"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 24, ബുധനാഴ്‌ച

അസ്പൃശ്യര്‍ തന്നെയാണ് അധകൃതവര്‍ഗക്കാര്‍..! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 140)

അസ്പൃശ്യരുടെ എണ്ണം കുറച്ചുകാണിക്കുന്നതിനുവേണ്ടി ലോതിയന്‍ കമ്മിറ്റി മുമ്പാകെ ഹിന്ദുക്കള്‍ മുന്നോട്ടുവെച്ച പ്രകടമായ തര്‍ക്കകാരണങ്ങള്‍ രണ്ടാണ്. ഒന്നാമത്തെ കാരണം, സെന്‍സസ് കമ്മീഷണര്‍ നല്കിയ കണക്കുകള്‍ അധകൃതവര്‍ഗക്കാരെ സംബന്ധിച്ചുള്ളതാണ്; അസ്പൃശ്യരെ സംബന്ധിച്ചുള്ളതല്ല; അധകൃതവര്‍ഗങ്ങള്‍ എന്നു പറയുമ്പോള്‍ അസ്പൃശ്യരെ കൂടാതെ മറ്റുവിഭാഗങ്ങളും ഉള്‍പ്പെടും എന്നാണ്. രണ്ടാമത്തെ കാരണം അസ്പൃശ്യരുടെ ജനസംഖ്യാ നിര്‍ണയത്തിന് അഖിലേന്ത്യാ തലത്തില്‍ ഏകരൂപമായ നിര്‍വചനം വേണം എന്നാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അസ്പൃശ്യരെ നിശ്ചയിക്കാനുള്ള പ്രാദേശിക മാനദണ്ഡങ്ങളെ അവര്‍ എതിര്‍ത്തു.


ആദ്യത്തെ തര്‍ക്കംതന്നെ ശുദ്ധ പൊളിയാണ്. അധകൃതവര്‍ഗക്കാര്‍ എന്ന പദം അസ്പൃശ്യര്‍ എന്ന പദത്തിന് സമാനാര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരുന്നത്. അസ്പൃശ്യര്‍ എന്നതിന് പകരം അധകൃതവര്‍ഗക്കാര്‍ എന്ന് ഉപയോഗിച്ചത് അസ്പൃശ്യര്‍ എന്ന വാക്ക് അതില്‍ ഉള്‍പ്പെടുന്ന ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നു കരുതിയതു കൊണ്ടാണ്. അധകൃതവര്‍ഗക്കാര്‍ എന്ന പദം ഉപയോഗിച്ചത് അസ്പൃശ്യരെ മാത്രം ഉദ്ദേശിച്ചുകൊണ്ടാണെന്നും, ആദിവാസികളോ കുറ്റവാളിവര്‍ഗങ്ങളോ അതിന്റെ പരിധിയില്‍ വരുന്നില്ലെന്നും 1916 ല്‍ ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ മിസ്റ്റര്‍ ദാദാഭായ് അവതരിപ്പിച്ച പ്രമേയത്തില്‍ നടന്ന വാദപ്രതിവാദത്തില്‍ വ്യക്തമാക്കപ്പെട്ടിരുന്നു.