"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 29, തിങ്കളാഴ്‌ച

ബുദ്ധന്റെ പ്രബോധനങ്ങളോടുള്ള ബ്രാഹ്മണരുടെ പ്രധാന എതിര്‍പ്പ്....! അംബേഡ്കര്‍ പറഞ്ഞൂ....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 72, 73)

ബുദ്ധന്റെ പ്രബോധനങ്ങളോടുള്ള പ്രധാന എതിര്‍പ്പ് ഈ പ്രബോധനങ്ങള്‍ ശ്രുതിയില്‍ നിന്നോ വെളിപാടില്‍ നിന്നോ അംഗീകാരം കിട്ടിയവയല്ലാത്തതുകൊണ്ട് സത്യമായിത്തീരുകയില്ല എന്നാണ്. ഒരു ജാതിയെന്ന നിലക്ക് ബ്രാഹ്മണര്‍ അസ്തിത്വത്തേയും അനാസ്തിത്വത്തേയും സത്വരം അംഗീകരിക്കുമായിരുന്നു., സാംഖ്യദര്‍ശനത്തിന്റെ കാര്യത്തില്‍ അവര്‍ ചെയ്തതുപോലെ. സാംഖ്യദര്‍ശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടഭാഗം വേദാന്തത്തെ പരസ്യമായി എതിര്‍ക്കുക എന്നതാണ്. എന്നാല്‍ സാംഖ്യദര്‍ശനത്തിന്റെ സ്ഥാപകനായ കപിലന്‍ വെളിപാടുകളുടെ ആധികാരികത യുക്തിവിചാരത്തിനും അനുഭവജ്ഞാനത്തിനും പരമപ്രധാനം നല്കുന്നതാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് ബ്രാഹ്മണ സിദ്ധാന്തത്തോട് യോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍, ബുദ്ധന്‍ അതിന് തയാറായില്ല, അഭിധര്‍മമെന്ന തന്റെ ദാര്‍ശനിക സിദ്ധാന്തത്തിനു വേണ്ടിയോ വിനയമെന്ന കുറേക്കൂടി പ്രധാനപ്പെട്ട ധാര്‍മികവും മതപരവുമായ സിദ്ധാന്തത്തിനുവേണ്ടിയോ അദ്ദേഹം യോജിപ്പ് പ്രകടിപ്പിച്ചില്ല. 


തന്റെ ചില സിദ്ധാന്തങ്ങള്‍ വേദങ്ങളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളുമായി എത്രകണ്ട് പൊരുത്തപ്പെട്ടു പോകുന്നുവെന്ന് അദ്ദേഹത്തിന് എളുപ്പത്തില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുമായിരുന്നു. കാരണം, മനുഷ്യമനസ്സിന്റെ സാധ്യമായ എല്ലാ നിറഭേദങ്ങളുടേയും പ്രകൃത്യായുള്ള പ്രതിഫലനം വേദങ്ങളില്‍ ദര്‍ശിക്കാം. തന്റെ ഏതാനും സിദ്ധാന്തങ്ങള്‍ക്കുവേണ്ടിയെങ്കിലും അദ്ദേഹം അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ മറ്റു സിദ്ധാന്തങ്ങള്‍ ബ്രാഹ്മണര്‍ അവഗണിക്കുമായിരുന്നു. ഉദാഹരണത്തിന്, ഹിംസ ചെയ്യരുത്, മദ്യപിക്കരുത്, നിന്നുകൊണ്ട് ഭക്ഷണം കഴിക്കണം എന്നിവയും അദ്ദേഹത്തിന്റെ സമാധിക്കുശേഷം പ്രയോഗത്തില്‍വന്ന സ്വര്‍ഗം ആഗ്രഹിക്കുന്നവന്‍ ദിവ്യമായ ശവകുടീരത്തെ ആരാധിക്കണം, അവന്‍ തന്റെ മുടി പിഴുതെടുക്കണം എന്നീ സിദ്ധാന്തങ്ങളും. അദ്ദേഹം അങ്ങനെ ചെയ്യാന്‍ വിസമ്മതിച്ചതുകൊണ്ട് ബ്രാഹ്മണര്‍ സ്വീകരിച്ച വാദഗതി, ബൗദ്ധ സിദ്ധാന്തങ്ങളുടെ സത്യസാധ്യതയെ ഖണ്ഡിച്ചുകൊണ്ട് വെളിപാടിനോടുള്ള ഒരു അഭ്യര്‍ത്ഥനയില്‍ ഒതുങ്ങുകയായിരുന്നു.