"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 19, വെള്ളിയാഴ്‌ച

അസ്പൃശ്യരുടെ നിര്‍വചനമെന്താണ്....? അംബേഡ്കര്‍ പറഞ്ഞു....


(അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 125, 126)

അസ്പൃശ്യരുടെ മൊത്തം ജനസംഖ്യ എത്രയാണ്? ഈ ചോദ്യമായിരിക്കും അവരെക്കുറിച്ച് അറിയാന്‍ താത്പര്യപ്പെടുന്ന ഒരാളുടെ മനസ്സില്‍ ആദ്യമായി ഓടിയെത്തുക. ഈ ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം നല്കാന്‍ കഴിയും. 1931 ലെ ഇന്ത്യാ ഗവണ്മെന്റ് സെന്‍സസ് അനുസരിച്ച് ഇത് 5 കോടിയായിരുന്നു. ഇന്ത്യയിലെ അസപൃശ്യരുടെ എണ്ണത്തെക്കുറിച്ച് ഇപ്പോള്‍ ഏതാണ്ട് കൃത്യമായി പറയാന്‍ കഴിയുമെങ്കിലും വളരെക്കാലത്തേക്ക് ഇത് സാധ്യമായിരുന്നില്ല.


ഇതിന് പല കാരണങ്ങളുമുണ്ടായിരുന്നു. ഒന്നാമത്തെ കാരണം അസ്പൃശ്യത എന്നത് നിയമപരമായ ഒരു പദമല്ലെന്നുള്ളതാണ്. അസ്പൃശ്യതയെക്കുറിച്ച് കൃത്യവും നിയമപരവുമായ ഒരു നിര്‍വചനമില്ല. അതേ സമയം ഒരാള്‍ അസ്പൃശ്യനാണോ അല്ലയോ എന്ന് നിര്‍വചിക്കാന്‍ കഴിയും. അസ്പൃശ്യത എന്നത് ആചാരത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള ഒരു സാമൂഹിക പരികല്പനയാണ്. ആചാരത്തിന് വ്യതിയാനം ഉണ്ടാകുന്നതുപോലെ അസ്പൃശ്യതക്കും വ്യതിയാനമുണ്ടാകുന്നു. തത്ഫലമായി, ഗണിതപരമായ കൃത്യതയോടെ അസ്പൃശ്യതുടെ ജനസംഖ്യ തിട്ടപ്പെടുത്തുന്നതില്‍ എല്ലായ്‌പ്പോഴും പ്രയാസങ്ങള്‍ ഉണ്ടായിരുന്നു. സെന്‍സസ് റിപ്പോര്‍ട്ടില്‍ ജാതിയടിസ്ഥാനത്തിലുള്ള കണക്ക് ഉള്‍പ്പെടുത്തുന്നതിന് ഉപരിജാതിക്കാരായ ഹിന്ദുക്കളില്‍ നിന്ന് കാര്യമായ എതിര്‍പ്പുണ്ടായിരുന്നതാണ് രണ്ടാമത്തെ കാരണം. ജാതിസംബന്ധമായ വിവരം, പട്ടികജാതികളില്‍ നിന്ന് ഒഴിവാക്കുന്നതിനും ജാതികളുടേയും വര്‍ഗങ്ങളുടേയും ജനസംഖ്യാപരമായ തരംതിരിവ് മറച്ചുവെക്കാനും അവര്‍ നിര്‍ബന്ധിച്ചിരുന്നു. 1901 ലെ സെന്‍സസുമായി ബന്ധപ്പെട്ട് ഒരു നിര്‍ദ്ദേശം അവര്‍ മുന്നോട്ടു വെക്കുകയുണ്ടായി. ദീര്‍ഘമായ ഇടവേളയില്‍, ജനസംഖ്യയിലെ വിവിധ ജാതികളുടേയും വര്‍ഗങ്ങളുടേയും വിന്യാസത്തിന് മാറ്റമുണ്ടായിട്ടുള്ളതുകൊണ്ട് ഓരോ ദശവര്‍ഷത്തിലും അവയുടെ കണക്കുകള്‍ എടുക്കേണ്ടതില്ലെന്ന് അവര്‍ വാദിച്ചു.