"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഏപ്രിൽ 16, ഞായറാഴ്‌ച

ഹിന്ദുമതവും അതിന്റെ ജാതിവ്യവസ്ഥയും നിലനില്ക്കണമെന്നാണ് മി. ഗാന്ധി ആഗ്രഹിച്ചത്..! അംബേഡ്കര്‍ പറഞ്ഞു....

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 17. പേജ് 33)

മി. ഗാന്ധി ഹരിജനങ്ങളുടെ ഉദ്ധാരണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടോ? അദ്ദേഹത്തിന്റെ ഹരിജന്‍ സേവാസംഘത്തിന്റെ ഉദ്ദേശ്യമെന്താണ്? ഹിന്ദു യജമാനന്മാരില്‍ നിന്നും മുക്തരാകാന്‍ ഹരിജനങ്ങളെ സജ്ജരാക്കുകയാ ണോ? അവരെ രാഷ്ട്രീയമായും സാമൂഹികമായും സമന്മാരാക്കുകയാണോ? അത്തരമൊരു ലക്ഷ്യവും മി. ഗാന്ധിയുടെ മുന്നില്‍ ഉണ്ടായിരുന്നിട്ടില്ല. അങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഒരിക്കല്‍പ്പോലും അദ്ദേഹം ആഗ്രഹിച്ചിട്ടു മില്ല. അദ്ദേഹത്തിന് അത് കഴിയുകയില്ലെന്ന് ഞാന്‍ പറയുന്നു. അതാണ് ഒരു ജനാധിപത്യവാദിയുടേയും വിപ്ലവവാദിയുടേയും ജോലി. മി. ഗാന്ധി ഒരു ജനാധിപത്യവാദിയല്ല, വിപ്ലവവാദിയുമല്ല.



അദ്ദേഹം ജന്മംകൊണ്ടും വിശ്വാസംകൊണ്ടും ഒരു ടോറിയാണ്. ഹരിജന്‍ സേവാസംഘം പ്രവര്‍ത്തി ക്കുന്നത് അസപൃശ്യരെ ഉദ്ധരിക്കാനല്ല. ആത്മാഭിമാനമുള്ള ഏതൊരു അസ്പൃശ്യനും അറിവുള്ളതുപോലെ അദ്ദേഹത്തിന്റെ മുഖ്യലക്ഷ്യം ഇന്ത്യയെ ഹിന്ദുക്കള്‍ക്കു വേണ്ടിയും ഹിന്ദുമതത്തിനുവേണ്ടിയും സുരക്ഷിതമാക്കുക എന്നതാണ്. തീര്‍ച്ചയായും അദ്ദേഹം അവര്‍ണര്‍ക്കു വേണ്ടിയുള്ള യുദ്ധമല്ല നടത്തുന്നത്. മറിച്ച് ഹരിജന്‍ സേവാസംഘത്തിലൂടെ നിസ്സാരന്മാരായ അസ്പൃശ്യര്‍ക്ക് നിസ്സാരമായ പാരിതോഷികങ്ങള്‍ വിതരണം ചെയ്യുന്നതിലൂടെ അദ്ദേഹം അസ്പൃശ്യരുടെ എതിര്‍പ്പിന്റെ നഖങ്ങള്‍ വിലക്കുകയും മരവിപ്പിക്കുകയും പിന്നോക്കം വലിക്കുകയുമാണ് ചെയ്യുന്നത്. ഇന്ത്യയില്‍ ജാതിവ്യവസ്ഥ തകര്‍ക്കാനും ജനാധിപത്യം സ്ഥാപിക്കാ നും പോന്നതാണ് അസ്പൃശ്യരുടെ എതിര്‍പ്പ് എന്ന് അദ്ദേഹ ത്തിനറിയാം. ഹിന്ദുക്കളും അതിന്റെ ജാതിവ്യവസ്ഥയും അഭംഗുരം നിലനില്ക്കണമെന്നാണ് മി. ഗാന്ധി ആഗ്രഹിക്കുന്നത്. അസ്പൃശ്യര്‍ ഹിന്ദുക്കളായി നില്ക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. എന്നാല്‍ ഏതു നിലയില്‍? ഹിന്ദുക്കളുടെ പങ്കാളികളായിട്ടല്ല, അവരുടെ ദരിദ്രബന്ധു ക്കളായിട്ട്. മി. ഗാന്ധിക്ക് അസ്പൃശ്യരോട് ദയവുണ്ട്. എന്നാല്‍ എന്തിനു വേണ്ടി? അസ്പൃശ്യരേയും ഹിന്ദുക്കളില്‍ നിന്ന് വേര്‍പെടാനും സ്വതന്ത്രരാകാനും പ്രവര്‍ത്തിക്കുന്ന അവരുടെ പ്രസ്ഥാനത്തേയും ദയകൊണ്ടു കൊല്ലാന്‍ വേണ്ടി. വിജയിയായ ഒരു പിത്തലാട്ടക്കാരനാകാന്‍ മി. ഗാന്ധിക്ക് പ്രാപ്തി നല്കിയ പല പ്രതിവിധികളിലൊന്നാണ് ഹരിജന്‍ സേവാസംഘം.