"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 17, ബുധനാഴ്‌ച

ബീജഗുണോത്കര്‍ഷം അസംബന്ധമാണ്......! അംബേഡ്കര്‍ പറഞ്ഞു......


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 57)

മനുഷ്യര്‍ മൃഗങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തരാണ്. മനുഷ്യരേയും മൃഗങ്ങളേയും വ്യത്യസ്തമായ രണ്ട് ഉപഗണങ്ങളായി ശാസ്ത്രം വകതിരിക്കുന്നു. എന്നാല്‍ വംശശുദ്ധിയില്‍ വിശ്വസിക്കുന്ന ശാസ്ത്രജ്ഞര്‍ പോലും തറപ്പിച്ചു പറയുന്നില്ല, വ്യത്യസ്ത വംശങ്ങള്‍ മനുഷ്യരുടെ വ്യത്യസ്ത ഗണങ്ങളാണെന്ന്. അവരെല്ലാം ഒരേ ഗണത്തിന്റെ വിവിധ വിഭാഗങ്ങള്‍ മാത്രം. അപ്പോള്‍ അവര്‍ക്ക് മിശ്രപ്രജനനം നടത്താനും പ്രജനനക്ഷമവും വന്ധ്യമല്ലാത്തതുമായ സന്താനങ്ങളെ ഉത്പാദിപ്പിക്കാനും കഴിയും. ജാതിവ്യവസ്ഥയെ ന്യായീകരിക്കാന്‍ പാരമ്പര്യത്തെപ്പറ്റിയും ബീജഗുണോത്കര്‍ഷ ത്തെപ്പറ്റിയും ഒട്ടേറെ അസംബന്ധങ്ങള്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. 



ജാതിവ്യവസ്ഥ ബീജഗണോത്കര്‍ഷത്തിന്റെ അടിസ്ഥാന തത്വവുമായി പൊരുത്തപ്പെടുന്നതാണെങ്കില്‍ അതിനെ എതിര്‍ക്കാന്‍ അധികമാരുമുണ്ടാകുകയില്ല. എന്തുകൊണ്ടെന്നാല്‍ വിവേകപൂര്‍വമായ ദാമ്പത്യത്തിലൂടെയുള്ള വംശാഭിവൃദ്ധിയെ എതിര്‍ക്കേണ്ടതില്ല. എന്നാല്‍ വിവേകപൂര്‍വമായ ദാമ്പത്യബന്ധം ഉറപ്പുവരുത്താന്‍ ജാതിവ്യവസ്ഥക്ക് കഴിയുന്നതെങ്ങനെ? ജാതിവ്യവസ്ഥ നിഷേധാത്മകമായ ഒന്നാണ്. അത് ഭിന്നജാതിക്കാരെ മിശ്രവിവാഹം നടത്തുന്നതില്‍ നിന്ന് നിരോധിക്കുന്നു. ഒരു നിര്‍ദ്ദിഷ്ട ജാതിയില്‍പ്പെട്ട സ്ത്രീപുരുഷന്മാരെ വിവാഹിതരാകാന്‍ തെരഞ്ഞെടുക്കാനും അതിന് കഴിയില്ല. ജാതി മൗലികമായി ബീജഗുണോത്കര്‍ഷപരമാണെങ്കില്‍ ഉപജാതികളും അത്തരത്തിലുള്ളതായിരിക്കണമല്ലോ. എന്നാല്‍ ഉപജാതികളുടെ ഉറവിടം ബീജഗുണോത്കര്‍ഷപരമായിരുന്നു എന്നു ഗൗരവപൂര്‍വം കരുതാനാവുമോ? അങ്ങനെ കരുതുന്നത് അസംബന്ധമായിരിക്കും. കാരണം വ്യക്തമാണ്. ജാതിയെന്നത് വംശമാണെങ്കില്‍ ഉപജാതികള്‍ തമ്മിലുള്ള വ്യത്യാസമെന്നത് വംശങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണെന്ന് കരുതാനാവില്ല. എന്തുകൊണ്ടെന്നാല്‍ ഉപജാതികള്‍ ഒരേവംശത്തിന്റെ തന്നെ അഭ്യൂഹപരമായ ഉപവിഭാഗങ്ങളാണ്. അതിനാല്‍ മിശ്രഭോജനത്തിനും മിശ്രവിവാഹത്തിനും വിലക്കുകല്പിക്കുന്നത് വംശത്തിന്റെയോ രക്തത്തിന്റെയോ വിശുദ്ധി നിലനിര്‍ത്താന്‍ വേണ്ടിയല്ലെന്നു കാണാം. ഉപജാതികളുടെ ഉത്ഭവം ബീജഗുണോത്കര്‍ഷപരമാണെന്ന വാദത്തില്‍ കഴമ്പില്ല. ജാതിയുടെ ഉത്ഭവം ബീജഗുണോത്കര്‍ഷത്തെ മുന്‍നിര്‍ത്തിയാണെങ്കില്‍ മിശ്രവിവാഹനിരോധനം മനസിലാക്കാന്‍ കഴിയും. എന്നാല്‍ ജാതികള്‍ക്കും ഉപജാതികള്‍ക്കും തമ്മില്‍ മിശ്രഭോജനത്തിന് വിലക്കുകല്പിക്കുന്നതിന്റെ ഉദ്ദേശ്യം മനസിലാകുന്നില്ല. രക്തത്തിന് കളങ്കമുണ്ടാക്കാന്‍ മിശ്രഭോജനത്തിന് കഴിയുകയില്ലല്ലോ. ഇത് വ്യക്തമാക്കുന്നതെന്താണ്? ജാതിക്ക് ശാസ്ത്രീയമായ ഉറവിടമില്ലെന്ന്.