"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 23, വെള്ളിയാഴ്‌ച

ചാതുര്‍വര്‍ണ്യത്തിന് അകത്തുള്ളവരും പുറത്തുള്ളവരും തമ്മിലുള്ള വ്യത്യാസത്തിന് റോമന്‍ സാമൂഹിക വ്യവസ്ഥയുമായി സാമ്യം..!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ്. 182)

ചാതുര്‍വര്‍ണ്യത്തിനകത്തും അതിന് പുറത്തുള്ളവരും തമ്മിലുള്ള വ്യത്യാസത്തിന് പൗരാണിക റോമന്‍ നിയമത്തിലെ പൗരന്മാരും പൗരന്മാരല്ലാത്തവരും തമ്മിലുള്ള വ്യത്യാസവുമായി സാമ്യമുണ്ട്. പൗരാണിക റോമില്‍ നിയമം പ്രഥമവും പ്രധാനവുമായി വ്യക്തി പരമായിരുന്നു, പ്രാദേശികമല്ലായിരുന്നു എന്നര്‍ത്ഥം. റോമന്‍ നിയമസ്ഥാപനങ്ങളുടെ ഗുണഫലങ്ങളും സംരക്ഷണവും ഒരാള്‍ അനുഭവിച്ചത് അയാള്‍ റോമന്‍ പ്രദേശത്തിന്റെ പരിധിയില്‍പ്പെട്ട ആളായതുകൊണ്ടല്ല, ഒരുപൗരനായതുകൊണ്ടാണ്. ആര്‍ക്കുവേണ്ടി ആരാല്‍ അതിന്റെ നിയമങ്ങള്‍ വ്യവസ്ഥചെയ്യപ്പോട്ടോ, അവരില്‍ 



ഒരാളായതുകൊണ്ട്. വിദേശരാജ്യത്ത് അല്പകാലം താമസിക്കുന്ന ഒരാള്‍ ആ രാജ്യത്തിന്റേയും ജനങ്ങളുടേയും കാരുണ്യത്തിന് വിധേയമായിരിക്കുമെന്നായിരുന്നു പഴയകാല രാഷ്ട്രീയ നിയമം. ഒരു അടിമയോടെന്നപോലെയായിരിക്കും അയാളോട് പെരുമാറുക. അയാള്‍ക്കുള്ളതെല്ലാം അവിടത്തുകാര്‍ കൈക്കലാക്കിയെന്നും വരാം. അയാള്‍ നിയമത്തിന്റെ പരിധിക്ക് പുറത്തായതുകൊണ്ടാണ് അയാളോട് ഇപ്രകാരം പെരുമാറിയിരുന്നത്. സിവില്‍ നിയമത്തിന്‍ കീഴില്‍, റോമന്‍ പൗരന് സവിശേഷമായുണ്ടായിരുന്ന സ്വകാര്യാവശ്യങ്ങള്‍ മൂന്ന് അമൂത്ത പദങ്ങളില്‍ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു: കൊനുബിയം (conubium), കമേര്‍സിയം (commercium), ആക്റ്റിയോ (Actio) കൊനുബിയം എന്നാല്‍ നിയമാധിഷ്ഠിത വിവാഹബന്ധത്തിലേര്‍പ്പെടാനുള്ള യോഗ്യതയാണ്. സ്വത്ത് സമ്പാദിക്കാനോ അത് ഇഷ്ടംപോലെ കൈകാര്യം ചെയ്യാനോ ഉള്ള കഴിവാണ് കര്‍മ്മേസിയം എന്നു പറയുന്നത്. ആക്റ്റിയോ എന്നാല്‍, കൊനുബിയമോ കര്‍മ്മേസിയമോ അതുമല്ലെങ്കില്‍, നിയമം അനുശാസിക്കുന്ന മറ്റവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനോ സംരക്ഷിക്കാനോ നടപ്പിലാക്കിക്കിട്ടുന്നതിനോ വേണ്ടി കോടതിയെ സമീപിക്കാനുള്ള അവകാശമായിരുന്നു. പൗരനല്ലാത്ത ഒരാള്‍ക്ക് ഇവയില്‍ ഒന്നുപോലും അനുഭവിക്കാനുള്ള അവകാശമുണ്ടായിരുന്നില്ല.