"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 3, ബുധനാഴ്‌ച

അസ്പൃശ്യര്‍ ആരാണ്....? അവരുടെ അവസ്ഥയെന്താണ്....? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 10, 11)

ക്രിമിനല്‍ വര്‍ഗങ്ങളെപ്പോലെതന്നെ അസ്പൃശ്യരും പരിഷ്‌കൃത സമൂഹത്തില്‍ കഴിയുന്നു. പ്രാകൃത വര്‍ഗക്കാരില്‍ നിന്നും ക്രിമിനല്‍ വര്‍ഗക്കാരില്‍ നിന്നും തികച്ചും ഭിന്നമായ സംസ്‌കാര മാണ് ഇവര്‍ക്കുള്ളത്. അതായത്, ഹൈന്ദവ സമുദായത്തിന്റെ മതപരമായ ചടങ്ങുകള്‍ ഇവരും ആചരിക്കുന്നു. ഹിന്ദുക്കളുടെ ദിവ്യവും മതനിരപേക്ഷവുമായ നിയമങ്ങള്‍ അവര്‍ അംഗീകരി ക്കുന്നു. ഹൈന്ദവ ഉത്സവങ്ങള്‍ അവരുമാഘോഷിക്കുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും അവരുടെ സാമൂഹ്യ പദവിയില്‍ യാതൊരു മാറ്റവും ഉണ്ടാകുന്നില്ല.



