"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 7, ബുധനാഴ്‌ച

അന്ത, അന്ത്യജന്‍, അന്തേവാസികള്‍ ഒരു പ്രത്യേവര്‍ഗം ജനങ്ങളെ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചതെന്തുകൊണ്ടാണ്? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 40, 41)

ഹൈന്ദവശാസ്ത്രങ്ങല്‍ ചില സമുദായങ്ങള്‍ക്ക് നല്കിയിട്ടുള്ള അന്ത്യ, അന്ത്യജന്‍, അന്തേവാസികള്‍ എന്നീ പേരുകള്‍ അടങ്ങിയതാണ് ഒരു കൂട്ടം വസ്തുതകള്‍. ഒരു പ്രത്യേക വര്‍ഗം ജനങ്ങളെ സൂചിപ്പിക്കുവാന്‍ ഈ പേരുകള്‍ ഉപയോഗിച്ചതെന്തുകൊണ്ടാണ്? ഈ പദങ്ങളുടെ പിന്നില്‍ ഏതോ അര്‍ത്ഥമുള്ളതായി തോന്നുന്നു. ഇവ വ്യുത്പന്നങ്ങളാണെന്നതില്‍ സംശയമില്ല. അന്തം എന്ന മൂലത്തില്‍ നിന്നാണ് ഈ വാക്കുകള്‍ ഉണ്ടായിട്ടുള്ളത്. അന്തം എന്ന വാക്കിന്റെ അര്‍ത്ഥമെന്താണ്? ഇതിന്റെ അര്‍ത്ഥം അവസാനം ജനിച്ചവന്‍ എന്നാണെന്നും ഹിന്ദുക്കളുടെ 



ദൈവികസൃഷ്ടിക്രമമനുസരിച്ച് അസ്പൃശ്യന്‍ അവസാനമാണ് ജനിച്ചതെന്ന് കരുതുന്നതുകൊണ്ട് അന്ത്യന്‍ എന്നു പറഞാഞാല്‍ അസ്പൃശ്യന്‍ എന്നാണര്‍ത്ഥമെന്നും ശാസ്ത്രപണ്ഡിതരായ ഹിന്ദുക്കള്‍ വാദിക്കുന്നു. ഈ വാദം നിര്‍ത്ഥകവും സൃഷ്ടിക്രമത്തെ സംബന്ധിച്ച ഹിന്ദുസിദ്ധാന്തവുമായി പൊരുത്തപ്പെടാത്തതുമാണ്. ഹിന്ദു സിദ്ധാന്തമനുസരിച്ച് ശൂദ്രനാണ് അവസാനം ജനിച്ചത്. അസ്പൃശ്യന്‍ ആ സൃഷ്ടിപദ്ധതിക്ക് വെളിയിലാണ്. ശൂദ്രന്‍ സവര്‍ണനാണ്. അവനുമായി തട്ടിച്ചു നോക്കുമ്പോള്‍ അസ്പൃശ്യന്‍, അവര്‍ണന്‍, അതായത് വര്‍ണസമ്പ്രദായത്തിന് വെളിയിലുള്ളവന്‍ ആകുന്നു. സൃഷ്ടിയിലെ മുന്‍ഗണന സംബന്ധിച്ച ഹൈന്ദവസിദ്ധാന്തം അസ്പൃശ്യന് ബാധകമല്ല, ബാധകമാവുക സാധ്യവുമല്ല. എന്റെ അഭിപ്രായത്തിന്‍ അന്ത്യ എന്ന വാക്കിന്റെ അര്‍ത്ഥം സൃഷ്ടിയുടെ അവസാനമെന്നല്ല, മറിച്ച് ഗ്രാമത്തിന്റെ അവസാനം എന്നാണ്. ഗ്രാമത്തിന്റെ പ്രാന്തത്തില്‍ താമസിച്ചിരുന്ന ജനങ്ങള്‍ക്ക് നല്കിയ പേരാണത്. അതുകൊണ്ട്, അന്ത്യന്‍ എന്ന വാക്കിന് ഒരു അതിജീവനമുല്യമുണ്ട്. കുറേ ആളുകള്‍ ഗ്രാമത്തിനുള്ളിലും കുറേ ആളുകള്‍ ഗ്രാമത്തിന് വെളിയിലും താമസിച്ചിരുന്ന കാലമുണ്ടായിരുന്നുവെന്നും ഗ്രാമത്തിന് വെളിയില്‍, അതായത് ഗ്രാമത്തിന്റെ അന്ത്യത്തില്‍ താമസിച്ചിരുന്നവരെ അന്ത്യജര്‍ എന്നു വിളിച്ചിരുന്നുവെന്നും അത് നമ്മെ ധരിപ്പിക്കുന്നു.