"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 8, വ്യാഴാഴ്‌ച

നാഗവംശത്തിന്റെ ഉത്തരേന്ത്യന്‍ രാജാക്കന്മാരും ഭരണകാലവും...! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 58, 59)

ക്രിസ്വബ്ദം മൂന്നാം ശതകത്തിലും നാലാം ശതകത്തിന്റെ ആരംഭത്തിലും, ഉത്തരേന്ത്യയിലും പല രാജ്യങ്ങളില്‍ നാഗരാജാക്കന്മാര്‍ ഭരണം നടത്തിയിരുന്നുവെന്ന് പുരാണങ്ങളേയും നാണയങ്ങളേയും സ്മാരകലിഖിതങ്ങളേയും ആധാരമാക്കിയുള്ള സാക്ഷ്യങ്ങള്‍ തെളിയിക്കുന്നു. വിദിശ, കമ്പാവതി അഥവാ പത്മാവതി, മധുര എന്നീ മുന്ന് സ്വതന്ത്രഗ്രൂപ്പുകളെ അവയുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു സംശയവും അവശേഷിപ്പിക്കാത്ത മട്ടില്‍ വേര്‍തിരിച്ചറിയത്തക്കവണ്ണം പരാമര്‍ശിച്ചിരിക്കുന്നു. ഭരശിവവംശത്തിലെ അറിയപ്പെടുന്ന ഏകരാജാവായ ഭവനാഗന്റെ പേരും നാഗന്മാരുമായി അദ്ദേഹത്തെ ബന്ധപ്പെടുത്തുന്നുണ്ടെന്ന് തോന്നുന്നു. രണ്ടാം ഗ്രൂപ്പിന്റെ നാണയങ്ങളെപ്പറ്റിയുള്ള ചര്‍ച്ചയിലേക്കോ, അലഹബാദ് ശിലാശാസനത്തിലെ അച്യുതഗണപതി നാഗനേയോ, 



നാഗസേനനേയോ ഈ പൗരാണിക നാഗരാജാക്കന്മാരുമായി താദാത്മ്യപ്പെടുത്തുന്ന പ്രശ്‌നത്തിലേക്കോ ഇവിടെ പ്രവേശിക്കാന്‍ സാധ്യമല്ല. പ്രാചീന ഇന്ത്യാ ചരിത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള എല്ലാ നാഗന്മാരുടേയും കൂട്ടത്തില്‍, എ ഡി നാലാം ശതകത്തിലെ ഉത്തരേന്ത്യന്‍ നാഗകുടുംബങ്ങള്‍ ഏറ്റവും പ്രമുഖമാര്‍ന്നും ചരിത്രപരമായി ഏറ്റവും യാഥാര്‍ത്ഥ്യബോധമുള്ളതായും വേറിട്ട് നില്ക്കുന്നു. ലാഹോര്‍ ചെമ്പ് ശാസനത്തില്‍ പറയുന്ന നാഗഭട്ടനും അദ്ദേഹത്തിന്റെ പുത്രനായ മഹാരാജ മോഹേശ്വരനാഗനും ഈ മൂന്നു ഗ്രൂപ്പുകളില്‍ ഏതിലെങ്കിലും ഉള്‍പ്പെട്ടിരുന്നുവോ, അതല്ല, അവര്‍ തന്നെ ഒരു പ്രത്യേക നാഗകുടുംബമായിരുന്നുവോ, എന്ന് നമുക്കറിയില്ല. പക്ഷെ, നാഗന്മാര്‍ ആക്രമിച്ച് കീഴടക്കിയതിന്റെ ഫലമായി എ ഡി നാലാം ശതകത്തില്‍ ഉത്തരേന്ത്യയിലെ കുശാനസാമ്രാജ്യം അപ്രത്യക്ഷമായെന്ന ഡോക്ടര്‍ സി സി റോയ്ചൗധരിയുടെ ( C C Roy Choudhari) നിഗമനത്തെ ഇതൊക്കെയും നീതീകരിക്കുന്നുണ്ട്. ഈ നാഗന്മാര്‍, സമുദ്രഗുപ്തന്റെ ജയിച്ച് മുന്നേറിവന്ന സൈന്യം അവരെത്തന്നെ നിര്‍മാര്‍ജനം ചെയ്യുന്നതുവരെ ഉത്തരപദത്തിലെ വിവിധഭാഗങ്ങളില്‍ ഭരണം നടത്തിവരികയായിരുന്നിരിക്കണം.