"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 10, ബുധനാഴ്‌ച

മിശ്രവിവാഹനിരോധനം കര്‍ശനമായി നടപ്പാക്കുമ്പോള്‍ മിശ്രഭോജനം കര്‍ശനമായി നടപ്പാക്കാന്‍ കഴിയാത്തെന്തുകൊണ്ട്...? ഡോ. അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 44,45)

ശ്രേഷ്ഠതക്കുള്ള നിയമങ്ങളുടെ രണ്ടാമത്തെ പ്രഭവസ്ഥാനം സഹജീവിതമാണ്. ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. സഹജീവിതത്തിന്റേതുപോലെ വിവാഹത്തിനുള്ള നിയമങ്ങള്‍ ശ്രേഷ്ഠതയുടെ നിയമങ്ങള്‍ക്ക് കാരണമാകുന്നില്ല. ഇതിനുള്ള കാരണങ്ങള്‍ മിശ്രവിവാഹവും മിശ്രഭോജനവും നിരോധിച്ചുകൊണ്ടുള്ള നിയമങ്ങള്‍ക്കിടക്കു കാണാം. മിശ്രവിവാഹം സംബന്ധിച്ച നിരോധനം ആദരിക്കപ്പെടാന്‍ കഴിയുമെന്നു മാത്രമല്ല, കര്‍ശനമായി നടപ്പാക്കാനും കഴിയും. എന്നാല്‍, മിശ്രഭോജനം സംബന്ധിച്ച നിരോധനം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. എല്ലാ സ്ഥലങ്ങളിലും എല്ലാ സാഹചര്യങ്ങളിലും അത് കര്‍ശനമായി നടപ്പാക്കാനാവില്ല. മനുഷ്യര്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറിത്താമസിക്കുന്നു, അങ്ങനെ താമസിക്കേണ്ടതുണ്ട്. അയാള്‍ പോകുന്നിടത്തെല്ലാം അയാളുടെ ജാതിക്കാര്‍ ഉണ്ടായിരിക്കുകയില്ല. അപരിചിതരുടെ ഇടയില്‍ അയാള്‍ പെട്ടുപോകാനിടയുണ്ട്. വിവാഹം അത്രക്ക് തിരക്കുപിടിച്ച് നടത്തേണ്ട കാര്യമല്ല, എന്നാല്‍ ഭക്ഷണത്തിന്റെ കാര്യം അങ്ങനെയല്ല. തന്റെ ജാതിക്കാരുടെ സമൂഹത്തിലേക്ക് തിരിച്ചുവരുന്നതുവരെ ഒരാള്‍ക്ക് അയാളുടെ വിവാഹത്തിനുവേണ്ടി കാത്തിരിക്കാം. എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അയാള്‍ക്ക് അപ്രകാരം കാത്തിരിക്കാനാവില്ല. ആരില്‍നിന്നായാലും എവിടെനിന്നായാലും അയാള്‍ക്കത് കിട്ടിയേ തീരൂ. അങ്ങനെയെന്നാല്‍, ഏത് ജാതിയില്‍ നിന്ന് അയാള്‍ ഭക്ഷണം സ്വീകരിക്കണമെന്ന ചോദ്യമുദിക്കുന്നു. അയാളേക്കാള്‍ ഉയര്‍ന്ന ജാതിയില്‍ നിന്നുവേണം ഭക്ഷണം സ്വീകരിക്കാനെന്നും അയാളേക്കാള്‍ താഴ്ന്ന ജാതിയില്‍ നിന്ന് സ്വീകരിക്കാന്‍ പാടില്ലെന്നുമാണ് നിയമം. ഹിന്ദുവായ ഒരാള്‍ക്ക് ഭക്ഷണം സ്വീകരിക്കാവുന്ന ജാതിയെ കണ്ടുപിടിച്ച് തീരുമാനമെടുക്കാന്‍ മാര്‍ഗമൊന്നുമില്ല. നിരന്തരവും ദീര്‍ഘവുമായ മുന്‍ അനുഭവങ്ങള്‍ വെച്ചുകൊണ്ട് ആരില്‍ നിന്ന് ഭക്ഷണം സ്വീകരിക്കാം, ആരില്‍ നിന്ന് സ്വീകരിച്ചുകൂടാ എന്നൊക്കെ ഓരോ ഹിന്ദുവിനും അറിയാം. പ്രധാനമായും ബ്രാഹ്മണര്‍ പിന്‍തുടര്‍ന്നുവരുന്ന നിയമങ്ങള്‍ വെച്ചുകൊണ്ടാണ് ഇപ്രകാരം തീരുമാനമെടുക്കുന്നത്.