"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 19, തിങ്കളാഴ്‌ച

അയിത്തം അടിമത്തത്തെ അപേക്ഷിച്ച് മോശമാണെന്നു മാത്രമല്ല, ക്രൂരവുമാണ്...! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 19)

അയിത്തത്തിന് ഒരു സ്വതന്ത്ര സാമൂഹികക്രമത്തിന്റെ എല്ലാവിധ പ്രതികൂലാവസ്ഥകളുമുണ്ട്. അവിടെ ജീവിതം നിലനിര്‍ത്താനുള്ള സമരത്തിന്റെ ഉത്തരവാദിത്തം വ്യക്തിയിലാണ് നിക്ഷിപ്തമായിട്ടുള്ളത്. ഒരു സ്വതന്ത്ര സാമൂഹികക്രമത്തിന്റെ ഏറ്റവും വലിയ പ്രതികൂലാവസ്ഥകളില്‍ ഒന്നാണ് ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ഒരു വ്യക്തി പ്രാപ്തനാണോ എന്നത,് ശരിയായ തുടക്കം, അവസരസമത്വം, സത്യസന്ധവും നീതിയുക്തവുമായ ഇടപാട് എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അസ്പൃശ്യനായ ഒരാള്‍ക്ക് അയാള്‍ സ്വതന്ത്രനായ വ്യക്തിയായിരിക്കെത്തന്നെ, ശരിയായ തൊഴില്‍ത്തുടക്കമോ, അവസരസമത്വമോ സത്യസന്ധവും നീതിയുക്തവുമായ സമീപനമോ ലഭിക്കുകയില്ല. ഈ കാഴ്ചപ്പാടില്‍ അയിത്തം അടിമത്തത്തേക്കാള്‍ മോശമാണെന്നു മാത്രമല്ല, അടിമത്തത്തെ അപേക്ഷിച്ച് ക്രൂരവുമാണ്. അടിമസമ്പ്രദായത്തില്‍, തന്റെ അടിമക്ക് തൊഴില്‍ കണ്ടുപിടിക്കാനുള്ള ബാധ്യത യജമാനനാണ്. സ്വതന്ത്ര തൊഴില്‍ സംവിധാനത്തില്‍ 



തൊഴിലിനുവേണ്ടി തൊഴിലാളികള്‍ തമ്മില്‍ മത്സരിക്കേണ്ടതുണ്ട്. തൊഴിലിനുവേണ്ടിയുള്ള ഈ പരക്കംപാച്ചിലില്‍ അസ്പൃശ്യര്‍ക്ക് ന്യായമായ പെരുമാറ്റം ലഭിക്കാന്‍ ബാധ്യതയില്ല. ചുരുക്കത്തില്‍, തന്റെ സാമൂഹികാപമാനം കാരണം ഈ മത്സരത്തില്‍ എപ്പോഴും ത്രാസ് തനിക്കെതിരായി തൂങ്ങുമ്പോള്‍, ഏറ്റവും ഒടുവിലായിരിക്കും അയാള്‍ക്ക് തൊഴില്‍ ലഭിക്കുക. ഏറ്റവും ആദ്യം അതില്‍നിന്ന് പുറത്തുവിടപ്പെടുകയും ചെയ്യും. അടിമത്തത്തെ അപേക്ഷിച്ച് അയിത്തം ക്രൂരമാണ്. എന്തുകൊണ്ടെന്നാല്‍ ജീവിതായോധന ത്തിനുവേണ്ട മാര്‍ഗങ്ങളെല്ലാം അസ്പൃശ്യന് പൂര്‍ണമായും തുറന്നുകൊടുക്കാതെ, ജീവിതം നിലനിര്‍ത്താനുള്ള എല്ലാ ഉത്തരവാദിത്തവും അയാളില്‍ ചുമത്തിയിരിക്കുകയാണ്.