"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 28, ബുധനാഴ്‌ച

ലോകരെ! നിങ്ങളെല്ലാരും നമ്മളുടെ റോഡുകണ്ടോ? 3; കോട്ടയം കുമളി റോഡിലെ ചില കാഴ്ച്ചകള്‍ - വിനില്‍ പോള്‍


കോട്ടയത്തിനു കിഴക്കന്‍ മേഖലയുമായി തുടര്‍ച്ചയായ ഒരു ബന്ധം സ്ഥാപിച്ചെടുത്തതിനു കാരണമായത് ഹെന്‍ട്രി ബേക്കര്‍ ജൂനിയര്‍ (1819-1878) എന്ന യൂറോപ്യന്‍ പാതിരിയാണ്. മലയരയ എന്ന ആദിവാസി വിഭാഗത്തിന്റെ ക്രിസ്തുമത പരിവര്‍ത്തനവുമായിട്ടാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത്. 1862 ല്‍ ഹെന്‍ട്രിബേക്കര്‍ എഴുതിയ 'The Hill Arrians of Travancore and the Progress of Christianity Among Them' എന്ന ഈ പുസ്തകം ഈ ചരിത്രത്തിന്റെ നേരിട്ടുള്ള വിവരണമാണ് നമ്മുക്ക് തരുന്നത്. ''ഞാന്‍ പള്ളത്ത് എന്റെ പഠന മുറിയില്‍ ആയിരിക്കുമ്പോള്‍ എന്നെ കാണുവാന്‍ കാഴ്ചയ്ക്ക് അസാധാരണമായ ചില ആളുകള്‍ വന്നിരി ക്കു ന്നു എന്ന് എന്റെ ഇളയ മകള്‍ മുറിയില്‍ വന്നു പറഞ്ഞു. ഇത് 1848-ലായിരുന്നു. അവര്‍ കിഴക്ക് മലകളില്‍ നിന്നും വന്ന അഞ്ചു പേരായിരുന്നു. തങ്ങളുടെ സ്ഥലത്ത് വന്ന് സ്‌ക്കൂളുകള്‍ തുടങ്ങണ മെന്ന് അപേക്ഷയുമായിട്ടാണ് അവര്‍ വന്നത്. കപ്യാര്‍ കുര്യന്‍ എന്നു പേരുള്ള ഒരു റോമന്‍ സുറിയാനിയായിരുന്നു അവരുടെ വഴികാട്ടി. ഇങ്ങനെയാണ് ഞാന്‍ മലഅരയരുമായി പരിചയപ്പെടുന്നത്. വീണ്ടും വീണ്ടും ഇതേ ദൗത്യവുമായി അവര്‍ എന്റെ അടുക്കല്‍ വന്നു. എന്റെ തിരക്കുകളും, വളര്‍ന്നുകൊണ്ടിരിക്കുന്ന പുതിയ സഭകളും കാരണം ഞാന്‍ വിസമ്മതിച്ചു. കാടിനുള്ളില്‍ 45 മൈലുകള്‍ ദൂരത്തുള്ള ഈ പ്രദേശത്ത് റോഡുകളുമില്ലായിരുന്നു. ഇതേ ആവശ്യമായി വീണ്ടും അവര്‍ വന്നു. അഞ്ചു പ്രാവശ്യം ഞങ്ങള്‍ അങ്ങയെ ഞങ്ങളുടെ പ്രദേശത്തേക്ക് വിളിച്ചു. ശരിയായിട്ടുള്ള തൊന്നും ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ, അവിടന്ന് ഞങ്ങളെ പഠിപ്പിക്കുകയില്ലയോ? ഞങ്ങള്‍ മ്യഗങ്ങളെപ്പോലെ ചാകുകയും, നായ്ക്കളെപ്പോലെ കുഴിച്ചിടുകയും ചെയ്യുന്നു. അവിടുന്ന് ഞങ്ങളെ ഉപേക്ഷിക്കുകയാണോ? മലമ്പനിയും മറ്റും ഞങ്ങളുടെ കുടുംബാംഗ ങ്ങളെ കാര്‍ന്നുതിന്നുന്നു. ധാരാളം നെല്ല് ഞങ്ങള്‍ക്കു ള്ളതി നാല്‍ സാമ്പത്തിക സഹായം ഒന്നും ഞങ്ങള്‍ക്കാവിശ്യമില്ല''

ഇത്തരത്തിലുള്ള തുടര്‍ച്ചയായ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ബേക്കര്‍ കിഴക്കന്‍ മേഖലയിലേക്ക് കടന്നുചെല്ലുന്നത്.

