"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 18, വ്യാഴാഴ്‌ച

അസ്പൃശ്യരെ പ്രത്യേക വിഭാഗമായി പരിഗണിച്ച ആദ്യത്തെ സെന്‍സസ്...! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 128, 129)

അസ്പൃശ്യരുടെ ജനസംഖ്യ തിട്ടപ്പെടുത്താനുള്ള ആദ്യത്തെ സിശ്ചിതവും ബോധപൂര്‍വവുമായ ശ്രമം നടത്തിയത് 1911 ലെ സെന്‍സസ് കമ്മീഷണറായിരുന്നു. 1911 ലെ സെന്‍സസിന് തൊട്ടുമുന്‍പുള്ള കാലഘട്ടം മോര്‍ലി - മിന്റോ പരിഷ്‌കാരങ്ങള്‍ ഗര്‍ഭസ്ഥാവസ്ഥയിലുള്ള കാലഘട്ടമായിരുന്നു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ പ്രത്യേക തെരഞ്ഞെടുപ്പിലൂടെ തങ്ങള്‍ക്ക് നിയമനിര്‍മാണ സഭകളില്‍ മതിയായ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് സമരപരിപാടികള്‍ ആരംഭിച്ച കാലഘട്ടമായിരുന്നു അത്. പ്രചരണ പരിപാടിയുടെ ഭാഗമായി മുസ്ലീങ്ങളുടെ ഒരു സംഘം അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി മോര്‍ലി പ്രഭുവിനെ സന്ദര്‍ശിച്ച് 1900 വജനുവരി 27 ന് നിവേദനം സമര്‍പ്പിച്ചു. നിവേദനത്തില്‍ ഇപ്രകാരം പറയുന്നു: (മാനുസ്‌ക്രിപ്റ്റില്‍ പ്രസ്താവന കൊടുത്തിട്ടില്ല)


അസ്പൃശ്യരെ സംബന്ധിച്ച് 1907 ല്‍ മുസ്ലീം നിവേദകസംഘം തങ്ങളുടെ നിവേദനത്തില്‍ ആവശ്യപ്പെട്ടതും, നാലുവര്‍ഷത്തിനുശേഷം സെന്‍സസ് കമ്മീഷണര്‍ അസ്പൃശ്യരുടെ ജനസംഘ്യ പ്രത്യേകമായി തിട്ടപ്പെടുത്തിയതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തെക്കുറിച്ച് വ്യക്തമായി ഒന്നും പറയാന്‍ കഴിയില്ല. 1911 ല്‍ സെന്‍സസ് കമ്മീഷണര്‍ ചെയ്യാന്‍ ഉദ്ദേശിച്ച കാര്യം, ജനസംഖ്യാ പഠനം സംബന്ധിച്ച് അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ സ്വീകരിച്ച മാര്‍ഗങ്ങളുടെ പരിസമാപ്തിയാകാന്‍ സാധ്യതയുണ്ട്. എങ്ങനെയായാലും അസ്പൃശ്യരുടെ ജനസംഖ്യ പ്രത്യേകമായി എടുക്കാന്‍ പോകുന്നു എന്ന് സെന്‍സസ് കമ്മീഷണര്‍ പ്രഖ്യാപിച്ചപ്പോള്‍, ഹിന്ദുക്കളുടെ ഭാഗത്തുനിന്ന് വലിയ ഒച്ചപ്പാടുണ്ടായി. സെന്‍സസ് കമ്മീഷണറുടെ ഈ ഉദ്യമം, ഹൈന്ദവസമൂഹത്തെ വിഭജിക്കാനും ദുര്‍ബലപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ടുള്ള മുസ്ലീങ്ങളുടേയും ബ്രിട്ടീഷ് ഗവണ്മെന്റിന്റേയും ഗൂഢാലോചനയുടെ ഫലമാണെന്ന് പറയപ്പെട്ടു. ഈ നീക്കത്തിനു പിന്നില്‍ അസപൃശ്യരുടെ ജനസംഖ്യ അറിയാനുള്ള സദുദ്ദേശ്യമല്ല, സ്പൃശ്യരില്‍ നിന്ന് അസ്പൃശ്യരെ വേര്‍പെടുത്തി ഹൈന്ദവസമൂഹത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ഉദ്ദേശ്യമാണെന്ന് ആരോപിക്കപ്പെട്ടു. ഹിന്ദുക്കള്‍ രാജ്യത്തെമ്പാടും പ്രതിഷേധ യോഗങ്ങള്‍ ചേര്‍ന്ന് സെന്‍സസ് കമ്മീഷണറുടെ പദ്ധതിയെ ശക്തിയായി അപലപിച്ചു.