"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 17, ബുധനാഴ്‌ച

സവര്‍ണ ഹിന്ദുക്കള്‍ 2) അവര്‍ണ ഹിന്ദുക്കള്‍....! അംബേഡ്കര്‍ പറഞ്ഞൂ....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 10. പേജ് 50, 51)

ആദ്യത്തെ വിഭാഗത്തില്‍ ജാതിയുടെ രണ്ട് വര്‍ഗങ്ങളുണ്ട് - (1) ദ്വിജന്മാര്‍ (2) ശൂദ്രര്‍. രണ്ടാമത്തെ വിഭാഗത്തില്‍ ജാതികളുടെ രണ്ടുവര്‍ഗങ്ങളുണ്ട്. (1) പ്രാകൃത - ക്രിമിനല്‍ ജാതികള്‍ (2) അസ്പൃശ്യജാതികള്‍. മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ളത്, ഓരോ ജാതിയും അടഞ്ഞതും മറ്റു ജാതികളില്‍നിന്ന് വേര്‍തിരിക്കപ്പെട്ടതുമാണെന്നാണ് - ഈ വസ്തുത രേഖാ ചിത്രത്തില്‍ കാണിച്ചിട്ടില്ല. ജാതികളുടെ നാല് വര്‍ഗങ്ങളില്‍ ഓരോന്നും ഒരുമിച്ച് ഗ്രൂപ്പുതിരിച്ച് വര്‍ഗത്തിന്റെ വേലിക്കെട്ടിനകത്ത് സ്ഥാപിച്ചിരിക്കുന്നു. ഈ വേലിക്കെട്ട് ജാതിയുടെ വര്‍ഗത്തെ ഒറ്റതിരിച്ച് നിര്‍ത്തുകയും മറ്റൊരു വര്‍ഗത്തില്‍ നിന്ന് വേര്‍പെടുത്തി നിര്‍ത്തുകയും ചെയ്യുന്നു. ജാതികളുടെ വര്‍ഗം സംഘടിപ്പിക്കപ്പെടുന്നത് ജാതി സംഘടിപ്പിക്കപ്പെടുന്നതുപോലെയല്ല. ഒരു വര്‍ഗവികാരം അവിടെയുണ്ട്.



മൂന്നാമതായി ശ്രദ്ധിക്കേണ്ടത്, വേലിക്കെട്ട് സൃഷ്ടിക്കുന്നതിനുവേണ്ട വസ്തുക്കളുടെ സ്വഭാവമാണ്. വിവിധതരത്തിലുള്ളതാണ് അവയുടെ ബലം. ചിലവ സ്ഥിരസ്വഭാവമുള്ളത്, ചിലവ താത്കാലികസ്വഭവമുള്ളതും. ദ്വിജജാതികള്‍ക്കും ശൂദ്രജാതികള്‍ക്കുമിടയിലുള്ള മതില്‍ ഒരു മതിലേയല്ല, അതൊരു മറ മാത്രമാണ്. അതൊരു വേര്‍തിരിക്കലേയല്ല. അകറ്റിനിര്‍ത്തലാണ് മറകൊണ്ട് ഉദ്ദേശിക്കുന്നത്. ഭാഗങ്ങളായി അവയെ വേര്‍തിരിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല. ശൂദ്രജാതികളും അവര്‍ണജാതിയിലെ ആദ്യത്തെ രണ്ടുവിഭാഗങ്ങളും തമ്മിലുള്ള വിഭജനരേഖ സ്ഥായിയായിട്ടുള്ളതാണ്. പക്ഷെ അത് ലോലവും ഹ്രസ്വവുമാണ്. അത് മറികടന്ന് പോകാവുന്നതേയുള്ളൂ. വിഭജനമെന്നത് മാറ്റിനിര്‍ത്തല്‍ മാത്രമാണ്. വേര്‍പെടുത്തലിന് കാരണമാകുന്നില്ല. എന്നാല്‍ ഈ മൂന്ന് വര്‍ഗങ്ങളും അസ്പൃശ്യരും തമ്മിലുള്ള വിഭജനം യഥാര്‍ത്ഥവും നീക്കംചെയ്യാനാവാത്തതുമാണ്. അതൊരു മുള്ളുവേലിയാണ്. വേര്‍പെടുത്തലാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ആദ്യത്തെ മൂന്നു വേലിക്കെട്ടുകള്‍ ഒന്നിനകത്ത് വേറൊന്ന് വരത്തക്കവിധമാണ് സംവിധാനം ചെയ്തിട്ടുള്ളത്. ദ്വിജന്മാരും ശൂദ്രരും തമ്മിലുള്ള ഇടഭിത്തി (ജമൃശേശേീി) എടുത്തുമാറ്റാവുന്നതാണ്, രണ്ടുകൂട്ടര്‍ക്കും രണ്ടുവേലിക്കെട്ടിനു പകരം ഒരു വേലിക്കെട്ടിനകത്ത് കഴിയാവുന്നതാണ്. അതുപോലെതന്നെ രണ്ടാമത്തെ ഇടഭിത്തിയും നീക്കം ചെയ്യാവുന്നതാണ്. ദ്വിജ - ശൂദ്ര - പ്രാകൃത - ക്രിമിനല്‍ ജാതികള്‍ പൂര്‍ണമായി ഒന്നായി രൂപംകൊണ്ട് ഒരു വേലിക്കെട്ടിനകത്ത് കഴിയുന്നു. എന്നാല്‍, തങ്ങള്‍ അസ്പൃശ്യരായി ഒത്തുചേര്‍ന്ന് ഒരു ജനതയായി ഐക്യപ്പെടുകയില്ല എന്ന കാര്യത്തില്‍ ജാതികളിലെ മൂന്നു വര്‍ഗക്കാരും ഐകമത്യത്തിലാണ്. അസ്പൃശ്യരെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കുന്ന, അവരെ വിട്ടുനില്ക്കാനും പുറത്തുനിന്നും പ്രേരിപ്പിക്കുന്ന അശുഭകരമായ ഒരു തടസ്സം നിലനില്ക്കുന്നു.