"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 9, വെള്ളിയാഴ്‌ച

മതത്തിന്റെ ലക്ഷ്യം സാമൂഹിക ജീവിതം പരിപാലിക്കലും പവിത്രീകരിക്കലുമാണ്....!!!! അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 10. പേജ് 340)

അപരിഷ്‌കൃത ജനതയുടെ മതത്തിലെ മുഖ്യമായ അംശം, മനുഷ്യന്റെ അസ്തിത്വത്തിന്റെ പ്രാഥമിക ഘടകങ്ങളാണ്. ഇന്ദ്രജാലവും ഭ്രഷ്ടും കുലചിഹ്നവും ലക്ഷ്യങ്ങളല്ല, മാര്‍ഗങ്ങള്‍ മാത്രമാണ്. ലക്ഷ്യം ജീവിതവും ജീവിതത്തിന്റെ പരിപാലനവുമാണ്. ഇന്ദ്രജാലം, ഭ്രഷ്ട് എന്നിവയെ അപരിഷ്‌കൃത സമൂഹം ആശ്രയിക്കുന്നത് അവയുടെ സ്വന്തം താത്പര്യത്തിനുവേണ്ടിയല്ല. ജീവിതത്തെ ഭദ്രമാക്കാനും അതിന് ദോഷമുണ്ടാക്കുന്ന ദുസ്വാധീനങ്ങളെ അകറ്റിനിര്‍ത്താനും വേണ്ടിയാണ്. വിളവെടുപ്പ്, വറുതി എന്നീ അവസരങ്ങള്‍ എന്തുകൊണ്ടാണ് അവര്‍ ക്രിയാവിധികള്‍ക്ക് വിധേയമാക്കുന്നത്? എന്തുകൊണ്ടാണ് ഇന്ദ്രജാലവും ഭ്രഷ്ടും കുലചിഹ്നവും അപരിഷ്‌കൃതജനതക്ക് പ്രധാനപ്പെട്ടതാകാന്‍ കാരണം? അവയെല്ലാം ജീവിതത്തിന്റെ പരിപാലനത്തെ ബാധിക്കുന്നു എന്നു മാത്രമാണ് അതിനുള്ള ഉത്തരം. മുഖ്യലക്ഷ്യം രൂപപ്പെടുത്തുന്നത് ജീവിതപ്രക്രിയയും അതിന്റെ പരിപാലനവുമാണ്. ജീവിതവും ജീവിത പരിപാലനവുമാണ് അപരിഷ്‌കൃതസമൂഹത്തിന്റെ കാതലും കേന്ദ്രവും. ഇന്ദ്രജാലത്തിന്റെ സ്ഥാനം ഇന്ന് ദൈവം ഏറ്റെടുത്തിട്ടുണ്ടെങ്കിലും മതത്തില്‍ ദൈവത്തിന്റെ സ്ഥാനം ജീവിത പരിപാലനത്തിനുള്ള ഒരു മാര്‍ഗം മാത്രം എന്ന നിലക്കാണ്. മതത്തിന്റെ ലക്ഷ്യം സാമൂഹിക ജീവിതം പരിപാലിക്കലും പവിത്രീകരിക്കലുമാണ്.