1849ല്‍ മുണ്ടക്കയത്തും, 1852ല്‍ കൂട്ടിക്കലിലും, 1853ല്‍ മേലുകാവിലും, ഇടക്കുന്നത്തും ഹെന്‍ട്രിബേക്കര്‍ സഭകള്‍ സ്ഥാപിച്ചു. അങ്ങനെ വനപ്രദേശത്ത് നിന്നും വളരെ ക്യത്യമായ ഒരു നടപ്പാത കോട്ടയ ത്തേയ്ക്കു തുറക്കപ്പെട്ടു. പിന്നീട് കിഴക്കന്‍ മലകളില്‍ പലയിടങ്ങ ളിലായി സഭകള്‍ സ്ഥാപിതായി. ഇംഗ്ലീഷുകാരുടെ കുടിയേറ്റം കണ്ടു റോമന്‍ ക്രിസ്ത്യാനികള്‍ പുലയരെയും മലഅരയരെയും, ഈഴവ രേയും അവരുടെ സഭയായ കത്തോലിക്കാസഭയുടെ ഭാഗമാക്കുക യും ഇവരെ കിഴക്കന്‍ മേഖലയിലെ കാട് വെട്ടി തെളിക്കാനും, കത്തോലിക്കാ സഭയ്ക്ക് ഭൂമി സ്വന്തമാക്കാനും ഉപയോഗപ്പെടു ത്തുകയും ചെയ്തു. 1850 കള്‍ക്ക് ശേഷം കിഴക്കന്‍മേഖല ക്രിസ്ത്യാനി കളുടെ ഒരു മുഖ്യ സ്ഥലമായി മാറ്റപ്പെടുകയായിരുന്നു (സെബാസ്റ്റ്യന്‍, 2002).1

1862ല്‍ പീരുമേട് കാണാന്‍ പോയ പാലാക്കുന്നേല്‍ മത്തായി മറിയം അച്ചന്റെ (1831-1900) രേഖപ്പെടുത്തലുകള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. 

