"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 18, വ്യാഴാഴ്‌ച

അസ്പൃശ്യരുടെ ലക്ഷണങ്ങള്‍; മാനദണ്ഡങ്ങള്‍....! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 129)

എതിര്‍പ്പുകളുടെ കൊടുങ്കാറ്റ് വകവെക്കാതെ തന്റെ പദ്ധതി നടപ്പാക്കന്‍ സെന്‍സസ് കമ്മീഷണര്‍ (1911) തീരുമാനിച്ചു. അസ്പൃശ്യരുടെ എണ്ണം പ്രത്യേകമായി തിട്ടപ്പെടുത്താന്‍ അദ്ദേഹം സ്വീകരിച്ച നടപടിക്രമം തികച്ചും നൂതനമായ ഒന്നായിരുന്നു. ഹൈന്ദവജാതികളും വര്‍ഗങ്ങളായിട്ടുള്ളവരും, എന്നാല്‍ ചില നിര്‍ദ്ദിഷ്ട യോഗ്യതകള്‍ക്ക് അനുയോജ്യരല്ലാത്തവരോ ആയവരുടെ ജനസംഖ്യ പ്രത്യേകമായെടുക്കാന്‍ സെന്‍സസ് കമ്മീഷണര്‍ വിവിധ പ്രവിശ്യകളിലെ സെന്‍സസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്കി.


ഈ മാനദ്ണ്ഡങ്ങള്‍ക്ക് വിധേയമായി ജാതികളേയും വര്‍ഗങ്ങളേയും സെന്‍സസ് സൂപ്രണ്ടുമാര്‍ പ്രത്യേകം തിട്ടപ്പെടുത്തി. ഈ ജാതികളും വര്‍ഗങ്ങളും ബ്രാഹ്മണരുടെ മേധാവിത്വത്തെ തിരസ്‌കരിച്ചു, ബ്രാഹ്മണരില്‍ നിന്നോ മറ്റ് അംഗീകൃത ഹൈന്ദവഗുരുക്കന്മാരില്‍ നിന്നോ മന്ത്രം സ്വീകരിച്ചില്ല, വേദങ്ങളുടെ ആധികാരികതയെ തിരസ്‌കരിച്ചു, ഹൈന്ദവ ദൈവങ്ങളെ ആരാധിച്ചില്ല, സദ്ബ്രാഹ്മണരുടെ സേവനം ലഭിക്കാത്തവരായിരുന്നു, സാധാരണ ഹൈന്ദവക്ഷേത്രങ്ങളുടെ അകത്തളങ്ങളില്‍ പ്രവേശനമില്ലാത്തവരായിരുന്നു. അയിത്തത്തിന് കാരണക്കാരായിരുന്നു. മരിച്ചവരെ കുഴിച്ചിടുന്നവരായിരുന്നു. കാളയിറച്ചി തിന്നുന്നവരും പശുവിനെ ബഹുമാനിക്കാത്തവരുമായിരുന്നു.