"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 31, ബുധനാഴ്‌ച

പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക പ്രാതിനിധ്യം വേണമെന്ന വാദം തികച്ചും ന്യായമാണ്...! അംബേഡ്കര്‍ പറഞ്ഞു...


അധകൃതവര്‍ഗക്കാരുടെ കൂട്ടത്തില്‍ കൃത്യമായ അര്‍ത്ഥത്തില്‍ അസ്പൃസ്യരെ മാത്രമല്ല, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തണമെന്ന് പിന്നോക്കവിഭാഗക്കാരുടെ പ്രതിനിധികള്‍ വാദിച്ചു. അസ്പൃശ്യര്‍ മാത്രമല്ല, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്നവര്‍ക്കുകൂടി പ്രത്യേക പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടവരുടെ ഉദ്ദേശ്യം സ്തുത്യര്‍ഹമായ ഒന്നായിരുന്നു. ഇങ്ങനെ ഒരു തര്‍ക്കം മുന്നോട്ടുവെച്ചതുവഴി അവര്‍ പുതുതായി എന്തെങ്കിലും ആവശ്യപ്പെടുകയായിരുന്നില്ല. പരിഷ്‌കരിച്ച ഭരണഘടന 1920 ല്‍ പ്രാവര്‍ത്തികമായതോടെ, ബോംബെ, മദിരാശി പ്രൊവീന്‍സുകളില്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്ക്കുന്നവരുടെ താത്പര്യം അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. 


ബോംബെയില്‍ മറാത്തികള്‍ക്കും അനുബന്ധജാതികള്‍ക്കും മദിരാശിയില്‍ ബ്രാഹ്മണേതരര്‍ക്കും പ്രത്യേക പ്രാതിനിധ്യം നല്കി. അവരുടെ സാമ്പത്തികവും വിദ്യാഭ്യാപരവുമായ പിന്നോക്കാവസ്ഥ മാത്രം പരിഗണിച്ചാണ് ഇപ്രകാരം ചെയ്തത്. ഇവര്‍ക്ക് പ്രത്യേക പ്രാതിനിധ്യം നല്കിയില്ലെങ്കില്‍ ബ്രാഹ്മണരും അനുബന്ധജാതിക്കാരുമായ ഉപരിവര്‍ഗക്കാരായ ഹൈന്ദവന്യൂനപക്ഷം അവരെ രാഷ്ട്രീയമായി അടിച്ചമര്‍ത്തുവാന്‍ ഇടയാകും. ഇതു തടയുന്നതിന് പ്രത്യേക രാഷ്ട്രീയ പ്രാതിനിധ്യം ആവശ്യമാണ്. ഇത്തരത്തില്‍പ്പെട്ട നിരവധി സമുദായങ്ങള്‍ മറ്റു പ്രവിശ്യകളിലുമുണ്ട്. അതുകൊണ്ട് പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക പ്രാതിനിധ്യം വേണമെന്ന വാദം തികച്ചും ന്യായമാണ്.