"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 17, ബുധനാഴ്‌ച

വര്‍ണബാഹ്യര്‍ ആരാണ് ? അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 52)

മനു ഉദ്ദേശിച്ചത് വര്‍ണങ്ങള്‍ മൗലികമായി നാലേ ഉള്ളൂവെന്നും അവ അതേപ്രകാരം നിലനില്ക്കണം എന്നുമാണ്. പൗരാണിക ഹിന്ദുക്കള്‍ നിര്‍മിച്ച ഭവനം വലുതാക്കി, അതില്‍ അസ്പൃശ്യര്‍ക്കുകൂടി ഇടം നല്കി, അഞ്ചാമതൊരു വര്‍ണം കൂടി ഉള്‍ക്കൊള്ളിക്കാന്‍ മനു തയാറല്ലായിരുന്നു. അസ്പൃശ്യര്‍ക്ക് മനു നല്കിയ പേരില്‍ നിന്നുതന്നെ അവര്‍ ഹൈന്ദവ സാമൂഹിക സംവിധാനത്തിന് വെളിയില്‍ നില്ക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തമാണ്. വര്‍ണബാഹ്യര്‍ (വര്‍ണത്തിന് പുറത്തുള്ളവര്‍) എന്നാണ് അവരെക്കുറിച്ച് അദ്ദേഹം പറയുന്നത്. പ്രാകൃത - ക്രിമിനല്‍ ജാതികളും അസ്പൃശ്യരും തമ്മിലുള്ള വ്യത്യാസം ഇതുതന്നെയാണ്. പ്രാകൃത - ക്രിമിനല്‍ ജാതികളെ ഹിന്ദു സമൂഹത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് സ്പഷ്ടമായി യാതൊരു നിരോധനവും കല്പിക്കപ്പെട്ടിട്ടില്ലാത്തതുകൊണ്ട് ഭാവിയില്‍ അവര്‍ അതിലെ അംഗങ്ങളായി ത്തീര്‍ന്നേക്കാം. ഇപ്പോള്‍ത്തന്നെ അവരെ ഹിന്ദു സമൂഹവുമായി ബന്ധപ്പെടുത്തിയി രിക്കുകയാണ്. ഇതിനുശേഷം അവരെ അതിലേക്ക് സമന്വയിപ്പിക്കുകയും അവര്‍ അതിന്റെ ഭാഗമായിത്തീരുകരയും ചെയ്‌തേക്കാം. 



എന്നാല്‍ അസ്പൃശ്യരുടെ സ്ഥിതി അതല്ല. ഹിന്ദു സമൂഹത്തിലേക്ക് അവരെ ലയിപ്പിക്കുന്നതിന് സ്പഷ്ടമായ വിലക്കുണ്ട്. ഇതിന്റെ പരിഷ്‌കരണത്തിന് യാതൊരു സാധ്യതയുമില്ല. ഹിന്ദുസമൂഹത്തിന്റെ ഭാഗമായിത്തീരാതെ പ്രത്യേകമായ, വേറിട്ടുള്ള, ഒരു കൂട്ടമായി അവര്‍ നില്ക്കണം. അസ്പൃശ്യര്‍ ഹിന്ദുസമൂഹത്തിന്റെ ഭാഗമല്ല. അസ്പൃശ്യരും ഹിന്ദുക്കളും തമ്മിലുള്ള ബന്ധത്തിന്റെ ആശയം യാഥാസ്ഥിതിക ഹിന്ദുക്കളുടെ നേതാവായ അനിയാപുരേ ശാസ്ത്രി ബോംബെയിലെ ഒരു സമ്മേളനത്തില്‍ വളരെ കൃത്യമായി പ്രകടിപ്പിക്കുക യുണ്ടായി.

ഒരാള്‍ക്ക് തന്റെ ചെരിപ്പുമായിട്ടുള്ള ബന്ധം പോലെയാണ് അസ്പൃശ്യര്‍ക്ക് ഹിന്ദുക്കളുമായി ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ ചെരുപ്പ് ധരിക്കുന്നു, ആ അര്‍ത്ഥത്തില്‍ ചെരുപ്പ് അയാളുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. അത് അയാളുടെ ഭാഗമാണെന്ന് പറയാം. എന്നാല്‍, കൂട്ടിച്ചേര്‍ക്കാനും എടുത്തു മാറ്റാനും കഴിയുന്ന സാധനം പൂര്‍ണമായ ഒന്നിന്റെ ഭാഗമാണെന്ന് പറയാനാവില്ല; ഈ സാദൃശ്യം, സാദൃശ്യമാണെങ്കില്‍ക്കൂടി സത്യമാണ്.