"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, മേയ് 23, ചൊവ്വാഴ്ച

അസ്പൃശര്‍ക്ക് ഹിന്ദുക്കളില്‍ നിന്നും വേറിട്ട് പ്രത്യേകമായ രാഷ്ട്രീയ പ്രാതിനിധ്യം കൈവരുന്നു..!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 139, 140)

അസ്പൃശ്യരുടെ ജനസംഖ്യ പൊടുന്നനെ ദശലക്ഷങ്ങളില്‍ നിന്ന് ചെറിയൊരു അംശത്തിലേക്ക് ഹിന്ദുക്കള്‍ കുറച്ചുകൊണ്ടുവരുവാന്‍ കാരണമെന്ത്? 1911 മുതല്‍ക്ക് അസ്പൃശ്യരുടെ എണ്ണം അഞ്ചുകൊടിയോടടുപ്പിച്ച് നിന്നിരുന്നതാണ്. ഇതിനെ ആരും ചോദ്യം ചെയ്തുമില്ല. 1932 ല്‍ കൃത്യതയെ വെല്ലുവിളിക്കാന്‍ ഹിന്ദുക്കള്‍ എന്തുകൊണ്ട് തീരുമാനിച്ചു?


ഇതിന്റെ ഉത്തരം വളരെ ലളിതമാണ്. 1932 വരെ അസ്പൃശ്യര്‍ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ടായിരുന്നില്ല. അവര്‍ ഹൈന്ദവസമൂഹത്തിന്റെ വേലിക്കെട്ടിന് പുറത്തായിരുന്നു. ഹൈന്ദവസമൂഹം നാല് വര്‍ഗങ്ങളെ മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ - ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍. എങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍ അസ്പൃശ്യര്‍ ഹിന്ദുക്കളുടെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു. നിയമനിര്‍മാണ സഭകളിലെ പ്രാതിനിധ്യം പോലെയുള്ള രാഷ്ട്രീയ കാരണങ്ങള്‍ക്ക് അസ്പൃശ്യരുടെ ജനസംഖ്യ ഒരു പ്രശ്‌നമേ ആയിരുന്നില്ല. 1932 വരെ രാഷ്ട്രീയ പ്രശ്‌നം നിയമനിര്‍മാണ സഭകളില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ മാത്രമുള്ള സീറ്റ് വിഭജനമായിരുന്നു. ഹിന്ദുക്കള്‍ക്ക് ലഭിച്ചിരുന്ന സീറ്റുകള്‍ സ്പൃശ്യരും അസപൃശ്യരും തമ്മില്‍ വിഭജിക്കുന്ന പ്രശ്‌നമേ ഉദിച്ചിരുന്നില്ല. ഹിന്ദുക്കള്‍ക്ക് കിട്ടിയ സീറ്റുകള്‍ മുഴുവന്‍ സ്പൃശ്യര്‍ കയ്യടക്കി. അസ്പൃശ്യര്‍ എത്രയുണ്ടെന്ന് അന്വേഷിക്കാന്‍ പോലും അവര്‍ മിനക്കെട്ടില്ല.

1932 ആയപ്പോഴേക്കും സാഹചര്യം പൂര്‍ണമായും മാറ്റിമറിക്കപ്പെട്ടു. സീറ്റുകളുടെ വിഭജനം മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മില്‍ മാത്രമായില്ല, ഹിന്ദുക്കള്‍ക്ക് നീക്കിവെച്ച വിഹിതം വീണ്ടും പങ്കുവെക്കേണ്ടിവന്നു; അസ്പൃശ്യരുടെ പങ്ക് അവര്‍ മാത്രം അനുഭവിക്കേണ്ട അവസ്ഥവന്നു. വേറിട്ടു നില്ക്കണമെന്ന അവകാശം അംഗീകരിക്കപ്പെട്ടു. ഇന്ത്യന്‍ വട്ടമേശ സമ്മേളനത്തില്‍ നിന്നുതന്നെ പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്ന് അംഗീകരിക്കപ്പെട്ടു. അസ്പൃശ്യരുടെ വ്യതിരിക്തമായ അസ്ത്വിത്വം അംഗീകരിക്കപ്പെട്ടുവെന്നു മാത്രമല്ല, പുതിയ ഭരണഘടനയിന്‍കീഴില്‍ എല്ലാ നിയമനിര്‍മാണ സഭകളിലും അസ്പൃശ്യര്‍ക്ക് അവരുടെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നല്കണമെന്ന തത്വം ഇന്ത്യന്‍ വട്ടമേശ സമ്മേളനത്തിന്റെ ന്യൂനപക്ഷ ഉപസമിതി അംഗീകരിക്കുകയും ചെയ്തു. ഇങ്ങനെയാണ് അസ്പൃശ്യരുടെ ജനസംഖ്യ പ്രധാനവിഷയമായിത്തീര്‍ന്നത്. അസ്പൃശ്യരുടെ ജനസംഖ്യ കുറവാണെങ്കില്‍, സ്പൃശ്യര്‍ക്ക് ലഭിക്കേണ്ട പ്രാതിനിധ്യം വര്‍ധിക്കും. 1932 നു ശേഷം ഇങ്ങനെയൊരു ജനവിഭാഗ ത്തിന്റെ നിലനില്പുതന്നെ നിരസിച്ചതും എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ വ്യക്തമായ ല്ലോ?