"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 9, വെള്ളിയാഴ്‌ച

മതംമാറ്റത്തെക്കുറിച്ച് ഹൈന്ദവവക്താക്കളോട് അസ്പൃശ്യര്‍ക്ക് ചോദിക്കാനുള്ളത്...!!! അംബേഡ്കര്‍ പറഞ്ഞൂ...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 10. പേജ് 343, 344)

പരമജ്ഞാനസിദ്ധാന്തികളോട് ബാല്‍ഫോര്‍ പ്രഭു ചോദിച്ച അതേ ചോദ്യങ്ങള്‍ ഹൈന്ദവ വക്താക്കളോട് അസ്പൃശ്യര്‍ക്കും ചോദിക്കാവുന്നതാണ്. അല്ല, അസ്പൃശ്യര്‍ക്ക് കുറേക്കൂടി ചോദ്യങ്ങള്‍ ഉന്നയിക്കാനാവും. അവര്‍ക്ക് ഇപ്രകാരം ചോദിക്കാം. മനുഷ്യജീവികള്‍ എന്ന നിലക്ക് അവരുടെ മാഹാത്മ്യത്തെ ഹിന്ദുമതം അംഗീകരിക്കുന്നുണ്ടോ? അവരുടെ സമത്വത്തിനുവേണ്ടി അത് നിലകൊള്ളുന്നുണ്ടോ? സ്വാതന്ത്ര്യത്തിന്റെ ഗുണഫലം അവര്‍ക്കുകൂടി അനുവദിച്ചുകൊടുക്കാന്‍ ഹിന്ദുമതം തയാറാണോ? അസ്പൃശ്യരും ഹിന്ദുക്കളും തമ്മിലുള്ള സാഹോദര്യബന്ധം ഉറപ്പിക്കുന്നതിന് സഹായിക്കാന്‍ ഹിന്ദുമതത്തിന് കഴിയുമോ? അസ്പൃശ്യര്‍ ഹിന്ദുക്കളുടെ ബന്ധുജനമാണെന്ന് ഹിന്ദുമതം ഹിന്ദുക്കളെ പറഞ്ഞു മനസിലാക്കുമോ? അസ്പൃശ്യര്‍ മനുഷ്യരുമല്ല മൃഗങ്ങളുമല്ല എന്ന രീതിയില്‍ ഹിന്ദുക്കള്‍ അവരോടും പെരുമാറുന്നത് പാപമാണെന്ന് ഹിന്ദുമതം ഹിന്ദുക്കളോട് പറയുമോ? അസ്പൃശ്യരോട് ന്യായമായും മനുഷ്യത്വപരമായും പെരുമാറാന്‍ ഹിന്ദുമതം ഹിന്ദുക്കളെ ഉപദേശിക്കാറുണ്ടോ? അസ്പൃശ്യരുമായി സൗഹൃദത്തില്‍ കഴിയുന്നതിന്റെ ധാര്‍മികത അത് ഹിന്ദുക്കളെ പറഞ്ഞ് മനസ്സിലാക്കാറുണ്ടോ? അസ്പൃശ്യരെ സ്‌നേഹിക്കണമെന്നും ആദരിക്കണമെന്നും അവരോട് അനീതി കാട്ടരുതെന്നും ഹിന്ദുക്കളോട് പറയാറുണ്ടോ?