"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 31, ബുധനാഴ്‌ച

അസ്പൃശ്യരുടെ ജനസംഖ്യ കണക്കാക്കുന്നതില്‍ ഹിന്ദുക്കളുടെ എതിര്‍പ്പ്...? അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 133, 134)

അസ്പൃശ്യരുടെ ജനസംഖ്യ ഏതാണ്ട് 50 ദശലക്ഷത്തോട് അടുത്തുവരുമെന്ന് കണക്കാക്കപ്പെട്ടിട്ടുള്ളതായി ഇതില്‍നിന്ന് വ്യക്തമാണ്. 1911 ലെ സെന്‍സസ് കമ്മീഷണര്‍ വ്യക്തമാക്കിയതും, 1921 ലെ സെന്‍സസ് കമ്മീഷണറും 1929 ലെ സൈമണ്‍ കമ്മീഷനും ശരിവെച്ചതും ഇതുതന്നെയാണ്. 20 വര്‍ഷം രേഖയായിക്കിടന്ന ഈ വസ്തുത ഒരൊറ്റ ഹിന്ദുവും ഒരിക്കലും ചോദ്യം ചെയ്യുകയുണ്ടായില്ല. സൈമണ്‍കമ്മീഷനുമായി സഹകരിക്കുന്നതിനുവേണ്ടി പ്രവിശ്യാ കേന്ദ്ര നിയമനിര്‍മാണ സഭകള്‍ നിര്‍മിച്ച വിവിധ കമ്പനികളുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്, ഹിന്ദുക്കള്‍ ഈ കണക്കുകള്‍ യാതൊരു എതിര്‍പ്പുമില്ലാതെ അംഗീകരിച്ചു എന്നാണ്.


1932 ല്‍ ലോതിയന്‍ കമ്മിറ്റി വരികയും അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോള്‍ പെട്ടെന്ന് ഹിന്ദുക്കള്‍ ഒരു വെല്ലുവിളി മനോഭാവത്തോടെ, അസ്പൃശ്യരുടെ ജനസംഖ്യ സംബന്ധിച്ച കണക്കുകള്‍ ശരിയാണെന്ന് അംഗീകരിക്കാന്‍ വിസമ്മതിച്ചു. ചില പ്രവിശ്യകളില്‍ അസ്പൃശ്യര്‍ ഇല്ലെന്നുവരെ അവകാശപ്പെടാന്‍ അവര്‍ മടിച്ചില്ല. ഈ സംഭവം ഹിന്ദുക്കളുടെ മനോഭാവത്തെ വെളിപ്പെടുത്തുന്നു.