''(ഹെന്റി ബേക്കര്‍ എന്ന പാദ്രി സായിപ്പ്) അരയന്മാരില്‍ ചിലരേ മാര്‍ഗ്ഗം അനുസരിപ്പിക്കാം എന്നുള്ള ഭാവം പാതിരിയുടെ മനസ്സില്‍ ആയതിനാല്‍ മുണ്ടക്കയത്ത് ഒരു ആനമാടവും കെട്ടി 15 ദിവസം അവിടെ താമസിച്ചു. ആ പാതിരി ഇംഗ്ലീഷു മതക്കാരനെങ്കിലും ആ മതത്തിന്മേല്‍ താല്പര്യവാന്‍ തന്നെ എന്ന് ആ ബുദ്ധിമുട്ടുകൊണ്ട് ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. പിന്നീട് അയാള്‍ പള്ളത്തുവന്നു താമസിക്കുകയും ഇങ്ങനെ പോയിയും വന്നും നിന്നും... കാഞ്ഞിര പ്പള്ളിയില്‍ നിന്നും ഏതാനും സത്യക്രിസ്ത്യാനികള്‍ കൃഷിക്കാ യിട്ടു മുണ്ടക്കയത്തു ചെന്നു ചേര്‍ന്നു. സായിപ്പ് ഇവര്‍ക്ക് വിത്തും നെല്ലും കൊടുക്കുകയും പാര്‍ക്കാന്‍ ചെല്ലുന്നവര്‍ക്ക് വീടു പണിയിച്ചു കൊടുക്കുകയും ഇങ്ങനെ ഏഴു സംവത്സരത്തിനകം മുണ്ടക്കയം ഒരു ചെറിയ നഗരി ആയി തീര്‍ന്നു... മുണ്ടക്കയത്തു വീടുകള്‍ വെക്കുന്ന സമയം ഒരു വണ്ടിപാതയ്ക്ക് സ്ഥലം നടുവേ ഇട്ടുകൊള്ളണമെന്ന് സായിപ്പ് പറഞ്ഞിരുന്നു. അയാളുടെ അഭിപ്രായം പ്രകാരം അവിടെയുള്ള ഇംഗ്ലീഷുകാര്‍ക്ക് മുമ്പിലത്തെ 'ഉപ്രുശൂമാ' ചെയ്യുന്നതിനു ബിഷോപ്പ് സായിപ്പ് അവിടെ ചെന്നപ്പോള്‍ വഴി ഇല്ലാഴിക നിമിത്തം കോട്ടയത്തുനിന്നും മുണ്ടക്കയത്ത് ചെന്നു അന്വേഷിക്കുന്നതിനു പാടില്ലാ എന്നും..... മാള്‍വി സായിപ്പ് റെസിഡണ്ടായിട്ട് വന്നപ്പോള്‍ സായിപ്പ് അവരുടെ അഭിപ്രായങ്ങള്‍ ബോധിപ്പിച്ചു. അതിനാല്‍ റസിഡണ്ടും തിരുവിതാംകൂര്‍ മഹാരാജാവും കൂടി കണ്ടപ്പോള്‍ നല്ലപ്പോള്‍പറഞ്ഞ വര്‍ത്തമാനം ഇതാകുന്നു. ''മഹാരാജാവിന്റെ നാട്ടില്‍ നടക്കാന്‍ ഒരു നല്ല വഴി ഇല്ല. ആയതിനാല്‍ കോട്ടയത്തുനിന്നും മുണ്ടക്കയം വഴി പാണ്ടിയില്‍ എറങ്ങുവാന്‍ തക്കവണ്ണം ഒരു വണ്ടിപ്പാത തെളിപ്പിക്കണമെന്നും ആയത് അതിന്‍ വണ്ണം പൊന്നു തമ്പുരാന്‍ അനുസരിക്കണമെന്നു ബോധിപ്പിച്ചു (സെബാസ്റ്റ്യന്‍, 2002)''.

1850 ല്‍ ഒരു ബ്രാഹ്മണ ജന്മിയില്‍ നിന്നുമാണ് ബേക്കര്‍ മുണ്ടക്കയം ഭൂമി വാങ്ങുന്നത്. അവിടെ, ഓടിപ്പോന്ന പുലയ അടിമകളേയും, മലയരയരേയും താമസിപ്പിച്ചു. അവര്‍ക്ക് കൃഷിചെയ്യുന്നതിനായി സ്ഥലങ്ങളും നല്കിയിരുന്നു. അവിടത്തെ വിവരങ്ങള്‍ പുറംലോക ത്തെ അറിയിക്കുന്നതിനായി ബേക്കല്‍ മുണ്ടക്കയത്ത് ഒരു അച്ചടിശാലയും തുടങ്ങി. ഹെന്‍ട്രി ബേക്കറിന്റെ പ്രവര്‍ത്തനഫ ലമായി കിഴക്കന്‍ മേഖലകള്‍ അങ്ങനെ തുറക്കപ്പെടുകയും, സായിപ്പന്‍മാര്‍ വ്യാപകമായി കിഴക്കന്‍ മേഖലകളില്‍ ഒറ്റയ്ക്കും, സംഘമായും തോട്ടങ്ങള്‍ ആരംഭിക്കാനും തുടങ്ങി. ഇതിന്റെ ഫലമായി ഒന്നാംകിട കൊളോനൈസര്‍ എന്ന പേരും ബേക്കറിന് ലഭിച്ചു. പിന്നീടുള്ള കാലങ്ങളില്‍ ധാരാളം സി.എം.എസ് പള്ളികള്‍ കിഴക്കന്‍ മേഖലയ്ക്കും കോട്ടയത്തിനും ഇടയില്‍ രൂപംകൊണ്ടു. അവയെല്ലാം തന്നെ പുതിയ കോട്ടയം കുമളി റോഡുമായി ബന്ധിപ്പിച്ച ചെറിയ റോഡുകളുമായിട്ടായിരുന്നു രൂപം കൊണ്ടത്.

@ ഒന്നാം ഭാഗം
@ രണ്ടാം ഭാഗം