"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 30, ചൊവ്വാഴ്ച

അസ്പൃശ്യരെല്ലാം എങ്ങനെ ഒറ്റബ്ലോക്കായിത്തീര്‍ന്നു...? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 78)

അസ്പൃശ്യരെല്ലാം എങ്ങനെ ഒറ്റബ്ലോക്കായിത്തീര്‍ന്നു എന്നതിന്റെ വിശദീകരണവും അവര്‍ അസ്പൃശ്യരില്‍ നിന്ന് വ്യത്യസ്തരാണ് എന്ന ബോധവും വ്യക്തമാക്കുന്നത് ചാതുര്‍വര്‍ണ്യങ്ങളുടെ പരസ്പരബന്ധത്തെക്കുറിച്ചുള്ള പുനര്‍നിര്‍ണയമല്ലാതെ മറ്റൊന്നുമല്ല.


തുടക്കത്തില്‍ത്തന്നെ ഒരു കാര്യം മനസ്സില്‍ കരുതേണ്ടതുണ്ട്. ഗാന്ധിയെപ്പോലെ ചാതുര്‍വര്‍ണ്യം ആദര്‍ശപരമായ ഒരു സാമൂഹിക സംവിധാനമായി അഗീകരിക്കുന്നവര്‍ക്ക് ഒന്നുകില്‍ ചാതുര്‍വര്‍ണ്യങ്ങളുടെ പരസ്പരബന്ധത്തെക്കുറിച്ചുള്ള ചരിത്രമറിയില്ല., അല്ലെങ്കില്‍, അവര്‍ ഒരു മായാദര്‍ശനത്തെ പരിപോഷിപ്പിക്കുകയാണ്; അതുമല്ലെങ്കില്‍ തങ്ങള്‍ സേവിക്കാനാഗ്രഹിക്കുന്ന ഉദ്ദേശ്യങ്ങള്‍ക്കായി ഒരു ദര്‍ശനത്തെ മന്ത്രത്താല്‍ ആവാഹിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്; എന്തുകൊണ്ടെന്നാല്‍, ഈ നാലുവര്‍ണങ്ങള്‍ ഒരിക്കലും ആര്‍ദ്രമായ സാഹോദര്യത്തിന്റെ അടിസ്ഥാനത്തിലുള്ള സമൂഹത്തിനോ, സഹകരണാടിസ്ഥാനത്തിലുള്ള സാമ്പത്തിക സംവിധാ നത്തിനോ രൂപം കൊടുത്തിട്ടില്ല. തമ്മില്‍തമ്മിലുള്ള ബദ്ധവൈരത്തിന്റെ ഊര്‍ജത്തിലല്ലാതെ ഈ നാലുവര്‍ണങ്ങളും ചൈതന്യവത്കരിക്കപ്പെട്ടിട്ടില്ല. ഹിന്ദുക്കളുടെ സാമൂഹിക ചരിത്രം കേവലം വര്‍ഗസമരത്തിന്റെ ചരിത്രമല്ല. മറിച്ച് കഠിനമായ പകയോടെ നടത്തിയ വര്‍ഗപ്പോരാട്ടത്തിന്റെ ചരിത്രമായിരുന്നു എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. ഇതിന് സമാനമായ ഏതെങ്കിലും ദൃഷ്ടാന്തം ചൂണ്ടിക്കാണിക്കാന്‍ മാര്‍ക്‌സിസ്റ്റ്കാര്‍ക്കുപോലും പ്രയാസമായിരിക്കും.