"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 16, ചൊവ്വാഴ്ച

ഒരേവംശത്തില്‍പ്പെട്ട ജനങ്ങളുടെ സാമൂഹിക വിഭജനമാണ് ജാതിവ്യവസ്ഥ....! അംബേഡ്കര്‍ പറഞ്ഞു......

(ഡോ. അംബ്ഡകര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 56, 57)

ജാതിവ്യവസ്ഥയെ പ്രതിരോധിക്കാന്‍ ചിലര്‍ ജീവശാസ്ത്രപരമായ ഒരു കിടങ്ങ് കുഴിച്ചിരിക്കുന്നു. ജാതിവ്യവസ്ഥ വംശശുദ്ധിയും രക്തവിശുദ്ധിയും സൂക്ഷിക്കുന്നുവത്രെ. ഇപ്പോള്‍ വംശത്തിന്റെ തനിമ സൂക്ഷിക്കുന്ന മനുഷ്യര്‍ ഒരിടത്തുമില്ലെന്നും ലോകത്തിന്റെ ഏതുകോണിലും കാണുന്നത് വംശസങ്കരമാണെന്നും നരവംശശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ഇത് ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ച് പ്രത്യേകിച്ചും സത്യമാണ്. ശ്രീ ഡി ആര്‍ ഭണ്ഡാര്‍ക്കര്‍ അദ്ദേഹത്തിന്റെ 'ഹൈന്ദവജനതയിലെ വൈദേശിക ഘടകങ്ങള്‍' എന്ന പ്രബന്ധത്തില്‍ ഇപ്രകാരം പ്രസ്താവിക്കുന്നു. 'വൈദേശികമായ ഒരു ജനുസ്സില്ലാത്ത ഒരു ജാതിയോ വര്‍ഗമോ ഇന്ത്യയിലില്ല. സൈനികവര്‍ഗങ്ങളില്‍ - രജപുത്രര്‍, മാറാത്തികള്‍ - മാത്രമല്ല, സമസ്തവൈദേശിക ഘടകങ്ങളില്‍ നിന്നും മുക്തരാണെന്നഭിമാനിക്കാവുന്ന ബ്രാഹ്മണരുടെ ഇടയില്‍ പോലും വൈദേശിക രക്തത്തിന്റെ കലര്‍പ്പുണ്ട്.' 



ജാതിവ്യവസ്ഥ വളര്‍ന്നത് വംശസാങ്കര്യം തടയുന്നതിനോ രക്തവിശുദ്ധി നിലനിര്‍ത്തുന്നതിനോ വേണ്ടിയുള്ള ഉപായമായിട്ടാണെന്ന് പറയാനാവില്ല. സത്യത്തില്‍ ജാതിവ്യവസ്ഥ നിലവില്‍ വന്നത് ഇന്ത്യയിലെ വ്യത്യസ്ത ജനവര്‍ഗങ്ങള്‍ രക്തത്തിലും സംസ്‌കാരത്തിലും ഇടകലര്‍ന്ന് കഴിഞ്ഞതിന് എത്രയോ ശേഷമാണ്. ജാതിവ്യത്യാസത്തെ അഥവാ വര്‍ഗവ്യത്യാസത്തെ ഉയര്‍ത്തിപ്പിടിക്കുകയും വ്യത്യസ്ത ജാതികളെ വ്യത്യസ്ത വംശങ്ങളെന്ന മട്ടില്‍ പരിഗണിക്കുകയും ചെയ്യുന്നത് വസ്തുതകളെ തകിടം മറിക്കുകയാണ്. പഞ്ചാബിലെ ബ്രാഹ്മണനും മദ്രാസിലെ ബ്രാഹ്മണനും തമ്മില്‍ വംശപരമായ എന്ത് സാധര്‍മ്യമാണുള്ളത്? ബംഗാളിലെ അവര്‍ണനും മദ്രാസിലെ അവര്‍ണനുമിടയില്‍ വംശപരമായ എന്ത് സാധര്‍മ്യമാണുള്ളത്? പഞ്ചാബിലെ ബ്രാഹ്മണനും പഞ്ചാബിലെ ചാമറിനും തമ്മില്‍ വംശപരമായ എന്ത് വ്യത്യാസമാണുള്ളത്? മദ്രാസിലെ ബ്രാഹ്മണനും മദ്രാസിലെ പറയനും തമ്മില്‍ വംശപരമായ എന്ത് വ്യത്യാസമാണുള്ളത്? മദ്രാസിലെ ബ്രാഹ്മണനും മദ്രാസിലെ പറയനും തമ്മില്‍ വംശപരമായ എന്ത് വ്യത്യാസമാണുള്ളത്? പഞ്ചാബിലെ ബ്രാഹ്മണനും പഞ്ചാബിലെ ചാമറും വംശപരമായി ഒരേ കുടുംബക്കാരാണ്. ജാതിവ്യവസ്ഥ വംശീയമായ എലുക തിരിക്കുന്നില്ല. ഒരേ വംശത്തില്‍പ്പെട്ട ജനങ്ങള്‍ക്കിടയിലെ സാമൂഹിക വിഭജനമാണ് ജാതിവ്യവസ്ഥ. എന്നിരുന്നാലും അതൊരു വംശീയ വിഭജനമാണെന്നു സങ്കല്പിച്ചുകൊണ്ട് ഒരു ചോദ്യമുന്നയിക്കാം: ഇന്ത്യയില്‍ ഭിന്ന ജാതികള്‍ തമ്മില്‍ മിശ്രവിവാഹത്തിലൂടെ വംശങ്ങളുടേയും രക്തത്തിന്റേയും മിശ്രണം അനുവദിക്കപ്പെട്ടാല്‍ എന്തു ദോഷമാണുണ്ടാവുക?