നേരെമറിച്ച് ജാതിഹിന്ദുക്കള്‍ അവരെ മാറ്റിനിര്‍ത്തുകയും ആട്ടിയകറ്റുകയുമാണ് ചെയ്യുന്നത്. എന്തുകൊണ്ടെന്നാല്‍ അസ്പൃശ്യരുമായുള്ള ശാരീരിക സമ്പര്‍ക്കം തങ്ങളെ അശുദ്ധമാക്കുമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് എല്ലാവിധ സാമൂഹ്യ സമ്പര്‍ക്കത്തില്‍ നിന്നും അസ്പൃശ്യര്‍ക്ക് വിലക്ക് കല്പിച്ചിരിക്കുകയാണ്, ഒഴിച്ചുകൂടാനാവാത്ത ചിലകാര്യങ്ങളൊഴിച്ച്. ഗ്രാമമധ്യത്തിലല്ല, പ്രാന്തപ്രദേശത്തിലാണ് അവര്‍ വസിക്കുന്നത്. ഓരോ ഗ്രാമത്തിലും അസ്പൃശ്യര്‍ക്ക് വാസസ്ഥലങ്ങളുണ്ട്. അവ ഗ്രാമത്തിന്റെ ഭാഗമല്ല, അതിനോട് ചേര്‍ന്നാണെന്ന് മാത്രം. ഹൈന്ദവ ജനസമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ട അവര്‍ ചില പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിധേയരാണ്. ഏതാണ്ട് ഭൃത്യാവസ്ഥക്ക് സമാനമായ പെരുമാറ്റച്ചട്ടം. ഈ പെരുമാറ്റച്ചട്ടമനുസരിച്ച് അസ്പൃശ്യനായ ഒരാള്‍ അയാളുടെ ജീവിതാവസ്ഥയില്‍ നിന്ന് ഉയര്‍ച്ചനേടുന്നതിന് യാതൊന്നും ചെയ്യാന്‍ പാടില്ല. അയാളുടെ പദവിയിലേതില്‍ കവിഞ്ഞ് വസ്ത്രധാരണം പാടില്ല. ഉപരിജാതിവര്‍ഗക്കാരായ സ്ത്രീകളുടെ ഫാഷനെ അനുകരിച്ച് അസ്പൃശ്യസ്തീകള്‍ അണിഞ്ഞുകൂടാ. ഗ്രാമത്തിലെ മറ്റു ഹിന്ദുക്കളുടേതിനേക്കാള്‍ മികച്ചതോ വലിപ്പം കൂടിയതോ ആയ വീടുകള്‍ അസ്പൃശ്യര്‍ക്ക് ഉണ്ടാകാന്‍ പാടില്ല. യാതൊരു കാരണവശാലും അസ്പൃശ്യരുടെ വീടിന്റെ മേല്‍ക്കൂര ഓടുമേയാന്‍ പാടില്ല. അസ്പൃശ്യര്‍ ഒരു ഹിന്ദുവിന്റെ സാന്നിധ്യത്തില്‍ ഇരിക്കാന്‍ പാടില്ല; അയാളെ കണ്ടമാത്രയില്‍ ആദ്യം വന്ദിക്കുകയും വേണം. അസ്പൃശ്യന്‍ വൃത്തിയായ വസ്ത്രം ധരിക്കാന്‍ പാടില്ല, ഓടോ ചെമ്പോ കൊണ്ടുള്ള പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. അതുപോലെ തന്നെ വെള്ളിയോ സ്വര്‍ണമോ കൊണ്ടുള്ള ആഭരണങ്ങള്‍ ഉപയോഗിക്കരുത്. ഹിന്ദുവിന്റെ വീട്ടില്‍ മരണം നടന്നാല്‍ ആ വിവരം മൈലുകള്‍ക്കപ്പുറത്തുള്ള അയാളുടെ ബന്ധുവിനെ അറിയിക്കാന്‍ അസ്പൃശ്യര്‍ തന്നെ വേണം. കമ്പിത്തപാല്‍ വഴി ഈ വിവരങ്ങള്‍ അറിയിക്കുന്നത് കുറച്ചിലായിട്ടാണ് കണക്കാ ക്കുന്നത്. ഹിന്ദുകുടുംബത്തിലെ സ്ത്രീകള്‍ അവരുടെ മാതാപിതാ ക്കളുടെ വീടുകളിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും അവരെ അനുഗമിക്കേണ്ട കടമ അസ്പൃശ്യര്‍ക്കുണ്ട്. ഹിന്ദുക്കളുടെ അന്തസ്സ് നിലനിര്‍ത്താന്‍ പരിവാര്യം ആവശ്യമാണ്. യാതൊരു ചെലവുമില്ലാതെ ഇത്തരം പരിവാരമായി കിട്ടാവുന്ന ഒരേയൊരു വര്‍ഗം അസപൃശ്യരാണ്. ഹിന്ദുവിന്റെ വീട്ടില്‍ നടക്കുന്ന ഓരോ ആഘോഷത്തിനും അസ്പൃശ്യര്‍ വേണം താഴ്ന്ന ജോലികള്‍ ചെയ്യാന്‍. അസ്പൃശ്യര്‍ കൃഷിഭൂമി സ്വന്തമാക്കാനോ സ്വന്തമായി കൃഷിചെയ്ത് സ്വതന്ത്രജീവിതം നയിക്കാനോ പാടില്ല. ഹിന്ദു ഭവനങ്ങളില്‍ ബാക്കിവരുന്ന ഭക്ഷണം കഴിച്ചും ഗ്രാമങ്ങളില്‍ ചത്തുവീഴുന്ന മൃഗങ്ങളുടെ മാംസം ഭക്ഷിച്ചുമാണ് അസ്പൃശ്യര്‍ ജീവിതം നിലനിര്‍ത്തേണ്ടത്. ഭക്ഷ്യാവശിഷ്ടങ്ങള്‍ വീടുവീടാന്തരം നടന്ന് അയാള്‍ സംഭരിച്ചുകൊള്ളണം. അതിനുവേണ്ടി വൈകുന്നേരങ്ങളില്‍ അയാള്‍ ഭിക്ഷ യാചിച്ചു നടക്കണം. അതുപോലെ തന്നെ ചത്ത മൃഗങ്ങളെ ഗ്രാമത്തില്‍ നിന്ന് നീക്കം ചെയ്യേണ്ടത് അസ്പൃശ്യരാണ്. വാസ്തവത്തില്‍ അയാള്‍തന്നെ ഈ പണി ചെയ്യേണ്ടിവരും. കാരണം ഹിന്ദുക്കള്‍ തോട്ടിപ്പണി ചെയ്യുകയില്ല. ജാതിഹിന്ദുക്കളുടെ മേല്‍ അധീശത്വവും അധികാരവുമുള്ള ജോലികളൊന്നും അസ്പൃശ്യര്‍ സ്വീകരിക്കാന്‍ പാടില്ല. അയാള്‍ വിനയാന്വിതനായിരിക്കണം, അയാളുടെ പെരുമാറ്റ സംഹിതകള്‍ക്കപ്പുറമുള്ളതൊന്നും അയാള്‍ ചോദിക്കാനോ അവകാശപ്പെടാനോ പാടില്ല. പെരുമാറ്റച്ചട്ടം നിര്‍ദ്ദേശിക്കുന്ന നീചസ്ഥിതിയില്‍ നിന്ന് ചിലര്‍ ഉയര്‍ന്നു വരുന്നുണ്ടെന്നതും ഉന്നതസ്ഥാനങ്ങല്‍ വഹിക്കുന്നുണ്ട് എന്നതും ശരിയാണ്. എന്നാല്‍ അസ്പൃശ്യരില്‍ ഭൂരിപക്ഷവും ഇന്നും സാമൂഹികമായി ഏറ്റവും താണ പടിയിലാണ്, സാമ്പത്തിക മായും അവര്‍ കൊടും ദാരിദ്ര്യമനുഭവിക്കുന്നു.