"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 24, ബുധനാഴ്‌ച

ഹിന്ദുക്കള്‍ക്ക് വൃത്തിയുള്ളതും ആദരണീയവുമായ ജോലി! അസ്പൃശ്യര്‍ക്ക് വൃത്തികെട്ടതും ഹീനവുമായ ജോലി? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍മകൃതികള്‍. വാല്യം 10. പേജ് 157, 158)

അസ്പൃശ്യര്‍ ഹിന്ദുക്കള്‍ക്കുവേണ്ടി വൃത്തികെട്ട ജോലിചെയ്ത് അയിത്തത്തിന്റെ ശാപം സ്വയം ഏറ്റെടുത്തവരാണെന്ന് പറഞ്ഞ് അവരെ അധിക്ഷേപിക്കാമോ എന്ന പ്രശ്‌നം അപ്രസക്തമാണ്. മഹദില്‍ ചേര്‍ന്ന അസ്പൃശ്യരുടെ സമ്മേളനം അവര്‍ മേലില്‍ ചത്തമൃഗങ്ങളുടെ തോലുരിക്കുകയോ, അവയെ നീക്കം ചെയ്യുകയോ, അഴുകിയ മാംസം ഭക്ഷിക്കുകയോ ചെയ്യുകയില്ല എന്നെടുത്ത തീരുമാനമാണ് പ്രധാനം. ദ്വിവിധ ലക്ഷ്യമാണ് ഈ പ്രമേയങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ഒന്നാമത്തെ ലക്ഷ്യം അസ്പൃശ്യരില്‍ ആത്മാഭിമാനവും അഹംബോധവും വളര്‍ത്തുകയെന്നതായിരുന്നു. ഇത് അത്രക്ക് പ്രാധാന്യമുള്ള ലക്ഷ്യമായിരുന്നില്ല. പ്രധാനലക്ഷ്യം ഹൈന്ദവസാമൂഹിക സംവിധാനത്തില്‍ പ്രഹരമേല്പിക്കുക എന്നതായിരുന്നു.



തൊഴില്‍ വിഭജനത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് ഹൈന്ദവ സാമൂഹിക സംവിധാനം. ഈ സംവിധാനം ഹിന്ദുക്കള്‍ക്ക് വൃത്തിയുള്ളതും ആദരണീയവുമായ തൊഴില്‍ ഉറപ്പുവരുത്തുമ്പോള്‍, അസ്പൃശ്യര്‍ക്ക് വൃത്തികെട്ടതും ഹീനവുമായ തൊഴിലുകള്‍ മാറ്റിവെക്കുന്നു. അങ്ങനെ ഹിന്ദുക്കളില്‍ ആദരവും അസ്പൃശ്യരില്‍ നിന്ന് നിന്ദയും ഉളവാക്കുന്ന ഹൈന്ദവസാമൂഹിക സംവിധാനത്തിന്റെ ഈ ഭാഗത്തോടുള്ള കലാപമായിരുന്നു സമ്മേളനം പാസാക്കിയ പ്രമേയം. ഹിന്ദുക്കളുടെ വൃത്തികെട്ട ജോലികള്‍ അവര്‍തന്നെ ചെയ്യട്ടെ എന്നതായിരുന്നു ഉദ്ദേശ്യം.