"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 25, ഞായറാഴ്‌ച

വട്ടമേശസമ്മേളനങ്ങളും ഗാന്ധി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സമരം ഉപേക്ഷിക്കാനുള്ള കാരണവും... !!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 223, 224, 225)

ഒന്നാം വട്ടമേശ സമ്മേളനത്തില്‍ കാര്യങ്ങള്‍ സുഗമമായി മുന്നോട്ടു പോയി. യാതൊരുവിധ കുഴപ്പങ്ങളുമുണ്ടായിരുന്നില്ല. ന്യൂനപക്ഷ പ്രശ്‌നം സംബന്ധിച്ച് തീരുമാനമൊന്നുമായില്ലെങ്കിലും പ്രത്യേക പ്രാതിനിധ്യത്തിനുവേണ്ടിയുള്ള അധകൃത വര്‍ഗക്കാരുടെ അവകാശം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ വിഭാഗ ങ്ങളുടേയും പ്രതിനിധികള്‍ അംഗീകരിക്കുകയുണ്ടായി. ന്യൂനപക്ഷ ഉപസമിതിയുടെ തീരുമാനങ്ങള്‍ ജനറല്‍ കോണ്‍ഫറന്‍സിന് നല്കിയ അതിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. (പേജ് 223)

കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതുകൊണ്ട് ഒന്നാം വട്ടമേശസമ്മേള നത്തില്‍ മി. ഗാന്ധി പങ്കെടുത്തില്ല. രണ്ടാം സമ്മേളനത്തിന് അദ്ദേഹം വന്നു. അധകൃതവര്‍ഗക്കാരുടെ ഈ അവകാശവാദ ത്തിനുമേല്‍ മി. ഗാന്ധി എടുത്ത നിലപാട് എന്തായിരുന്നു. അവഗാഢചിന്തകളിലൂടെയും കൂടിയാലോചനകളിലൂടെയും ഉരുത്തിരിഞ്ഞുവരാനുള്ള ഭരണഘടന ഇന്ത്യക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം നല്കുന്ന തരത്തിലുള്ള ഭരണഘടനയായിരിക്കുമെന്ന് ഉറപ്പുവരുത്തുന്നതില്‍ മി. ഗാന്ധി കൂടുതല്‍ താത്പര്യം കാണിക്കുമെന്നും, വിവിധ ന്യൂനപക്ഷസമുദായങ്ങള്‍ക്ക് സീറ്റുകള്‍ നീക്കിവെക്കുന്നതുപോലുള്ള നിസ്സാരകാര്യങ്ങളില്‍ അദ്ദേഹം എതിര്‍പ്പുകാണിക്കുകയില്ലെന്നും എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ സംഭവങ്ങള്‍ ഈ പ്രതീക്ഷയെ പൂര്‍ണമായും തകര്‍ത്തുകളഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള സമരം മി. ഗാന്ധി പരിപൂര്‍ണമായും ഉപേക്ഷിച്ചു. പൂര്‍ണസ്വരാജ് വാഗ്ദാനം ചെയ്യുന്ന ഒരു ഭരണഘടന നേടിയെടുക്കാനുള്ള അനുശാസനവുമായാണ് താന്‍ വന്നിട്ടുള്ളതെന്ന കാര്യം അദ്ദേഹം മറന്നു.

ആ പ്രശ്‌നം അദ്ദേഹം ഉപേക്ഷിക്കുകയും ന്യൂനപക്ഷങ്ങളോട് തന്റെ പോരാട്ടം ആരംഭിക്കുകയും ചെയ്തു. പ്രത്യേകപ്രാതിനിധ്യം വേണമെന്ന അവകാശവാദം ഉന്നയിക്കാന്‍ ധൈര്യപ്പെട്ടതിന്, അസ്പൃശ്യപ്രതിനിധികള്‍ക്കുമേല്‍ അദ്ദേഹം തന്റെ എല്ലാ എതിര്‍പ്പും കേന്ദ്രീകരിച്ചു. അധകൃതവര്‍ഗപ്രതിനിധികളെ പല്ലും നഖവും ഉപയോഗിച്ച് മി. ഗാന്ധി എതിര്‍ത്തു. അവരുടെ അവകാശവാദം എന്താണെന്ന് പരിശോധിക്കാന്‍പോലും അദ്ദേഹം തയ്യാറായില്ല. അവരുടെ ധിക്കാരം അദ്ദേഹത്തിന് അസഹ്യമായി തോന്നി. സമ്മേളനത്തില്‍ പങ്കെടുത്ത സര്‍വരും അദ്ദേഹത്തിന്റെ എതിര്‍പ്പില്‍ അതഭുതംകൂറി.