"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 15, വ്യാഴാഴ്‌ച

അസ്പൃശ്യതയുടെ ഉത്ഭവം ഗോമാംസഭക്ഷണത്തിലാണെന്ന് ഹൈന്ദവശാസ്ത്രങ്ങളും....!!!! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 85, 86)

അസ്പൃശ്യതയുടെ ഉത്ഭവത്തിനുള്ള മുഖ്യകാരണം ഗോമാംസഭക്ഷണമായിരുന്നുവോ അല്ലായിരുന്നുവോ എന്നതിനെ സംബന്ധിച്ച് അഭ്യൂഹമൊന്നും നടത്തേണ്ട ആവശ്യമില്ല. ഈ നൂതന സിദ്ധാന്തത്തിന് ഹൈന്ദവശാസ്ത്രങ്ങളുടെ പിന്തുണയുണ്ട്. അന്ത്യജരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സമുദായങ്ങള്‍ ഏതൊക്കെയാണെന്നും അവയെ ആ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നും എടുത്തുപറയുന്ന ഒരു ശ്ലോകം വേദവ്യാസ സമൃതിയിലുണ്ട്; അത് താഴെ ചേര്‍ക്കുന്നു: 

L 12 - 13. 'ചര്‍മകാരന്മാര്‍ (ചെരുപ്പുകുത്തി), ഭടന്‍ (പട്ടാളക്കാരന്‍), ഭില്ലന്‍, രജകന്‍ (അലക്കുകാരന്‍), പുഷ്‌കരന്‍, നടന്‍, വ്രാതന്‍, മേടന്‍, ചണ്ഡാലന്‍, ദാസന്‍, ശ്വപാകന്‍, കോലികന്‍ - ഇവര്‍ അന്ത്യജരെന്ന് അറിയപ്പെടുന്നു. അതുപോലെതന്നെ, ഗോമാംസം ഭക്ഷിക്കുന്ന മറ്റുള്ളവരും.'

പൊതുവെ പറഞ്ഞാല്‍, സ്മൃതികാരന്മാര്‍ അവരുടെ സിദ്ധാന്തങ്ങള്‍, എന്തുകൊണ്ടുണ്ടായെന്നും എങ്ങനെയുണ്ടായെന്നും മറ്റും വിശദീകരിക്കാന്‍ ഒരിക്കലും മിനക്കെടാറില്ല. എന്നാല്‍, ഈ ഉദാഹരണം ഒരപപവാദമാണ്. എന്തുകൊണ്ടെന്നാല്‍, ഈ ഉദാഹരണത്തില്‍ വേദവ്യാസന്‍ അസ്പൃശ്യതയുടെ കാരണം വിശദീകരിക്കുന്നു. 'അതുപോലെതന്നെ, ഗോമാംസം ഭക്ഷിക്കുന്ന മറ്റുള്ളവരും' എന്ന ഉപവാക്യം അതിപ്രധാനമാണ്. അസ്പൃശ്യതയുടെ ഉത്ഭവം ഗോമാംസഭക്ഷണത്തില്‍ കാണാമെന്ന് സ്മൃതികാരന്മാര്‍ മനസ്സിലാക്കിയിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. വേദവ്യാസന്റെ വിധിപ്രഖ്യാപനം ഇതുസംബന്ധിച്ച വാദത്തിന് വിരാമമിടേണ്ടതാണ്. ആലങ്കാരികമായിപ്പറഞ്ഞാല്‍, അത് അശ്വമുഖത്തുനിന്നു നേരിട്ടു വരുന്നതാണ്; നമുക്ക് അറിയാവുന്ന വസ്തുതകളുമായി പൊരുത്തപ്പെടുന്നതുകൊണ്ട് ഇത് യുക്തിയുക്തവും കൂടിയാണെന്നുള്ളതത്രെ പ്രധാന സംഗതി.