"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 12, വെള്ളിയാഴ്‌ച

വര്‍ഗവിഭജനത്തിന്റെ രീതി പൗരാണിക ചാതുര്‍വര്‍ണ്യ സമ്പ്രദായത്തിലേതുതന്നെ.....!!! അംബേഡ്കര്‍ പറഞ്ഞു......


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 46, 47)

വര്‍ണസമ്പ്രദായത്തിന്റെ പരിണാമമാണ് ജാതിയെന്നു പറയാറുണ്ട്. ഇത് ശൂദ്ധ അസംബന്ധമാണെന്ന് ഞാന്‍ പിന്നീട് വ്യക്തമാക്കുന്നുണ്ട്. മറിച്ച് വര്‍ണത്തിന്റെ ഒരു വൈകൃതമാണ് ജാതി - എതിര്‍ ദിശയിലേക്കുള്ള പരിണാമം. വര്‍ണസമ്പ്രദായത്തെ ജാതി പൂര്‍ണമായി വികൃതമാക്കിയപ്പോള്‍ത്തന്നെ അതില്‍നിന്ന് വര്‍ഗസമ്പ്രദായം കടംകൊണ്ടു എന്നത് നേരാണ്. വാസ്തവത്തില്‍ വര്‍ഗജാതിസമ്പ്രദായം വര്‍ണസമ്പ്രദായത്തിലെ വര്‍ഗങ്ങള്‍ തമ്മിലുള്ള പിളര്‍പ്പ് പൂര്‍ണമായും പിന്തുടരുന്നതായി കാണാം.


ജാതിസമ്പ്രദായത്തെ ഈ വീക്ഷണകോണിലൂടെ നോക്കുന്ന ഒരാള്‍ക്ക് ജാതികളുടെ പിരമിഡിലൂടെ കടന്നുപോകുന്ന വര്‍ഗവിഭജനങ്ങളുടെ നിരവധി രേഖകള്‍ കണ്ടുമുട്ടാനിടയാകുന്നു. പിരമിഡുകള്‍ ജാതിയുടെ ബ്ലോക്കുകള്‍ കൊണ്ട് വിഭജിച്ചിരിക്കുന്നതായും കാണാം.

വര്‍ഗവിഭജനത്തിന്റെ രീതി പൗരാണിക ചാതുര്‍വര്‍ണ്യ സമ്പ്രദായത്തില്‍ കാണാവുന്ന വിഭജനരീതി പിന്തുടരുന്നു. പഴയ ചാതുര്‍വര്‍ണ്യ സമ്പ്രദായം ആദ്യത്തെ മുന്നു വര്‍ണങ്ങളും - ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ - നാലാം വര്‍ണമായ ശൂദ്രരും തമ്മില്‍ വ്യത്യാസം സൃഷ്ടിച്ചു. ആദ്യത്തെ മുന്നു വര്‍ണക്കാരെ ദ്വിജന്മാരാക്കി. നാലാമത്തെ വവര്‍ണമായ ശൂദ്രനെ അദ്വിജനാക്കി. ത്രൈവര്‍ണികര്‍ക്ക് പൂണൂല്‍ ധരിക്കാനും വേദം പഠിക്കാനും അവകാശമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിഭജനം. ഇത് രണ്ടും ശൂദ്രന് പാടില്ലായിരുന്നു. അതുകൊണ്ടാണ് ശൂദ്രരെ അദ്വിജവര്‍ഗമായി കണക്കാക്കിയത്. ദ്വിജരും ശൂദ്രരും തമ്മിലുള്ള ഈ വിഭജനം ഇന്നും നിലനില്ക്കുന്നു. മാത്രമല്ല അത് ഇന്നത്തെ വര്‍ഗവിഭജനത്തിന്റെ അടിസ്ഥാനമായിത്തീരുകയും ചെയ്യുന്നു. വിശാലമായ ശൂദ്രവര്‍ഗത്തില്‍ നിന്ന് വളര്‍ന്ന ജാതിയെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ എന്നീ മൂന്നുവര്‍ണങ്ങളില്‍ നിന്നു വളര്‍ന്ന ജാതിയെ വേര്‍തിരിച്ചുകൊണ്ട് വര്‍ഗവിഭജനത്തിന്റെ ഈ രേഖ ഇപ്പോഴും നിലനില്ക്കുന്നു. ഉപജാതി, ഹീനജാതി എന്നീ പദങ്ങളിലൂടെ ആവിഷ്‌കരിച്ചിട്ടുള്ളത് ഈ വിഭജനരേഖ തന്നെയാണ്. ഉപരിജാതിക്കാരുടേയും അധോവര്‍ഗജാതിക്കാരുടേയും ഹ്രസ്വരൂപങ്ങളാണ് ഈ പ്രയോഗങ്ങള്‍.