"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 8, വ്യാഴാഴ്‌ച

എല്ലാമതങ്ങളും ഒരുപോലെയാണെന്ന മതംമാറ്റവിരുദ്ധരുടെ തടസ്സവാദത്തില്‍ കഴമ്പില്ല...!!! അംബേഡ്കര്‍ പറഞ്ഞൂ....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 10. പേജ് 336, 337.)

മതംമാറ്റവിരോധികളുടെ രണ്ടാമത്തെ തടസ്സവാദത്തിന്നാധാരം എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ഒന്നുതന്നെയാണ് എന്ന പരികല്പനയാണ്. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ഒന്നുതന്നെയായതുകൊണ്ട്, ഒന്നിനുപകരം മറ്റൊന്നു സ്വീകരിക്കുന്നതില്‍ യാതൊരു യുക്തിയുമില്ലെന്ന നിഗമനത്തിലെത്തിച്ചേരുന്നു. ജീവിതത്തിന്റെ അത്ഥം കിടക്കുന്നത് 'നന്മ' കണ്ടെത്താനുള്ള യത്‌നത്തിലാണെന്ന കാര്യത്തില്‍ എല്ലാ മതങ്ങളും യോജിക്കുന്നുണ്ട് എന്നു സമ്മതിക്കാം. എന്നാല്‍ ഈ പരികല്പനക്ക് അപ്പുറം കടന്ന് ഇക്കാരണംകൊണ്ടുതന്നെ ഒരു മതത്തിന് മറ്റൊരു മതത്തേക്കാള്‍ പ്രാമുഖ്യമുണ്ട് എന്ന് തറപ്പിച്ചു പറയുന്നതില്‍ യാതൊരു യുക്തിയുമില്ല എന്ന പരികല്പന അബദ്ധമായി മാറുന്നു.

നന്മയാര്‍ജിക്കാന്‍വേണ്ടിയുള്ള യത്‌നത്തിലാണ് ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തേണ്ടത് എന്ന് ഉദ്‌ബോധിപ്പിക്കുന്ന കാര്യത്തില്‍ എല്ലാ മതങ്ങളും ഒരുപോലെയാകാം. എന്നാല്‍ എന്താണ് നന്മ എന്ന ചോദ്യത്തിന് എല്ലാ മതങ്ങളുടേയും ഉത്തരം ഒരുപോലെയല്ല. ഇക്കാര്യത്തില്‍ തീര്‍ച്ചയായും അവ പരസ്പരം വിയോജിക്കുന്നു. സാഹോദര്യമാണ് നന്മ എന്ന് ഒരു മതം വിശ്വസിക്കുന്നു. ജാതിയും അയിത്തവുമാണ് നന്മയെന്ന് മറ്റൊരു മതം വിശ്വസിക്കുന്നു. 

അവയുടെ സങ്കല്പത്തിനനുസരിച്ച് ഹിംസചെയ്യാന്‍ ആവശ്യപ്പെടുന്ന മതങ്ങളില്ലേ? അഹിംസ ശിപാര്‍ശചെയ്യുന്ന മതങ്ങളില്ലേ? ഈ വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ എല്ലാമതങ്ങളും ഒരുപോലെയാണെന്നും ഒന്നിനുപകരം മറ്റൊന്നിന് പ്രാമുഖ്യം നല്കുന്നത് യുക്തിയല്ലെന്നും എങ്ങെനെ പറയാനാകും?