടെ വക്താക്കളുടെ താത്പര്യം പ്രകടമാണ്. അന്ന് പ്രസിദ്ധിയിലുണ്ടായിരുന്ന നടീനടന്മാരുടെ വിപണനമൂല്യം പ്രയോജനപ്പെടുത്തുക എന്നുള്ളതും ഈ സിനിമക്ക് പിന്നിലെ മറ്റൊരു ഉദ്ദേശ്യമായിരുന്നു.

പ്രസിദ്ധ നടി രേഖയാണ് വസന്തസേനയെ അവതരിപ്പിക്കുന്നത്. ശേഖര്‍ സുമന്‍ ചാരുദത്തനേയും സംസ്ഥാനകനെ നിര്‍മാതാവുകൂടിയായ ശശി കപൂറും അവതരിപ്പിക്കുന്നു. മറ്റ് നടീനടന്മാരില്‍ അംജത്ഖാനും ശങ്കര്‍ നാഗും നീനാ ഗുപ്തയും അനുപം ഖേറും റ്റുമൊക്കെ ഉള്‍പ്പെടുന്നു. കലാസംവിധാന ത്തിന് മാത്രമേ ഉത്സവിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നുള്ളൂ. നചികേത് പട് വര്‍ധനും ജയൂ പട് വര്‍ധനും ചേര്‍ന്നാണ് കലാസംവിധാനം നിര്‍വഹിച്ചത്. വസന്ത് ദേവിന് ഗാനരചനക്കും അനുരാധാ പൗദ്വാളിന് മികച്ച പിന്നണി ഗായികക്കുമുള്ള ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി. ലക്ഷ്മികാന്ത് പ്യാരേലാലും വസന്ത് ദേവും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വഹിച്ചു. അശോക് മേത്തയുടേതാണ് ഛായാഗ്രഹണം.